മലയാളവ്യാകരണം – ഒരു പഠനം – 16 കേവലം, പ്രയോജകം, നിഗീർണ്ണകർത്തൃകം

ശബ്ദം തുടരുന്നു…..(ക്രിയ)
കേവലം, പ്രയോജകം, നിഗീർണ്ണകർത്തൃകം

ഏതു ക്രിയയ്ക്കും രണ്ടു രൂപങ്ങളുണ്ട്. ഒന്ന് ആത്മപ്രേരണയാൽ സ്വയമായി ചെയ്യുന്നതും മറ്റൊന്നു പരപ്രേരണയാൽ ചെയ്യുന്നതും. സ്വയമായി ചെയ്യുന്നതിനു “കേവലങ്ങൾ” എന്നും മറ്റൊരാളുടെ പ്രേരണയാൽ ചെയ്യുന്നതിനു “പ്രയോജകങ്ങൾ” എന്നും പറയുന്നു.

കേവലം         പ്രയോജകം             കാലം
തിന്നു              തീറ്റിച്ചു                  ഭൂതം
ഉറങ്ങി             ഉറക്കി                  ഭൂതം
ഓടി                ഓടിച്ചു                 ഭൂതം
നടക്കുന്നു         നടത്തുന്നു              വർത്തമാനം
ഓടുന്നു            ഓടിക്കുന്നു             വർത്തമാനം
നീങ്ങുന്നു          നീക്കുന്നു               വർത്തമാനം
പാടും              പാടിക്കും               ഭാവി
ചാടും              ചാടിക്കും               ഭാവി
എഴുതും            എഴുതിക്കും            ഭാവി

ഏതു ക്രിയയ്ക്കും വ്യാപരാംശവും ഫലാംശവും ഉണ്ടന്നു നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ. അതിൽ രണ്ടും കർത്താവിൽത്തന്നെ ചേരുന്നുവെങ്കിൽ ആ ക്രിയയ്ക്കു കർമ്മമില്ല. ഇതു രണ്ടും രണ്ടു വ്യക്തികളിലോ വസ്തുക്കളിലോ ചെന്നുചേരുന്നുവെങ്കിൽ അതിനു കർമ്മം ഉണ്ട്. കർത്താവില്ലതെ ക്രിയ ഇല്ല എന്നാണു സംസ്കൃതഭാഷാസങ്കല്പം. എന്നാൽ ഭാഷയിൽ കർത്താവില്ലതെയും ക്രിയകൾ നടക്കുന്നു എന്നതാണു വ്യാകരണഭാഷ്യം. ഒരാൾ സ്വയമായി ചെയ്യുന്നതിനെക്കൂടാതെ തനിയെ സംഭവിക്കുന്ന ക്രിയകളുണ്ട്. കാറ്റു വീശുന്നു, മരം വീഴുന്നു, വെള്ളം ഒഴുകി, തീ കത്തി ഇതൊന്നും ആരും ചെയ്യുന്നതല്ല. തനിയെ സംഭവിക്കുന്നതാണ്. എന്നാൽ ഏതെങ്കിലും ഒരാൾ കർത്തൃസ്ഥാനത്തില്ലെങ്കിൽ ക്രിയ ഉണ്ടാവുകയുമില്ല എന്നതാണു വാസ്തവം. വിശക്കുക, വേദനിക്കുക, ദാഹിക്കുക, ഉറങ്ങുക, കിട്ടുക എന്നിവയ്ക്കൊന്നും കർത്താവില്ല. മേൽപറഞ്ഞ ക്രിയകളുടെയൊക്കെ ഫലാംശം ഒരാൾക്കു കിട്ടിയേ മതിയാവൂ. എനിക്ക്, അവന്, അവൾക്ക്, അവർക്ക് എന്നിങ്ങനെ ആർക്കെങ്കിലുമാണു മേൽപറഞ്ഞ വികാരങ്ങളുണ്ടാവുന്നത്. ഇങ്ങനെ കർത്താവിനെയോ കർത്തൃവ്യാപാരത്തെയോ ഉള്ളടക്കം ചെയ്യുന്നത്തിനാണ് നിഗീർണ്ണകർത്തൃകം എന്ന പേര്. ക്രിയ ചെയ്യുന്നതു കർത്താവാണ് എന്നു പൊതുവേ പറയാമെങ്കിലും ചില വാക്യങ്ങളിൽ കർത്താവുണ്ടാവില്ല. അഥവാ കർത്താവ് വാക്യത്തിൽ അദൃശ്യനായി നിലകൊള്ളുന്നുണ്ടാവും. ചില ക്രിയകളിൽ കർത്താവിനു വ്യാപാരവുമായി ഒരു ബന്ധവും ഉണ്ടാകില്ല. എന്നാൽ ഫലം കിട്ടുന്നുണ്ടാവും.

പട്ടി ഓടുന്നു എന്നതു കേവലക്രിയയാണ്. പട്ടി സ്വയം ചെയ്യുന്നതാണ് ആ ക്രിയ. എന്നാൽ പട്ടിയെ ഞാൻ ഓടിക്കുന്നു എന്നതും ആ ഗണത്തിൽത്തന്നെ വരുന്നതു ശ്രദ്ധിക്കുക. എന്നോടാരെങ്കിലും പറഞ്ഞിട്ടോ എന്നെ ആരെങ്കിലും പ്രേരിപ്പിച്ചിട്ടോ അല്ല ഞാൻ പട്ടിയെ ഓടിക്കുന്നത്. അപ്പോൾ ഓടിക്കുന്നു എന്നതും കേവലമായി വരുന്നു. അപ്പോൾ അതിന്റെ പ്രയോജകം വരണമെങ്കിൽ ആരെങ്കിലും എന്നെ പ്രേരിപ്പിക്കണം. അപ്പോൾ ക്രിയ ഓടിപ്പിക്കുന്നു എന്നു മാറ്റണം. അച്ഛൻ എന്നെക്കൊണ്ടു പട്ടിയെ ഓടിപ്പിക്കുന്നു എന്നെഴുതിയാൽ അതു പ്രയോജകം. ആദ്യത്തെ വാക്യത്തിൽ പട്ടി കർത്താവാണ്. രണ്ടിലും മൂന്നിലും പട്ടി കർമ്മമാണ്‌. ഇങ്ങനെ പ്രയോജകത്തിനുമേൽ വേറൊരു പ്രയോജകം വരുന്നതിനു “പ്പി” എന്ന പ്രത്യയം ചേർത്താൽ മതി. ഉദാ : ചാടിക്കുന്നു – ചാടിപ്പിക്കുന്നു, പാടിക്കുന്നു – പാടിപ്പിക്കുന്നു, കാണിക്കുന്നു – കാണിപ്പിക്കുന്നു, എഴുതിക്കുന്നു – എഴുതിപ്പിക്കുന്നു തുടങ്ങിയവ. കൃതിയിൽ ഒരു പ്പി ഉണ്ടങ്കിൽ പിന്നീട് ഒരെണ്ണംകൂടി ചേർക്കുന്നത് അഭംഗിയാണ്. (കേരളപാനിനീയഭാഷ്യം എന്ന കൃതിയിൽ പ്രൊഫ. സി എൽ ആന്റണി ഇതേക്കുറിച്ചു സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്)

ഒരാളെക്കൊണ്ട് ഒരു പ്രവൃത്തി ചെയ്യിക്കുമ്പോൾ അതിൽ രണ്ടു കർത്താക്കൾ ഉണ്ടാകും; ചെയ്യുന്നയാളും ചെയ്യിക്കുന്നയാളും. പ്രവൃത്തി ചെയ്യാൻ പ്രേരിപ്പിക്കുന്നയാൾ പ്രയോജകകർത്താവും പ്രവൃത്തി ചെയ്യുന്നയാൾ പ്രയോജ്യകർത്താവുമാണ്. മേൽപറഞ്ഞ ഉദാഹരണത്തിൽ അച്ഛൻ പ്രയോജകകർത്താവും ഞാൻ പ്രയോജ്യകർത്താവുമാണ്.

ഓഷ്ഠ്യമായ അകാരം, ര, ല, ഴ, ള, എന്നിവയിൽ അവസാനിക്കുന്ന അകാരിതധാതുക്കളിൽ “ത്ത്’ എന്ന പ്രത്യയം ചേർത്താലാണു പ്രയോജകരൂപം കിട്ടുക.
ഉദാ :
തോരുന്നു – തോർത്തുന്നു, വിടരുന്നു – വിടർത്തുന്നു, മലരുന്നു – മലർത്തുന്നു, ഇരിക്കുന്നു – ഇരുത്തുന്നു, പറക്കുന്നു – പരത്തുന്നു (ര)
കഴലുന്നു – കഴത്തുന്നു, നികലുന്നു – നികത്തുന്നു, ചെല്ലുന്നു – ചെലുത്തുന്നു (ചെല്ലിക്കുന്നു) അകലുന്നു – അകത്തുന്നു (അകറ്റുന്നു ) (ല)
വീഴുന്നു – വീഴ്ത്തുന്നു, പുകഴുന്നു – പുകഴ്ത്തുന്നു, താഴുന്നു – താഴ്ത്തുന്നു, വാഴുന്നു – വാഴ്ത്തുന്നു (ഴ)
ഇരിക്കുന്നു – ഇരുത്തുന്നു, വരുന്നു – വരുത്തുന്നു (ഓഷ്ഠ്യ അകാരം)
(ചേരുന്നു – ചേർക്കുന്നു, തീരുന്നു – തീർക്കുന്നു, വാരുന്നു – വാരിക്കുന്നു, കോരുന്നു – കോരിക്കുന്നു എന്നിങ്ങനെ ചില അപവാദങ്ങളുമുണ്ട്)

സചേതന/അചേതനകർത്തൃകങ്ങൾ

ചില വാക്യങ്ങളിൽ കർത്താവും കർമ്മവും ജീവനുള്ളവ ആയിരിക്കും. അച്ഛൻ കുട്ടിയെ അടിച്ചു എന്ന വാക്യത്തിൽ കർത്താവും കർമ്മവും ജീവനുള്ളവരാണ്. ഇതിൽ അച്ഛനെ സചേതനകർത്താവ് എന്നാണു പറയുന്നത്. എന്നാൽ അച്ഛൻ വടി ഒടിച്ചു എന്നു പറയുമ്പോൾ വടി ജീവനില്ലാത്തതാകയാൽ കർത്താവിനെ അചേതനകർത്താവ് എന്നാണു പറയുക. ഇവിടെ സചേതനകർത്താവിന്റെ ക്രിയയായ അടിച്ചു എന്നുള്ളതു സചേതനകർത്തൃകവും അചേതന കർത്താവിന്റെ ക്രിയയായ ഒടിച്ചു എന്നുള്ളതു അചേതനകർത്തൃകവുമാണ്.

സചേനതങ്ങളുടെ കൂടെ വരുന്ന അകാരിതക്രിയകൾക്കു “ഇക്കു” എന്നു ചേർത്താൽ പ്രയോജകരൂപം സിദ്ധിക്കും.
ഉദാ :
ധാതു            കേവലം             പ്രയോജകം
പറ              പറയുന്നു             പറയിക്കുന്നു
ചെയ്            ചെയ്യുന്നു            ചെയ്യിക്കുന്നു
ഓട്              ഓടുന്നു              ഓടിക്കുന്നു

അചേതനങ്ങളുടെ ക്രിയകളുടെ കൂടെ “ക്കു” എന്നു ചേർത്താൽ പ്രയോജകരൂപം കിട്ടും. വീണ്ടും പ്പി ചേർത്താൽ വേറൊരു പ്രയോജകംകൂടി കിട്ടും.
ഉദാ:
ധാതു            കേവലം               പ്രയോജകം                   പ്രയോജകം
കുറ              കുറയുന്നു                കുറയ്ക്കുന്നു                     കുറപ്പിക്കുന്നു
നിറ             നിറയുന്നു                നിറയ്ക്കുന്നു                     നിറപ്പിക്കുന്നു
അണ           അണയുന്നു             അണയ്ക്കുന്നു                   അണപ്പിക്കുന്നു

ക്രിയാധാതുക്കളുടെ അവസാനം ഖരമാണെങ്കിൽ അതിരട്ടിച്ചാൽ പ്രയോജകരൂപം സിദ്ധിക്കും. റ ആണെങ്കിൽ റ്റ ആക്കിയാൽ മതി.
ഉദാ:
ആട് – ആടുന്നു – ആട്ടുന്നു
കൂട് – കൂടുന്നു – കൂട്ടുന്നു
പോക് – പോകുന്നു – പോക്കുന്നു
ആക് – ആകുന്നു – ആക്കുന്നു
മാറ് – മാറുന്നു – മാറ്റുന്നു
പാറ് – പാറുന്നു – പാറ്റുന്നു
നീറ് – നീറുന്നു – നീറ്റുന്നു

ക്രിയാധാതു അനുനാസികാന്തമാണെങ്കിൽ അതു സവർഗ്ഗഖരമാക്കണം. (ങ – ക, ഞ – ച, ണ – ട, ന – ത, മ – പ ഇങ്ങനെ അതാതിന്റെ വർഗ്ഗമാണു വരുക)

ഉദാ: തിങ് – തിങ്ങുന്നു – തിക്കുന്നു, തൂങ് – തൂക്കുന്നു, ഊൺ – ഉണ്ണുന്നു – ഊട്ടുന്നു, കാൺ – കാണുന്നു – കാട്ടുന്നു, തീൻ – തിന്നുന്നു – തീറ്റുന്നു, കയറ് – കയറുന്നു – കയറ്റുന്നു

ട, റ എന്നിവയിൽ അവസാനിക്കുന്നതും ഒറ്റയായും ഹ്രസ്വമായും അവസാനിക്കുന്നതുമായ ക്രിയാധാതുക്കളിൽ ചിലവയിൽ “ഉവി” എന്നാണു ചേർക്കേണ്ടത്. ക്രിയാധാതുക്കളുടെ കൂടെ സംവൃതോകാരം (അര ഉകാരം) ചേർത്തിട്ട് പിന്നാലെ ഇ ചേർക്കുമ്പോഴാണ് ഉവി എന്നു കിട്ടുന്നത്. ഇടുന്നു – ഇടുവിക്കുന്നു, തൊടുന്നു – തൊടുവിക്കുന്നു, നടുന്നു – – നടുവിക്കുന്നു, പെറുന്നു – പെറുവിക്കുന്നു ഇതൊക്കെ ഇങ്ങനെ വരും. (ഇടീക്കുന്നു, തൊടീക്കുന്നു, നടീക്കുന്നു, പെറീക്കുന്നു ഇതൊക്കെ ഗ്രാമ്യം)

ഈ നിയമങ്ങളിലൊന്നും പെടാത്ത ക്രിയകളും ചിലപ്പോൾ വരാം. അതൊക്കെ അവയുടെ രൂപത്തിൽനിന്നും പ്രയോഗത്തിൽനിന്നും മനസ്സിലാക്കണം.

നിഗീർണ്ണകർത്തൃകം

ചില വാക്യങ്ങളിൽ കർത്താവിനോ കർമ്മത്തിനോ പ്രാധാന്യം കൊടുക്കാതെ പ്രയോഗിക്കേണ്ടിവരും. വാക്യത്തിൽ അവരില്ല എന്നാലും അതിൽ അതുള്ളടക്കംചെയ്യപ്പെട്ടിരിക്കും. ഭാവേപ്രയോഗം, അകാരപ്രയോഗം എന്നും ഇതിനു പേരുകളുണ്ട്.

വീട്ടിൽ ഒരു പട്ടി വന്നിട്ടുണ്ട്. വല്ലതും കഴിച്ചിട്ട് ഉറങ്ങുക എന്നതാണ് അവന്റെ ജോലി. ഉണർന്നാൽ എവിടെയെങ്കിലും അപ്പിയിടുക എന്നതാണ് അടുത്ത പണി. എന്റെ വീട്ടിലാണ് പട്ടി വന്നത്. ഇവിടെ പട്ടി വന്നതിനു കർത്താവായ ഞാനുമായി ഒരു ബന്ധവും പ്രത്യക്ഷത്തിലില്ല. ആരെങ്കിലും ഇവിടെ കൊണ്ടുവന്നു വിട്ടതാകാം, തനിയെ വന്നതാകാം. അതുകൊണ്ടുള്ള ഗുണം എനിക്കുണ്ട്. ഉറങ്ങുക, അപ്പിയിടുക എന്നതിൽ പട്ടിക്കു ഒരു നിയന്ത്രണവുമില്ല. അതു തനിയെ സംഭവിക്കുന്നതാണ്, അല്ലെങ്കിൽ അതിനു നിർബ്ബന്ധിതനാകുന്നതാണ്. ഇതിനു നിഗീരണംചെയ്യപ്പെടുക എന്നാണു് പറയുന്നത്. ഇങ്ങനെയുള്ള വാക്യങ്ങളിൽ ക്രിയയുടെ ആകാംക്ഷയെ തൃപ്തിപ്പെടുത്തുന്ന പദങ്ങളെല്ലാം ചിലപ്പോൾ ഉണ്ടാവില്ല.

ഉദാ: പക്ഷി പറക്കുന്നു എന്നതും വിമാനം പറക്കുന്നു എന്നു പറയുന്നതും ഒരേ അർത്ഥത്തിലല്ല. പക്ഷി തനിയേ പറക്കുന്നതാണ്. എന്നാൽ വിമാനം പൈലറ്റ്‌ പറപ്പിക്കുന്നതാണ്. പട്ടി ഓടുന്നു എന്നതും വണ്ടി ഓടുന്നു എന്നതും ഇതുപോലെയാണ്. വിമാനം പറപ്പിക്കുന്ന ആൾക്കും വണ്ടി ഓടിക്കുന്നയാൾക്കും ഇവിടെ പ്രസക്തിയില്ല. പുകവലി പാടില്ല, കൈയും തലയും വെളിയിൽ ഇടരുത്, പരസ്യം പതിക്കരുത്, അടുത്തയാഴ്ച ബസ്സ്‌ പണിമുടക്കാണ്, ഞായറാഴ്ച 3 പ്രദർശനം ഉണ്ടായിരിക്കും, ഹർത്താലിൽ പാല്, പത്രം എന്നിവയെ ഒഴിവാക്കിയിരിക്കുന്നു – ഇതിലൊക്കെ പലതും ഇല്ല. എന്നാൽ വായിക്കുന്നവർക്ക് അർത്ഥം മുഴുവൻ മനസ്സിലാവുകയും ചെയ്യും. എവിടെയാണു പുകവലിക്കാൻ പാടില്ലാത്തതെന്നോ ആരാണു പുകവലിക്കാതിരിക്കേണ്ടതെന്നോ അതിൽ പറയുന്നില്ല. ഓടുന്ന വാഹത്തിൽനിന്നാണു കൈയും തലയും വെളിയിൽ ഇടരുതെന്നു യാത്രക്കാരോടു പറയുന്നത്. അങ്ങനെ പലതും എഴുതിയിട്ടില്ലെങ്കിലും നമുക്കു വായിച്ചെടുക്കാം. അങ്ങനെ എഴുതാതെ നമ്മെ മനസ്സിലാക്കുന്ന വിദ്യയാണ് നിഗീരണംചെയ്യുക എന്നത്.

ചില ക്രിയകൾ ഈ മൂന്നു വിഭാഗത്തിലും വരും. ഉഷ്ണം കാരണം ഞാൻ പുറത്തേക്കിറങ്ങി. അവിടെ കാറ്റു വീശുന്നുണ്ടായിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ അതു നിന്നു. അപ്പോൾ ഞാൻ ഒരു വിശറിയെടുത്തു വീശി. കൈ കിഴച്ചപ്പോൾ ഭാര്യയോടു പറഞ്ഞു. അവൾ വിശറി വാങ്ങി എന്നെ വീശി. ഇതിൽ ആദ്യത്തെ വീശൽ സ്വാഭാവികമായി ഉണ്ടായതാണ്. രണ്ടാമത്തേതു ഞാൻ തനിയെ ചെയ്തതാണ്. മൂന്നാമത്തെ വീശൽ വേറൊരാളെക്കൊണ്ടു ചെയ്യിച്ചതാണ്.

പ്രത്യയങ്ങൾ ചേർത്ത് കേവലങ്ങളെ പ്രയോജകങ്ങളാക്കുന്ന രീതി താഴെച്ചേർക്കുന്നു :

കേവലം     പ്രത്യയം    പ്രയോജകം
കേൾക്കുന്നു   പ്പി       കേൾപ്പിക്കുന്നു
വായിക്കുന്നു    പ്പി       വായിപ്പിക്കുന്നു
പഠിക്കുന്നു      പ്പി       പഠിപ്പിക്കുന്നു
നില്ക്കുന്നു        ത്തു      നിറുത്തുന്നു
വരുന്നു       ത്തു       വരുത്തുന്നു
പരക്കുന്നു    ത്തു       പരത്തുന്നു
ഇടുന്നു      വിക്കു      ഇടുവിക്കുന്നു
നടുന്നു      വിക്കു      നടുവിക്കുന്നു
വിടുന്നു     വിക്കു      വിടുവിക്കുന്നു
പാടുന്നു     ക്കു        പാടിക്കുന്നു
കാണുന്നു  ക്കു        കാണിക്കുന്നു
തിന്നുന്നു   ക്കു        തീറ്റിക്കുന്നു

Facebooktwittergoogle_plusredditpinterestlinkedinmailby feather

Leave a Reply

Your email address will not be published. Required fields are marked *