പ്രത്യാഘാതം!

ആഘാതം എന്നാൽ അടി, കടലാടി, കുത്ത്, മുറിവ്, കൊല്ലൽ, കൊലസ്ഥലം, മൂത്രത്തടസ്സം എന്നൊക്കെ അർത്ഥമുണ്ട്.

എന്നാൽ ആധുനികകാലത്ത് എന്തെങ്കിലും ചെയ്യുമ്പോൾ അതിനോടനുബന്ധിച്ചുണ്ടാകുന്ന ശക്തമായ മാറ്റങ്ങൾക്കും ഈ വാക്കുപയോഗിക്കുന്നു. ഉദാഹരണത്തിന് നിർമ്മാണപ്രവർത്തനങ്ങൾ നടത്തുമ്പോൾ അവിടെയുള്ള ചില ജലാശയങ്ങൾ മണ്ണിട്ടുനികത്തും, കുന്നിടിക്കും. അവിടെപ്പെയ്യുന്ന മഴവെള്ളം ഒഴുകിപ്പോകാൻ നിർവ്വാഹമില്ലാതെ അവിടെ വെള്ളപ്പൊക്കമുണ്ടാകും, ചിലപ്പോൾ വരൾച്ചയുണ്ടാകും. ആ പ്രദേശത്തിന്റെ അടുത്തുള്ള മറ്റുള്ളവരും അതിന്റെ ദൂഷ്യഫലം അനുഭവിക്കേണ്ടിവരും. ആ പ്രദേശത്തെ പരിതഃസ്ഥിതിക്ക് അതു വലിയ ആഘാതമേല്പിക്കും.

പ്രതി, ആഘാതം എന്നിവ ചേർന്ന വാക്കാണ് പ്രത്യാഘാതം; തിരിച്ചടി എന്നർത്ഥം; അതായത് ഒരടി അങ്ങോട്ടു കൊടുത്താൽ തിരിച്ചിങ്ങോട്ടു കിട്ടുന്ന അടി. നാം പ്രകൃതിക്കേല്പിക്കുന്ന ആഘാതത്തിന് എതിരായി പ്രകൃതി നമുക്കിട്ട് തിരിച്ചടിക്കും. അതാണ് പ്രത്യാഘാതം.

അടിച്ചുകഴിഞ്ഞെങ്കിലല്ലേ തിരിച്ചടിക്കു പ്രസക്തിയുള്ളൂ ? ഇവിടെ ആരും അടിച്ചില്ല, മെട്രോനിർമ്മാണം എന്ന അടി അടിക്കാൻപോകുന്നതേയുള്ളൂ. ആദ്യംതന്നെ തിരിച്ചടിയെക്കുറിച്ച് എങ്ങനെ പഠിക്കും ? ആഘാതത്തെക്കുറിച്ചു പഠിച്ചിട്ടല്ലേ പ്രത്യാഘാതത്തെക്കുറിച്ചു പഠിക്കാനാവു ? ഇല്ലാത്ത ഒരു കാര്യത്തെക്കുറിച്ചുള്ള പഠനമാണോ ഇവർ നടത്തിയതെന്നറിയില്ല. ഏതായാലും വിദഗ്ദ്ധസമിതി ആ റിപ്പോർട്ട് അങ്ഗീകരിച്ചുകഴിഞ്ഞു. ഇനി പറഞ്ഞിട്ടുകാര്യമില്ല. അതെന്തെങ്കിലുമാവട്ടേ; പ്രത്യാഘാതപഠനറിപ്പോർട്ട് എന്നാണെഴുതേണ്ടത്. ഇങ്ങനെ കുതിരയ്ക്കുമുമ്പിൽ വണ്ടികെട്ടുന്ന വിദഗ്ദ്ധന്മാർ എവിടെയൊക്കെയുണ്ടോ ആവോ !!

മെട്രോ കാക്കനാട്ടേക്കു നീട്ടിയാൽ അതിനുവേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്ന ജനങ്ങൾ പ്രതികരിക്കും, അതിൽ ബഹളവും ചെറുത്തുനിൽപ്പും ധർണ്ണയും സമരവുമൊക്കെ ഉണ്ടാവും. അതാണാവോ ഇവർ Prathyaghatham എന്നു വിവക്ഷിച്ചിരിക്കുക ?

Facebooktwittergoogle_plusredditpinterestlinkedinmailby feather

Leave a Reply

Your email address will not be published. Required fields are marked *