മെല്ലെ മെല്ലെ ??

ഭാഷാശാസ്ത്രപ്രകാരം രണ്ടു ദീർഗ്ഘസ്വരങ്ങൾ അടുത്തടുത്തുവന്നാൽ ഒരെണ്ണം ലോപിക്കുകയോ ഹ്രസ്വമാകുകയോ ചെയ്യും.

L എന്നല്ല മെല്ലേ എന്നാണ് വാക്ക്, അതിനു നീട്ടുണ്ട്; മെല്ലവേ, മെല്ലനേ, പതുക്കേ, പയ്യേ എന്നൊക്കെയാണർത്ഥം. മെല്ലെത്തിന്നാൽ മുള്ളും തിന്നാം എന്ന പഴമൊഴിയിൽ ഇത് ഹ്രസ്വമായിവരും.

രണ്ടെണ്ണം കൂട്ടിച്ചേർക്കുമ്പോൾ മെല്ലമെല്ലേ, കാണക്കാണേ, നീളനീളേ, പയ്യപ്പയ്യേ, പോകപ്പോകേ, പതുക്കപ്പതുക്കേ എന്നൊക്കെ വരും.

ൽ എന്നും ല് എന്നും രണ്ടു രൂപത്തിൽ ഒരേ ഉച്ചാരണമുള്ള ചില്ലുകളുണ്ട്. രണ്ടും ഒന്നുതന്നെ എന്ന് പന്മനരാമചന്ദ്രൻ സർ തന്റെ ‘നല്ല ഭാഷ ‘ എന്ന വ്യാകരണഗ്രന്ഥത്തിൽ സമർത്ഥിച്ചിട്ടുണ്ട്. സ്വരം പരമായാൽ ൽ എന്നത് ല ആയിമാറും. കാൽ+അണ=കാലണ, കാൽ+ആണോ=കാലാണോ, പാൽ+ഇല്ല=പാലില്ല, തോൽ+ഉണ്ടോ=തോലുണ്ടോ, മുകളിൽ+ഊടെ=മുകളിലൂടെ, കാൽ+ഒച്ച=കാലൊച്ച, കാൽ+ഓ=കാലോ എന്നൊക്കെ സ്വരം പിന്നിൽ വരുമ്പോൾ ഈ മാറ്റം തിരിച്ചറിയാം.

എന്നാൽ മേൽ+പാലം=മേൽപ്പാലം എന്നെഴുതണം. ബലമായിട്ടുച്ചരിക്കുന്ന ചില്ലുകളുടെ പിമ്പേ വരുന്ന ദൃഢങ്ങൾ ഇരട്ടിക്കണമെന്ന് വ്യാകരണം. നൂൽപ്പാലം, നൂൽപ്പുഴു, പാൽപ്പാത്രം, തോൽപ്പാവ – ഇതൊക്കെ ഇങ്ങനെ ഇരട്ടിപ്പു് വരുന്ന വാക്കുകളാണ്. ഇവയൊക്കെ ലയുടെ അടിയിൽ ഒരു പ എഴുതിയാലും മതി; മേല്പാലം, നൂല്പാലം, നൂല്പുഴു, പാല്പാത്രം, തോല്പാവ എന്നിങ്ങനെ. (അതെന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ഉച്ചാരണം ദ്വിത്വമായിട്ടാണ്. അതിനെക്കുറിച്ചറിയാവുന്നവർ പറഞ്ഞുതന്നാൽക്കൊള്ളാം)

പുൽത്തൊട്ടി, പുൽക്കൊടി, കാതിൽക്കേട്ട, കണ്ണിൽക്കണ്ട, കാൽക്കാശ്‌, പാൽക്കാരി, പാൽക്കുടം – ഇതൊക്കെ ലയുടെ അടിയിൽ ത, ക എന്നിവ ചേർക്കുന്നുവെങ്കിലും അതിലെ ദ്വിത്വം ഒഴിവാക്കപ്പെടുന്നില്ല. പൽച്ചക്രം, പുൽച്ചാടി എന്നതിനും ലയുടെ അടിയിൽ ച എഴുതാറില്ല. പണ്ട് ഇങ്ങനെ എഴുതിയിരുന്നോ എന്നു നിശ്ചയമില്ല.

വിൽപ്പത്രം എന്നത് ഇങ്ങനെതന്നെ എഴുതണം. എന്തെന്നാൽ വിൽ എന്നത് ആങ്ഗലേയപദമാണ്. കല്മഷം (പാപം, മലിനത, അഴുക്ക്, ദുഷ്ടത, അപരാധം, ദുഃഖം, നരകം) എന്നത് കന്മഷം എന്നെഴുതുന്നത് തെറ്റാണ്. കല്+മദം=കന്മദം എന്നാണു വരുക.

Facebooktwittergoogle_plusredditpinterestlinkedinmailby feather

Leave a Reply

Your email address will not be published. Required fields are marked *