സഞ്ചാരികളുടെ സ്വര്‍ഗ്ഗം അഥവാ സ്കോട്ട് ലന്‍ഡ് (4)

സ്കോട്ട് ലൻഡ് യാത്ര മൂന്നാം ദിവസം


കിൻ റോസിൽ നിന്നും രാവിലെ വീണ്ടും റൊട്ടിയും ജാമും തേനും ഒക്കെ കഴിച്ചു വീണ്ടും കാലത്ത് 9.30 നു വടക്കോട്ട് യാത്ര തുടർന്നു. 10.30 ആയപ്പോൾ 7 കുന്നുകളിലായി സ്ഥിതി ചെയ്യുന്ന സ്കോട്ട് ലണ്ടിന്റെ തലസ്ഥാനമായ എഡിൻബറയിൽ എത്തി.

35 കോടി വർഷങ്ങൾക്കു മുൻപ് അഗ്നി പർവ്വതം പൊട്ടിത്തെറിച്ചുണ്ടായ ഗർത്തത്തിൽ ആപ്പു വച്ച് അടച്ചത് പോലെയുള്ള ഒരു പാറക്കെട്ടിന്റെ മുകളിലാണ് എഡിൻബറ കൊട്ടാരം എന്ന ദുർഗ്ഗ ഹർമ്മ്യം സ്ഥിതി ചെയ്യുന്നത്. അവിടെ നിന്നും കിഴക്കോട്ടു ചരിഞ്ഞു കിടക്കുന്ന രീതിയിലാണ് ഈ പാറ.


ഇതിനു crag and tail എന്നാണു ഇംഗ്ലീഷിൽ പറയുന്നത്. സമുദ്ര നിരപ്പിൽ നിന്നും 130 മീറ്റർ ഉയരമുണ്ട് ഈ മനോഹര കരിങ്കൽ നിർമ്മിതിക്ക്.


താഴെ നിന്നു മാത്രം ആ പാറയിലേക്ക് 80 മീറ്റർ ഉയരം. കിഴക്ക് വശത്തു കൂടി മാത്രമേ ഇവിടേയ്ക്ക് കയറാൻ സാധിക്കൂ. മറ്റു ഭാഗങ്ങളെല്ലാം ചെങ്കുത്തായ പാറക്കെട്ടാണ്. ഇക്കഴിഞ്ഞ ഇരുപതാം തീയതി ഒരു 19 കാരൻ ഇത് വഴി കയറാൻ സാഹസികമായി ശ്രമിച്ചു പരാജയപ്പെട്ടു നിവൃത്തിയില്ലാതെ ഫയർ ഫോഴ്സിനെ വിളിച്ചു രക്ഷപ്പെട്ട വാർത്ത BBC റിപ്പോർട്ട് ചെയ്തിരുന്നു.ഭൂമിക്കടിയിലുള്ള അവിടുത്തെ കാർ പാർക്കിൽ വാഹനം നിർത്തി മുകളിൽ വന്നു നോക്കിയ ഞങ്ങൾ അന്പരന്നു പോയി. ഇതുപോലെയൊരു കോട്ട ജീവിതത്തിൽ ഞങ്ങൾ കണ്ടിട്ടില്ല!!! അവിടെയ്ക്ക് എങ്ങിനെ എത്തിപ്പെടും എന്നു പോലും ഞങ്ങൾക്ക് മനസ്സിലായില്ല. അത്രമേൽ ഉയരത്തിലും അപ്രാപ്യവും ആയി അത് തോന്നിച്ചിരുന്നു. പകുതി വഴി കാർ കയറിച്ചെല്ലും. പക്ഷെ അവിടെ ആളെ ഇറക്കി തിരിച്ചു പോരേണ്ടി വരും. അതിനാൽ ഞങ്ങളെല്ലാവരും കൂടി കിഴക്ക് വശത്ത്‌ കൂടി നടന്നു കയറാൻ തീർച്ചയാക്കി.
ആയിരക്കണക്കിന് വിനോദ സഞ്ചാരികൾ കയറുകയും ഇറങ്ങുകയും ചെയ്യുന്നു.കരിങ്കല്ലു വിരിച്ച ചരിഞ്ഞ നടപ്പാതയിലൂടെ നടന്നാൽ അധികം കിതപ്പും തോന്നുകയില്ല. അര മണിക്കൂർ കൊണ്ട് ഞങ്ങൾ ആദ്യത്തെ ഗേറ്റിൽ എത്തി.


ബി സി ഒന്പതാം ശതകത്തിൽ പോലും ഇവിടെ ആൾപ്പാർപ്പുണ്ടായിരുന്നു. പന്ത്രണ്ടാം ശതകത്തിൽ ഡേവിഡ് രാജാവാണ് ഇവിടെ കൊട്ടാരം നിർമ്മിച്ചത്. വി. മാർഗ്രറ്റിന്റെ ചാപ്പലും, കൊട്ടാരവുമാണ് ഏറ്റവും പഴക്കമേറിയ ഇവിടുത്തെ കെട്ടിടങ്ങൾ.

ബാക്കിയെല്ലാം പിന്നീടുണ്ടാക്കിയതാണ്. വിദേശ ആക്രമണങ്ങളിൽ ഒട്ടേറെ തകർന്നടിഞ്ഞു. വർഷം തോറും ഏകദേശം 13 ലക്ഷം സഞ്ചാരികൾ ഇവിടം സന്ദർശിക്കാനെത്തുന്നു.

തനിക്കെതിരായ ഗൂഢാലോചനയ്ക്ക് ജെയിംസ് രാജാവ് ഇവിടെയുണ്ടായിരുന്ന ഡേവിഡ് ഗോപുരത്തിൽ (ഇപ്പോഴില്ല) തടവിലിട്ടിരുന്ന സ്വസഹോദരൻ അലക്സാണ്ടർ സ്റ്റീവർറ്റ് കാവല്ക്കാർക്ക് മദ്യം കൊടുത്തു മയക്കി ഇതിന്റെ ഒരു ജനാല വഴി കയറിൽ തൂങ്ങി രക്ഷപ്പെട്ടിട്ടുണ്ട്. ഈ ജനാല വഴി തടവുകാരെ താഴേക്കെറിഞ്ഞു കൊല്ലാറുണ്ടായിരുന്നു.തകർന്നടിഞ്ഞ ഡേവിഡ് ഗോപുരവും, ഡേവിഡ് രണ്ടാമന്റെ ശവകുടീരവും, 1571 മുതൽ രണ്ടു വർഷത്തോളം നടന്ന ബ്രിട്ടീഷ് ഉപരോധത്തിന് ശേഷം കോട്ടയെ രക്ഷിക്കാൻ നിർമ്മിച്ച, ചന്ദ്രക്കലയുടെ ആകൃതിയുള്ള Half Moon Battery എന്ന പീരങ്കി വിന്യാസത്തിൻ കീഴിലാണിപ്പോൾ.നൂറ്റാണ്ടുകൾ പഴക്കമുള്ള വെടിക്കോപ്പുകളും ആയുധങ്ങളും പീരങ്കികളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു.

റോബർട്ട്‌ ദി ബ്രൂസ് എന്ന വീരനായ രാജാവിന്റെ പ്രതിമ ഇവിടെയും ഭിത്തിയിൽ പതിപ്പിച്ചിട്ടുണ്ട്.


ഒരു ബോംബക്കാരൻ സേട്ടു നിർമ്മിച്ചു കൊടുത്ത ഈൾ ഹൈഗ് എന്ന ഫീൽഡ് മാർഷലിന്റെ വെങ്കല പ്രതിമയും ഇവിടെ സ്ഥാപിച്ചിരിക്കുന്നു.

വിശിഷ്ട സേവനം നല്കി വിരമിച്ച നായ്ക്കൾക്ക് വരെ ഇവിടെ പ്രത്യേകം സെമിത്തേരി ഉണ്ട്.

വെള്ളം കിട്ടുവാൻ 28 മീറ്റർ ആഴമുള്ള ഒരു കിണറും അവിടെ തുരന്നിട്ടുണ്ട്.

തുടരും……

Facebooktwittergoogle_plusredditpinterestlinkedinmailby feather

Leave a Reply

Your email address will not be published. Required fields are marked *