വാട്ടർ മാനേജ്‌മന്റ്‌

30 കൊല്ലം മുമ്പ് എന്റെ ഇളയ സഹോദരിയെ വിവാഹം കഴിച്ചയച്ചത് കോട്ടയത്തിന്റെ കിഴക്കൻ മലയോരപ്രദേശമായ കാനത്തിലാണ്. അന്നൊന്നും വെള്ളത്തിന്റെ പ്രശ്നം അവിടെ അത്ര ഗുരുതരമല്ലായിരുന്നു. പക്ഷേ ഒരു 20 കൊല്ലമായി ജനുവരി മാസംമുതൽതന്നെ സ്ഥിരമായി ടാങ്കർ ലോറിയിൽ കിണറ്റിലേക്ക് വെള്ളം കൊണ്ടുവന്നൊഴിക്കും. അത് ഒരു 3 ദിവസത്തേക്കു കഷ്ടി.

ഒരു പ്രാവശ്യം അവിടെ ചെന്നപ്പോൾ ഞങ്ങൾക്ക് ചായ ഉണ്ടാക്കി കുടിക്കാനുള്ള വെള്ളംപോലും അവിടെ ഉണ്ടായിരുന്നില്ല. ഞാൻ അവളുടെ പ്രവർത്തനം സസൂക്ഷ്മം നിരീക്ഷിച്ചു. എങ്ങനെ ഇവർ വെള്ളമില്ലാതെ ജീവിക്കുന്നു എന്നൊന്നു നോക്കണമല്ലോ. കൊണ്ടുവരുന്ന വെള്ളം കിണറ്റിലേക്കൊഴിക്കും. പിന്നീട് കോരിയെടുത്ത് വളരെ അരിഷ്ടിച്ച് ആദ്യം പാത്രം കഴുകാൻ ഉപയോഗിക്കും. ചാരം ഉപയോഗിച്ചാണ് കഴുക്ക്. അതു കളയാതെ പിടിച്ചുവച്ച് തെളിഞ്ഞുകഴിഞ്ഞാൽ ഊറ്റിയെടുത്ത് പിന്നെയും പാത്രം കഴുകും. ഇതു 3 പ്രാവശ്യം ആവർത്തിക്കും. അപ്പോഴേക്കും വെള്ളം തീരെച്ചീത്തയാകും. പിന്നെ അതുപയോഗിച്ചു അരി, പച്ചക്കറി തുടങ്ങിയവ കഴുകും. അതും കളയാതെ ഊറ്റി, പിന്നെ റബ്ബർപ്പാൽ ഉറയൊഴിക്കാൻ ഉപയോഗിക്കും.

തമാശയ്ക്കാണെങ്കിലും ഞാൻ ഇങ്ങനെ പറഞ്ഞു: ‘പല്ല് തേച്ചു കഴിഞ്ഞാലും അതു കളയരുത്. ഊറിക്കഴിഞ്ഞു ശൌചംചെയ്യാൻ ഉപയോഗിക്കാമല്ലോ’ പക്ഷെ പല്ലു തേച്ച വെള്ളം അവർ കളയാതെ മുറ്റത്തു നില്ക്കുന്ന ചെടികൾക്ക് ഒഴിക്കും!! എന്തിനേറെ? രണ്ടു നേരം കുളി ഉണ്ടായിരുന്നത് ഒരു നേരമാക്കി. കുളിക്കുന്നതുതന്നെ ഓരോ നേരം ഓരോ ചെടിയുടെയോ തെങ്ങിന്റെയോ ചുവട്ടിൽ ഒരു വലിയ അണ്ടാവു വച്ച് അതിൽ നിന്നാണ്. അതിൽ വീഴുന്ന വെള്ളം എടുത്തു ചെടികൾക്കൊഴിക്കും. കുളിമുറിയിൽനിന്നു കുളിച്ചാൽ അവിടം ചീത്തയാകും. പിന്നെ അതു തേച്ചുകഴുകാൻ വേറെ വെള്ളം വേണം.

ഇതു പറയാൻ കാരണം ഞാൻ ഈയിടെ ഇതൊക്കെ ചെയ്യേണ്ടിവന്നു എന്നതുകൊണ്ടാണ്. എന്റെ വീട്ടിൽ ഇഷ്ടംപോലെ വെള്ളമുണ്ട്. സർക്കാർവെള്ളത്തെ ആശ്രയിക്കാൻനില്ക്കാതെ, വീടുണ്ടാക്കുന്നതിനുമുന്നേ ഞാൻ ഒരു കിണർ കുഴിപ്പിച്ചിരുന്നു. സർക്കാർ വക കുഴൽവെള്ളം ഒരു അര കിലോമീറ്റർ അകലെക്കൂടെയാണു പോകുന്നതും.

ഇക്കഴിഞ്ഞ ദിവസം വൈകുന്നേരം വെള്ളം വായിലൊഴിച്ചപ്പൊൾ ഒരു രുചിവ്യത്യാസം.

‘ഓ….നിങ്ങൾക്കു വെറുതേ തോന്നിയതായിരിക്കും’ ശ്രീമതി മൊഴിഞ്ഞു.

പിറ്റേന്നു പല്ലു തേച്ചപ്പോൾ എനിക്കും തോന്നി വെള്ളത്തിനു എന്തോ നാറ്റം അനുഭവപ്പെടുന്നുണ്ടോ? അപ്പോൾ ശ്രീമതിയും വെള്ളം കൈക്കുമ്പിളിൽ എടുത്തുപറഞ്ഞു. ‘ശരിയാണല്ലോ’

ഞാൻ ബദ്ധപ്പെട്ട് പുരപ്പുറത്തു കയറി ടാങ്ക് പരിശോധിച്ചു. യാതൊരു കുഴപ്പവുമില്ല. പക്ഷേ നാറ്റം അനുഭവപ്പെടുന്നുണ്ട്. എനിക്കൊരു കാര്യം തീർച്ചയായി. കിണറ്റിലെന്തോ കുഴപ്പമുണ്ട്. പക്ഷേ കിണർ, നല്ല ഭംഗിയായി വലയൊക്കെ ഇട്ടുമൂടി ഈച്ചയ്ക്കുപോലും കടക്കാൻ വയ്യാത്ത പരുവത്തിലാണ് ശരിയാക്കിവച്ചിരിക്കുന്നത്. കിണറാണെങ്കിൽ 22 കോൽ ആഴത്തിലാണ്. അത്രയും ദൂരേക്ക് എന്റെ വൃദ്ധനയനങ്ങൾ എത്തുന്നില്ല. വളരെ കഷ്ടപ്പെട്ട് ടോർച്ചൊക്കെ അടിച്ച് സൂക്ഷിച്ചുനോക്കിയപ്പോൾ എന്തോ അതിന്നകത്തു പൊന്തിക്കിടക്കുന്നുണ്ട് എന്നു മനസ്സിലായി. പിന്നെ അതിനെ എങ്ങനെയെങ്കിലും എടുക്കാനുള്ള ശ്രമം തുടങ്ങി. തൊട്ടിയിട്ട് എത്ര മുക്കിപ്പൊക്കിയിട്ടും ഈ സാധനം അതിൽ കയറുന്നില്ല. വെറുതെ കുറെ വെള്ളം വലിച്ചുപൊക്കിയതു മിച്ചം.

പിന്നെ ഒരു പേരക്കമ്പു വളച്ച് അതിൽ ഒരു തോർത്തു കെട്ടി, ഉറിവലപോലെയാക്കി കയറിൽ കെട്ടിയിറക്കി ഒരു മണിക്കൂർ ശ്രമിച്ച് സാധനം പൊക്കിയെടുത്തു. ഒരെലി!! തല മുഴുവൻ അഴുകിപ്പോയിരുന്നു. ഈ വെള്ളമാണ് ഞങ്ങൾ 4 ദിവസമായി കുടിച്ചുകൊണ്ടിരുന്നത് !!!!

കിണർ തേവാൻ ആൾ വന്നത് രണ്ടു ദിവസം കഴിഞ്ഞ്. അത്രയും ദിവസം ഞങ്ങൾ അയൽവാസിയുടെ കാരുണ്യത്തിൽ അവിടുത്തെ വെള്ളംകൊണ്ടു ജീവിച്ചു. 100 മീറ്ററോളം താഴേക്കിറങ്ങിവേണം അവിടെച്ചെല്ലാൻ. കഷ്ടപ്പാടു കൂടിയപ്പോൾ മേൽപ്പറഞ്ഞ എല്ലാ പ്രവൃത്തിയും, അതിൽക്കൂടുതലും, ഞങ്ങളും ചെയ്യേണ്ടിവന്നു!!! അല്ലാതെന്തു ചെയ്യാൻ?

ഇതാണു പറയുന്നത് കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന്. ആരെയും കളിയാക്കാൻ പോകണ്ടാ.

Facebooktwittergoogle_plusredditpinterestlinkedinmailby feather

Leave a Reply

Your email address will not be published. Required fields are marked *