എന്താണീ നാഴിയൂരി ?

Nazhiyuri

അനശ്വരനായ കവി ശ്രീ പി ഭാസ്കരന്റെ വരികളാണ് താഴെക്കൊടുത്തിട്ടുള്ളത്:

‘നാഴിയുരിപ്പാലുകൊണ്ട് 
നാടാകെ കല്യാണം
നാലഞ്ചു തുമ്പകൊണ്ട്
മാനത്തൊരു പൊന്നോണം.’

(ചിത്രം – രാരിച്ചന്‍ എന്ന പൗരന്‍, (1956) ഈണം നൽകിയത് കെ. രാഘവൻ, പാടിയത് ഗായത്രി ശ്രീകൃഷ്ണനും ശാന്താ പി നായരും)

നാഴി+ഊരി=നാഴിയൂരി; യകാരം ആഗമിക്കുന്നു; നാഴി എവിടെയെങ്കിലും കുത്തിക്കയറ്റിവച്ചിട്ട് അതൂരിയെടുത്തു എന്നു പറയുന്നതാണ് നാഴിയൂരി.

ഇവിടെ കവി പറയുന്നത് നാഴിയുരി എന്നാണ്. നാഴി എന്നാൽ പണ്ട് ധാന്യങ്ങൾ അളക്കാനുപയോഗിച്ചിരുന്ന ഒരു പാത്രമാണ്. നാലുനാഴി ചേർന്നാൽ ഒരിടങ്ങഴി, പത്തിടങ്ങഴി ചേർന്നാൽ ഒരു പറ എന്നിങ്ങനെയാണ് കണക്ക്. ഉരി എന്നാൽ നാഴിയുടെ പകുതി. ഉഴക്ക് എന്നാൽ നാഴിയുടെ നാലിലൊന്ന് അതായത് ഉരിയുടെ പകുതി. മൂന്നുഴക്കുകൂടിയതാണ് മൂഴക്ക്. ആഴക്ക് എന്നാൽ നാഴിയുടെ എട്ടിലൊന്ന്. (നാഴിവരെ ഞാൻ കണ്ടിട്ടുണ്ട്, അതിനു താഴേക്കുള്ള അളവുപാത്രങ്ങൾ എന്റെ ചെറുപ്പത്തിൽ ഇല്ലായിരുന്നു.) അഞ്ചുനാഴി കൊള്ളുന്ന പാത്രമായിരുന്നു പാട്ടയിടങ്ങഴി. മൂന്നു നാഴി കൊള്ളുന്നതിനെ ചങ്ങഴി എന്നു ഞങ്ങൾ വിളിച്ചിരുന്നു. ഇതിനൊക്കെ പ്രാദേശികഭേദമുണ്ടാകാം.

“ഉഴക്കുപ്പിനും കൊള്ളാത്ത” എന്നൊരു പ്രയോഗം പണ്ടുണ്ടായിരുന്നു. ഉപ്പിനുതന്നെ തീരെ വിലയില്ല, അത് ഉഴക്കാകുമ്പോൾ ഒട്ടുമേ കണക്കാക്കാനില്ല; അതായത് കാൽക്കാശിനു കൊള്ളാത്ത, നിസ്സാരമായ എന്നൊക്കെ അർത്ഥം.

“ആഴക്കുവറ്റടിയിലുള്ളതിലാശവച്ചി-
ട്ടേഴെട്ടിടങ്ങഴി ജലം വെറുതേ കുടിച്ചു.
കോഴപ്പഴാധരിയെ ഒന്നു പുണർന്നുപോരാൻ
തോഴീജനത്തെ വെറുതേ തഴുകേണ്ടിവന്നു.”
എന്നൊരു സരസൻ പണ്ടെഴുതിയത് അന്നത്തെ ദാരിദ്ര്യത്തെക്കുറിച്ചു പ്രസ്താവിക്കാനല്ല.

“ഇല്ലങ്ങളിൽച്ചെന്നു നടന്നിരന്നാൽ
ഇല്ലെന്നു ചൊല്ലുന്ന ജനങ്ങളേറും
അല്ലെങ്കിലാഴക്കരി നല്കുമപ്പോൾ
നെല്ലെങ്കിൽ മൂഴക്കതുമന്തിനേരം.”
എന്നു ശ്രീകൃഷ്ണചരിതം മണിപ്രവാളത്തിൽ ശ്രീ കുഞ്ചൻ നമ്പ്യാർ കുചേലന്റെ ദാരിദ്ര്യത്തെക്കുറിച്ചു വർണ്ണിക്കുമ്പോൾ പറഞ്ഞതും ഈ അളവുകളാണ്.

സാധാരണഗതിയിൽ തിട്ടമില്ലാത്ത എണ്ണത്തെക്കുറിച്ചുപറയുമ്പോൾ നാം ഒന്നുരണ്ട്, രണ്ടുമൂന്ന്, മൂന്നുനാല്, അഞ്ചാറ്, എട്ടുപത്ത് എന്നൊക്കെപ്പറയും. എന്നാൽ പത്തിനു മുകളിലേക്കാണെങ്കിൽ പത്താണ് അടിസ്ഥാനപ്രമാണം. പത്തുപതിനഞ്ച്, പത്തിരുപത്, പത്തമ്പത്, പത്തുനൂറ്, പത്തായിരം, പത്തുപതിനായിരം, പത്തമ്പത്തിനായിരം എന്നൊക്കെ (ഒരുലക്ഷത്തിന്റെ താഴെവരെ) ആരോഹണക്രമത്തിലാണ് പറയാറുള്ളത്. അപൂർവ്വമായി നൂറുനൂറ്റമ്പത് എന്നും പറയാറുണ്ട്. ഇവിടെ കവി അവരോഹണക്രമത്തിലാണ് നാഴിയുരി എന്നു പറഞ്ഞിരിക്കുന്നതെന്നു ശ്രദ്ധിക്കുക. നാഴിയോ കൂടിവന്നാൽ ഉരിയോ പാൽ മതിയെന്നുള്ളതായിരിക്കാം കവിയുടെ ഉദ്ദേശ്യം. നാഴിയുരി എന്നാല്‍ ഒന്നരനാഴി അളവ് എന്നുമാകാം.

നാഴിയൂരി തെറ്റുതന്നെ.

facebooktwittergoogle_plusredditpinterestlinkedinmail

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>