ബഹുമാനപ്പെട്ട എം ടി വാസുദേവൻ സർ അറിയാൻ……

….M TMT2MT1 ഒരെളിയ ഭാഷാസ്നേഹി എഴുതുന്നത് :

ഇന്നു വിദ്യാർഥികൾക്കു ചൊല്ലാൻവേണ്ടി ഭാഷാപ്രതിജ്ഞ എഴുതിയത് അങ്ങാണല്ലോ. വളരെ അർത്ഥവത്തും സാരവത്തുമാണ് അങ്ങയുടെ വരികൾ. സർക്കാരിന്റെ ഉത്തരവിൽ അതു വളരെ ഭംഗിയായി അച്ചടിച്ച് വിതരണം ചെയ്തിട്ടുണ്ട്.

എന്നാൽ മലയാളം മിഷൻ എന്നവരുടെ കൈകളിലേക്കു വന്നപ്പോൾ അതാകെ തരികിടയായിപ്പോയി. അതിൽ താങ്കളുടെ വരികൾ – എന്റെ ദാഹം ശമിപ്പിക്കുന്ന “”””കുളിര്‍ വെളളമാണ്”””” എന്റെ ഭാഷ “””””ഞാന്‍ തന്നെയാണ്””””” എന്നൊക്കെ എഴുതിയിട്ടുണ്ട്. പല പത്രങ്ങളിലും പല രീതിയിൽ എഴുതിക്കാണുന്നു. കുളിർ വെള്ളമാണ് എന്നല്ല കുളിർവെള്ളമാണ് എന്നാണെഴുതേണ്ടത്. ഞാൻ തന്നെയാണ് – എന്നെഴുതിയാൽ ഞാൻ തനിയെയാണ് എന്നർത്ഥം; അതവിടെ ഒരുതരത്തിലും യോജിക്കില്ല. എന്നാൽ ഞാൻതന്നെയാണ് എന്നെഴുതിയാൽ ഭാഷ മറ്റാരുമല്ല ഞാൻമാത്രമാണ് എന്നർത്ഥം.

അങ്ങെഴുതിക്കൊടുത്തത് ഇങ്ങനെ വളച്ചൊടിച്ച് അർത്ഥമില്ലാതാക്കിയതിന് ആരെയാണ് കുറ്റം പറയേണ്ടത് ? സർക്കാരിന്റെ ഉത്തരവിൽ “ഭാഷാ സാംസ്കാരിക പരിപാടികളിൽ” – എന്നു കാണുന്നുണ്ട്. നമ്മുടെ ഭാഷയിൽ ഭാഷാ, സാംസ്കാരിക എന്നൊക്കെ വാക്കുകളുണ്ടോ സർ ? ഇതെന്തു ഭാഷയാണ് ? മലയാളംതന്നെയാണോ സർ ?

ഇതു മലയാളം മിഷൻ അച്ചടിച്ച ലഘുലേഖയിൽ വന്നപ്പോൾ അതിൽ വന്ന പിശകുകൾ ശ്രദ്ധിച്ചുവോ ? മേല്പറഞ്ഞതു കൂടാതെ ലോക, സാംസ്കാരികകാര്യ, കേരള എന്നൊക്കെക്കാണുന്നുണ്ട്. ഇതും മലയാളമാണോ സർ ? ഭാഷാപ്രതിജ്ഞ, ലോകമാതൃഭാഷാദിനം എന്നൊക്കെയുള്ള സമസ്തപദങ്ങൾ ഭാഷാ പ്രതിജ്ഞ, ലോക മാതൃഭാഷാദിനം എന്നിങ്ങനെ വിഘടിപ്പിച്ചെഴുതിയിട്ടുണ്ട്. സമാസത്തിലും സന്ധിയിലും കീഴ്‌പ്പെട്ടുപോയ പദങ്ങളെ പിന്നീട് വിഘടിപ്പിക്കരുതെന്നുള്ള സാമാന്യവ്യാകരണജ്ഞാനം എന്തുകൊണ്ടാണ് ഈ മലയാളം മിഷന് ഇല്ലാതെപോയത് ?

എന്നെപ്പോലെയുള്ള ആളുകൾ പറഞ്ഞാൽ സാമാന്യജനത്തിന് ഒരു വിലയുമില്ല; സർക്കാർവകുപ്പുകൾക്ക് അത്രപോലുമില്ല ! അങ്ങയെപ്പോലുള്ള ലബ്ധപ്രതിഷ്ഠരായ സാഹിത്യകാരന്മാർ എഴുതുന്ന വാക്കുകൾക്ക് പൊതുസ്വീകാര്യതയുണ്ട്. അങ്ങയുടേതെന്നുള്ള മട്ടിൽ പ്രചരിപ്പിക്കപ്പെടുന്ന ഈ ലഘുലേഖ പിൻവലിക്കാൻ സർക്കാരിനോട് അങ്ങാവശ്യപ്പെടണമെന്ന് ഞാൻ അപേക്ഷിക്കുന്നു.

എന്നെപ്പോലുള്ള പൊതുജനം കാണുന്നത് സർക്കാരിന്റെ ഉത്തരവല്ല; ഇതുപോലുള്ള ലഘുലേഖകളാണ്. ഇങ്ങനെ ആനമണ്ടത്തരങ്ങൾ എഴുതിവച്ചാൽ ശ്രേഷ്ഠഭാഷയ്ക്കല്ലേ അതിന്റെ നാണക്കേട് ?

അങ്ങു ഭാഷയെ സ്നേഹിക്കുന്നുവെങ്കിൽ “ഈ ലഘുലേഖയിലുള്ളത് ഞാനെഴുതിയതല്ല” എന്നൊരു പത്രപ്രസ്താവനയെങ്കിലും നടത്തണമെന്ന് ഞാൻ വിനീതമായി അഭ്യർത്ഥിക്കുന്നു. അത്രയെങ്കിലും അങ്ങു ഭാഷയ്ക്കുവേണ്ടി ചെയ്യണം.

വിശ്വസ്തതയോടെ

Facebooktwittergoogle_plusredditpinterestlinkedinmailby feather

Leave a Reply

Your email address will not be published. Required fields are marked *