“വാക് വൈഭവം !”

Vakgvaibhavamസംസ്കൃതവ്യാകരണത്തിൽ വ്യഞ്ജനസന്ധി എന്നൊരു വിഭാഗമുണ്ട്. അതിൻപ്രകാരം,

(a) ക്, ട്, ത് എന്നീ വ്യഞ്ജനങ്ങൾക്കുശേഷം സ്വരം, മൃദു, മദ്ധ്യമം എന്നിവയിൽ ഏതെങ്കിലും വന്നാൽ മുന്നിലുള്ള വ്യഞ്ജനം അതിന്റെ മൃദുവായിമാറും.

വാക്+ഈശ്വരൻ=വാഗീശ്വരൻ, വാക്+ദേവി=വാഗ്ദേവി, സ്വരാട് +ജയം=സ്വരാഡ്ജയം, ചിത്+രൂപം=ചിദ്രൂപം, ക്ഷുത്+ബാധ=ക്ഷുദ്ബാധ, ചഞ്ചത്+ഘനം=ചഞ്ചദ്ഘനം.

(b) ച ഒഴികെയുള്ള വർഗ്ഗാക്ഷരങ്ങൾക്കു പിന്നാലെ അനുനാസികം വന്നാൽ ആ വർഗ്ഗാക്ഷരത്തിന് അതതിന്റെ അനുനാസികം ആദേശമാകും. ക യ്ക്കു ങ, ട യ്ക്കു ണ, ത യ്ക്കു ന, പ യ്ക്കു മ എന്നിങ്ങനെ വരും.

ദിക്+നാഗം=ദിങ്നാഗം, ജഗത്+നാഥൻ=ജഗന്നാഥൻ, വാക്+മാധുര്യം=വാങ്മാധുര്യം, ഷട്+മുഖൻ=ഷണ്മുഖൻ, സമ്രാട്+നഗരം=സമ്രാണ്ണഗരം, മധുലിട്+നാദം=മധുലിണ്ണാദം, ചിത്+മയൻ=ചിന്മയൻ, ചിത്+മയം=ചിന്മയം, സത്+മയം=സന്മയം, പത്+നഗ=പന്നഗ, ക്ഷുത്+നിവൃത്തി=ക്ഷുന്നിവൃത്തി, അപ്+മയം=അമ്മയം

(c) ങ്ങ, ഞ, ണ, ണ, മ, യ, ര, ല , വ, ഹ എന്നിവ ഒഴികെയുള്ള വ്യഞ്ജനങ്ങൾ പദാന്ത്യത്തിൽ വന്നാൽ അവ സന്ധിയിൽ അതതിന്റെ മൃദുക്കളായി മാറുന്നു.

ക – ഭിഷക്+വരൻ=ഭിഷഗ്വരൻ, ഹൃത്+രോഗം=ഹൃദ്രോഗം, ത്വക്+രോഗം=ത്വഗ്രോഗം, വാക്+ഈശ=വാഗീശ, വാക്+ദേവത=വാഗ്ദേവത, വാക്+ദാനം=വാഗ്ദാനം, വാക്+വൈഭവം=വാഗ്‌വൈഭവം, വാക്+വിലാസം=വാഗ്വിലാസം, ഋക്+വേദം=ഋഗ്വേദം, ഉദക്+ഭവം=ഉദഗ്ഭവം

ഇതുപോലെ ക് എന്നതിന്റെകൂടെ മറ്റു പദങ്ങൾ ചേരുമ്പോൾ മാറ്റം വരുന്നവ ചില പദങ്ങൾ താഴെക്കൊടുക്കുന്നു:

വാക്+അർത്ഥം=വാഗർത്ഥം, വാക്+അസി=വാഗസി (കുത്തുവാക്ക്), വാക്+ഇന്ദ്രിയം=വാഗിന്ദ്രിയം, വാക്+ഈശ=വാഗീശ (വാഗ്‌വൈഭവമുള്ള, സരസ്വതി), വാഗീശ്വരൻ (വാഗീശൻ)=ബൃഹസ്പതി, വാഗീശ്വരി=സരസ്വതി, ദിക്+അധിപന്മാർ=ദിഗധിപന്മാർ (ദിക്പാലന്മാർ), ദിക്+അന്തം=ദിഗന്തം (ദിക്കിന്റെ അവസാനം), ദിക്+അന്തരം=ദിഗന്തരം (ദിഗന്തരാളം)=ദിക്കുകളുടെ മദ്ധ്യം (ആകാശം), ദിക്+അംബരൻ=ദിഗംബരൻ (ശിവൻ, നഗ്നൻ),

വാക്+ഗോചര=വാഗ്‌ഗോചര (വാക്കുകൾക്കു വിഷയമായ) വാക്+ജാലം=വാഗ്‌ജാലം, വാക്+ദണ്ഡം=വാഗ്‌ദണ്ഡം (ശകാരം), വാക്+ദത്തം=വാഗ്ദത്തം, വാക്+ദലം=വാഗ്ദലം (ചുണ്ട്, അധരം), വാക്+ദാനം=വാഗ്ദാനം, വാക്+ദുഷ്ടൻ=വാഗ്‌ദുഷ്ടൻ (യഥാകാലം പൂണുനൂലിടാത്ത ബ്രാഹ്മണൻ, ശകാരിക്കുന്നവൻ, അപശബ്ദം പുറപ്പെടുവിക്കുന്നവൻ), വാഗ്ദേവത=സരസ്വതി, ബൃഹസ്പതി, വാഗ്ദോഷം=ചീത്തവാക്ക് (അപശബ്ദം, ശകാരം), വാക്+ധാടി=വാഗ്ദ്ധാടി (വാക്‌സാമർത്ഥ്യം), വാക്+ധോരണി=വാഗ്ദ്ധോരണി(നിരർഗ്ഗളമായ വാൿപ്രയോഗം), വാക്+വൈഭവം=വാഗ്‌വൈഭവം, വാക്+യത=വാഗ്യത (മൗനിയായ), വാക്+യമം=വാഗ്യമം (നീരസംകൊണ്ട് മിണ്ടാതിരിക്കൽ, വാക്കിനെ നിയന്ത്രിക്കൽ), വാക്+യാമൻ=വാഗ്യാമൻ (മൂകൻ), വാക്+രൂപം=വാഗ്രൂപം, വാക്+വജ്രം=വാഗ്‌വജ്രം (കഠിനമായ വാക്ക്), വാക്+വാദം=വാഗ്വാദം, വാക്+വിഭവം=വാഗ്വിഭവം (വാഗ്‌വൈഭവം), വാക്+വിലാസം=വാഗ്വിലാസം, വാക്+വിശേഷം=വാഗ്വിശേഷം

ദിക്+ഗജം=ദിഗ്ഗജം, ദിക്+ഗ്രഹങ്ങൾ=ദിഗ്ഗ്രഹങ്ങൾ, ദിക്+ദർശനം=ദിഗ്‌ദർശനം (സാമാന്യവിവരണം, വടക്കുനോക്കിയന്ത്രം), ദിഗ്+ഭ്രമം=ദിഗ്ഭ്രമം (വഴിതെറ്റൽ), ദിക്+വസന=ദിഗ്‌വസന (നഗ്നനായ), ദിക്+വിജയം=ദിഗ്വിജയം, ദിക്+മാത്രം= ദിങ്മാത്രം (അല്പംമാത്രം), ദിക്+മുഖം=ദിങ്മുഖം, ദിക്+വലയം=ദിഗ്‌വലയം (ചക്രവാളം), ദൃക്+അഞ്ചലം=ദ്രുഗഞ്ചലം (കൺപോള), ദൃഗദ്ധ്യക്ഷൻ=സൂര്യൻ, ദൃക്+ഗണിതം=ദൃഗ്ഗണിതം=ദിക്പ്രമാണമായി ഗണിക്കപ്പെട്ട ഒരു ഗണിതഭേദം, ദൃഗ്‌ഗോചരം=കാണാൻ കഴിയുന്നത്, ദൃഗ്‌ജലം=കണ്ണീർ, ദൃഗ്‌ഭക്തി=പ്രേമപൂർവ്വകമായ നോട്ടം, ദൃക്+രുജാ=ദൃഗ്‌രുജ (കണ്ണിദ്ദീണം), ദൃഗ്‌രൂപം=ജ്ഞാനസ്വരൂപം, ദൃഗ്‌വിഷം=സർപ്പം – ഇതൊക്കെ ഇങ്ങനെ മാറ്റം വരുന്നവയാണ്.

സന്ധിയിൽ മാറ്റം വരാത്തവ:

ദിക്‌ചക്രം=ചക്രവാളം, ദിക്‌ചതുഷ്ടയം, ദിക്‌പതികൾ=ദിക്പാലകന്മാർ, ദൃക്+ക്ഷയം=ദൃൿക്ഷയം (കാഴ്ച മങ്ങൽ), ദൃൿക്ഷേപം=ദൃഷ്ടിപാതം, ദൃൿപഥം=കണ്ണെത്തുന്നിടത്തോളം ദൂരം, ദൃൿപാതം=കടാക്ഷം, ദൃൿശക്തി=ദർശനശക്തി, (ആത്മാവ്, ചൈതന്യം), ദൃൿശ്രുതി=ചക്ഷുഃശ്രവണം (പാമ്പ്), ദൃൿസാക്ഷി, വാൿചാതുര്യം, വാൿഛലം=വാക്കിലുള്ള കള്ളം (ഒഴികഴിവ്), വാൿതർക്കം, വാൿപടുത=വാൿസാമർത്ഥ്യം, വാൿപതി=വാൿസാമർത്ഥ്യമുള്ള, വാൿപാരുഷ്യം=പരുഷവാക്ക്, വാൿപ്രഭ=സരസ്വതി, വാൿപ്രയോഗം.

(By Joseph V Boby)Vakgvaibhavam

Facebooktwittergoogle_plusredditpinterestlinkedinmailby feather

Leave a Reply

Your email address will not be published. Required fields are marked *