തിരഞ്ഞെടുപ്പ് + തിരിഞ്ഞെടുപ്പ് = തെരിഞ്ഞെടുപ്പ്

ThiranjeduppTheranjeduppതിര എന്നാൽ :

1. അന്വേഷിക്കുക
2. കടലിലെ ഓളം, അല (തിരയടിക്കുക, അലയടിക്കുക, തിരതല്ലുക. ഒന്നിനുപിന്നാലെ മറ്റൊന്നു വരുന്നതിനാലാണ് തിരമാല എന്നുള്ള പേര്)
3. മാങ്ങകൊണ്ടുണ്ടാക്കുന്ന ഭക്ഷണവസ്തു (മാമ്പഴച്ചാറ് എന്തൊക്കെയോ ചേർത്ത് പായയിൽ മേൽക്കുമേൽ തേച്ചുപിടിപ്പിച്ച് ഉണക്കിയെടുക്കുന്ന പലഹാരമാണ് മാന്തിര. വളരെക്കാലം കേടുകൂടാതെയിരിക്കും. വിജയവാഡ റെയിൽവേസ്റ്റേഷനിൽവച്ച് ഒരിക്കൽ എനിക്കു കിട്ടിയിരുന്നു)
4. ചുരുൾ.
5. മയിൽപ്പീലി (തിരയണിയുക = മയിൽ പീലി വിടത്തുക)
6. വെടിയുണ്ട (തിര നിറയ്ക്കുക=തോക്കിൽ വെടിയുണ്ട നിറയ്ക്കുക, തിരയൊഴിക്കുക=വെടിവയ്ക്കുക)
7. മറ (തിരശ്ശീല. തിരശ്ശീലയിൽ കാണിക്കുന്ന ചിത്രമായതിനാലാണ് സിനിമയുടെ കഥയ്ക്ക് തിരക്കഥ എന്നുള്ള പേരു സിദ്ധിച്ചത്. തിര പിടിക്കുക എന്നു കഥകളിയിൽ ഒരു പ്രയോഗമുണ്ട്; തിരശ്ശീല പിടിക്കുക എന്നർത്ഥം. തിരപ്പുറപ്പാട് എന്നാൽ ആഡംബരത്തോടെയുള്ള വരവ് എന്നർത്ഥം.(തിരശ്ശീല പിടിച്ചുകൊണ്ടുള്ള പുറപ്പാട്.)
8. തിരഃ+കരണം=തിരസ്കരണം – ഇതിന് ഉപേക്ഷിക്കുക എന്നും മറയ്ക്കുക എന്നും അർത്ഥമുണ്ട്. തിരസ്കരിണിമന്ത്രം ജപിച്ചാൽ അദൃശ്യനാകാൻ കഴിവുണ്ടാകുമെന്നാരോ പറഞ്ഞതു കേട്ടിട്ട് ചെറുപ്പത്തിൽ അതു പഠിച്ചിട്ട് കോട്ടയത്ത് തിരുവാതുക്കൽക്കവലയിലുള്ള ടോംസ് ബേക്കറിയിലുള്ള പലഹാരങ്ങളൊക്കെ തിന്നണമെന്ന് പണ്ടൊരാഗ്രഹം കൊണ്ടുനടന്നത് ഓർക്കാനൊരു സുഖം
9. വൈക്കോൽപ്പിരി. (മഴക്കാലത്ത് ഉള്ളിലേക്ക് വെള്ളം കയറാതിരിക്കാൻ, തുറു ഉണ്ടാക്കുമ്പോൾ അതിന്റെ ഏറ്റവും മുകളിൽ, വൈക്കോൽകൊണ്ട് മുറുക്കിപ്പിരിച്ച ഒരു വടം നെടുന്തൂണിൽ ശക്തിയായി വരിഞ്ഞുമുറുക്കിവയ്ക്കും.)
10. തിരയിടുക എന്നാൽ പാമ്പു ചുരുണ്ടുകൂടുന്നതിന് പറയുന്ന പേരാണ്.
11. തിര തൂക്കുക എന്നാൽ വിതാനിക്കുക എന്നർത്ഥം.
12. തിരക്ക് എന്നാൽ അന്വേഷിച്ചറിയുക, ഞെരുക്കം, ആൾക്കൂട്ടം എന്നൊക്കെയാണ്. തിരക്കുക എന്നാൽ മുൻപറഞ്ഞതു കൂടാതെ മുണ്ടു തെറുത്തുപിടിക്കുക, പഞ്ഞി കടയുക, ചുരുട്ടുക, കുഴക്കുക എന്നൊക്കെ വേറെയും അർത്ഥങ്ങളുണ്ട്.
13. തിരഞ്ഞെടുപ്പ് എന്നാൽ ഒരു സ്ഥാനത്തേക്കുള്ള സ്ഥാനാർഥികളിൽ ആരെയെങ്കിലും നാമനിർദ്ദേശം ചെയ്യുക എന്നർത്ഥം. (Election) അതിനാണ് നാം നമ്മുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. ഒണ്ടോ (ഉണ്ടോ), പെടയ്ക്കുക (പിടയ്ക്കുക), കെടക്കുക (കിടക്കുക), വെയർപ്പ് (വിയർപ്പ്), കൊട (കുട), കൊട്ട (കുട്ട), പൊക (പുക), മൊട്ട (മുട്ട) എന്നൊക്കെ പറയുന്നതുപോലെ, തിരഞ്ഞെടുപ്പ് എന്ന വാക്കിന്റെ ഉച്ചാരണവൈകല്യമാണ് തെരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പു നടത്താൻ അധികാരമുള്ള കമീഷൻ തിരഞ്ഞെടുപ്പുകമീഷൻ.

മുകളിൽക്കാണിച്ചിരിക്കുന്നത് ഇന്നത്തെ രണ്ടു പത്രങ്ങളിലെ വാർത്തയാണ്. രണ്ടും തെറ്റ്.

തിരിയുക എന്നാൽ ചുറ്റുക, അലയുക, മറിയുക, ഉരുളുക, മാറുക, പിമ്പോട്ടുപോവുക, തെണ്ടിത്തിരിയുക, അറിയുക, വേർപെടുകഎന്നൊക്കെ അർത്ഥം. തിരിഞ്ഞെടുക്കുക എന്നാൽ കുറേയെണ്ണത്തിൽനിന്ന് ആവശ്യമുള്ളത്/നല്ലതും ചീത്തയും തരംതിരിച്ചെടുക്കുക എന്നർത്ഥം. (Selection)

തെരിഞ്ഞെടുക്കുക എന്നാൽ തിരഞ്ഞെടുപ്പും തിരിഞ്ഞെടുപ്പും രണ്ടും പെടും.

Facebooktwittergoogle_plusredditpinterestlinkedinmailby feather

Leave a Reply

Your email address will not be published. Required fields are marked *