ഉഷ്ണം ഉഷ്ണേ ന ശാന്തി !!

ഉഷ്ണം ഉഷ്ണേ ന ശാന്തി !!

കേരളത്തിന്റെ ചരിത്രത്തിൽ കേട്ടുകേൾവിപോലുമില്ലാത്ത കാലാവസ്ഥയിലൂടെയാണ് നാം കടന്നുപോകുന്നത്. സൂര്യന്റെ കഠിനമായ ചൂടിനെക്കുറിച്ച് ഇന്നു കാലത്ത് 7/45 ന് കൊച്ചി എഫ് എം റേഡിയോയിൽ കേട്ട പരിപാടിയുടെ തലക്കെട്ടാണിത്. എത്ര ആധികാരികമായിട്ടാണ് ഈ വിഡ്ഢിത്തം അവർ വിളിച്ചുപറഞ്ഞതെന്നാലോചിക്കൂ ! ഇതൊക്കെ പ്രക്ഷേപണം ചെയ്യുന്നതിനുമുമ്പേ പരിശോധിക്കാൻ വിവരമുള്ള ആരും അവിടെയില്ലേ ? ഈ വാക്യം സർക്കാരിന്റെ ഔദ്യോഗികവാർത്താമാദ്ധ്യമം ഇങ്ങനെ പ്രക്ഷേപണം ചെയ്തത് കേട്ടവരൊക്കെ അതു ശരിയാണെന്ന് ധരിച്ചിരിക്കില്ലേ ?

(വിമർശനസ്വഭാവമുള്ള കത്തെഴുതിയാൽ അവർ വായിക്കില്ല. അവരെ പൊക്കിപ്പറയുന്ന കത്തുകളാണ് പരിപാടിയിൽ മുഴുവനും. ഒരൊറ്റക്കത്തുപോലും പരിപാടി കൊള്ളുകയില്ല എന്നു വായിക്കുന്നത് ഞാൻ കേട്ടിട്ടില്ല. എഫ് എം മഞ്ചേരിയുമായുള്ള ബന്ധം വേട്ടയാടുന്നതിനാൽ ഇവരോട് ഒന്നും പറയാൻ പോയില്ല)

പരിപാടിയിൽ പങ്കെടുത്തുകൊണ്ട് സംസാരിച്ച ഒരായുർവ്വേദവൈദ്യയും (വൈദ്യൻ എന്നുള്ളതിന്റെ സ്ത്രീലിംഗമാണ് വൈദ്യ) ഇത് ആവർത്തിച്ചുറപ്പിച്ചുപറഞ്ഞു ! ആയുർവ്വേദത്തിലും ഇങ്ങനെ തെറ്റായിട്ടാണോ പഠിപ്പിക്കുന്നതാവോ !

ആധികാരികമായിപ്പറയാൻ എനിക്കറിയില്ല; പക്ഷേ, ഇതിനെസ്സംബന്ധിച്ച് ബഹുമാന്യനായ നാരായണൻ ആയുർവ്വേദ സർ കുറെനാൾമുമ്പേ ഇപ്രകാരം പറഞ്ഞിട്ടുണ്ട്:

“ഉഷ്ണം ഉഷ്ണേന ശാന്തി” എന്നായാലും “ഉഷ്ണം ഉഷ്ണേ ന ശാന്തി” എന്നായാലും – രണ്ടും തെറ്റാണു്. ഉഷ്ണം ശാന്തി ആകുകയോ ആകാതിരിക്കുകയോ ഇല്ല. ശാന്തി എന്നതു് ഒരു ക്രിയയല്ല. അന്വയാർത്ഥങ്ങളില്ലാത്ത പദസമൂഹം വാക്യമല്ല. “ഉഷ്ണം ഉഷ്ണേന ശാമ്യതി” എന്നാണു ശരി. ഉഷ്ണം ഉഷ്ണംകൊണ്ടു ശമിക്കുന്നു എന്നർത്ഥം. ശമിക്കുന്നു എന്ന അർത്ഥത്തിലുള്ള ക്രിയാപദമാണു “ശാമ്യതി”. (ശമ് എന്ന ധാതുവിന്റെ ലട് പരസ്മൈപദപ്രഥമപുഷുഷൈകവചനം). ശാന്തി എന്നതു ക്രിയാപദമല്ലല്ലോ. ഉഷ്ണം ശാന്തമാകാം, ശാന്തിയാകില്ല.

ഉഷ്ണേ എന്നാൽ ഉഷ്ണത്തിൽ എന്നല്ലാതെ ഉഷ്ണംകൊണ്ടു് എന്നർത്ഥം വരില്ല. സംസ്കൃതത്തിൽ ശാന്തി എന്നുമാത്രമായി ഒരു രൂപമില്ല. ഇകാരാന്തമായ ശാന്തിശബ്ദത്തിന്റെ പ്രഥമയിൽ ശാന്തിഃ എന്നു വരും. അതും ഒരു ക്രിയാപദമല്ല. ഉഷ്ണം ശാന്തമാകാം; ഉഷ്ണത്തിന്നു ശാന്തി വരാം. പക്ഷേ ഉഷ്ണം ശാന്തിയാകില്ല. സംസ്കൃതത്തിൽ ശമിക്കുന്നു എന്ന അർത്ഥത്തിലുള്ള ക്രിയാപദമാണു ശാമ്യതി എന്നതു്. “ഉഷ്ണമുഷ്ണേന ശാമ്യതി” എന്നതു സംസ്കൃതത്തിൽ പ്രസിദ്ധമായ ഒരു ലോകോക്തിയാണു്. പൂർണ്ണശ്ലോകമായി കേട്ടിട്ടില്ലെങ്കിലും ഇതിന്നു് ഒരു് അനുഷ്ടുബ്വൃത്തബദ്ധശ്ലോകാന്ത്യപാദപ്രതീതിയുണ്ടു്. ഇതിനെ വികൃതമാക്കിയ ചില മലയാളികൾ “ഉഷ്ണമുഷ്ണേന ശാന്തി” എന്നു പറഞ്ഞാൽ, അതിനെ വികൃതതരമാക്കി “ഉഷ്ണമുഷ്ണേ ന ശാന്തി” എന്നു പറയുന്നവരെ പണ്ഡിതശബ്ദംകൊണ്ടു വിശേഷിപ്പിക്കണോ? അപണ്ഡിതനായ ഞാൻ വേറെന്തു പറയാൻ !

Facebooktwittergoogle_plusredditpinterestlinkedinmailby feather

Leave a Reply

Your email address will not be published. Required fields are marked *