കുട്ടികൾ

ഒരാൾ പിറന്നു വീഴുന്നത് കരഞ്ഞു കൊണ്ടാണ്. വളർന്നുവളർന്ന് പതിയെ കമഴ്ന്നു വീഴാനും മുട്ടിൽ  ഇഴയാനും പിച്ച നടക്കാനും അയാൾ പഠിക്കുന്നു.  അവിടം മുതൽ അയാൾ അച്ചടക്കം പഠിച്ചു തുടങ്ങുന്നു. അപ്പോൾ മുതലാണ് വീഴാനും വീഴാതിരിക്കാനും ഉള്ള അഭ്യാസങ്ങൾ തുടങ്ങുന്നത്.  തുടർന്ന് മാതാപിതാക്കളുടെ ശിക്ഷണം, പാഠപുസ്തകങ്ങൾ , ആചാര്യന്മാരിൽ നിന്ന് എന്നിങ്ങനെ ധാരാളം അറിവുകൾ അയാൾ ആർജ്ജിക്കുന്നു. പിന്നീടു ഇവരുടെ  ഒന്നും സഹായം കിട്ടാതാകുന്നു. അപ്പോൾ സ്വയം പഠിക്കുവാൻ തുടങ്ങുന്നു. പിന്നെ ജീവിത പന്ഥാവിൽ സ്വയം കർമ്മ നിരതനാവേണ്ടി    വരുന്നു.  ജോലി അല്ലെങ്കിൽ എന്തെങ്കിലും സ്വയം തൊഴിൽ, കച്ചവടം എന്നിങ്ങനെ നാനാതരം വ്യാപാരങ്ങളിൽ ഏർപ്പെട്ടു ജീവിതം നീക്കേണ്ടി വരുന്നു.  ഇതിനിടെ വിവാഹം, കുടുംബം, അവരുടെ ജീവസന്ധാരണം എന്നിവയിലേക്ക് മാറുന്നു.

ഇവിടെ സമൂഹത്തിൽ തന്റെയും കുടുംബാംഗങ്ങളുടെയും ഇടപെടൽ ആണ് മനുഷ്യനെ വ്യതിരിക്തനാക്കുന്നത്. അവിടെയാണ് മനുഷ്യന്റെ സ്വത്വവും സംസ്കാരവും   വെളിവാകുന്നത്.

ആചാര്യാൽ പാദമാദത്തേ
പാദം ശിഷ്യ: സ്വമേധയാ
പാദം സബ്രഹ്മചാരിഭ്യ :
പാദം കാലക്രമേണതു

എന്നാണ് നീതിസാര സൂക്തം.

കാൽ ഭാഗം ആചാര്യനിൽ നിന്നും, കാൽ ഭാഗം സ്വമേധയായും, കാൽ ഭാഗം കൂട്ടുകാരുടെ കയ്യിൽ നിന്നും ബാക്കി കാൽ ഭാഗം അനുഭവത്തിൽ നിന്നും എന്നാണു ചുരുക്കം. ഇവിടെ കൂട്ടുകാരുടെ കയ്യിൽ നിന്നും പഠിക്കുന്നതാണ് പ്രശ്നം.  പണ്ടൊക്കെ ഗുരുകുല വിദ്യാഭ്യാസമൊക്കെ കഴിഞ്ഞു നല്ല അച്ചടക്കമുള്ള വിദ്യാർത്ഥി ആയാണ് പുറത്തേക്കു വരുന്നത്. ഇപ്പോൾ മൊബൈൽ, ഇന്റർ നെറ്റ് തുടങ്ങിയ യുഗത്തിൽ കൂടിയാണ് വിദ്യാർഥികൾ കടന്നു പോകുന്നത്.  വഴി തെറ്റി പോകാൻ നല്ല സാഹചര്യം. മുതിർന്നവർ പറയുന്നതിന് ഇന്ന് ഒരു വിലയും ഇക്കൂട്ടർ കല്പിക്കുന്നില്ല. എല്ലാ വിജ്ഞാനവും വിരൽത്തുമ്പിൽ ഉള്ളപ്പോൾ എന്തിനു പഴയ ആൾക്കാർ പറയുന്നത് കേൾക്കണം ?

അച്ചടക്കം ഇല്ലാതെ വളർന്ന കുഞ്ഞുങ്ങൾ സമൂഹത്തിനു എന്നും ഒരു പ്രശ്നം തന്നെയാണ്.  അമിത ലാളന കൊണ്ടോ വാത്സല്യത്തിന്റെ കുറവ് കൊണ്ടോ അമിതമായ അച്ചടക്കം കൊണ്ടോ മാതാപിതാക്കളുടെ ശ്രദ്ധക്കുറവു കൊണ്ടോ  ഒക്കെ ഈ പ്രശ്നക്കാർ ഉണ്ടാകാം.  പണ്ടൊക്കെ കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ ഇതൊന്നും അത്ര വലിയ ഒരു പ്രശ്നം അല്ലായിരുന്നു.  ആരെയെങ്കിലും ഒരു മാതൃക  ആക്കാൻ കുടുംബതിൽ ധാരാളം പേരുണ്ടായിരുന്നു. കുട്ടികളെ വളർത്താനും താലോലിക്കാനും പഠിപ്പിക്കാനും ഒക്കെ അവിടെ ആൾക്കാരും സമയവും സാഹചര്യവും ഒക്കെ ഒത്തിണങ്ങിയ  നല്ല അന്തരീക്ഷമായിരുന്നു.  കുറെയേറെ കുട്ടികൾക്കിടയിൽ വളരുമ്പോൾ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും പങ്കു വയ്ക്കാനും വഴക്ക് കൂടാനും തമ്മിൽത്തല്ലാനും അങ്ങനെ മാനസിക സംഘർഷം ലഘൂകരിക്കാനും ഒക്കെ ഇവർക്ക് സാധിച്ചിരുന്നു. അങ്ങിനെ വളരുന്ന കുട്ടികൾ  ആരോഗ്യകരമായ വ്യക്തിത്വം ഉള്ളവർ ആയിരിക്കും.  ആരുടെയെങ്കിലും ഒക്കെ ശ്രദ്ധ കുട്ടികളിൽ എപ്പോഴും ഉണ്ടാകുമായിരുന്നു.

ഇന്നോ ??

എല്ലാം അണു കുടുംബങ്ങളായി പരിണമിച്ചിരിക്കുന്നു.  മാതാപിതാക്കൾ ജോലിക്കോ മറ്റോ പോയിക്കഴിഞ്ഞാൽ കുട്ടികൾ തനിയെയോ വേലക്കാരുടെ സംരക്ഷണയിലോ   ആണ്.  പകൽ ഭൂരിഭാഗവും ഇക്കൂട്ടരുടെ ശിക്ഷണത്തിൽ വളരുന്നതിനാൽ അവരുടെ സംസ്കാരമാണ് കുട്ടികളിൽ കണ്ടു വരുന്നത്. (മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാം  ഒരു സൌരഭ്യം എന്നാണല്ലോ) അവർ അവരുടെ സൌകര്യത്തിനു അനുസരിച്ചുള്ള ജീവിത ക്രമം കുട്ടികളിൽ അടിച്ചേല്പ്പിക്കും. ചിലർ മയക്കു മരുന്ന് വരെ കുട്ടികൾക്ക് നല്കി തങ്ങളുടെ ജോലി ഭാരം കുറയ്ക്കാറുണ്ട്. രാത്രിയിൽ കുഞ്ഞുങ്ങൾ ഉറങ്ങാതിരിക്കുന്നതിന്റെ രഹസ്യം ചിലപ്പോൾ ഇതാകാം. വൈകുന്നേരം വന്നാൽത്തന്നെ മാതാപിതാകൾക്ക് കുട്ടികളെ നോക്കാനും അവരുടെ കൂടെ ചെലവഴിക്കാനും തീരെ നേരമില്ല.  അതിന്റെ കുറവ് തീർക്കാൻ പണം അവർക്ക് ധാരാളമായി ചെലവു ചെയ്യുകയും ചെയ്യും.  ഇത് വിപരീത ഫലം ആണ് ഉണ്ടാക്കുന്നത്. നമുക്ക് കിട്ടാത്ത സൌകര്യങ്ങൾ കുട്ടികൾക്ക് വാരിക്കോരി നല്കുന്ന മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കുക – നിങ്ങള് സാമൂഹ്യ വിരുദ്ധരെ ആണ് വാർത്തെടുക്കുന്നത്. മാതാപിതാക്കളുടെ കാലം കഴിഞ്ഞാൽ ഇവരുടെ തണലിൽ അത്രയും കാലം കഴിഞ്ഞിരുന്നവർ അമ്പേ പരാജയപ്പെട്ടു പോകും. സൌകര്യങ്ങൾ കിട്ടാതെ വന്നാൽ ഇവർ എന്തും ചെയ്യാൻ മടിക്കില്ല.

പക്ഷെ ഇനിയൊരു തിരിച്ചു പോക്കിന് പ്രസക്തിയില്ല.  പോകാനും നിവൃത്തിയില്ല.

അപ്പോൾ സാഹചര്യത്തിന് അനുസരിച്ച് നാം സ്വയം മാറിയേ തീരൂ. നമ്മുടെ കുട്ടികൾക്കായി നാം തന്നെ ധാരാളം സമയം നീക്കി വയ്ക്കുക. അവരുടെ കൂട്ടുകാർ ആരൊക്കെ എന്ന് തീർച്ചയായും നാം അറിഞ്ഞിരിക്കണം.  അവരുടെ കൂട്ടുകാരായി മാറുക. എന്നാൽ ശിക്ഷ കൊടുക്കേണ്ട സ്ഥാനത്ത് കർശനമായിത്തന്നെ നടപ്പാക്കുക. ജീവിതത്തിനു ചിട്ടയും ആദർശവും സമ്പ്രദായവും ഒക്കെ വേണം. മാതാപിതാക്കൾ കുട്ടികൾക്ക് മാതൃകയായി വേണം ജീവിക്കാൻ. തമ്മിലടിക്കുന്ന, മദ്യപിക്കുന്ന, പുക വലിക്കുന്ന, കൈക്കൂലി വാങ്ങുന്ന, അഴിമതി കാട്ടുന്ന മാതാപിതാക്കൾക്ക്, മക്കൾ ഇതൊന്നും ചെയ്യരുത് എന്ന് എങ്ങിനെ ഉപദേശിക്കാൻ സാധിക്കും ? ഇതൊക്കെ കണ്ടാണ്  അവർ വളരുന്നത് എന്നോർക്കണം. ചെറുപ്പത്തിൽ ടി വി പാട്ടുകളും പരസ്യങ്ങളും കണ്ടു വളരുന്ന കുട്ടികൾ ആ വഴിയെ പോകും.  അവരെ  പഠിപ്പിക്കാൻ ഏർപ്പാടാക്കി മാതാപിതാക്കൾ സീരിയൽ കണ്ടാൽ അവർ ഒന്നും പഠിക്കില്ല.

ചെറുപ്പ കാലങ്ങളിലുള്ള ശീലം
മറക്കുമോ മാനുഷനുള്ള കാലം ?
കാരസ്കരത്തിന്‍ കുരു പാലിലിട്ടാല്‍
കാലാന്തരേ കൈപ്പു ശമിപ്പതുണ്ടോ ?

ഇതിന്റെ അര്‍ത്ഥം പറഞ്ഞു തരേണ്ടതില്ലല്ലോ. നാം തന്നെ അവരുടെ പിന്നാലെ നടന്നു വേണ്ടതൊക്കെ ശരിയാക്കി കൊടുക്കണം.  എന്ന് വച്ച് എല്ലാറ്റിനും പിന്നാലെ നടക്കരുത്.  അവർക്ക് ചെയ്യാൻ പറ്റിയത് അവർ തന്നെ ചെയ്യട്ടെ. അങ്ങനെ അവർക്ക് ഒരു താൻപോരിമ ഉണ്ടാക്കിക്കൊടുക്കണം.  അവരുടെ സ്നേഹം നാം സമ്പാദിക്കുക.   നാം സമ്പാദിക്കുന്നത് അവർക്ക് വേണ്ടി ആണല്ലോ.  വെറുതെ സമ്പാദിച്ചു കൂട്ടിയിട്ടു എന്ത് പ്രയോജനം? ഇതെല്ലാം ധൂർത്തടിക്കാൻ തല തെറിച്ച കുട്ടികൾക്ക് ഒരു നിമിഷം മതി. അല്ലെങ്കിൽ വഴി പിഴച്ച ഇക്കൂട്ടർ ചെന്ന് പെടുന്ന ഗുലുമാലുകൾ തീർക്കാൻ ഇതൊന്നും പോരാതെ വന്നേക്കാം.   അനുഭവിക്കാൻ നല്ല മക്കളില്ലെങ്കിൽ എന്ത് കാര്യം?

അപ്പോൾ പറഞ്ഞു വന്നതിന്റെ രത്നച്ചുരുക്കം  :

അച്ചടക്കം വീട്ടിൽ നിന്ന് തന്നെ തുടങ്ങണം. അതിനു മാതാപിതാക്കൾ തന്നെ കുട്ടികളെ പരിശീലിപ്പിക്കണം.  കുട്ടികൾ  നാളെയുടെ നല്ല പൌരന്മാരായി  തീരാൻ  കുടുംബം നന്നാവണം.  കുടുംബങ്ങൾ നന്നായാൽ സമൂഹം നന്നാകും. സമൂഹം നന്നായാൽ രാജ്യം നന്നാകും. രാജ്യത്തിന് വേണ്ടി, സമൂഹത്തിനു വേണ്ടി പ്രവർത്തിക്കുന്ന – പ്രബുദ്ധരായ ഒരു തലമുറ, കഴിവുറ്റ – ഇച്ഛാശക്തിയുള്ള – പ്രജാ ക്ഷേമ തല്‍പ്പരരായ ഭരണാധികാരികൾ എന്നിവയാണിന്നത്തെ നമ്മുടെ ആവശ്യം.   ഇനിയൊരു തലമുറയെ  വഴി പിഴച്ചു പോകാൻ നാം അനുവദിച്ചു കൂടാ.  അങ്ങനെ ഒരു നല്ല നാളെക്കായി നമുക്കെല്ലാം ഒത്തൊരുമിച്ചു പ്രവർത്തിക്കാം.

Facebooktwittergoogle_plusredditpinterestlinkedinmailby feather

Leave a Reply

Your email address will not be published. Required fields are marked *