അലക്സാണ്ടർ ചക്രവർത്തി

ഇന്നത്തെ (05/03/2015) മനോരമ സപ്പ്ലിമെന്റ്റ് കണ്ടപ്പോഴാണ് പഴയ ഒരു കഥ എനിക്കോർമ്മ വന്നത്. ഒരാൾ കുതിരയെ വാടകയ്ക്കെടുക്കുന്നതും അതിന്റെ മുകളിൽ കയറിപ്പോയിട്ട്, ഒന്നും സാധിക്കാതെ, പട്ടി ചന്തയ്ക്കു പോയപോലെ, തിരികെ വന്നതുമാണ് വില്യം കൂപ്പർ എഴുതിയ ഈ കവിതയുടെ പ്രമേയം.

ഇതെന്റെ കഥയാണെന്ന് വേണമെങ്കിൽ പറയാം. എനിക്കും ഇതുപോലെ ഒരനുഭവം ഉണ്ടായിട്ടുണ്ട്. 1983 ൽ ആണെന്ന് തോന്നുന്നു, ബാങ്കിൽനിന്നു കുടുംബസമേതം ഉല്ലാസയാത്രയ്ക്കുള്ള ടിക്കറ്റ്ചാർജ് കിട്ടുന്നതിനാൽ ആ സൗകര്യം ഉപയോഗിച്ചുകൊണ്ട് ഞാനും ഭാര്യയും എന്റെ മാതാപിതാക്കളുമൊക്കെയായി മദ്രാസ്‌ കാണാൻ പോയി. അവിടെച്ചെന്നപ്പോൾ എല്ലാവരുംകൂടെ മരീന ബീച്ച് കാണണമെന്ന് വിചാരിച്ച് വൈകുന്നേരം അങ്ങോട്ടു പോയി. സുന്ദരമായ കടൽത്തീരം. നിറയെ ആളുകൾ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. കുട്ടികൾ ഓടിക്കളിക്കുന്നു. ആകെ ഉത്സവമേളം.

അതിൽപ്പെട്ട് ഞങ്ങളും അങ്ങനെ നീങ്ങി. നോക്കുമ്പോൾ അതാ കുറേപ്പേർ കടലിൽ കുളിക്കുന്നു. ചോരത്തിളപ്പു കാരണം എനിക്കും അടങ്ങിയിരിക്കാനായില്ല. നീന്തൽ അറിയാമെന്നുള്ള അഹങ്കാരത്തിൽ തോർത്തൊക്കെ ഉടുത്ത് ഞാനും കടലിൽച്ചാടി. ആദ്യമായിട്ടാണ് കടലിൽ കുളിക്കുന്നത്. കുറെ നേരം അരികിലൊക്കെനിന്നുകുളിച്ചു. ഒരു കുഴപ്പവുമില്ല. പതിയെ മുന്നോട്ടു നീങ്ങി. പെട്ടെന്നാണൊരു തിരമാല ഉയർന്നുവന്നത്. എന്തു ചെയ്യണമെന്നു എനിക്കു മനസ്സിലായില്ല. എതിർത്തുനില്ക്കാനാണ് എനിക്കുടനെ തോന്നിയത്. അന്നൊക്കെ മുഷ്ക്കു ധാരാളമുണ്ടായിരുന്നു. ഞാൻ ധൈര്യസമേതം നെഞ്ചുവിരിച്ചുനിന്നു: “ഒരു തിരമാലയ്‌ക്കൊക്കെ എന്നെ എന്തോന്നു ചെയ്യാനാ” എന്ന ധാർഷ്ട്യത്തിൽ. ഉയർന്നുവന്ന ഒരു തിരമാലയിൽപ്പെട്ട്, നിന്ന നില്പിൽ ഞാൻ തകിടംമറിഞ്ഞു. എത്ര കുട്ടിക്കരണം മറിഞ്ഞുവെന്ന് ഒരു പിടിയും കിട്ടിയില്ല. എന്താണു സംഭവിച്ചതെന്ന് എനിക്കു മനസ്സിലായില്ല. കുറെയേറെ കടൽവെള്ളം കുടിച്ചു, ഭാഗ്യം, എന്നെ കടൽ കൊണ്ടുപോയില്ല !!

ബോധം വന്നപ്പോൾ ഞാൻ കടൽത്തീരത്തു കിടക്കുന്നു. അടുത്ത തിര വരുന്നതിനുമുമ്പേ ഉരുണ്ടുപിരണ്ടെണീറ്റ് ഒരു വിധം കരയിലേക്കു ഞാൻ ഓടിക്കയറി. നോക്കിയപ്പോൾ മറ്റുള്ളവരൊക്കെ അവിടെത്തന്നെ നിന്ന് “കൂളായി” കുളിക്കുന്നു !! ഇതെന്തു കഥ ?അപ്പോഴാണു ഞാൻ ശ്രദ്ധിച്ചത് : തിരയടിച്ചുവരുമ്പോൾ ഇവർ അതിനുനേരെയോ തിരിഞ്ഞോ കുനിഞ്ഞുമുങ്ങിനില്ക്കും. തിര മുകളിലൂടെ കടന്നുപോകും. അതിനുശേഷം ഉയർന്നുവരും. പക്ഷേ, പിന്നെയൊരു ഭാഗ്യപരീക്ഷണത്തിനു ഞാൻ പോയില്ല. ആവശ്യത്തിനുള്ള വെള്ളം വയറ്റിലായിട്ടുണ്ട് ! തുവർത്തിക്കയറി.

പിന്നെയും നടന്നു. അങ്ങനെ പോകുമ്പോൾ അതാ ഒരു കുതിരയും കുതിരക്കാരനും. അയാൾ അതിനെ വാടകയ്ക്കു കൊടുക്കുന്നു. എന്റെ ഉള്ളിൽ ലഡ്ഡു പൊട്ടി. കുറെക്കാലമായി മനസ്സിൽ താലോലിച്ചുകൊണ്ടുനടക്കുന്ന ഒരാഗ്രഹമാണ് കുതിരപ്പുറത്തു കയറുക എന്നത്. കുഞ്ചാക്കോയുടെ പടത്തിലൊക്കെ നസീറും ജയനും കുതിരയോടിക്കുന്നതും അഭ്യാസം കാണിക്കുന്നതുമൊക്കെ ഒരു നിമിഷം എന്റെ മനസ്സിലൂടെ കടന്നുപോയി. അല്പസ്വല്പം കളരിപ്പയറ്റും വശത്താക്കിയിട്ടുള്ളതിനാൽ കുതിരയോട്ടംകൂടെ പഠിച്ചാൽക്കൊള്ളാമെന്നുള്ള ആഗ്രഹം കലശലായിരുന്നുതാനും. എങ്ങാനും ഒരു സിനിമയിൽ മുഖം കാണിക്കാൻ അവസരം കിട്ടിയാൽ കുതിരയോട്ടം അറിയില്ല എന്ന ഒരേയൊരു കാര്യത്തിൽ നായകസ്ഥാനം കൈവിട്ടുപോകാൻ പാടില്ലല്ലോ. സൈക്കിൾ, ബൈക്ക് ഒക്കെ ഓടിക്കാൻ നന്നായി അറിയാം. അതിനാൽ കുതിരയോട്ടം ഒട്ടും ആയാസകരമായിരിക്കില്ല എന്നുതന്നെ ഞാൻ തീർച്ചപ്പെടുത്തി. ഒരുവട്ടം ഓടിക്കാൻ 5 ക കൂലി കൊടുത്ത് ഞാനും അയാളെ ശട്ടംകെട്ടി.

എങ്ങനെയൊക്കെ കുതിരയെ ഓടിക്കണം എന്നയാൾ കുറച്ചു പാഠങ്ങൾ തമിഴിൽ പറഞ്ഞുതന്നു. ഇന്ത ജീനിയിൽ പുടിക്കുങ്കോ, ഇളുക്കുങ്കോ എന്നൊക്കെ. അതൊന്നും ഞാൻ അത്ര ഗൌനിക്കാൻ പോയില്ല. എനിക്കെല്ലാം അറിയാം എന്നുള്ള അഹങ്കാരമായിരുന്നു. തന്നെയുമല്ല കുതിരപ്പുറത്തേറുന്ന സന്തോഷത്തിൽ ഇതെല്ലാം അവഗണിച്ചു എന്നതും മറ്റൊരു കാര്യം. വേഗംതന്നെ അതിന്റെ പള്ളയ്ക്കു തൂങ്ങിക്കിടക്കുന്ന ബക്കിളിൽച്ചവിട്ടി, ഒറ്റക്കുതിപ്പിന് ഞാൻ കുതിരയുടെ കോപ്പിനു മുകളിൽ ആസനസ്ഥനായി. ആഹാ.. !! ലോകം ജയിച്ച മട്ടായിരുന്നു എനിക്കപ്പോൾ !!! കുതിരയുടെ പുറത്തുകയറുന്നതൊക്കെ സിനിമയിൽ പലപ്രാവശ്യം ശ്രദ്ധിച്ചതിനാൽ ഇതെളുപ്പമായി.

താഴെ നില്ക്കുന്ന അപ്പനും അമ്മയും ഭാര്യയുമൊക്കെ അന്തംവിട്ട് കുന്തംവിഴുങ്ങിയമാതിരി എന്നെ നോക്കുന്നു. കടിഞ്ഞാൺ എന്റെ കൈയിൽ ഏല്പിച്ചുകൊണ്ട് അയാൾ എന്തൊക്കെയോ പറഞ്ഞുതന്നു. തമിഴായതിനാൽ ഒരു കുന്തവും മനസ്സിലായില്ല. എന്നാൽ ഒക്കെ മനസ്സിലായി എന്ന മട്ടിൽ ഞാൻ തല കുലുക്കി. ഞാൻ അയാളെ പുച്ഛഭാവത്തിൽ ഒന്ന് നോക്കി : “അലക്സാണ്ടർചക്രവർത്തിയോടാ അയാളുടെ കളി !!”

അയാൾ എന്തോ ശബ്ദമുണ്ടാക്കിയപ്പോൾ കുതിര മെല്ലെ നടന്നുതുടങ്ങി. ഒന്നുരണ്ടു മിനിട്ട് അയാൾ ഇങ്ങനെ കൂടെനടന്നു. ഞാൻ കുതിരപ്പുറത്ത് ഒരുമാതിരി നന്നായി ഇരിക്കുന്നു, ഒരു കുഴപ്പവുമില്ല എന്നു തോന്നിയപ്പോൾ അയാൾ വേറെന്തോ ശബ്ദമുണ്ടാക്കി. അതോടെ കുതിര വേഗം കൂട്ടി കുണുങ്ങിക്കുണുങ്ങി, ഓടിത്തുടങ്ങി. എന്റെ ഉദ്വേഗവും കൂടി. ഹാ എന്തു രസം !! കുതിരക്കാരനെ കാണാനില്ല. ഞാൻ ഒന്നു പരിഭ്രമിച്ചു. കുതിരയ്ക്കു യാതൊരു കുലുക്കവുമില്ല (എന്നു പറഞ്ഞാൽ കുലുങ്ങുന്നില്ല എന്നല്ല, യാതൊരു കൂസലുമില്ല എന്നാണുദ്ദേശിച്ചത്). അതു വെടികൊണ്ട പന്നിയുടെ മാതിരി ആളുകളുടെ ഇടയിലൂടെ നേരെ വച്ചുപിടിക്കുകയാണ്. എങ്ങോട്ടാണാവോ ??

ഇങ്ങനെ പോയാൽ എവിടെയെത്തും ? എനിക്കാണെങ്കിൽ സ്ഥലപരിചയം ഒട്ടുമില്ല. തന്നെയുമല്ല ബാക്കിയുള്ളവർ ഇപ്പോൾ എവിടെ നില്ക്കുന്നു എന്നൊരു പിടിയുമില്ല. അവർക്കാണെങ്കിൽ എന്നോളംപോലും സ്ഥലപരിചയമില്ല. ആദ്യമായിട്ടാണ് അവർ മദ്രാസിലെത്തുന്നത്. ദൈവമേ കുടുങ്ങിയോ ?? അതിനെ ഒന്നു തിരിക്കാൻ എന്താണു മാർഗ്ഗം എന്നു ഞാൻ ആലോചിച്ചു. അയാൾ പറഞ്ഞതൊക്കെ ഒന്നോർക്കാൻ ശ്രമിച്ചു. പക്ഷേ ആ വെപ്രാളത്തിനിടയിൽ അതൊക്കെ എപ്പോഴേ മറന്നു !! കുതിര ഓരോ പ്രാവശ്യം കുതിക്കുമ്പോഴും ഞാൻ ഉയർന്നുപൊങ്ങി, താഴെപ്പതിക്കും. എന്റെ പൃഷ്ഠഭാഗം നന്നായി വേദനിക്കാൻ തുടങ്ങി.

അപ്പോഴാണ്‌ കുതിരയ്ക്ക് ഷോക്കബ്സോർബർ ഇല്ലെന്നുള്ള കാര്യംതന്നെ ഞാൻ ശ്രദ്ധിച്ചത് !!

ഓരോ കുതിപ്പിനും അങ്ങനെ വീഴാതെ നമ്മുടെ കാലിൽത്തന്നെ ആ ആഘാതം താങ്ങിയെങ്കിലേ നന്നായി ഓടിക്കാൻ സാധിക്കൂ. കുതിര ചാടുന്നതും നമ്മൾ ചാടുന്നതും ഒരേസമയത്തായിരിക്കണം, അല്ലെങ്കിൽ നമ്മൾ വെടിച്ചില്ലുപോലെ തെറിച്ചുവീഴും. ഇതൊക്കെ അപ്പോൾ ഓർമ്മവന്നില്ല. എങ്ങനെയെങ്കിലും താഴെയൊന്നിറങ്ങിയാൽ മതിയെന്നായി എനിക്ക്. അതിനീ നശിച്ച കുതിര ഒന്നു നില്ക്കണ്ടേ ? അതങ്ങനെ പൊയ്ക്കൊണ്ടിരിക്കുന്നു !

അപ്പോഴാണ്‌ പണ്ട് വില്ലുവണ്ടിയൊക്കെ നിറുത്താൻ വണ്ടിക്കാരൻ കാളയുടെ മൂക്കുകയർ വലിക്കുന്നത് ഓർമ്മവന്നത്. രണ്ടും കല്പിച്ച് അതിന്റെ കടിഞ്ഞാണ്‍ വലിച്ചു, ഞാൻ ബ്രേക്കിട്ടു. ( ഹഹഹ…എന്നോടാ ഇവന്റെ കളി !!) അതതിനേക്കാൾ കേമമായി. എന്റെ വിചാരം ഈ ചരടു വലിച്ചാൽ കുതിര അവിടെത്തന്നെ സഡൻബ്രേക്കിട്ടപോലെ നില്ക്കും എന്നായിരുന്നു. പക്ഷേ, എന്റെ പ്രതീക്ഷയ്ക്കു വിരുദ്ധമായി, അതു വാണംവിട്ടപോലെ കുതിക്കയാണുണ്ടായത്. ഇനിയെന്താണു ചെയ്യുക ? കുതിര വേഗത്തിലോടുന്നതിനാൽ ഞാൻ കടിഞ്ഞാൺ പൂർവ്വാധികം ബലമായി പിടിച്ചുകൊണ്ടിരുന്നു. ആകെയൊരു പിടിവള്ളി അതേയുണ്ടായിരുന്നുള്ളൂ. (ഈ പിടിവള്ളി എന്ന പ്രയോഗം ഇങ്ങനെ അബദ്ധത്തിൽ കുതിരപ്പുറത്തു കയറിയ ആരെങ്കിലും ഉണ്ടാക്കിയതാവും എന്നപ്പോളാണ് എനിക്കു ബോദ്ധ്യമായത്!) ബൈക്കാണെങ്കിൽ ഇരുവശത്തും പിടിക്കാൻ ഹാൻഡ്‌ലിലുണ്ട്. കുതിരയ്ക്കതില്ലല്ലോ. നമ്മുടെ കാലുകൊണ്ടാണ് ബാലൻസ് പിടിക്കേണ്ടത്.

അങ്ങനെ കുറേനേരം പോയിക്കഴിഞ്ഞപ്പോൾ എന്തോ കണ്ട് കുതിര വെട്ടിത്തിരിഞ്ഞു. അപ്രതീക്ഷിതമായിരുന്നതിനാൽ ഞാൻ താഴേക്കു വീഴാൻപോയി. കടിഞ്ഞാൺ വിട്ട് ഞാൻ കുതിരയുടെ കഴുത്തിൽ കെട്ടിപ്പിടിച്ചു. അതു കുടയുകയും ചാടുകയുമൊക്കെ ചെയ്തു. കാല് ബക്കിളിൽത്തന്നെ ഉണ്ടായിരുന്നതിനാൽ ഞാൻ പിടിവിടാതെ തൂങ്ങിക്കിടന്നു. ഒരു വിധം പഴയ രീതിയിൽത്തന്നെ വലിഞ്ഞുകയറി, മുകളിൽ വീണ്ടും ഇരുന്നു. അതുകൊണ്ടു മറ്റൊരു ഗുണമുണ്ടായി. കടിഞ്ഞാൺ കൈവിട്ടതോടെ കുതിരയുടെ വേഗം കുറഞ്ഞു !!

അപ്പോഴേക്കും ഞാൻ ഈ വിദ്യ ഒരുവിധം സ്വായത്തമാക്കിയിരുന്നു. പക്ഷേ, ഞാൻ ആകെ വശംകെട്ടിരുന്നു. എങ്ങനെയെങ്കിലും താഴെയിറങ്ങി, മറ്റുള്ളവരോടു ചേർന്നാൽ മതിയെന്നായി. 10 മിനിട്ടോളം കുതിര ഇങ്ങനെ കറങ്ങിനടന്നു. അതിനുശേഷം അതു പുറപ്പെട്ട സ്ഥലത്തുതന്നെ എത്തി, കുതിരക്കാരന്റെ അടുത്തു ചെന്നുനിന്നു. ഞാൻ ചാടിയിറങ്ങി ഒരു ദീർഘശ്വാസം വിട്ടു. അപ്പോൾ എന്നെക്കണ്ടാൽ അലക്സാണ്ടാറോടു തോറ്റ പുരൂരവസ്സിനെപ്പോലെയുണ്ടായിരുന്നു.

അപ്പോഴാണു കൂടെ വന്നവരുടെയും ശ്വാസം നേരെ പോയത് !! അവരും എന്റെ ഈ വിഡ്ഢിത്തം കണ്ട് വായുപിടിച്ച് നെഞ്ചത്തു കൈവച്ചുനില്ക്കയായിരുന്നു. തീർച്ചയായും ഞാൻ താഴെവീണ് കൈയോ കാലോ ഒടിക്കും എന്നവർ വിചാരിച്ചിരുന്നു !! കുതിര ഈവഴിയൊക്കെയാണ് കറങ്ങിക്കൊണ്ടിരുന്നത്. അതൊന്നും ഞാൻ അറിയുന്നുണ്ടായിരുന്നില്ല, കുതിരയെ അല്ലാതെ മറ്റൊന്നും ഞാൻ കാണുന്നുണ്ടായിരുന്നില്ല. പരിശീലിപ്പിച്ചമാതിരി, സമയമായപ്പോൾ കുതിര പണി നിറുത്തി, യജമാനന്റെ അടുത്തെത്തി എന്നു മാത്രം.

(അന്നു ക്യാമറ എന്റെ കൈവശമില്ലാതിരുന്നത് നിങ്ങളുടെ നിർഭാഗ്യം !)

ഗുണപാഠം : അറിയാത്ത പണി ചെയ്യരുത് !!

Facebooktwittergoogle_plusredditpinterestlinkedinmailby feather

Leave a Reply

Your email address will not be published. Required fields are marked *