ഈ “ഉപതിരഞ്ഞെടുപ്പ്” സാധുവാണോ ?

Upathiranjedupp

ആരെ വേണമെങ്കിലും ജനപ്രതിനിധികൾ തിരഞ്ഞെടുത്തോട്ടേ. എന്റെ പ്രശ്നം അതല്ല, ഇതിൽ രാഷ്‌ടീയവുമില്ല. പക്ഷേ, വിഷയം തിരഞ്ഞെടുപ്പല്ല, ഉപതിരഞ്ഞെടുപ്പാണ് !

രാജ്യസഭയുടെ ഉപാദ്ധ്യക്ഷൻ എന്നുള്ള അർത്ഥം വരണമെങ്കിൽ ഇനിപ്പറയുന്ന സംസ്കൃതപദങ്ങളൊക്കെ ഇങ്ങനെ ചേർക്കണം: രാജ്യ+സഭാ+ഉപ+അദ്ധ്യക്ഷൻ=രാജ്യസഭോപാദ്ധ്യക്ഷൻ. ലോക്‌സഭയുടെ ഉപാദ്ധ്യക്ഷൻ – ലോക്സഭോപാദ്ധ്യക്ഷൻ, നിയമസഭയുടെ ഉപാദ്ധ്യക്ഷൻ – നിയമസഭോപാദ്ധ്യക്ഷൻ എന്നൊക്കെ എഴുതണം.

സംസ്കൃതഭാഷയിൽ ക്രിയകളുടെ അർത്ഥവൈവിദ്ധ്യം, അർത്ഥശക്തി, അർത്ഥദൃഢീകരണം, അർത്ഥവ്യത്യാസം എന്നിവയ്ക്കുപയോഗിക്കുന്ന നിപാതങ്ങളെയാണ് ഉപസർഗ്ഗങ്ങൾ എന്നു വിവക്ഷിക്കുന്നത്. പ്രാദികൾ എന്നും പറയുന്നു; എന്നുവച്ചാൽ പ്ര-ആദിയായവ എന്നർത്ഥം. പദാദിയിലാണ് ഇവ ചേർക്കുന്നത്. സംസ്കൃതത്തിൽ ക്രിയയോടുമാത്രമേ ഇവയെ ചേർക്കാറുള്ളൂ.

പ്ര, പരാ, അപ, സം, അനു, ആ, വി, നിഃ (നിർ, നിസ്, നിഷ്, നിശ്) പ്രതി, സു, പരി, അപി, അഭിനി, ഉപ, അവ, അതി, ഉത്, ആധി, ദുഃ (ദുർ,ദുസ്, ദുഷ്‌, ദുശ്) എന്നിങ്ങനെ കുറെ ഉപസർഗ്ഗങ്ങൾ നിലവിലുണ്ട്. ഇവ സംസ്കൃതത്തിൽമാത്രമേ പ്രയോഗിക്കാൻ പാടുള്ളൂ.

എന്നാൽ തിരഞ്ഞെടുപ്പ് എന്നത് പക്കാ മലയാളമാണ്. അതിന്റെ മുന്നിൽ “ഉപ” എന്ന ഉപസർഗ്ഗം ചേർക്കാൻ പാടില്ല. ഉപകഥമുതൽ ഉപകാരസ്മരണ, ഉപക്രമം, ഉപചാരം, ഉപജാപം, ഉപജ്ഞാതാവ്, ഉപദേവത, ഉപദേശം, ഉപനയനം, ഉപനിഷത്ത്, ഉപന്യാസം, ഉപപ്രധാനമത്രി, ഉപമുഖ്യമന്ത്രി എന്നിങ്ങനെ ഉപോദ്ബലകംവരെ കുറെയേറെ പദങ്ങൾ ഉപ ചേർത്തുള്ളതുണ്ട്.

പ്രധാനതിരഞ്ഞെടുപ്പിനെത്തുടർന്ന് ഒഴിവുവരുന്ന സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനെ ഇടക്കാലത്തിരഞ്ഞെടുപ്പ് എന്നാണു പറയേണ്ടത്. ലോക്‌സഭയുടെ ഒഴിവിലേക്കാണ് ഇങ്ങനെ തിരഞ്ഞെടുപ്പ് നടത്തുന്നതെങ്കിൽ “ലോക്സഭ: ഇടക്കാലത്തിരഞ്ഞെടുപ്പ്” എന്നു വേണം എഴുതാൻ. (ലോക്സഭയിടക്കാലത്തിരഞ്ഞെടുപ്പ് എന്നും എഴുതാം.) രാജ്യസഭയുടേതാകുമ്പോൾ “രാജ്യസഭ: ഇടക്കാലത്തിരഞ്ഞെടുപ്പ്” എന്നോ “രാജ്യസഭയിടക്കാലത്തിരഞ്ഞെടുപ്പ്” എന്നോ എഴുതാം. തിരഞ്ഞെടുപ്പ് എന്നത് ഭാഷാപദമാകയാലാണ് സന്ധിയിൽ ത്ത എന്ന ദ്വിത്വം വരുന്നത്.

“രാജ്യസഭാ ഉപാദ്ധ്യക്ഷ തിരഞ്ഞെടുപ്പ്” എന്നൊക്കെ വിട്ടുവിട്ടെഴുതിയാൽ അതിനൊരർത്ഥവുമില്ല. സമാസിച്ച/സന്ധിച്ച പദങ്ങൾ പിന്നീട് വിഘടിപ്പിക്കാൻ പാടില്ല. ഉപാദ്ധ്യക്ഷ എന്നാൽ സഭയുടെ പ്രധാനാദ്ധ്യക്ഷൻ ഇല്ലാതെവരുമ്പോൾ ആദ്ധ്യക്ഷ്യം വഹിക്കുന്ന രണ്ടാംനിരയിലുള്ള സ്ത്രീയാണ്.

(തിരഞ്ഞെടുപ്പ് എന്നാൽ Election, തിരിഞ്ഞെടുപ്പ് എന്നാൽ Selection, തെരെഞ്ഞെടുപ്പ് അസാധു.)

ഇതു വായിക്കുന്ന ആരെങ്കിലും ഈ “ഉപതെരഞ്ഞെടുപ്പു”തന്നെ അസാധുവാക്കാൻ ശ്രമിക്കുമോ !!

Facebooktwittergoogle_plusredditpinterestlinkedinmailby feather

Leave a Reply

Your email address will not be published. Required fields are marked *