അനു എന്നത് സംസ്കൃതഭാഷയിലെ ഉപസർഗ്ഗമാണ്. യുജ് എന്നാൽ ചേരുന്ന എന്നർത്ഥം. അനുയോജ്യൻ എന്ന നാമപദത്തിന് താഴ്മയും അനുസരണവുമുള്ള (അനുസരണയുള്ള എന്നത് തെറ്റ്) ഭൃത്യൻ എന്നും അനുയോജ്യ എന്ന വിശേഷണത്തിന് ചോദിക്കത്തക്ക, പരീക്ഷിക്കത്തക്ക എന്നും അർത്ഥം. (ഇതിന് തേപ്പ്, വീശൽ, ഒട്ടിക്കൽ എന്നിത്യാദി ന്യൂജെൻപ്രയോഗങ്ങൾപോലെ ഇണങ്ങുന്ന, ചേർച്ചയുള്ള എന്നൊക്കെയുള്ള അർത്ഥങ്ങൾ പിന്നീടാണ് ഭാഷയിൽ കൂട്ടിച്ചേർക്കപ്പെട്ടത്.) അനുയാത്ര എന്നാൽ കൂടെപ്പോവുക, (അനുസരണം എന്നാലും പിന്നാലെ പോകുക, ആജ്ഞപ്രകാരം പ്രവർത്തിക്കുക എന്നൊക്കെ അർത്ഥമുണ്ട്) അനുയായി എന്നാൽ പിന്നാലെ പോകുന്നവൻ എന്നൊക്കെയാണ്.
(അനുയോജനം ചെയ്യാൻ അർഹൻ അനുയോജ്യൻ. അനു എന്ന ഉപസർഗ്ഗം ചേർന്ന യുജിര് യോഗേ എന്ന ധാതുവിന്നു ചോദ്യം ചെയ്യുക, നിന്ദിക്കുക എന്നൊക്കെ അർത്ഥം. ചോദ്യം ചെയ്യപ്പെടാനോ, നിന്ദിക്കപ്പെടാനോ അർഹനാണു് അനുയോജ്യൻ – എന്ന് സുപ്രസിദ്ധ സംസ്കൃതവൈയാകരണനായ ബ. നാരായണൻ ആയുർവേദ സർ പറയുന്നു)
അനു+രൂപൻ=രൂപത്തെ അനുസരിക്കുന്നവൻ=അനുരൂപൻ; ചേർച്ചയുള്ളവൻ, സാദൃശ്യമുള്ളവൻ എന്നൊക്കെയാണാർത്ഥം.
ഈ വാക്യം, രാഷ്ട്രീയത്തിൽ സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പു കഴിയുന്നതുവരെ നമ്മോട് അനുയോജ്യരായി ഭാവിക്കും, എന്ന അർത്ഥത്തിൽ ശരിയാണ് ! എന്നാൽ അതു കഴിഞ്ഞാൽ പ്രതിയോഗിയാകും. ഇവിടെ ഈ സ്ഥാനത്തിനു ചേർച്ചയുള്ളവൻ എന്ന അർത്ഥത്തിൽ “അനുരൂപനാണ്” ശ്രീ ഫ്രാൻസിസ് ജോർജ് എന്നാണ് പ്രയോഗിക്കേണ്ടത്.
പെൺകുട്ടിക്ക് “അനുയോജ്യനായ ഭർത്താവിനെ” തേടുന്ന പരസ്യങ്ങൾ നിത്യേന നാം കാണാറുണ്ട്. ഇത് മേൽക്കാണിച്ചതുപോലെ പെൺകുട്ടിയോട് അനുസരണമുള്ള ഭൃത്യനെയാണ് വീട്ടുകാർ തേടുന്നത്. ആത്മാഭിമാനമുള്ള ഒരുത്തനും അപ്പണിക്കു പോകുകയില്ല. അനുരൂപനായ വരനെയും അനുരൂപയായ വധുവിനെയും തേടുക എന്നതാണ് ശരി. പെൺകുട്ടിക്ക് യോജിച്ച/അനുഗുണനായ വരനെ എന്നായാലും ശരി.







