മൂന്നാം ലണ്ടൻയാത്ര (എട്ടാം ഭാഗം) Hallowe’en day

Haloveen2

എല്ലാ വിശുദ്ധന്മാരുടെയും, വീരചരമമടഞ്ഞവരുടെയും, വിശ്വാസികളുടെയും, പ്രിയപ്പെട്ടവരുടെയും ഓർമ്മ പുതുക്കാൻ, ഒക്ടോബർ 31-)o തീയതി പാശ്ചാത്യരാജ്യങ്ങളിൽ ക്രിസ്ത്യാനികൾ കൊണ്ടാടുന്ന ഒരുത്സവമാണ് Hallowe’en day, Allhallowe’en Day, All Hallows’ Eve, All Saints’ Eve എന്നൊക്കെ പറയുന്നത്. മരിച്ചുപോയവരുടെ ആത്മാക്കൾ ഈ സമയത്ത് ഭൂമിയിൽ വരുമെന്നു വിശ്വസിക്കപ്പെടുന്നു. ജീവിച്ചിരുന്നപ്പോൾ അവരെ ഉപദ്രവിച്ചവരോടു പകരം വീട്ടാൻ മരണദേവൻ അവസരം കൊടുക്കുന്ന സമയമാണിത്. അവരെ പ്രീതിപ്പെടുത്താനാണീ മൂന്നു ദിവസത്തെ പരിപാടി.

നമ്മുടെ ഓണംപോലെ, ഇരുമ്പുയുഗത്തിൽ മദ്ധ്യയൂറോപ്പിലെ ജനങ്ങൾ ആഘോഷിച്ചിരുന്ന വിളവെടുപ്പുമഹോത്സാവമാണിതെന്നാണ് അനുമാനം. ഒമ്പതാം നൂറ്റാണ്ടിൽ കത്തോലിക്കർ നവംബർ ഒന്നാംതീയതി എല്ലാ വിശുദ്ധന്മാരുടെയും ഓർമ്മദിവസമായി പ്രഖ്യാപിച്ചതിനോടനുബന്ധിച്ചാണ് ഇതുണ്ടായതെന്നും കരുതുന്നു.

സ്കോട്ലൻഡിലെ വിളവെടുപ്പുകാലത്തെ Samhain എന്ന, മരിച്ചവർക്കുവേണ്ടിയുള്ള ആഘോഷമാണിതെന്നും വാദമുണ്ട്. England, Scotland, Wales, Ireland, Northern France എന്നീ രാജ്യങ്ങളിലാണ് Celts എന്ന ജനവിഭാഗം ജീവിച്ചിരുന്നത്. അവരുടെ മരണദേവനായ Samhain ന്റെ പേരിലാണ് ഈ ഉത്സവം അറിയപ്പെട്ടിരുന്നത്. സമ്മർകാലത്തിന്റെ അവസാനം എന്നാണീ വാക്കിന്റെ അർത്ഥം.

നവംബർ ഒന്നാംതീയതിയാണ് സകല വിശുദ്ധന്മാരുടെയും ഓർമ്മദിവസമായി മാർപ്പാപ്പ – Pope Gregory III (731-741) പ്രഖ്യാപിച്ചത്. അതിനു തൊട്ടുമുമ്പുള്ള ദിവസമാണ് പിശാചുക്കളുടെ ദിനമായി കണക്കാക്കുന്നത്. അന്നു സ്വർഗ്ഗത്തിന്റെയും (നരകത്തിന്റെയും) ഭൂമിയുടെയും ഇടയിലുള്ള ഭിത്തി അതീവ ദുർബ്ബലമാകുകയും അതിൽ ഓട്ടകൾ ഉണ്ടാവുകയും അതിലൂടെ ഗതികിട്ടാതെ അലയുന്ന പ്രേതങ്ങളൂം ആത്മാക്കളും ജീവനോടെ ഭൂമിയിലെത്തുമെന്നും നമ്മുടെ വിളകൾ നശിപ്പിക്കുമെന്നുമൊക്കെയാണ് സ്കോട്ലൻഡുകാരുടെ വിശ്വാസം. അങ്ങനെ വരുന്ന ഭൂത,പ്രേത,പിശാചുക്കളെ ഓടിക്കാൻ വീടിന്നകത്തെ നെരിപ്പോടുകളിലെ തീയണച്ചിട്ട് പുറത്ത് ഓക്കുമരത്തിന്റെ തടികൊണ്ട് വലിയ അഗ്നികുണ്ഡം ഇവർ ഉണ്ടാക്കും. അതിൽനിന്നുള്ള തീകൊണ്ടു ചൂട്ടു കത്തിച്ച് നാട്ടിലൊക്കെ നടക്കും. അതോടെ ഈ ദുർഭൂതങ്ങളൊക്കെ ഥെയിംസ്‌ (River Thames) കടക്കുമെന്നാണ് വിശ്വാസം. രാത്രിയിൽ അവർക്കുവേണ്ടി വീടിനു വെളിയിൽ മദ്യവും ആഹാരവുമൊക്കെ ഒരുക്കിവയ്ക്കും. അവരെ കബളിപ്പിക്കാൻവേണ്ടി പ്രേതങ്ങളുടെയും പിശാചുക്കളുടെയും അസ്ഥികൂടങ്ങളുടെയും രൂപത്തിലുള്ള വേഷവിധാനമണിയും. ചിലർ മാലാഖമാരുടെ വേഷവും അണിയാറുണ്ട്. പിന്നീട് ഈ തീക്കുണ്ഡത്തിലെ അഗ്നി കൊണ്ടുവന്ന് വീണ്ടും നെരിപ്പോടുകൾ കത്തിക്കും.

കോട്ടയത്ത് എന്റെ വീടിന്റെ അടുത്തുള്ള പല ഈഴവകുടുംബങ്ങളിലും കർക്കടകമാസത്തിലെ കറുത്തവാവിൻനാൾരാത്രിയിൽ പിതൃക്കൾക്കു കള്ളും ചാരായവും ഇറച്ചിക്കറിയും ഉമ്മറത്ത് വെളിയിൽ വയ്ക്കാറുണ്ടായിരുന്നു. ഇതിനു വീതുവയ്‌ക്കുക എന്നാണു പറഞ്ഞിരുന്നത്. എന്റെ അപ്പൂപ്പന്റെ സഹോദരന്മാർ വില്ലാളിവില്ലന്മാരായിരുന്നു. അവർ ശരീരമാസകലം കരിമ്പടം മൂടിക്കൊണ്ട് നായയുടെ രൂപത്തിൽ കൈയും കാലും കുത്തിനടന്ന് പാതിരാത്രി കഴിയുമ്പോൾ ഇതെല്ലാം എടുത്തുകഴിക്കും. കൂരിരുട്ടിൽ, ജനലിലൂടെ നോക്കിക്കൊണ്ടിരിക്കുന്ന വീട്ടുകാർ ഇവരുടെ നിഴലുകൾ കാണുമ്പോൾ, പിതൃക്കൾ എത്തിയതായി വിശ്വസിക്കും. കറുത്ത നായയുടെ രൂപത്തിലാണത്രേ അവരുടെ പിതൃക്കൾ വരുക !! കൂരിരുട്ടത്തെന്തു കറുപ്പും ചെമപ്പുമൊക്കെ !! തന്നെയുമല്ല ഈ രൂപങ്ങളെ കാണുന്നമാത്രയിൽ നായ്ക്കളൊക്കെ ഓരിയിടാൻതുടങ്ങും. ഇതിനു ഞങ്ങൾ പട്ടി കാലൻകൂവുക എന്നാണു പറയുന്നത്. അപ്പോൾ ഇവർക്കു പരിപൂർണ്ണവിശ്വാസമാകും “വന്നതു പിതൃക്കൾതന്നെ !” അന്ധവിശ്വാസവും പേടിയും കാരണം ആരും പുറത്തേക്കിറങ്ങില്ലതാനും. അന്നൊന്നും ഗ്രാമത്തിൽ കറന്റു വന്നിട്ടില്ല, ടോർച്ച് കണ്ടിട്ടുമില്ല.

(ആനുഷംഗികമായിപ്പറയട്ടേ : കൃത്യം അഞ്ഞൂറു വർഷംമുമ്പേയാണ് (1517 ഒക്ടോബർ 31) മാർട്ടിൻ ലൂഥർ എന്ന പാതിരി, ലിയോ പത്താമൻമാർപ്പാപ്പയെ വെല്ലുവിളിച്ചുകൊണ്ട് 95 ചോദ്യങ്ങൾ (Ninety-five Theses) എഴുതിക്കൊടുത്തത്. കാശുകൊടുത്ത് പാപമോചനം സാദ്ധ്യമാക്കുന്ന രീതിയെയെയാണ് അദ്ദേഹം പ്രധാനമായും എതിർത്തത്. ഒരു കന്യാസ്ത്രീയെ വിവാഹം ചെയ്തുകൊണ്ട് പാതിരിമാർക്കും വിവാഹമാകാം എന്നദ്ദേഹം തെളിയിച്ചു. മാർപ്പാപ്പ ഇദ്ദേഹത്തെ സഭയിൽനിന്നു മുടക്കുകയും ജർമ്മൻ ചക്രവർത്തി നിയമനിഷേധിയായി മുദ്രകുത്തുകയും കൊല്ലുവാൻ കല്പന പുറപ്പെടുവിക്കുകയും ചെയ്തു. അദ്ദേഹമാണ് പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികളുടെ തലതൊട്ടപ്പൻ.)

കുട്ടികളാണിതു പ്രധാനമായും കൊണ്ടാടുന്നത്. വിചിത്രവേഷങ്ങൾ കെട്ടിക്കൊണ്ട് രാത്രിയിൽ ഇവർ വീടുവീടാന്തരം കയറിയിറങ്ങി, പാട്ടുകൾ പാടിക്കൊണ്ട് സമ്മാനങ്ങൾ ആവശ്യപ്പെടുന്നു. സമ്മാനങ്ങൾ വല്ല ചോക്കോലേറ്റോ soul cake എന്ന ഈ സമയത്തുണ്ടാക്കുന്ന കേക്കോ മറ്റോ ആയിരിക്കും. ചിലർ പണം ആവശ്യപ്പെടും. അതു കൊടുത്തില്ലെങ്കിൽ ഉമ്മറത്തെന്തെങ്കിലും വികൃതികൾ ഇവർ കാട്ടിക്കൂട്ടിയിരിക്കും. ഇതിനു Trick-or-treating എന്നാണു പറയുന്നത്. ചില മുതിർന്നവർ ഈ അവസരമുപയോഗിച്ചുകൊണ്ട് സാമൂഹ്യവിരുദ്ധപ്രവർത്തനങ്ങളും നടത്താറുണ്ട്. മിക്കവരും എന്തെങ്കിലുമൊക്കെ കൊടുക്കും. അങ്ങനെ കൊടുക്കാൻ താത്‌പര്യമുള്ളവർ അവരുടെ വീടുകൾ ഇതിന്നായി പ്രത്യേകം തയാറാക്കിയ കോലങ്ങൾകൊണ്ടലങ്കരിച്ചിരിക്കും. ചില വീട്ടുകാർ കുട്ടികൾക്കുള്ള സമ്മാനങ്ങൾ അവരുടെ ഉമ്മറത്തുതന്നെ വച്ചിരിക്കും. കോലങ്ങൾ എന്നു പറയുന്നത്, അകത്തുള്ളതു മുഴുവൻ കളഞ്ഞ് കണ്ണും മൂക്കും വായുമൊക്കെ തുളച്ചുണ്ടാക്കിയ മത്തങ്ങയാണ്. അസാമാന്യ വലുപ്പമുള്ള ഈ മത്തങ്ങയുടെ ഉള്ളിൽ വിളക്കു കൊളുത്തിവച്ചിരിക്കും. ഈ മത്തങ്ങകൾ ഒരു മാസംമുന്നേ കടകളിൽ വാങ്ങാൻ കിട്ടും. പല ഭീകരാകൃതിയിലും ഉണ്ടാക്കിയ കോലങ്ങൾക്കുള്ളിൽ വിളക്കുകൾ കത്തിക്കും. അപ്പോൾ മൂങ്ങയായും പിശാചായുമൊക്കെത്തോന്നും. ചിലർ കടകളിൽ വാങ്ങാൻ കിട്ടുന്ന, മണ്ണുകൊണ്ടോ ഇരുമ്പുകൊണ്ടോ ഉള്ള, തലയോട്ടിക്കകത്തും വിളക്കു കത്തിച്ചുവയ്ക്കും. ഇതൊക്കെ രാത്രിയിൽ ഭീതിദമായ കാഴ്ചകളാണ്. ചിലർ അസ്ഥികൂടങ്ങളുടെ പ്ലാസ്റ്റിക് രൂപങ്ങൾ ഉമ്മറത്തു കെട്ടിത്തൂക്കും.

അസ്ഥികൂടമാണെന്നോ തലയില്ലാത്ത പ്രേതമാണെന്നോ ഒക്കെ തോന്നത്തക്കവിധമാണ് കുട്ടികളുടെ വേഷവിധാനം. പതിനാറാംനൂറ്റാണ്ടുമുതൽ ഇവിടെ ഇതാഘോഷിക്കുന്നുണ്ട്. പാട്ടു പാടിക്കൊണ്ടാണ് കുട്ടികൾ ഇങ്ങനെ സഞ്ചരിക്കുന്നത്. ഒന്നും കൊടുത്തില്ലെങ്കിൽ എന്തോ നിർഭാഗ്യമാണ്‌ നിങ്ങൾക്കു വരാൻ പോകുന്നതെന്ന് ഇവർ പാടും. നമ്മുടെ നാട്ടിൽ ക്രിസ്മസ് ആശംസകൾ കാർഡിൽ അയയ്ക്കുന്നതുപോലെ ഇതിനും കാർഡുകൾ കൈമാറാറുണ്ട്. (നമ്മുടെ നാട്ടിലെപ്പോലെ, ഇവിടെ ക്രിസ്മസ്സിന്ന് ആരും പാടിക്കൊണ്ടു വീടുവീടാന്തരം കയറിയിറങ്ങാറില്ല. അസാമാന്യതണുപ്പായിരിക്കാം ഇതിനു കാരണം. ഇപ്പോൾത്തന്നെ ചിലപ്പോൾ രാത്രിയിൽ 2 – 3 ഡിഗ്രിയൊക്കെയാണ് തണുപ്പ്)

ബ്രിട്ടനിൽ ഏകദേശം 360 മില്യൺ പൗണ്ടാണ് ഈ ഉത്സവകാലത്തിൽ ചെലവഴിക്കപ്പെടുന്നത്, അതിൽ അമ്പതു മില്യൺ ലണ്ടനിൽമാത്രം !
ഏതായാലും ഇതൊക്കെ എല്ലായിടത്തെയുംപോലെ ഒരു നല്ല വ്യാപാരതന്ത്രമാണിവിടെയും. നമ്മുടെ മാവേലിയെപ്പോലെ, കുട്ടികളെ ആകർഷിക്കാൻ, കടകളിൽ ഈ വേഷം കെട്ടിയ ജോലിക്കാരും തയ്യാറായിട്ടുണ്ടാവും.

(വാൽക്കഷണം : നമ്മുടെ നാട്ടിലെ യക്ഷികളൊന്നും ഇവിടെയില്ല. ഉണ്ടെങ്കിൽത്തന്നെ ഇവിടുത്തെ വേഷവിധാനമായിരിക്കും അവർ ധരിക്കുക. സാരിയൊന്നും ഇവിടെ ധരിക്കാൻ പറ്റില്ല. പ്രേതമോ യക്ഷിയോ മറുതയോ മാടനോ ആരായാലും ഇവിടുത്തെ വേഷം ധരിച്ചില്ലെങ്കിൽ തണുത്തുവിറയ്ക്കും. ഇവിടെ ജീൻസ് മാത്രമേ തണുപ്പിനെ പ്രതിരോധിക്കാൻ ധരിക്കൂ. തന്നെയുമല്ല തണുപ്പിന്റെ ആധിക്യമനുസരിച്ചുള്ള കോട്ട്, കൈയുറ, കാലുറ, ബൂട്സ്, തൊപ്പി എന്നിവ ധരിച്ചിരിക്കണം. ഇതൊക്കെ ധരിച്ചുകൊണ്ടുവന്നാൽ ഇവിടെയാരും പേടിക്കില്ല. നമ്മുടെ നാട്ടിൽ പണ്ടത്തെ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയിൽ കാണിക്കാൻവേണ്ടിയാണ് യക്ഷികളെ വെളുത്ത സാരിയുടുപ്പിച്ചുകൊണ്ടുവന്നത്. അതു പിന്നീട് യക്ഷികളുടെ യൂണിഫോമായിമാറി ! നിറമുള്ള വസ്ത്രം ധരിപ്പിച്ച് രാത്രിയിൽ പടംപിടിച്ചാൽ ഒന്നും കാണുകയില്ല ! ഈ യക്ഷികളെന്തിനാണ് ചിരിക്കുന്നതെന്ന് ആർക്കെങ്കിലുമറിയാമോ ??)

ഇതിൽ ആദ്യത്തെ മൂന്നു ചിത്രങ്ങൾ നെറ്റിൽനിന്നടിച്ചുമാറ്റിയതാണ്. വിവരങ്ങൾ മിക്കതും അങ്ങനെതന്നെ.

Facebooktwittergoogle_plusredditpinterestlinkedinmailby feather

Leave a Reply

Your email address will not be published. Required fields are marked *