വിദ്യുച്ഛക്തി എന്നാൽ വൈദ്യുതിയല്ല !

Vaidyuthiമലയാളത്തിൽ അന്ത്യവ്യഞ്ജനത്തിന് ദ്വിത്വവും അരയുകാരവും വേണമെന്നുള്ളതിനാൽ വിദ്യുത് എന്ന സംസ്കൃതപദത്തിന് വിദ്യുത്ത് എന്നു പറയും. ഇതിൽനിന്നാണ് വിദ്യുച്ഛക്തി വന്നിരിക്കുന്നത്. വിദ്യുത് എന്നതിന് മിന്നൽപ്പിണർ, ഇടിവാൾ, വിശേഷേണ ശോഭിക്കുന്നത് എന്നൊക്കെ അർത്ഥം.

*വിദ്യുത്+ശക്തി>വിദ്യുച്+ശക്തി=വിദ്യുച്ഛക്തി എന്നിങ്ങനെയാണ് പദനിഷ്പത്തി.

വിദ്യുത്+ജ്വാല=വിദ്യുജ്ജ്വാല, വിദ്യുത്ത്, വിദ്യുത്‌പാതം, വിദ്യുദുന്മേഷം, വിദ്യുദ്ദാമം, വിദ്യുദ്ദീപം, വിദ്യുദ്ദ്യോതം, വൈദ്യുതാഗ്നി – ഇതൊക്കെ മിന്നല്പിണറിന്റ പര്യായങ്ങളാണ്. വിദ്യുന്മാല എന്നാൽ മിന്നല്പിണരുകളുടെ കൂട്ടം.

വിദ്യുത്പ്രവാഹം=electric current
വൈദ്യുതദീപം=വിദ്യുച്ഛക്തിവിളക്ക്
വിദ്യുത്വാൻ എന്നാൽ വിദ്യുത്തോടുകൂടിയവൻ – മേഘം.
വിദ്യുദന്തിക എന്നാൽ കറന്റുകൊണ്ടു് പ്രവർത്തിക്കുന്ന അടുപ്പ്.
വിദ്യുച്ഛക്തിയെ അളക്കുന്ന യന്ത്രം – വിദ്യുന്മാപാകം.*

*…. *മേല്പറഞ്ഞതൊക്കെ സംസ്കൃതഭാഷയിലുള്ള പദങ്ങളാണ്.

എന്നാൽ ആരോ ഉണ്ടാക്കിയ വൈദ്യുതി എന്നൊരു രൂപം നമ്മുടെ ഭാഷയിൽ കയറിക്കൂടിയിട്ടുണ്ട്. വൈദ്യുതി=വിദ്യുത്തിൽനിന്നുണ്ടാകുന്നത്, വൈദ്യുതീപ്രവാഹം=electric circuit എന്നൊക്കെ ശബ്ദതാരാവലിയിൽ കൊടുത്തിരിക്കുന്നത് അബദ്ധമാണെന്ന് പ്രസിദ്ധസംസ്കൃതപണ്ഡിതനായ ശ്രി. Narayanan Ayurveda അഭിപ്രായപ്പെടുന്നു. വൈദ്യുതിക്ക് വിദ്യുത്തിൽനിന്ന് ഉദ്ഭവിച്ചവൾ – വിദ്യുത്തിന്റെ മകൾ – അതായത് മിന്നൽപ്പിണർ എന്ന അർത്ഥമെടുക്കാം. വിദ്യുത്തിൽനിന്നുണ്ടായ പ്രവാഹം വൈദ്യുതീപ്രവാഹമല്ല, വൈദ്യുതപ്രവാഹമാണു്.

വൈദ്യുതക്കരാർ, വൈദ്യുതക്കമ്പി, വൈദ്യുതക്കാൽ, വൈദ്യുതനയം, വൈദ്യുതനിരക്ക്, വൈദ്യുതബിൽ, വൈദ്യുതവകുപ്പ്, ജലവൈദ്യുതപദ്ധതി എന്നൊക്കെ വേണം മലയാളത്തിൽ പ്രയോഗിക്കാൻ.

Facebooktwittergoogle_plusredditpinterestlinkedinmailby feather

Leave a Reply

Your email address will not be published. Required fields are marked *