മൂന്നാം ലണ്ടൻയാത്ര (ഒമ്പതാം ഭാഗം) Guy Fawkes Day

 

Guy Fawkes Day

Guy Fawkes Night, Guy Fawkes Day, Bonfire Night, Firework Night എന്നൊക്കെ പറഞ്ഞുകൊണ്ട് ഗ്രേറ്റ് ബ്രിട്ടനിൽ ആചരിക്കുന്ന ഒരു വിശേഷദിനമാണ് നവംബർ അഞ്ചാം തീയതി. ജെയിംസ് ഒന്നാമൻരാജാവിനെ വധിക്കാൻ, പ്രഭുസഭ സമ്മേളിക്കുന്ന പാർലമെന്റ് കെട്ടിടത്തിന്റെ അടിയിലെ അറയിൽ വെടിമരുന്നുശേഖരം സൂക്ഷിച്ചുവച്ചു എന്ന കുറ്റത്തിന് 1605 നവംബർ അഞ്ചാം തീയതി, പിടികൂടപ്പെട്ട കത്തോലിക്കാമതവിശ്വാസിയാണ് Guy Fawkes. ഭേദ്യം ചെയ്തതിൽ ഇയാൾ കുറ്റം സമ്മതിക്കുകയും തൂക്കിക്കൊല്ലാൻ വിധിക്കപ്പെടുകയും ചെയ്തുവെങ്കിലും അതിനുമുമ്പേ കഴുമരത്തിന്റെ കോണിപ്പടിയിൽനിന്നു ചാടിയതിനാൽ വീണ് കഴുത്തൊടിഞ്ഞുമരിച്ചു.

എന്നാൽ ഇയാൾ ഭാഗ്യവാനാണ്. ഇങ്ങനെ ചാടിയതിനാൽ Hanged, drawn and quartered എന്ന, അത്യന്തം ഹീനമായ ശിക്ഷാനടപടിയിൽനിന്ന് ഇയാൾ ഒഴിവായി. (രാജ്യദ്രോഹികൾക്കെതിരെ ഭരണകൂടം നടത്തിയിരുന്ന ഭയാനകമായ ശിക്ഷാരീതിയാണത്.) എലിസബേത് (I) രാജ്ഞിയുടെ കാലത്ത് ഇതുപോലെ അനേകം കത്തോലിക്കപ്പാതിരിമാർ ഇവിടെ ഈ ശിക്ഷയ്ക്കു വിധേയരായിട്ടുണ്ട്. അവരുടെ ഓർമ്മയ്ക്കായി ഓഡ്‌ഫോർഡ് സ്ട്രീറ്റിൽ മാർബിൾ ആർച്ചിനു സമീപം, Tyburn Tree എന്ന കഴുമരം നിന്ന സ്ഥലത്ത്, ഒരു ഫലകം സ്ഥാപിച്ചിട്ടുണ്ട്. അന്നിവിടെ കത്തോലിക്കർക്ക് അനേകം നിയന്ത്രണങ്ങളുണ്ടായിരുന്നു. പിൻഗാമിയായ ജെയിംസ് രാജാവ് ഇതിൽ ഇളവുചെയ്തുകൊടുക്കുമെന്ന വിശ്വാസത്തിനു ഭംഗം വന്നപ്പോളാണ് വെസ്റ്റ് മിൻസ്റ്റർ കൊട്ടാരത്തിൽവച്ച് അദ്ദേഹത്തെയും പ്രഭുസഭയിലെ മന്ത്രിമാരെയും നാമാവശേഷമാക്കുവാൻ ഇവർ തീരുമാനിച്ചത്.

1200 കളിൽ ഇവിടം ഭരിച്ചിരുന്ന എഡ്‌വേഡ്‌ ഒന്നാമൻ വിഭാവനംചെയ്ത ഈ ശിക്ഷാരീതിയിൽ കള്ളന്മാരും കൊള്ളക്കാരും രാജ്യദ്രോഹികൾ എന്നു മുദ്രകുത്തപ്പെട്ട പ്രഭുക്കന്മാരും നാടുവാഴികളുമൊക്കെയുണ്ടായിരുന്നു. ഇംഗ്ലീഷുകാരുടെ പേടിസ്വപ്നവും സ്കോട്ലൻഡുകാരുടെ വീരനായകനുമായിരുന്ന William Wallace എന്ന പ്രഭുവിനെയും എഡ്‌വേഡ്‌ ഒന്നാമൻ ഇതുപോലെ ഹീനമായി വധിച്ചിട്ടുണ്ട്. മെൽ ഗിബ്സന്റെ Brave Heart എന്ന സിനിമ ഇദ്ദേഹത്തെക്കുറിച്ചുള്ളതാണ്. Lord Protector of Commonwealth എന്ന പേരിൽ ബ്രിട്ടൻ ഭരിച്ചിരുന്ന ഒലിവർ ക്രോംവെൽപോലും ഈ ശിക്ഷയ്ക്കു വിധേയനായി, പക്ഷേ, മരണശേഷമായിരുന്നു എന്നുമാത്രം ! (കഥ മാറിപ്പോയി, അതൊക്കെ എന്റെ bobychayan.v51.uk എന്ന വെബ്സൈറ്റിൽ വിശദമായി എഴുതിയിട്ടുള്ളത് വായിക്കാം)

Robert Catesby എന്ന കരിസ്മാറ്റിക് നേതാവിന്റെ കൂടെ 13 പേരുണ്ടായിരുന്നുവെങ്കിലും സ്ഫോടനവിദഗ്‌ദ്ധനായിരുന്ന Guy Fawkes അവസാനം വെടിമരുന്നു കത്തിക്കാൻ അകത്തുകടക്കുകയും പിടിക്കപ്പെടുകയും വെടിമരുന്നുഗൂഢാലോചനയുടെ പര്യായമായിമാറുകയും ചെയ്തു. അന്നു ജെയിംസ് ഒന്നാമൻരാജാവ് വധശ്രമത്തിൽനിന്നു രക്ഷപ്പെട്ടതിന്റെ സന്തോഷത്തിൽ ലണ്ടനിലുള്ള ആളുകൾ പലയിടത്തും വലിയ തീകൂട്ടി, സന്തോഷം പ്രകടിപ്പിച്ചിരുന്നു. പിന്നീട് എല്ലാ വർഷവും ഇതാചരിക്കാൻവേണ്ടി പ്രത്യേകം ഒരു നിയമവും പാർലമെന്റ് പാസാക്കിയിട്ടുണ്ട്. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പ്രാർത്ഥനയിൽ ഇതിനു പ്രത്യേകം വകുപ്പും ചേർത്തിട്ടുണ്ട്. ഈ വിഭാഗത്തിലെ നവീകരണവാദികളായ Puritans എന്ന വിഭാഗമാണ് ഇതിനു നേതൃത്വം നല്കിയിരുന്നത്. ഇംഗ്ലണ്ടിലെ ആഭ്യന്തരയുദ്ധത്തിൽ ഇവർ നിർണ്ണായകമായ പങ്കു വഹിച്ചിട്ടുണ്ട്. പരാജയപ്പെട്ട ഈ വിപ്ലവശ്രമം ഗൺ പൌഡർ പ്ലോട്ട് എന്നാണറിയപ്പെടുന്നത്. ഇതോടെ, മാർപ്പാപ്പയുടെ പരമാധികാരത്തിൽനിന്ന് ഒഴിവായതായും രാജാവിന്റെ കീഴിലാണ് തങ്ങളെന്നും ഓരോ പ്രജയും സത്യം ചെയ്യണമെന്നുള്ള നിയമം പാർലമെന്റ് പാസ്സാക്കി.

രണ്ടു ദിവസം മുഴുവൻ തുടർച്ചയായി ഇയാൾ പീഡിപ്പിക്കപ്പെട്ടുവെങ്കിലും, യാതൊന്നും വെളിപ്പെടുത്താതെ, സ്വന്തം നിലപാടിൽ ഉറച്ചുനില്ക്കുകയും “ഒരു യഥാർത്ഥ റോമക്കാരൻ” എന്ന രാജകീയപ്രശംസയ്ക്കു പാത്രമാവുകയും ചെയ്തിരുന്നു.

ഇയാളുടെ കോലം കത്തിക്കലാണ് പ്രധാനം. അതിനുവേണ്ടി പഴന്തുണിയും കടലാസ്സും ചേർത്തൊരു മനുഷ്യരൂപമുണ്ടാക്കി, അതിനൊരു മുഖംമൂടി ഘടിപ്പിക്കും. പത്തൊൻമ്പതാം നൂറ്റാണ്ടിലാണ് Guy എന്നുള്ള വാക്കിന് ഇങ്ങനെ അലസമായി വസ്ത്രം ധരിച്ചയാൾ എന്ന അർത്ഥമുണ്ടായത്. പിന്നീട് അമേരിക്കൻ ഇംഗ്ലീഷിൽ ആ അർത്ഥം തേഞ്ഞുമാഞ്ഞുപോവുകയും ഏതെങ്കിലും ഒരു പുരുഷൻ എന്ന അർത്ഥത്തിലേക്കു മാറുകയും ചെയ്തു. (ക്രിസ്മസ്/ന്യൂഇയർസമയത്ത് ഫോർട്ട്കൊച്ചിയിൽ ഇതുപോലെ ഒരു കോലമുണ്ടാക്കിക്കത്തിക്കാറുണ്ട്. അതിനെ പാപ്പാഞ്ഞി എന്നാണു പറയാറുള്ളത്.) പണ്ട് മാർപ്പാപ്പയുടെ കോലവും സ്ഥിരമായി ഇംഗ്ലണ്ടിൽ കത്തിച്ചിരുന്നു. ഇഷ്ടമില്ലാത്ത എല്ലാവരുടെയും കോലം കത്തിച്ച കൂട്ടത്തിൽ, ആധുനികകാലത്ത് മാർഗരറ്റ് താച്ചറുടെ കോലവും കത്തിക്കപ്പെട്ടിട്ടുണ്ട്. ചിലയിടത്ത് വീപ്പ ടാറിൽ മുക്കി കത്തിച്ചുകൊണ്ടുനടക്കാറുണ്ട്. ഇയാൾ പഠിച്ചതായ യോർക്കിലുള്ള St. Peters സ്‌കൂളിൽമാത്രം അയാളോടുള്ള ബഹുമാനാർത്ഥം ഈ ആഘോഷം നടത്താറില്ല.

അന്നുമുതൽ ഇന്നുവരെ പാർലമെന്റ് സമ്മേളനത്തിനു മുമ്പായി, ഈ സ്ഥലത്ത് ആരെങ്കിലും ഇതുപോലെ ഒളിച്ചിരുപ്പുണ്ടോ എന്നറിയാനായി തിരച്ചിൽ നടത്താറുണ്ട്. ഇതിപ്പോൾ ഒരാചാരമാണ്.

ഇതൊക്കെയാണെങ്കിലും പസഫിക് മഹാസമുദ്രത്തിലുള്ള ഗാലപ്പഗോസ് ദ്വീപുകളിൽ രണ്ടെണ്ണം ഇയാളുടെ പേരിലുള്ളതാണ്.

ജെയിംസ് ഒന്നാമൻ രാജാവ് സ്കോട്ലൻഡിലെ മേരിരാജ്ഞിയുടെ മകനായി ജനിച്ചു, അമ്മയെ സ്കോട്ലൻഡുകാർ രാജ്യഭ്രഷ്ടയാക്കിയതിനാൽ (ഇതും ഗംഭീരമായ ഒരു കഥയാണ്, എന്റെ വെബ്സൈറ്റിലുണ്ട്) പതിമ്മൂന്നു മാസം പ്രായമുള്ളപ്പോൾത്തന്നെ 1567 ൽ അവിടെ ജെയിംസ് IV എന്ന പേരിൽ രാജാവായി. പിന്നീട് എലിസബേത് (I) കുട്ടികളില്ലാതെ നാടുനീങ്ങിയപ്പോൾ ഇംഗ്ലണ്ടിലെ രാജവംശത്തിലുൾപ്പെട്ടിരുന്ന ഇദ്ദേഹത്തിന് ആ സ്ഥാനം കിട്ടുകയും ജെയിംസ് ഒന്നാമൻ എന്ന പേരിൽ 24/03/1603 ൽ ഇംഗ്ലണ്ടും സ്കോട്ലന്ഡും അയർലണ്ടും ഒന്നിച്ച് Great Britain ആക്കി ഭരിക്കുകയും ചെയ്തു. ഇദ്ദേഹമാണ് ഗ്രേറ്റ് ബ്രിട്ടന്റെ ആദ്യചക്രവർത്തി. William Shakespeare, John Donne, Ben Jonson, Sir Francis Bacon എന്നിവരൊക്കെ ഇദ്ദേഹത്തിന്റെ കാലത്തു ജീവിച്ചിരുന്നവരാണ്. ഇദ്ദേഹം നല്ല ഒരു സാഹിത്യകാരനായിരുന്നു. ബൈബിൾ ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്തത് ഇദ്ദേഹത്തിന്റെ കാർമ്മികത്വത്വത്തിലാണ്. അതിനാൽ പ്രൊട്ടസ്റ്റന്റുകാർ ഉപയോഗിക്കുന്ന ബൈബിളിനെ The Authorised King James Version എന്നാണറിയപ്പെടുന്നത്. വലിയ ചക്രവർത്തിയായിരുന്നെങ്കിലും ദുർമ്മന്ത്രവാദത്തിനെ പേടിച്ചിരുന്ന ഇദ്ദേഹം അതിനെക്കുറിച്ചുള്ള പുസ്തകങ്ങളെല്ലാം ചുട്ടുകരിക്കാൻ ഉത്തരവിട്ടിരുന്നു.

(ആദ്യചിത്രം പ്രതിയുടേതാണ്, രണ്ടാം ചിത്രം ചക്രവർത്തിയുടേത്. ഈ വിവരങ്ങളൊക്കെ വിക്കിപ്പീഡിയപോലുള്ള സൈറ്റുകളിൽനിന്നാണ്)

Facebooktwittergoogle_plusredditpinterestlinkedinmailby feather

Leave a Reply

Your email address will not be published. Required fields are marked *