കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എന്ന വെള്ളാന !

IMG_20190119_195812IMG_20190119_195829IMG_20190119_195843

(ബ. മുഖ്യമന്ത്രി, സാംസ്കാരികമന്ത്രി, വിദ്യാഭ്യാസമന്ത്രിതുടങ്ങിയവർ അറിയാൻ…)

വ്യാകരണം എന്നത് ഏതു ഭാഷയുടെയും അടിസ്ഥാനമാണ്. അതു പഠിച്ചെടുക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്. വ്യാകരണപഠനം വളരെ ശ്രമകരമായതിനാലും വിരസമായതിനാലും ആർക്കും പഠിക്കാൻ താത്പര്യമില്ല. അല്പമെങ്കിലും അടിസ്ഥാനമില്ലെങ്കിൽ ഭാഷ നന്നായി പ്രയോഗിക്കാൻ സാധിക്കുകയുമില്ല.

ഓരോരോ കാലങ്ങളിൽ ഭാഷയിൽ വരുന്ന മാറ്റങ്ങളെല്ലാം വൈയാകരണന്മാർ ഉൾക്കൊള്ളണം. നല്ലതിനെ സ്വീകരിക്കുകയും തെറ്റായ പ്രവണതകളെ മുളയിലേ നുള്ളിക്കളയുകയും ചെയ്യണം. സർക്കാരിന്റെ സാംസ്കാരികവകുപ്പാണ് ഭാഷയെ നല്ല രീതിയിൽ നിലനിറുത്തിക്കൊണ്ടുപോകേണ്ടത്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഇതിനുവേണ്ടി ധാരാളം പുസ്തകങ്ങൾ അച്ചടിക്കുന്നുണ്ട്. അവയൊക്കെ ലക്ഷ്യത്തിലേക്കെത്തുന്നുണ്ടോ എന്നറിയില്ല. ഞാൻ വാങ്ങിച്ച പുസ്തകങ്ങളൊന്നുംതന്നെ നിലവാരമുള്ളവയായിരുന്നില്ല.

പത്രക്കാരും ചാനൽകാരും റേഡിയോക്കാരുമൊക്കെ ഭാഷയെ കൊല്ലുന്നതിൽ അഹമഹമികാധിയാ മത്സരിച്ചുകൊണ്ടിരിക്കുന്നു. അവർക്കൊക്കെ കുടപിടിച്ചുകൊണ്ട് സർക്കാർ മുന്നിൽത്തന്നെയുണ്ട് ! കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഒരു കേരളസർക്കാർസ്ഥാപനമാണ്. ഇഷ്ടംപോലെ പുസ്തകങ്ങൾ അവർ പ്രസിദ്ധീകരിക്കുന്നുണ്ട്. പ്രസിദ്ധീകരണങ്ങൾ ഔദ്യോഗികമായതിനാൽ അവരുടെ ഭാഷ കുറ്റമറ്റതായിരിക്കും എന്നാണ് സാമാന്യധാരണ. എന്നാൽ സംഭവിക്കുന്നതോ നേരേ മറിച്ചും !

നല്ല നിലവാരമുള്ള പുസ്തകങ്ങൾ പുറത്തിറക്കണമെങ്കിൽ അവിടെ ഭാഷയിൽ പാണ്ഡിത്യമുള്ളവരെയും ആർജ്ജവമുള്ളവരെയും നിയോഗിക്കണം. നിർഭാഗ്യവശാൽ ഇതൊന്നും നടക്കുന്നില്ല.

ഇവർ പ്രസിദ്ധീകരിക്കുന്ന സാധാരണപുസ്തകങ്ങളിലുള്ള തെറ്റുകൾതന്നെ ന്യായ്യീകരിക്കാവുന്നവയല്ല. വ്യാകരണപുസ്തകങ്ങളിൽ വന്നുകൂടുന്ന സ്ഖലിതങ്ങൾ അക്ഷന്തവ്യങ്ങളാണു്. ആധികാരികസ്വഭാവമുള്ളതിനാൽ ഈ വ്യാകരണപുസ്തകങ്ങൾ പള്ളിക്കൂടങ്ങളിൽ പഠിപ്പിക്കാൻ അദ്ധ്യാപകർ ആശ്രയിക്കുന്നവയാണ്.

സാഹിത്യപഞ്ചാനനൻ പി കെ നാരായണപിള്ളയുടെ ‘വ്യാകരണപ്രവേശിക’ എന്ന വ്യാകരണപുസ്തകം എത്ര ഉദാസീനമായിട്ടാണ് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നു നോക്കൂ. പുറംചട്ടയിൽത്തന്നെ ഇവരുടെ വിവരക്കേട് സുവ്യക്തം. സന്ധി, സമാസം, ഗതി എന്നിവയുടെയൊക്കെ “ഗതിവിഗതികൾ” അറിയുന്ന ആരും അവിടെയുണ്ടെന്നു തോന്നുന്നില്ല. കേരള, വ്യാകരണ, സാഹിത്യ എന്നൊന്നും വാക്കുകളില്ല എന്നുപോലും അവർക്കറിയില്ല ! പുസ്തകം തുറന്നാൽ മുഴുവനും അബദ്ധങ്ങളാണ് കാണുക. (ഇവരൊക്കെ ഭാഷയിൽ ഗവേഷണബിരുദം സമ്പാദിച്ചവരായിരിക്കും !)

അവതാരികയിൽത്തന്നെ “അദ്ദേഹത്തിൽ നിന്നും”, “അദ്ദേഹത്തെ നിവേദിപ്പിക്കുക” എന്നൊക്കെയുള്ള ഭീമാബദ്ധങ്ങൾ കണ്ടു. പ്രസ്താവനയിൽ തത്വം എന്ന് മൂന്നിടത്താണ് എഴുതിയിട്ടുള്ളത്. സമാസിച്ച എല്ലാപ്പദങ്ങളും വിഘടിപ്പിച്ചാണ് എഴുതിയിട്ടുള്ളതെന്നുള്ളതു പോട്ടേ, സമാസത്തിൽത്തന്നെ വെണ്ടയ്ക്കാവലുപ്പത്തിൽ അബദ്ധം എഴുതിവെച്ചിട്ടുമുണ്ട്. അദ്ധ്യായം രണ്ടിൽ “ജീവത് ഭാഷ” എന്നാണെഴുതിയിട്ടുള്ളത് ! ഇങ്ങനെയൊക്കെ വിഡ്ഢിത്തം എഴുതിവച്ചാൽ എങ്ങനെയാണ് ശ്രേഷ്ഠഭാഷ നന്നാവുക ?

പുസ്തകത്തിൽ തെറ്റുകൾ കണ്ടപ്പോൾ അതെന്താണെന്നു ചോദിക്കാൻവേണ്ടി ഞാൻ അവരുടെ ഫേസ് ബുക്ക് പേജ് സന്ദർശിച്ചു. അവിടെ പന്തംകൊളുത്തിപ്പടയാണ് !

അവിടെക്കണ്ട ഒരു പോസ്റ്ററാണ് “മഹാത്മാ സംഗമം” ഇതിന്റെ അർത്ഥം എന്താണാവോ ! ഗാന്ധിജി, അയ്യങ്കാളി എന്നീ രണ്ടു മഹാത്മാക്കൾ കണ്ടുമുട്ടിയതിന്റെ 82 )- ആം വാർഷികം ആഘോഷിക്കുന്നതാണിത്. മഹാത്മാക്കളുടെ സംഗമം മഹാത്മസംഗമം എന്നാണെഴുതേണ്ടത്. അതിൽക്കണ്ട മറ്റൊരു വാക്കാണ് രക്തസാക്ഷ്യം. രക്തസാക്ഷിയുടെ ഭാവമോ കർമ്മമോ ആണു രക്തസാക്ഷ്യം. രണ്ടു പേരും രക്തസാക്ഷികളാണോ ? ഇവരുടെ ഭാവമോ കർമ്മമോ അവിടെ കാണാൻ സാധിക്കുമോ ? (എന്റെ ചോദ്യം അവർക്കിഷ്ടപ്പെട്ടില്ല. അതവർ ഡിലീറ്റ് ചെയ്തു! അതു ചോദ്യം ചെയ്ത എന്റെ രണ്ടാമത്തെ ചോദ്യവും കൃത്യമായി അവർ നീക്കി ! ഞാൻ നോക്കിയിട്ട് അവ കാണുന്നില്ല. എന്റെ വിവരക്കേടാണോ ആവോ ! നിങ്ങൾ ഒന്നു നോക്കൂ. പക്ഷേ, എന്റെ ഇൻബോക്സിൽ അവ സുരക്ഷിതമായിട്ടിരിക്കുന്നു, അതവർക്കു കളയാൻ സാധിക്കില്ല. ഒരു കാര്യം മനസ്സിലായി; എത്ര വലിയവനാണെങ്കിലും എഴുതിയതിൽ തെറ്റുണ്ട് എന്നു പറഞ്ഞാൽ ഒട്ടും സുഖിക്കില്ല !! )

ഭാഷയുടെ അപചയം നിയന്ത്രിക്കാനും മലയാളികളുടെ ഭാഷാനിലവാരം മെച്ചപ്പെടുത്താനുമൊക്കെയാണ് ഇങ്ങനെയുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടത്. യാതൊരുവിധത്തിലുമുള്ള പ്രയോജനവും ഇവർ ഭാഷയ്ക്കുവേണ്ടി ചെയ്യുന്നില്ല എന്നുതന്നെയല്ല, ഭാഷയെ പരമാവധി ദുഷിപ്പിക്കുകയും ചെയ്യുന്നു. ഇവരെ ചുമക്കേണ്ട ബാദ്ധ്യത നമുക്കുണ്ടോ ?? ഈ വെള്ളാനകളെ സർക്കാർ പടിക്കു പുറത്താക്കണമെന്നും വിവരമുള്ളവരെ അവിടെ നിയമിക്കണമെന്നും ഒരു ഭാഷാസ്നേഹി എന്ന് നിലയിൽ ഞാൻ ആവശ്യപ്പെടുന്നു.

ജീവത്+ഭാഷ=ജീവദ്ഭാഷ, ജീവത്+മുക്തി=ജീവന്മുക്തി, ബൃഹത്+ആരണ്യം=ബൃഹദാരണ്യം, ബൃഹത്+ചരണം=ബൃഹച്ചരണം, ബൃഹത്+ജാതകം=ബൃഹജ്ജാതകം, ബൃഹത്+ഭാനു=ബൃഹദ്‌ഭാനു, ബൃഹത്+നദി=ബൃഹന്നദി, ബൃഹത്+നട=ബൃഹന്നട, ബൃഹത്+നള=ബൃഹന്നള (രണ്ടും ഒരാൾതന്നെ), ബൃഹത്+നേത്രൻ=ബൃഹന്നേത്രൻ, മഹത്+ആശ്രയം=മഹദാശ്രയം, മഹത്+വിനയം=മഹദ്വിനയം, മഹത്+വാക്യം=മഹദ്വാക്യം, വിദ്യുത്+ദീപം=വിദ്യുദ്ദീപം, വിദ്യുത്+ശക്തി=വിദ്യുച്ഛക്തി, സത്+ഉപദേശം=സദുപദേശം, സത്+ഉദ്യമം=സദുദ്യമം, സത്+ഗതി=സദ്ഗതി, സത്+ചിന്ത=സച്ചിന്ത, ശരത്+ചന്ദ്രൻ=ശരച്ചന്ദ്രൻ, ഹൃത്+ഗതി=ഹൃദ്ഗതി, ഹൃത്+രോഗം=ഹൃദ്രോഗം – ഇങ്ങനെയൊക്കെ ത് എന്നതിന് സന്ധിയിൽ മാറ്റം വരും.

ജീവത്പിതൃകൻ, ജീവത്പതി, ബൃഹത്കഥ, ബൃഹത്കരിക്കുക, ബൃഹത്സംഹിത, മഹത്കഥ, മഹത്തത്ത്വം, മഹത്പഞ്ചമൂലം, മഹത്സന്ദേശം, വിദ്യുത്കേശൻ, വിദ്യുത്‌പാതം, വിദ്യുത്പ്രിയം, ഹൃത്+തടം=ഹൃത്തടം – ഇവയൊക്കെ മാറ്റമില്ലാതെ സന്ധിയിലേർപ്പെടുന്ന വാക്കുകൾ.

ഇതൊക്കെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എന്നാണാവോ പഠിക്കുക !! ഇവർ ചെയ്യുന്നതെന്തെന്നറിയായ്കയാൽ എഴുത്തച്ഛന്റെയും സാഹിത്യപഞ്ചാനനന്റെയും ആത്മാക്കൾ ഇവരോടു പൊറുക്കട്ടേ എന്നു നമുക്കു പ്രാർത്ഥിക്കാം.

Facebooktwittergoogle_plusredditpinterestlinkedinmailby feather

Leave a Reply

Your email address will not be published. Required fields are marked *