ഓ വി വിജയൻ എന്ന പ്രതിമ !!

ഈ ചിത്രത്തിലുള്ളത് മഹാനായ ഓ വി വിജയൻ എന്ന സാഹിത്യകാരന്റെ പ്രതിമയാണെന്ന് കാണുന്ന എല്ലാവർക്കും അറിയാം.

1. അതിന്റെ കീഴെ പ്രതിമ എന്നെഴുതിയില്ലെങ്കിലും അതൊരു പ്രതിമയാണെന്ന് ആർക്കും മനസ്സിലാകും. എന്നാൽ ഓ വി വിജയൻ പ്രതിമ എന്നൊക്കെ എഴുതിയാൽ അതുതമ്മിൽ എന്തെങ്കിലും ബന്ധമുണ്ടാകുമോ ? പ്രതിമയാണെന്നെഴുതണമെന്നു നിർബ്ബന്ധമുണ്ടെങ്കിൽ ഓ വി വിജയൻറെ പ്രതിമ എന്നോ ഓ വി വിജയൻപ്രതിമ എന്നോ എഴുതണം. അതോ ഇനി, ഓ വി വിജയൻ പ്രതിമയാണെന്നാണോ ഇതിന്റെ അർത്ഥം ?

2. കേരള, നിയമ, സാംസ്കാരിക, സ്മാരക എന്നൊക്കെ ചില ഭാഷാപദങ്ങൾ കാണുന്നുണ്ട്. നിഘണ്ടുവിൽ നോക്കിയിട്ട് ഇതൊന്നും കാണാനുമില്ല. ഇനി പുതിയ സർക്കാർനിഘണ്ടു വല്ലതും ഇറക്കിയിട്ടുണ്ടോ ആവോ !! കേരളത്തിലെ സർക്കാർ കേരളസർക്കാർ. സാംസ്കാരികകാര്യങ്ങൾക്കുള്ള വകുപ്പ് സാംസ്കാരികവകുപ്പ്. അതു സർക്കാരിന്റെ കീഴിലുള്ള വകുപ്പാകുമ്പോൾ കേരളസർക്കാർ – സാംസ്കാരികവകുപ്പ് എന്നെഴുതണം.

കേരളത്തിലെ നിയമം കേരളനിയമം. (കേരളത്തിനു മാത്രമായിട്ടൊരു നിയമമുണ്ടെങ്കിൽ! ഇൻഡ്യാമഹാരാജ്യം മുഴുവൻ ഒരൊറ്റനിയമത്തിൻകീഴിലാണെന്നാണ് എന്റെ എളിയ അറിവ്) നിയമവകുപ്പിന്റെയും സാംസ്കാരികവകുപ്പിന്റെയും മന്ത്രി എന്നു വരണമെങ്കിൽ നിയമ-സാംസ്കാരിക വകുപ്പുമന്ത്രി(കേരളം) എന്നെഴുതണം. അപ്പോൾ ഈ മന്ത്രി കേരളത്തിൽ ഈ വകുപ്പുകൾ ഭരിക്കുന്നയാളാണെന്നു മനസ്സിലാകും. കേരളം എന്ന ഭാഷാപദം സർക്കാർ എന്തിനാണ് കേരള എന്നെഴുതുന്നതെന്ന് എനിക്കൊരു പിടിയും കിട്ടുന്നില്ല. ഇതാണോ ശ്രേഷ്ഠഭാഷ ??

3. ഓ വി വിജയൻറെ സ്മാരകം എന്നു വരണമെങ്കിൽ ഓ വി വിജയൻസ്മാരകം എന്നെഴുതണം. അതിനൊരു സമിതി രൂപീകരിച്ചിട്ടുണ്ടെങ്കിൽ അതിന് ഓ വി വിജയൻസ്മാരകസമിതി എന്നും പേരിടണം.

വാക്കുകൾ സമാസിച്ചുകഴിഞ്ഞാൽ പിന്നീട് അവ വിഘടിപ്പിക്കാൻ പാടില്ല എന്നുള്ളത് വ്യാകരണത്തിന്റെ അടിസ്ഥാനപ്രമാണമാണ്. സമാസത്തിൽ കീഴ്‌പെട്ടുപോയ വാക്കുകൾക്ക് പിന്നീട് സ്വതന്ത്രമായ നിലനില്പില്ല. അതായത് അതിൽ വാക്കുകളില്ല, അക്ഷരങ്ങൾമാത്രമേയുള്ളൂ. അതറിയാത്ത സാംസ്കാരികമേലദ്ധ്യക്ഷന്മാരും വിദ്യാഭ്യാസവിദഗ്ദ്ധരും നാടു ഭരിച്ചാൽ ഇതല്ല ഇതിലപ്പുറവും നടക്കും.

ചിത്രങ്ങളാണ് അനാച്ഛാദനം ചെയ്യപ്പെടുന്നത്. അതായത് അതിനെ ഒരു തുണികൊണ്ട് ആച്ഛാദനം ചെയ്തിരിക്കും; അതായത് മറച്ചിരിക്കും. അതുമാറ്റുന്ന പ്രക്രിയയാണ് അനാച്ഛാദനം. പ്രതിമ അങ്ങനെ തുണി മുന്നിലിട്ട് മറച്ചാൽപ്പോരാ; മൊത്തത്തിൽ പൊതിഞ്ഞുകെട്ടണം. അപ്പോൾ ആവരണമായി. അതു നീക്കുന്ന പ്രക്രിയ അനാവരണം. മന്ത്രി പ്രതിമ അനാവരണം ചെയ്തു എന്നുവേണം എഴുതാൻ.

“സാംസ്കാരിക വകുപ്പ്” ഉത്തരം തരുമോ ??”OVV

facebooktwittergoogle_plusredditpinterestlinkedinmail

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>