സംഘടനാ ചുമതല !

Sangadanaവേണുഗോപാലിന് ‘സംഘടനാ ചുമതല’ എന്നു വായിച്ചാൽത്തോന്നും സംഘടനയിൽ വേറെ ആർക്കും ഈ ചുമതല ഇല്ലെന്ന് !

സംഘടന, സംഘടനം എന്നൊക്കെയുള്ള വാക്കിന് ചേർച്ച, വ്യവസ്ഥാപിതസംഘത്തിന്റെ രൂപവത്കരണം എന്നൊക്കെ അർത്ഥം. സംഘടിക്കുക എന്നാൽ ഒന്നിച്ചുചേരുക, വ്യവസ്ഥാപിതസംഘമായിത്തീരുക, കൂട്ടിമുട്ടുക എന്നൊക്കെയാണാർത്ഥം. ഇതിനു മുൻകൈയെടുക്കുന്ന ആളെ സംഘാടകൻ/സംഘാടിക എന്നും കുറെപ്പേരുണ്ടെങ്കിൽ സംഘാടകർ എന്നും പറയാം.

സംഘടനയുടെ ചുമതല ഒരാളെ ഏൽപ്പിക്കുമ്പോൾ അയാൾ സംഘടനച്ചുമതലയുള്ള ആളാണ്. പ്രസിഡന്റ്, സെക്രട്ടറി, ഖജാൻജി, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങൾ എന്നിവർ ഇങ്ങനെ ഓരോരോ ചുമതലകൾ നിറവേറ്റാൻവേണ്ടി തിരഞ്ഞെടുക്കപ്പെട്ടവരാണ്.

സംഘടനയുടെ കാര്യങ്ങൾ – സംഘടനാകാര്യങ്ങൾ, സംഘടനയുടെ തലം – സംഘടനാതലം, സംഘടനയുടെ നിയമങ്ങൾ – സംഘടനാനിയമങ്ങൾ, സംഘടനയുടെ സ്വാതന്ത്ര്യം – സംഘടനാസ്വാതന്ത്ര്യം. സംഘടനയിലെ പ്രവർത്തനം (സംഘടനയുടെ പ്രവർത്തനം) – സംഘടനാപ്രവർത്തനം, സംഘടിപ്പിക്കാനുള്ള സ്വാതന്ത്ര്യം സംഘാടനസ്വാതന്ത്ര്യം, സംഘാടനത്തിനുള്ള മികവ് സംഘാടനമികവ് എന്നൊക്കെ എഴുതണം. ഇതൊക്കെ സംസ്കൃതപദങ്ങളാകയാലാണ് സംഘടനാ എന്നു സമാസത്തിൽ ദീർഘമുള്ളത്.

എന്നാൽ ചട്ടങ്ങൾ എന്ന മലയാളപദം ചേർത്താൽ സംഘടനാ എന്നുള്ള സംസ്കൃതപദം സംഘടന എന്നാവും. അപ്പോൾ ഭാഷാസന്ധിനിയമമനുസരിച്ച് ദ്വിത്വം വരും – സംഘടനച്ചട്ടങ്ങൾ എന്നാണു സമാസം വരുക.

(ഇതൊക്കെ സംഘടനകാര്യങ്ങൾ, സംഘടനതലം, സംഘടനനിയമങ്ങൾ, സംഘടനസ്വാതന്ത്ര്യം, സംഘടനപ്രവർത്തനം എന്നൊക്കെ എഴുതിയാലും ശരിയാണ്.)

ഇവിടെ ശ്രീ വേണുഗോപാലിന് ജനറൽ സെക്രട്ടറി എന്നുള്ള ചുമതലകൂടാതെ കൊടുത്തിട്ടുള്ള അധികച്ചുമതല അണികളെ സംഘടിപ്പിക്കുക എന്നതാണ്. അതു സംഘടനാ ചുമതലയല്ല, സംഘാടനച്ചുമതലയാണ്. സർവ്വശ്രീ ആന്റണി, ഉമ്മൻ‌ചാണ്ടി, മുരളീധരൻ, ഹസ്സൻതുടങ്ങിയവരൊക്കെ കോൺഗ്രസ്സ്‌നേതാക്കന്മാരാണ്, അവർക്കാർക്കും സംഘാടനച്ചുമതല പാർട്ടി നൽകിയിട്ടില്ല, വെറുതേ നേതാക്കന്മാരായിട്ടുരുന്നാൽ മതി.

സംഘടനയുടെ തലം സംഘടനാതലം എന്നെഴുതുമ്പോൾ സംഘടനയുടെ തലപ്പത്ത് എന്നു വരണമെങ്കിൽ സംഘടനാതലപ്പത്ത് എന്നെഴുതരുത്; സംഘടനത്തലപ്പത്ത് എന്നെഴുതണം.

Facebooktwittergoogle_plusredditpinterestlinkedinmailby feather

Leave a Reply

Your email address will not be published. Required fields are marked *