ഒറ്റ

ഒറ്റ – ഒരുതരം ഏകാഭിനയപ്രഹസനം

ഉഷ്ണ-ഉപോഷ്ണമേഖലയിലെ കാടുകളിലും നദീതടങ്ങളും കണ്ടുവരുന്ന ഒരു പുല്ലുവർഗ്ഗസസ്യമാണ് ഒറ്റ. ഒട്ടൽ, ഓട എന്നീ പേരുകൾ ഉള്ള ഈ സസ്യത്തിന് മുളയുടെ ഘടനയാണുള്ളത്. – വിക്കിപ്പീഡിയ.

ഒറ്റ എന്നാൽ വടക്കൻകളരിയിൽ പയറ്റുന്ന ഏറ്റവും പ്രാധാന്യമുള്ള ആയുധമാണ്. S ഏകദേശം നിവർത്തിയ ആകൃതിയിലാണിതിന്റെ രൂപം, ഒരു പിടിയും അതിന്റെ മുന്നിലൊരു കൈമറയും തുമ്പിലൊരു മൊട്ടും കാണും. മറ്റുള്ള ആയുധങ്ങളൊക്കെ പിടിക്കുന്നത് തള്ളവിരലിന്റെ ഭാഗത്തേക്കാണെങ്കിൽ ചെറുവിരലിന്റെ ഭാഗത്തേക്കാണ് ഇതു പയറ്റുമ്പോൾ പിടിക്കുന്നത്. അതുപയോഗിച്ചു പയറ്റാനും വലിയ ബുദ്ധിമുട്ടാണ്. ഇതു പയറ്റുമ്പോൾ എപ്പോളും അമർന്നുതന്നെ നില്ക്കണം, ചുവടുകൾ മാറിയാലും ചാടിവീണാലും അമർച്ചതന്നെ. അതുകൊണ്ടുതന്നെ ഇതാരും അത്ര കാര്യമായി പഠിക്കാറില്ല. മർമ്മഭാഗങ്ങൾ ചൂണ്ടിയാണിതിന്റെ പയറ്റും അടിയും കുത്തുമെല്ലാം. പതിനെട്ടടവുകളും പയറ്റുന്ന ഒരേയൊരായുധം ഇതുമാത്രമാണ്. അതുകൊണ്ടാണ് ഒറ്റ പയറ്റിയാൽ പയറ്റിത്തെളിഞ്ഞു എന്നു പറയുന്നത്.

നാടൻപന്തുകളിയിൽ ഒറ്റയുണ്ട്. ഒറ്റ, പെട്ട, പിടിയൻ, താളം, ഇണ്ടൻ എന്നിങ്ങനെയാണതിന്റെ എണ്ണങ്ങൾ. ഇതിലുപയോഗിക്കുന്ന തുകൽനിർമ്മിതമായ പരന്ന പന്തിന്റെ അകത്തു പഞ്ഞിയാണ് നിറച്ചിരിക്കുന്നത്. ഇണ്ടനൊഴിച്ച് ബാക്കിയെല്ലാറ്റിലും പന്തിനെ കൈകൊണ്ടാണ് അടിക്കുന്നത്. അതിനു വെട്ടുക എന്നാണു പറയുക. ഇണ്ടൻമാത്രം കാലുകൊണ്ടുള്ള തൊഴിയാണ്.

ഒറ്റ എന്നുള്ളത് ഒന്ന് എന്നുള്ളതിന്റെ വിശേഷണരൂപമാണ്. ഒരു എന്നതും വിശേഷണമാണ്. പക്ഷേ, ഒരു എന്നാൽ പലതിൽ ഒന്നെന്നാണർത്ഥം. അതായത് ഒരു കുട്ടി, ഒരു പക്ഷി എന്നൊക്കെപ്പറഞ്ഞാൽ കൂട്ടത്തിൽ ഒരെണ്ണം എന്നർത്ഥം. എന്നാൽ ഒറ്റക്കുട്ടി, ഒറ്റപ്പക്ഷി എന്നൊക്കെപ്പറഞ്ഞാൽ ആ ഒന്നിനെ പ്രത്യേകം ഉദ്ദേശിച്ചുപറയുന്നതാണ്. ഒറ്റപ്പുത്രൻ എന്നാൽ മാതാപിതാക്കൾക്ക് ആ ഒരു കുട്ടിമാത്രമേയുള്ളൂ എന്നർത്ഥം. ഒറ്റപ്പൂരാടൻ എന്നും പറയും. (പെൺകുട്ടികളെ എന്താണാവോ പറയുന്നത് !) ഒറ്റപ്രസവത്തിൽ ഒന്നിലേറെ കുട്ടികളുണ്ടാവും ചിലർക്ക്.

(ഒരു, ഒരേ എന്നൊക്കെയുള്ളത് നാമവിശേഷണമാകയാൽ അതിന്റെകൂടെ പോലെ ചേർക്കാൻ പാടില്ല. ഒരുപോലെ, ഒരേപോലെ ഇതുരണ്ടും തെറ്റ്. ഒന്നുപോലെ എന്നു ശരി)

ഒറ്റ എന്നാല്‍ വേറേ ഒന്നുകൂടി ഇല്ലാത്തതു് എന്നൊരുറപ്പിച്ച ധ്വനിയുണ്ടാവും. അയാള്‍ കോട്ടയത്തേക്കുപോയതു് ഒരുദ്ദേശ്യത്തോടെയാണു്/കോട്ടയത്തേക്കുപോയതു് ഒറ്റ ഉദ്ദേശ്യത്തോടെയാണു്…..ഇവ തമ്മില്‍ ദ്യോതിപ്പിക്കുന്ന കാര്യത്തിനു് അര്‍ത്ഥവ്യത്യാസമില്ലേ ? ആദ്യത്തേത് പലതിൽ ഒരുദ്ദേശ്യം എന്ന നിലയിലും രണ്ടാമത്തേത് ഒരേയൊരുദ്ദേശ്യം സാധിക്കാനുമാണ്.

ഒറ്റപ്പെട്ട സ്ഥലം എന്നാൽ മറ്റാരുമില്ലാത്ത സ്ഥലം എന്നോ മറ്റുള്ള സ്ഥലങ്ങളിൽനിന്ന് ആരുടേയും ശ്രദ്ധയിൽപ്പെടാതെ മാറിക്കിടക്കുന്ന സ്ഥലം എന്നോ ആവാം. ഒറ്റയ്‌ക്കൊറ്റയ്ക്കു പോരാടി എന്നു കേട്ടിട്ടുണ്ടല്ലോ. പ്രതിയോഗികൾ മറ്റാരുടെയും സഹായമില്ലാതെ യുദ്ധംചെയ്തു എന്നർത്ഥം. കുറേപ്പേർ ചേർന്ന് ആക്രമിക്കുമ്പോൾ അടികൊള്ളുന്നവൻ: “ധൈര്യമുണ്ടെങ്കിൽ വാടാ…..ഒറ്റയ്‌ക്കൊറ്റയ്ക്കു നോക്കാം” എന്ന് എതിർപക്ഷത്തിന്റെ നായകനെ വെല്ലുവിളിക്കുന്നതു കണ്ടിട്ടില്ലേ ? ഒറ്റപ്പെടുക എന്നാൽ കൂട്ടത്തിൽനിന്നു വേർപെട്ട് തനിച്ചാവുക; സ്വപക്ഷത്തിൽ ഉള്ളവരെല്ലാം വിട്ടുപോകുക എന്നർത്ഥം.

കൂട്ടത്തിൽനിന്നു മാറി, ഒറ്റതിരിഞ്ഞുനടക്കുന്നവനെ ഒറ്റയാൻ എന്നു പറയാറുണ്ട്. ഒറ്റ തിരിഞ്ഞു നടക്കുക എന്നെഴുതരുത്; എഴുതാം; പക്ഷേ, ഒറ്റ എന്ന സാധനം തപ്പിനടക്കുകയാണ് എന്നാണർത്ഥം.

ഒറ്റനോട്ടത്തില്‍ എന്നു പറഞ്ഞാൽ പെട്ടെന്നുള്ള പരിശോധനയിൽ എന്നർത്ഥം. ദേഷ്യം വരുമ്പോൾ “ഞാനൊരൊറ്റ വീക്കുവച്ചുതരുമെന്നു” നാട്ടിൻപുറത്തുകാർ പറയാറുണ്ട്. അത് അടിയുടെ ഊക്കിനെ കാണിക്കുന്നു.

ഒറ്റനാക്ക് – കഥകളിക്കാർ ഉടുത്തു കെട്ടിനുമുകളിൽ മുൻവശം മറയ്ക്കാൻ ആനയുടെ നെറ്റിപ്പട്ടംപോലെ തൂക്കിയണിയുന്ന പട്ട്,

നാമരൂപത്തിൽ : ഒരുതരം വാദ്യം, ഒന്ന്, ജോടിയില്‍പ്പെട്ട ഒന്ന്, സംഖ്യകളുടെ ഏകസ്ഥാനം, ഏകസ്ഥാനമുള്ള അക്കം, ഓജസംഖ്യ (ഒറ്റസംഖ്യ) ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് എന്നിങ്ങനെയുള്ള സംഖ്യകള്‍, ഒരു ജോടിയില്‍പ്പെട്ടത്, സമനിലയിലുള്ളത്, നാലുമുഴം നീളമുള്ള ഒറ്റമുണ്ട്. ഉദാ: ഒറ്റമുണ്ടും ഇരട്ടമുണ്ടും, ഒറ്റ ഉടുക്കുക, ഒരു പലഹാരം (ക്ഷേത്രങ്ങളിലെ നൈവേദ്യമായുണ്ടാക്കുന്നത്), ഒറ്റക്കെട്ടായിനില്‍ക്കുക, ഒറ്റക്കയ്യായിനില്‍ക്കുക, – എന്നൊക്കെ അർത്ഥമുണ്ട്.

വിശേഷണരൂപത്തിലാകുമ്പോൾ താരത. ഇരട്ട. ഒന്നുമാത്രമായ, ഒന്നായ, തനിച്ചുള്ള, ഒരു കൂട്ടില്ലാത്ത – എന്നൊക്കെ അർത്ഥമുണ്ട്.

ചുരുക്കത്തിൽ ഒറ്റ എന്നാൽ രണ്ടോ അതിലധികമോ അല്ലാത്തതെന്നാണർത്ഥം. വിശേഷണരൂപത്തിലാകുമ്പോൾ തൊട്ടടുത്ത നാമപദത്തോടു ചേർത്തെഴുതണം. സമാസിക്കുമ്പോൾ ഉത്തരപദാദിയിലെ ദൃഢം ഇരട്ടിക്കണം. ഇവിടെ ‘ഒറ്റ തിരഞ്ഞെടുപ്പിന് വേണം’ എന്നെഴുതിയാൽ അതിനൊരർത്ഥവുമില്ല; ഞാൻ മുകളിൽപ്പറഞ്ഞതുപോലെ പത്രാധിപർ ഒറ്റ തിരഞ്ഞുനടക്കുകയായിരിക്കാം ! “ഒറ്റത്തിരഞ്ഞെടുപ്പിനു വേണം” എന്നാണെഴുതേണ്ടത്.

അഭിപ്രായവും ഐക്യവും ചേർന്നാൽ അഭിപ്രായൈക്യം എന്നാകും. “ഒറ്റത്തിരഞ്ഞെടുപ്പിനു വേണം അഭിപ്രായൈക്യം” എന്നാണു തലക്കെട്ടു വേണ്ടത്.

ഭരണഘടനയിലും തിരഞ്ഞെടുപ്പ് എന്നു മറ്റൊരു വരി. ഭരണഘടനയിൽ തിരഞ്ഞെടുപ്പോ ? ശിവശിവ !!! എന്നു തലയിൽ കൈവയ്ക്കരുത്. ചേർത്തെഴുതേണ്ട പദങ്ങൾ അങ്ങനെയാക്കിയെഴുതാത്തതിന്റെ കുഴപ്പമാണിത്.

“ഭരണഘടനയിലും തിരഞ്ഞെടുപ്പുചട്ടങ്ങളിലും മാറ്റങ്ങൾ വരുത്തണം” എന്നെഴുതിയാൽ ശരിയായി.

(ചില വിവരങ്ങൾക്കു കടപ്പാടുണ്ട്)Otta Thiranjedupp

facebooktwittergoogle_plusredditpinterestlinkedinmail

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>