വായ്പാ തട്ടിപ്പ് !!

Vaaypaathattippഒരു വാക്ക് സമാസത്തിലോ സന്ധിയിലോ പ്രയോഗിക്കുന്നത് അതേതു ഭാഷയിലുള്ളതാണ് എന്നു നോക്കിയിട്ടാണ്. മലയാളത്തെസ്സംബന്ധിച്ചിടത്തോളം പല ഭാഷകളിൽനിന്നും നാം പദങ്ങൾ സ്വീകരിച്ചിട്ടുണ്ട്. അവയെല്ലാം നാം മലയാളമെന്ന രീതിയിൽത്തന്നെ പ്രയോഗിച്ചും ശീലിച്ചിരിക്കുന്നു.

എന്നാൽ സംസ്കൃതത്തിൽനിന്നു സ്വീകരിച്ച പദങ്ങൾമാത്രം വ്യത്യസ്തമായവയാണ്. അതിലുള്ള ദീർഘാന്തങ്ങളായ പദങ്ങൾ ഉദാ : ദേവീ, ചിത്രാ, ഉഷാ, പ്രാർത്ഥനാ, സരസ്വതീ, ലക്ഷ്മീ, കരുണാ, കലാ, സുരക്ഷാ എന്നിങ്ങനെയുള്ള പദങ്ങൾ മറ്റുള്ള സംസ്കൃതപദങ്ങളുമായി സന്ധിക്കുമ്പോൾ/സമാസിക്കുമ്പോൾ ദേവീമാഹാത്മ്യം, ചിത്രാപൗർണ്ണമി, ഉഷാപതി, പ്രാർത്ഥനാപൂർവ്വം, പ്രാർത്ഥനാനിരതം, സരസ്വതീപൂജ, സരസ്വതീക്ഷേത്രം, ലക്ഷ്മീനാരായണ, ലക്ഷ്മീകാന്തൻ, ലക്ഷ്മീകടാക്ഷം, കരുണാകടാക്ഷം, കലാതിലകം, സുരക്ഷാപരിശോധന എന്നൊക്കെ എഴുതും. അതാ ഭാഷയുടെ പ്രത്യേകതയാണ്. സംസ്കൃതസന്ധിനിയമമനുസരിച്ചാണ് അങ്ങനെ ചെയ്യുന്നത്. മറ്റൊരുഭാഷയിലും അങ്ങനെ ചെയ്യാനാവില്ല, ചെയ്യാൻ പാടില്ല.

ഇതൊക്കെ മലയാളത്തിലേക്കു സ്വീകരിച്ചപ്പോൾ ദേവി, ചിത്ര, ഉഷ, പ്രാർത്ഥന, സരസ്വതി, ലക്ഷ്മി, കരുണ, കല, സുരക്ഷ എന്നൊക്കെ ദീർഘമില്ലാതെയാണ് നാം ഉപയോഗിക്കുന്നത്. മലയാളത്തിൽ ഇങ്ങനെ ദീർഘത്തിൽ അവസാനിക്കുന്ന പദങ്ങൾ സംബോധനകളും ചോദ്യങ്ങളുമാണ്. ദേവീ, ഉഷേ, ചിത്രേ, സരസ്വതീ, ലക്ഷ്മീ, കലേ എന്നൊക്കെ നാം ഇങ്ങനെ പേരുള്ളവരെ സംബോധന ചെയ്യും. കണ്ടോ, കേട്ടോ, വേണോ, പോയോ, പോയില്ലേ, വന്നില്ലേ എന്നൊക്കെ ചോദ്യങ്ങളും ചോദിക്കും. ഇതും ഇപ്പോൾ മറ്റുഭാഷകളെ അനുകരിച്ചുകൊണ്ട് ഉഷാ, ചിത്രാ, കലാ എന്നൊക്കെ സംബോധനയായും വന്നില്ലാ ? പോയില്ലാ ? എന്നൊക്കെ ചോദ്യങ്ങളായും മലയാളി മാറ്റുന്നു !! എത്ര നീട്ടിയാലും ഇതൊന്നും ചോദ്യമാകില്ല; അതു പ്രസ്താവനയാണ്.

(വയ്യാ, പോരാ, വേണ്ടാ, കാണണ്ടാ, മിണ്ടണ്ടാ, കേൾക്കണ്ടാ ഇവയൊക്കെ ആ എന്ന നിഷേധപ്രത്യയം ചേർത്ത് ഇങ്ങനെതന്നെ എഴുതണം; ഹ്രസ്വമാക്കി ഉപയോഗിക്കാൻ പാടില്ല. അതേ എന്നും നീട്ടണം. അതെ എന്നൊരു വാക്കില്ല. പോയ്‌വരൂ, ശുഭമായിരിക്കട്ടേ, അങ്ങനെയാവട്ടേ തുടങ്ങിയ ആശംസകളും വന്നോട്ടേ, ഇരുന്നോട്ടേ, പൊയ്ക്കൊള്ളട്ടേ എന്നുള്ള അപേക്ഷാഭാവത്തിലുള്ള ചോദ്യങ്ങളും നീട്ടണം.)

സന്ധിയിൽ/സമാസത്തിൽ ഒരെണ്ണംമാത്രം സംസ്കൃതപദം വന്നാലും ഈ നിയമം ബാധകമല്ല. ഭാഷാപദവും സംസ്കൃതപദവും അല്ലെങ്കിൽ സംസ്കൃതപദവും ഭാഷാപദവും അതുമല്ലെങ്കിൽ ഭാഷാപദവും മറ്റേതുഭാഷയിൽനിന്നു കടമെടുത്ത പദവും തമ്മിൽച്ചേർക്കുമ്പോൾ ഭാഷാസന്ധിനിയമങ്ങളാണനുവർത്തിക്കേണ്ടത്. വായ്പ എന്നുള്ളത് തികച്ചും മലയാളമാണ്. അതിനെപ്പിടിച്ച് വലിച്ചുനീട്ടേണ്ട ഒരു കാര്യവുമില്ല. വായ്പനയം, വായ്പപ്പദ്ധതി, വായ്പത്തട്ടിപ്പ് എന്നൊക്കെയാണ് ഭാഷാനിയമമനുസരിച്ചുള്ള സന്ധി/സമാസം. വായനസുഖം, പ്രാർത്ഥനമുറി, ചികിത്സനിരക്ക് എന്നൊക്കെ ശരി. എന്തെന്നാൽ മുറി, വായന, നിരക്ക് ഇതൊക്കെ മലയാളപദങ്ങളാണ്, അല്ലെങ്കിൽ സംസ്കൃതമല്ലാത്ത ഭാഷകളിൽനിന്നു കടമെടുത്തവയാണ്.

(കുറിപ്പ് : സംസ്കൃതത്തെക്കുറിച്ചു വലിയ വിവരമില്ല. എഴുതിയതിൽ പിശകുകളുണ്ടോ എന്നറിയില്ല. സാമാന്യമായ നിയമമാണ് ഞാൻ എഴുതിയത്. നിലവിലുള്ള വ്യാകരണമനുസരിച്ചാണ് ഞാനീ ലേഖനങ്ങളൊക്കെ എഴുതുന്നത്. അതു കേരളപാണിനി എന്ന എ ആർ രാജരാജവർമ്മ തയ്യാറാക്കിയ വ്യാകരണപദ്ധതിയും അതിനുശേഷം അതിൽ വന്ന തിരുത്തുകളും പരിഷ്കരണങ്ങളും ഉൾപ്പെടുന്നു. ആവശ്യമുള്ളവർക്കു സ്വീകരിക്കാം. ഇതൊന്നും വേണ്ടാ എന്നു പലരും ഈ ലേഖനങ്ങളിൽ കുറിപ്പുകൾ ചേർക്കുന്നുണ്ട്. അവർ പിന്തുടരുന്ന വ്യാകരണശാസ്ത്രം ഏതെന്നു വ്യക്തമാക്കണം. നമ്മളൊന്നുമറിയാത്ത വ്യാകരണം വല്ലവരും എഴുതിയിട്ടുണ്ടോ ആവോ !! വ്യാകരണത്തിന്റെ പിൻബലമില്ലെങ്കിൽ പറയാൻ വരണ്ടാ. വെറുതേ വന്ന് കലഹമുണ്ടാക്കരുത്. ഒരാൾ ഇങ്ങനെയും ഒരാൾ അങ്ങനെയും എഴുതുമെന്നു പറയുന്നതിൽ ഒരു ന്യായവുമില്ല യുക്തിയുമില്ല; അതു ശുദ്ധവിവരക്കേടാണ്. ഒരു പത്രം ഇങ്ങനെയും മറ്റൊരു പത്രം അങ്ങനെയും സർക്കാർ വേറൊരു തരത്തിലും എഴുതിക്കൊണ്ട് പല തരത്തിൽ ഭാഷയെ ദുഷിപ്പിക്കുന്നുണ്ട്. ഭാഷ പ്രയോഗിക്കുമ്പോൾ ഒരു പൊതുവായ ചട്ടക്കൂടു വേണം അത്രേയുള്ളൂ. തെറ്റുകൾ ചൂണ്ടിക്കാട്ടിയാൽ അതനുസരിച്ചു തിരുത്താൻ ഞാൻ തയ്യാറാണ്. വിശദീകരണം ആവശ്യമുള്ളവർ ചോദിച്ചാൽ അറിയാവുന്നതുപോലെ പറഞ്ഞുതരാം. അതിനു മറ്റുള്ളവരുടെ സഹായവും ഞാൻ അഭ്യർത്ഥിക്കുന്നു; നമ്മുടെ ഭാഷ നശിച്ചുപോകാതിരിക്കട്ടേ !)

facebooktwittergoogle_plusredditpinterestlinkedinmail

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>