“മാറു മറക്കൽ”

ഒന്നുരണ്ടു ദിവസമായി മുലയൂട്ടൽമാമാങ്കം തട്ടുതകർക്കുകയാണല്ലോ. ഇതിനെക്കുറിച്ചു ചിലരെങ്കിലും എഴുതുന്നത് “മാറു മറക്കുക” എന്നാണ്. ഇതിന്റെ അർത്ഥം മാറിനെക്കുറിച്ചുള്ള ഓർമ്മയില്ലാതാകുക എന്നാണ്. “മാറു മറക്കാൻ” പണ്ടുള്ള സ്ത്രീകൾ സമരം ചെയ്തുവെന്നാണ് ഇക്കൂട്ടർ എഴുതുന്നത് ! സത്യമെന്താണ് ? മാറുമറയ്ക്കാനാവകാശമില്ലാതിരുന്ന അടിയാളർ മാറുമറയ്ക്കാനായിട്ടുള്ള അവകാശത്തിന്നായി സമരം ചെയ്‌തുവെന്നാണ് ചരിത്രം.

പെങ്ങളോടോ ഭാര്യയോടോ മകളോടോ ഒക്കെ മാറു മറയ്ക്കുക, നാണം മറയ്ക്കുക, എന്നൊക്കെയാണ് പറയേണ്ടത്, അല്ലാതെ മാറു മറക്കൂ, നാണം മറക്കൂ എന്നൊന്നുമല്ല. പറയുമ്പോൾ മലയാളിക്കു തെറ്റുകയില്ല; എഴുതുമ്പോളാണു കുഴപ്പം മുഴുവൻ.

ഇടയ്ക്കൊരു യ വിട്ടുപോയാൽ ചിലപ്പോൾ അടികിട്ടിയെന്നിരിക്കും. ബന്ധങ്ങളൊക്കെ അരക്കിട്ടുറപ്പിക്കണം; അരയ്ക്കിട്ടുറപ്പിക്കാൻ ചെല്ലരുത് !!

മറക്കുക, ഇളക്കുക, ഉറക്കുക, അലക്കുക, അടക്കുക, ഉടക്കുക, അരക്കുക, ഒറ്റക്കായോ (ഒരു കായ മാത്രമേ ഉള്ളുവോ ?), കനക്കുക, ഉറക്കുക, തികക്കുക(തിളയ്ക്കുക) കലക്ക് (കലങ്ങൽ), അറക്കുക, കനക്കുക (തടിക്കുക,പെരുകുക, ഭാരം തോന്നുക), വിതക്കുക (അധികമാകുക), വിലക്ക് വാങ്ങുക (നിരോധനം)

തുടങ്ങിയ അകാരന്ത്യമായ ധാതുക്കൾ ഉള്ള വാക്കുകളുടെ ഇടയിൽ യകാരം വന്നാൽ അർത്ഥം എത്ര മാറിപ്പോകും എന്നു നോക്കൂ:

മറയ്ക്കുക, ഇളയ്ക്കുക, ഉറയ്ക്കുക, അലയ്ക്കുക, അടയ്ക്കുക, ഉടയ്ക്കുക, അരയ്ക്കുക ഒറ്റയ്ക്കായോ, ഉറയ്ക്കുക, തികയ്ക്കുക, കലയ്ക്ക്, അറയ്ക്കുക, കനയ്ക്കുക, വിലയ്ക്കു വാങ്ങുക ഇതിന്റെയൊക്കെ അർത്ഥം, മുകളിലുള്ള സമാനമായ വാക്കുകളുമായി എത്ര വ്യത്യാസപ്പെട്ടിരിക്കുന്നു എന്നു നോക്കുക.

പരിപ്പ് വടക്കാണ് എരിവു കൂടുതൽ എന്നെഴുതിയാൽ എന്താണു മനസ്സിലാക്കേണ്ടത് ? വടക്കുള്ള പരിപ്പാണ് എരിവുള്ളത് എന്നാണർത്ഥം. പരിപ്പുവടയ്ക്കാണ് എരിവു വേണ്ടത്.

എന്നാൽ ഇരിക്കുക, മുറിക്കുക, കരിക്കുക ഇങ്ങനെ ഇകാരത്തിൽ അവസാനിക്കുന്ന ധാതുവിനോട് യകാരം ചേർക്കേണ്ട ആവശ്യമില്ല. അങ്ങിനെ വേറെ വാക്കുകൾ ഇല്ല. തെക്കുള്ളവർ ഉച്ചരിക്കുമ്പോൾ ഇരിയ്ക്കുക, മുറിയ്ക്കുക, കരിയ്ക്കുക എന്നൊക്കെ ഉച്ചാരണത്തിൽ ഭേദം വരുത്താറുണ്ട്.

പുസ്തകം, മുറി, പെട്ടി തുടങ്ങിയവ അടയ്ക്കണം.
ഓർമ്മകൾ മനസ്സിന്റെ ചെപ്പിനുള്ളിൽ അടയ്ക്കാം.
പക്ഷേ, വികാരങ്ങൾ മനസ്സിൽ അടക്കിവയ്ക്കണം.

ഉറുപ്പ് എന്നാൽ നെഞ്ച്, കൈ, തോൾ എന്നീ ഭാഗങ്ങൾ. ഉറുപ്പടക്കം പിടിക്കുക എന്നാൽ ഈ എല്ലാ ഭാഗങ്ങളുമടക്കം അനങ്ങാൻ വയ്യാതെ മാറ്റാനെ കൂട്ടിപ്പിടിക്കുക എന്നാണർത്ഥം.

പണ്ടൊക്കെ പെണ്കുട്ടികൾ പുസ്തകങ്ങളും നോട്ടുബുക്കുകളും ‘മാറോടടുക്കിപ്പിടിച്ചു’കൊണ്ടായിരുന്നു പഠിക്കുവാൻ പോയിരുന്നത്. അവർ അമ്മമാരായാൽ കുട്ടികളെ ‘മാറോടടക്കിപ്പിടിച്ചു’കൊണ്ടാണ് പോകുന്നത് – സ്വന്തം ഹൃദയത്തോടു ചേർത്ത്.

പെണ്കുട്ടികളോട് ‘അടക്കവും ഒതുക്കവും’ ഉള്ളവരായി നടക്കാനാണ് അമ്മൂമ്മമാർ ഉപദേശിക്കാറുള്ളത്. വികാരങ്ങൾ അടക്കിവയ്ക്കണം, വിനയം വേണം, സ്വയം നിയന്ത്രണം വേണം എന്നൊക്കെയാണു് വിവക്ഷ. അടക്കമില്ലാത്തവൾ അടുപ്പിൽ എന്നാണു പഴമൊഴി; അപകടത്തിൽച്ചാടും എന്നാണു സാരം.

അടക്കംകൊല്ലിവലയെക്കുറിച്ചു കേട്ടിട്ടുണ്ടല്ലോ. ചെറിയ മീനുകൾപോലും പുറത്തു പോകാതെ മൊത്തം തൂത്തുവാരുന്ന, കണ്ണി അടുത്ത വലകളാണിവ.

പക്ഷേ, ഇതൊന്നും ശവം അടക്കുന്നതുപോലെയല്ല!

കാല്വെള്ളയിലെ ഒരു മർമ്മവും, ഒരുതരം വാദ്യവും അടക്കം എന്ന പേരിൽ അറിയപ്പെടുന്നുണ്ട്.

മുന്നിലേയ്ക്ക്, പിന്നിലേയ്ക്ക്, അതിലേയ്ക്ക്, എവിടേയ്ക്ക് എന്നിങ്ങനെ ദീർഘത്തിനു പിന്നാലെ യകാരം ആവശ്യമില്ല. തെക്കുള്ളവർ യകാരച്ഛായയോടെ ഉച്ചരിക്കുന്നു എന്നേയുള്ളൂ. മുന്നിലേക്ക്, പിന്നിലേക്ക്, അതിലേക്ക്, എവിടേക്ക് എന്നൊക്കെ എഴുതിയാൽ മതി. (വായ്ക്കുക, കായ്ക്കുക, മേയ്ക്കുക തുടങ്ങിയ ചില അപവാദങ്ങളുണ്ട്)

Facebooktwittergoogle_plusredditpinterestlinkedinmailby feather

Leave a Reply

Your email address will not be published. Required fields are marked *