മൂന്നാം ലണ്ടൻയാത്ര (അഞ്ചാം ഭാഗം)

 

പതിനഞ്ചാംതീയതി ഞങ്ങൾ, ഓക്സ്ഫോർഡിൽ താമസിക്കുന്ന, ഒരു ബന്ധുവിന്റെ വീട്ടിൽ പോയി. പിറ്റേന്ന് അവിടെയൊക്കെ ചുറ്റിനടന്നുകാണാനായിരുന്നു പദ്ധതി. പക്ഷേ, ഞങ്ങളുടെ ഗതികേടിന്, Opheliya എന്ന കൊടുങ്കാറ്റുണ്ടാകുമെന്ന ഭയത്താൽ, അവിടെയുള്ള ഒട്ടുമിക്ക വിനോദകേന്ദ്രങ്ങളും അവധിയായിരുന്നു. പിന്നെ അദ്ദേഹത്തിൻറെ മക്കൾ നെറ്റിൽ തപ്പിത്തിരഞ്ഞ് അന്നു പ്രവർത്തിക്കുന്ന Cotswold എന്ന വന്യമൃഗസങ്കേതം കണ്ടുപിടിച്ചു. ഓൺലൈൻ ബുക്ക് ചെയ്‌താൽ ടിക്കറ്റ് ചാർജിൽ ഇരുപതുശതമാനം കുറവുണ്ട്.

കാലത്ത് വിഭവസമൃദ്ധമായ പ്രാതൽ കഴിഞ്ഞ് ഞങ്ങളെ ഇവരുടെ മക്കൾ അങ്ങോട്ടു കൊണ്ടുപോയി. പുലർച്ചെതന്നെ ശക്തിയായ കാറ്റടിക്കുന്നുണ്ടായിരുന്നെങ്കിലും ഞങ്ങൾ അതൊന്നും ഗൗനിച്ചില്ല. പോകുന്നവഴി പെട്ടെന്ന് മാനം ഇരുണ്ടു. പ്രകൃതിക്കൊരു ഭാവമാറ്റം. ഇടയ്ക്കൊരു മനോഹരമായ ഭൂപ്രദേശം ഞങ്ങൾ കണ്ടു. വണ്ടി അവിടെ നിറുത്തി, അഭൗമമായ ഒരു പ്രകാശത്തിൽ അതിന്റെ ചിത്രങ്ങളൊക്കെ ഒപ്പിയെടുത്തു. അപ്പോളാണ് ഞാൻ ശ്രദ്ധിച്ചത്; മുകളിൽ കാണുന്ന സൂര്യനൊരു ചെമപ്പുനിറം. സൂര്യനെ നോക്കാൻ ഒരു വിഷമവുമില്ല. രാത്രിയിൽ പൗര്ണമിച്ചന്ദ്രനെ നോക്കുന്ന അതേ ലാഘവത്വം. ഉടനെതന്നെ എന്റെ മൊബൈലിൽ അതു പകർത്തി. ഇതുവരെ ഞാൻ അങ്ങനെയൊരു ദൃശ്യം കണ്ടിട്ടില്ല. കൂടെ വന്ന മക്കളും അങ്ങനെ കണ്ടിട്ടില്ല എന്നു പറഞ്ഞു.

ഇടയ്ക്കു നെറ്റിൽ പരതിയപ്പോളാണ്‌ അതു സഹാറമരുഭൂമിയിൽനിന്നുള്ള പൊടിപടലവും പോർട്ടുഗൽ, സ്‌പെയിൻ എന്നീ രാജ്യങ്ങളിലെ കാട്ടുതീയുടെ പുകയും കൊടുങ്കാറ്റു പറത്തിക്കൊണ്ടുവന്നതുകൊണ്ടുണ്ടായതാണെന്നു മനസ്സിലായത്. ആകാശം നല്ല തവിട്ടുനിറത്തിലും സൂര്യൻ നല്ല ചെമപ്പുനിറത്തിലും കാണപ്പെട്ടു. സ്ഥിരമായി പൊടിക്കാറ്റുണ്ടാകുന്ന മരുഭൂമിയിൽ ഇങ്ങനെയായിരിക്കുമോ സൂര്യൻ കാണപ്പെടുക ? ശ്വാസംമുട്ടലിന്റെ അസുഖമുള്ളവർ വീടിന്റെ അകത്തുതന്നെ ഇരിക്കണമെന്ന് കാലത്തുതന്നെ ബിബിസി നിർദ്ദേശിച്ചിരുന്നു. പക്ഷേ, ഈ പൊടിപടലങ്ങൾ മുകളിൽക്കൂടിത്തന്നെ പോയതിനാൽ ഞങ്ങൾക്കൊരസ്വസ്ഥതയും ഉണ്ടായില്ല.

സൂര്യപ്രകാശത്തിലെ, താരതമ്യേന വേവ് ലെങ്ത് കുറഞ്ഞ നീലനിറം ഈ പൊടിപടലത്തിൽത്തട്ടി, ചിതറുകയും വേവ് ലെങ്ത് കൂടിയ ചെമപ്പുനിറം വ്യക്തമാവുകയും ചെയ്യുന്നതുകൊണ്ടാണീ പ്രതിഭാസം ദൃശ്യമായത്. ഈയൊരു ഗുണമുള്ളതുകൊണ്ടാണ് ചെമപ്പുനിറം വളരെ ദൂരെനിന്നേ കാണാൻ സാധിക്കുന്നതും അതു ഗതാഗതത്തിന്റെ അപകടസൂചനയായി നിശ്ചയിച്ചിരിക്കുന്നതും.

സൂര്യന്റെ ആദ്യത്തെ ചിത്രം ഞാനെടുത്തതും ബാക്കിയുള്ളവ നെറ്റിൽനിന്നുള്ളവയുമാണ്. എന്റെ മൊബൈൽ ക്യാമറയിൽ അത്രയേ കിട്ടിയുള്ളൂ.

തുടരും….

Facebooktwittergoogle_plusredditpinterestlinkedinmailby feather

Leave a Reply

Your email address will not be published. Required fields are marked *