കാൾ എന്നാൽ…

Kal താരതമ്യവാചിയായ ഒരു ഗതി. ഗതിയെന്നാൽ വാക്കുകളെത്തമ്മിൽ ഘടിപ്പിക്കുന്ന വ്യാകരണസൂത്രം. മിക്കവാറും പ്രതിഗ്രാഹികവിഭക്തിപ്രത്യയത്തിന്റെ പിന്നാലെയാണിതു് ചേർക്കുന്നത്. (പ്രതിഗ്രഹികാവിഭക്തി – എ. അവനെ, എന്നെ, നിന്നെ മകളെ, മകനെ എന്നൊക്കെ പ്രയോഗം.) ഒന്നിനെ അപേക്ഷിച്ച് മറ്റൊന്നു് കൂടുതലെന്നോ കുറവെന്നോ കാണിക്കേണ്ടിവരുമ്പോൾ ആദ്യത്തെ വാക്കിനോടു ചേർക്കുന്നതാണിത്. പക്ഷേ, അതുമാത്രം ചേർത്താൽപ്പോരാ; രണ്ടാമത്തേതു കൂടുതലാണോ കുറവാണോ എന്നുംകൂടെ അതിനോടൊപ്പം ചേർത്തിരിക്കണം. ഇല്ലെങ്കിൽ ആ പ്രയോഗത്തിന് അർത്ഥമുണ്ടാവില്ല.

എന്നെക്കാൾ ജ്യേഷ്ഠനു പൊക്കം കൂടുതാലണ്, എന്റെ ശമ്പളത്തേക്കാൾ കുറവാണ് അച്ഛന്റെ ശമ്പളം, രാമന്റെ മാർക്കിനെക്കാൾ കൂടുതലാണ് കൃഷ്ണന്റെ മാർക്ക്, അമിതാബ് ബച്ചന് എല്ലാരെക്കാളും കൂടുതൽ പൊക്കമുണ്ട്, എല്ലാവരേക്കാളും താഴ്ന്ന നിലയിലാണ് ആദിവാസികളുടെ ജീവിതം എന്നൊക്കെ കാൾ ഉപയോഗിച്ചുള്ള വാക്യങ്ങൾ നിർമ്മിക്കാം.

അച്ഛനെക്കാളും അമ്മയാണ് കുടുംബം, നോക്കുന്നത് എന്ന വാക്യം തെറ്റാണ്. അച്ഛനെക്കാളും നന്നായി കുടുംബം നോക്കുന്നത് അമ്മയാണ് എന്നതു ശരി. അവൻ എന്നേക്കാൾ ഓടി എന്നു പറഞ്ഞാൽ കുറഞ്ഞ ദൂരമാണോ കൂടുതൽ ദൂരമാണോ കൂടുതൽ സമയം എന്നോ കുറഞ്ഞ സമയം എന്നോ അതിലില്ല. അതുപോലെത്തെന്നെയാണ് എന്നേക്കാൾ ചാടി എന്നു പറഞ്ഞാൽ. കൂടുതൽ ഉയരത്തിലാണോ, നീളത്തിലാണോ, ഞാൻ ചാടിയതിനേക്കാൾ കൂടുതലാണോ കുറവാണോ എന്നൊന്നും പ്രസ്താവനയിലില്ല. ഞാൻ ഓടിയതിനേക്കാൾ കുറഞ്ഞ ദൂരം അവൻ ഓടി, ഞാൻ ഓടിയതിനേക്കാൾ കൂടുതൽ സമയം അവൻ ഓടി, ഞാൻ ചാടിയതിനേക്കാൾ ഉയരത്തിൽ അവൻ ചാടി, ഞാൻ ചാടിയതിനേക്കാൾ കൂടുതൽ ദൂരം അവൻ ചാടി എന്നൊക്കെ എഴുതിയാൽ ശരി.

ഇവിടെ തലക്കെട്ടിൽ ‘ജയിച്ച രാഹുലിനേക്കാൾ തോറ്റ സ്മൃതി അമേഠി മണ്ഡലം നോക്കുന്നു’ എന്നെഴുതിയിരിക്കുന്നു. ആ നോട്ടം മേലോട്ടാവാം കീഴോട്ടാവാം. അതുംകൂടെ ഉണ്ടെങ്കിലേ ആശയം വ്യക്തമാവൂ. താഴേക്കു വായിച്ചുവരുമ്പോളാണ് രാഹുൽ ഒന്നും ചെയ്യുന്നില്ലെന്നും സ്മൃതി കാര്യമായി എന്തൊക്കെയോ ചെയ്യുന്നുണ്ടെന്നും എഴുതിയതായി മനസ്സിലാകുന്നത്.

അപ്പോൾ “ജയിച്ച രാഹുലിനേക്കാൾ നന്നായി, തോറ്റ സ്മൃതി അമേഠിമണ്ഡലം നോക്കുന്നു” എന്നെഴുതിയാൽ അർത്ഥശങ്കയ്ക്കിടയില്ലാത്തവണ്ണം ആശയം വ്യക്തം. നന്നായി എന്നു കഴിഞ്ഞിട്ട് ഒരു കോമ ചേർക്കാൻ മറക്കരുത്. കോമയില്ലെങ്കിൽ വാക്യം അവിടെത്തീരും. കോമ ചേർത്താൽ വാക്യം തുടരുന്നുവെന്നും നന്നായിട്ടു നോക്കുന്നു എന്നും അർത്ഥം കിട്ടും.

facebooktwittergoogle_plusredditpinterestlinkedinmail

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>