കായിക്ക ഗായിക്ക ങ !

 

19/10/2018 രാത്രി ഒമ്പതരയ്ക്ക് നമ്മുടെ ആകാശവാണി എഫ് എം കൊച്ചി കേട്ടിരുന്നു. അതിൽ വിജയദശമിയോടനുബന്ധിച്ച് – ശ്രീകുമാർ മുഖത്തലയുടേതാണെന്നു തോന്നുന്നു – ഒരു പരിപാടി കേൾപ്പിച്ചിരുന്നു. പ്രായമായ, വിരമിച്ച അദ്ധ്യാപികമാരുമായുള്ള അഭിമുഖമായിരുന്നു അതെന്നു തോന്നുന്നു. മൂന്നുനാലു പേർ അവരുടെ കാലത്തെ എഴുത്തിനിരുത്തിനെക്കുറിച്ച് വാചാലരായി.

(വാചാലം എന്നാൽ വായിൽത്തോന്നിയതൊക്കെ പറയുന്നതിനാണ്. മൗനം എന്നതിന്റെകൂടെ അതിന്റെ എതിർപദമായി, കവികൾ സ്ഥിരമായി പ്രയോഗിക്കുന്ന ഒരു പദമാണിത്. നിന്ദ്യമായ അർത്ഥമാണ് ഈ വാക്കിനുള്ളത് എന്നവർ മനസ്സിലാക്കുന്നില്ല)

എഴുത്തിനിരുത്തുമ്പോൾ കിണ്ണത്തിലെ അരിയിൽ അല്ലെങ്കിൽ മണലിൽ “ഹരിശ്രീ ഗണപതായേ നമഃ” എന്നെഴുതുമെന്നാണ് ഒരദ്ധ്യാപിക മൂന്നുനാലു പ്രാവശ്യം പറഞ്ഞത് !! ആകാശവാണിയിലെ പ്രൊഡക്ഷൻ ഡിപ്പാർട്ട്മെന്റിലുള്ള ആർക്കും ഈ മന്ത്രം അറിയില്ലേ ?
എഴുത്തിനിരുത്തിക്കഴിഞ്ഞാൽ കുട്ടികളെ ഓരോരോ അക്ഷരങ്ങളായി പഠിപ്പിക്കുന്നകൂട്ടത്തിൽ “കായിക്ക ഗായിക്ക ങ്ങ, ചായിച്ച ജായിച്ച ഞ….”എന്നിങ്ങനെ അക്ഷരങ്ങളും പഠിപ്പിക്കുമെന്ന് വേറൊരദ്ധ്യാപിക !

പിന്നീട് കേൾക്കാൻ എനിക്കു ക്ഷമയുണ്ടായില്ല. റേഡിയോ ഓഫ് ചെയ്തു. ദോഷം പറയരുതല്ലോ, ഞാനും ഇങ്ങനെയൊക്കെത്തന്നെയാണ് പഠിച്ചത്. എന്റെ സ്വദേശം കോട്ടയമാണ്. ഇപ്പോളും ഇങ്ങനെതന്നെയാണ് അവിടങ്ങളിൽ പഠിപ്പിക്കുന്നതെന്ന് തോന്നുന്നു. കഷ്ടംതന്നെ !

ക്, ഗ്, ഗ്, ഘ്-തുടങ്ങിയ വ്യഞ്ജനങ്ങൾ ഉച്ചരിക്കാൻ ബുദ്ധിമുട്ടായതിനാൽ പൊതുവേ അകാരം ചേർത്താണ് ഉച്ചരിക്കുന്നത്. “ക, ഖ, ഗ, ഘ, ങ” എന്നിവ പഠിപ്പിക്കുമ്പോൾ അതിന്റെയൊക്കെ മുന്നിൽ എന്തിനാണ് ഇ ചേർക്കുന്നതെന്ന് ഒരുപിടിയുമില്ല. ഏതോ ഒരദ്ധ്യാപകൻ ക എന്ന ഖരാക്ഷരത്തിനേക്കാൾ ഉച്ചത്തിലാണ് ഖ എന്ന അതിഖരത്തിന്റെ ഉച്ചാരണമെന്നു കുട്ടികളെ മനസ്സിലാക്കാൻവേണ്ടി ഇഖ എന്നും അതിനേക്കാൾ ഉച്ചത്തിലാണ് ഘ എന്ന ഘോഷം എന്നു കാണിക്കാൻ ഇഘ എന്നും ഉച്ചരിച്ചിട്ടുണ്ടാവും. അദ്ദേഹത്തിൽനിന്ന് പഠിച്ച കുട്ടികളെല്ലാവരും ആ ഉച്ചാരണം പിന്നീട് ലക്ഷങ്ങളിലേക്കു പടർത്തി.

കുറെക്കാലംമുമ്പ് ടിവിയിൽ ഒരു കുടക്കമ്പനിക്കാരന്റെ പരസ്യത്തിൽ “വടികൊണ്ടുതല്ലല്ലേ സാറേ, വേണേ കുടകൊണ്ടു തല്ലിക്കോ സാറേ” എന്ന പാട്ടിൽ ഈ വിഡ്ഢിത്തം പാടുന്നുണ്ടായിരുന്നു. ഇപ്പോൾ അതു കാണാനില്ല, അത്രയും നന്ന്.

വളരെച്ചെറിയ ഒരു സ്ഥലത്തെ സൂചിപ്പിക്കനായി “ഇട്ടാവട്ടം” എന്നു ഞങ്ങളുടെ നാട്ടിലൊരു ചൊല്ലുണ്ട്. അതും ഇങ്ങനെ വന്നതായിരിക്കാനാണ് സാദ്ധ്യത. ശരിക്കും “ഠവട്ടം” എന്നാണ് വരേണ്ടത്. അതായത് ഠ എന്ന അക്ഷരത്തിന്നകത്ത് ഉൾക്കൊള്ളാനുള്ള സ്ഥലംപോലുമില്ല എന്നർത്ഥം. അതിന്റെ മുന്നിലും ഇ ചേർത്ത് ഇഠവട്ടം എന്നാക്കി, പറഞ്ഞുപറഞ്ഞ് കാലക്രമേണ അത് ഇട്ടാവട്ടമായിമാറിയതാകാനാണ് സാദ്ധ്യത. അല്ലാതെ ഇട്ടായ്ക്ക് വട്ടവുമായി എന്തു ബന്ധം ! (എട്ടാവട്ടം എന്നത് ഇട്ടാവട്ടം എന്നാക്കിയതാണെന്ന് എവിടെയോ വായിച്ച ഒരോർമ്മയുണ്ട്.)

“ഹരിശ്രീ ഗണപതയേ നമഃ” എന്നാണ് എഴുതേണ്ടതും ഉച്ചരിക്കേണ്ടതും.

Facebooktwittergoogle_plusredditpinterestlinkedinmailby feather

Leave a Reply

Your email address will not be published. Required fields are marked *