സഞ്ചാരികളുടെ സ്വർഗ്ഗം അഥവാ സ്കോട്ട് ലൻഡ് (5)

എഡിൻ ബറ കൊട്ടാരം – തുടർച്ച

Stone of Scone (Stone of Destiny) അഥവാ 700 വർഷ യുദ്ധം

കൊച്ചി രാജാവിന്റെ അരിയിട്ടു വാഴ്ച ഒരു കല്ലിൽ ഇരുത്തിയായിരുന്നു എന്നു കേട്ടിട്ടുണ്ട്. കൊച്ചിയിൽ, ഞാൻ ജോലി ചെയ്തിരുന്ന അല്ലഹാബാദ് ബാങ്കിന്റെയും നെഹ്റു ടൌണ് ഹാളിന്റെയും അടുത്തുള്ള കോവിലകത്താണ് ഇത് നടത്തിയിരുന്നതത്രേ. നാശോന്മുഖമായ കൊട്ടാരത്തിനു വെളിയിൽ മഴയും മഞ്ഞും വെയിലുമേറ്റ് അത് ഇപ്പോഴും കിടക്കുന്നുണ്ട്.


അത് മാതിരി ഇവിടെയും ഒരു പരിപാവനമായ കല്ലുണ്ട്. അത് കോട്ടയ്ക്കുള്ളിൽ ക്രൌണ്സ് റൂം എന്ന അതീവ സുരക്ഷാ മുറിയിൽ ഭദ്രമായി കണ്ണാടിക്കൂട്ടിൽ സൂക്ഷിച്ചിരിക്കുന്നു. 1543 ൽ അധികാരമേറ്റ മേരി റാണിയുടെ രാജകീയ ചിഹ്നങ്ങളായ കിരീടം, ചെങ്കോൽ, മുദ്ര മോതിരം തുടങ്ങിയവയും വളരെ വില കൂടിയ രത്നം പതിച്ച ഒരു നെക്ക് ലസും ഇവിടെയുണ്ട്. ഇതിന്റെയൊന്നും ഫോട്ടോ എടുക്കാൻ അനുവാദമില്ല. തോക്ക് ധാരികൾ സദാ ജാഗരൂകരായി കാവലുമുണ്ട്. ഇരു വശത്തും ഇരുന്പ് കൊളുത്തുകൾ പിടിപ്പിച്ച 660 X 425 X 270 mm അളവുകളുള്ള ഒരു ചുവപ്പ് നിറമുള്ള Sand Stone ആണിത്. ക്രിസ്ത്യൻ പുരോഹിതന്മാർ, സ്കോട്ട് ലണ്ടിലെ രാജാക്കന്മാരെ Scone എന്ന സ്ഥലത്ത് വച്ച് ഈ കല്ലിൽ ഇരുത്തിയാണ് അഭിഷേകം ചെയ്തിരുന്നത്.

റോബർട്ട് ഡി ബ്രൂസിനെ ഇങ്ങനെ അഭിഷേകം ചെയ്യുന്ന പ്രതിമ Honors of the Kingdom എന്ന സ്ഥലത്ത് പ്രദർശിപ്പിച്ചിരിക്കുന്നു.

സഹോദരനായ ഏശാവിനെ പേടിച്ചു ഓടുന്നതിന്നിടയിൽ, ലൂസ് എന്ന സ്ഥലത്ത് വച്ച് യാക്കോബ് എന്ന യിസ്രായേലിന്, ഉറങ്ങിക്കിടന്നപ്പോൾ ദൈവം സ്വപ്നത്തിൽ ദർശനം കൊടുത്തതായും, ഉണർന്നപ്പോൾ അവിടെ ദൈവീക സാന്നിദ്ധ്യം ഉണ്ടെന്നു മനസ്സിലാക്കി, തലയിണയായി വച്ചിരുന്ന കല്ലെടുത്ത് അദ്ദേഹം അത് വിളക്കാക്കി എണ്ണ പകർന്ന് കത്തിച്ചു ദൈവത്തെ ആരാധിച്ചു എന്നും വി. വേദപുസ്തകത്തിൽ ഉല്പ്പത്തി 28-)o അദ്ധ്യായം 10-22 വരെ വാക്യങ്ങളിൽ പറയുന്നുണ്ട്.

അതാണ് ഈ കല്ലെന്നു വിശ്വസിച്ചു തട്ടിക്കൊണ്ടു പോകാൻ ബ്രിട്ടീഷുകാർ പല തവണ ശ്രമിച്ചെങ്കിലും, വളരെക്കാലം സ്കോട്ട് ലണ്ടുകാർ അതിനെയൊക്കെ അതിജീവിച്ചു. 1296 ലെ Dunbar യുദ്ധത്തിൽ എഡ്വേർഡ് രാജാവ് സ്കോട്ട് ലൻഡ് രാജാവ് ജോണിനെ തോല്പിച്ചു. ഏതോ സംന്യാസികൾ അസ്സൽ കല്ല് TAY നദിയിൽ ഒളിപ്പിച്ചിരുന്നുവെന്നും, അതല്ല Dunsinane കുന്നിൽ കുഴിച്ചിട്ടിരുന്നെന്നും, ഒരു നക്കൽ കൊടുത്ത് ബ്രിട്ടീഷുകാരെ 1308 ൽ കബളിപ്പിച്ചതാണ് എന്നും പറയപ്പെടുന്നു. വെസ്റ്റ് മിനിസ്റെർ അബ്ബെയിൽ ഇത് എഡ്വാർഡിന്റെ രാജകീയ സിംഹാസനത്തിൽ ഇണക്കിച്ചേർത്തിരുന്നത് 1950 ൽ രണ്ടു മൂന്നു സ്കോട്ട് ലൻഡ് വിദ്യാർത്ഥികൾ ഇളക്കിയെടുത്തു കൊണ്ട് പോകുന്പോൾ രണ്ടായി പൊട്ടിപ്പോയി. പിന്നീട് 1951 ൽ പോലീസ് കണ്ടെടുത്തു തിരികെയെത്തിച്ചു. അതും നക്കൽ ആയിരുന്നു എന്നും പറയപ്പെടുന്നു.

കുഴപ്പങ്ങൾ കൂടിക്കൂടി വരുന്നതിനാൽ, പുതിയ ഭരണാധികാരിയെ വാഴിക്കുന്ന ചടങ്ങുകൾക്ക് വേണ്ടി കൊടുത്തുകൊള്ളാം എന്ന ഉടന്പടിയിൽ, 1996 ൽ ബ്രിട്ടീഷുകാർ ഇത് മടക്കിക്കൊടുത്തു. 1953 ൽ എലിസബത്ത് രാജ്ഞി ഈ സിംഹാസനത്തിൽ ആരൂഢയായിട്ടാണ് അധികാരമേറ്റത്. ഇപ്പോഴുള്ളത് അസ്സൽ അല്ല എന്നും വാദമുണ്ട്. ഒറിജിനൽ എവിടെയെന്നു ആർക്കറിയാം? പെർത്ഷയരിലെ സ്കോണ് കൊട്ടാരത്തിൽ ഇതിന്റെ ഒരു മാതൃക സൂക്ഷിച്ചിട്ടുണ്ട്.

700 വർഷത്തോളം ഈ ഒരു കല്ലിനു വേണ്ടി മാത്രം ബ്രിട്ടീഷുകാരും സ്കോട്ട് ലണ്ടുകാരും തമ്മിൽ യുദ്ധം ചെയ്തിരുന്നു. ശത്രുക്കളെ പേടിച്ചു 3 പ്രാവശ്യം ഇത് പല സ്ഥലങ്ങളിലായി ഒളിച്ചു കടത്തുകയും കുഴിച്ചിടുകയുമൊക്കെ ചെയ്തിട്ടുണ്ട്.

യിസ്രായേലിലെ നഷ്ടപ്പെട്ട 10 ഗോത്രങ്ങളിലെ ജനതയാണ് ഇപ്പോഴത്തെ ബ്രിട്ടീഷുകാർ എന്നും, ഇവിടുത്തെ ഭരണാധികാരികൾ ദാവീദ് രാജാവിന്റെ പിന്മുറക്കാരാണെന്നും Birtish Israelism അവകാശപ്പെടുന്നു. അത് കൊണ്ടാവാം ഈ കല്ല് സ്വന്തമാക്കാൻ ബ്രിട്ടീഷുകാർ ഈ യുദ്ധമൊക്കെ നടത്തിയത്. നിന്റെ സിംഹാസനം സ്ഥിരമായിരിക്കും എന്ന് ദാവീദിന് ദൈവം കൊടുത്ത വാഗ്ദത്തം ഇവർ എങ്ങിനെ ന്യായീകരിക്കും? ദാവീദിന്റെ വംശത്തിൽ പിറന്ന രാജാവായ യേശുവിനെയാണ് ബൈബിൾ ഉദ്ദേശിക്കുന്നത്. അല്ലെങ്കിൽത്തന്നെ യിസ്രായേലിൽ ഏതെങ്കിലും സ്ത്രീ ഭരണം നടത്തിയിട്ടുണ്ടോ? ഇവിടെ വളരെക്കാലമായി റാണിയല്ലേ ഭരിക്കുന്നത്? യിരമ്യാ പ്രവാചകൻ ഈ കല്ല് അയർ ലൻഡിൽ കൊണ്ട് വന്നിരുന്നുവെന്നും അവിടുന്നാണ് സ്കോട്ട് ലൻഡിൽ എത്തിയതെന്നും പറയപ്പെടുന്നു. 152 കിലോ ഭാരമുള്ള ഈ കല്ല് അദ്ദേഹം എടുത്തു കൊണ്ട് വന്നു എന്ന് പറയുന്നതിൽ എന്തോ അപാകത തോന്നുന്നില്ലേ? തന്നെയുമല്ല ഇത് അവിടെ നിന്നും ഇവിടെ കൊണ്ട് വന്നിട്ട് പ്രവാചകന് എന്ത് കാര്യം?

National War Museum of Scotlandഇവിടെ സ്കോട്ട് ലണ്ടിന്റെ 400 വർഷത്തെ യുദ്ധങ്ങളുടെ വിശദാംശങ്ങളും, അവയിൽ ഉപയോഗിച്ച ഉപകരണങ്ങളുടെയും, ചമയങ്ങളുടെയും, വേഷങ്ങളുടെയും, മെഡലുകളുടെയും ശേഖരവും സൂക്ഷിച്ചിരിക്കുന്നു.

Scottish National War Memorial

1923 ൽ നിർമ്മിച്ച ഇതിന്നകത്ത് ഒന്നാം ലോക മഹാ യുദ്ധത്തിൽ വീര ചരമം അടഞ്ഞ 1,47,000 സ്കോട്ട് ലണ്ടുകാരുടെ പേരെഴുതിയ ഫലകം ഉണ്ട്. രണ്ടാം ലോക മഹാ യുദ്ധത്തിൽ മറ്റൊരു 50,000 കൂടി ചേർത്തു. ഇപ്പോഴും ചേർത്തു കൊണ്ടിരിക്കുന്നു. സ്ത്രീ ഭടന്മാരുടെ (അതോ ഭടികളോ ?) ചിത്രങ്ങളും, സ്ഥാനമാനങ്ങളും, ആയുധവർഗ്ഗവും വേറെ ഒരു പ്രത്യേക മുറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഇവിടെയും ഫോട്ടോഗ്രാഫി അനുവദനീയമല്ല.

1457 ൽ നിർമ്മിച്ച 6970 കിലോഗ്രാം ഭാരമുള്ള സ്കോട്ട് ലണ്ടിന്റെ അഭിമാനമായ Mons Meg എന്ന ഭീമൻ mortar പീരങ്കിയും അതിന്റെ കല്ലു കൊണ്ടുള്ള ഉണ്ടകളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. (ഇവിടെ സ്ത്രീയായിട്ടാണ് ഇതിനെ കണക്കാക്കുന്നത്) ഒരു പേരിൽ അറിയപ്പെടുന്ന ഒരേ ഒരു വെടിക്കോപ്പാണിത്. മൊത്തം 15 അടി നീളമുണ്ട്. 510 mm വ്യാസമുള്ള ഇതിന്റെ കുഴലിൽ 180 കിലോഗ്രാം ഭാരമുള്ള ഉണ്ടയാണ് ഉപയോഗിച്ചിരുന്നത്. ഇത് അക്കാലങ്ങളിൽ അകലെ നിന്നു മാറ്റാന്റെ കോട്ട പൊളിക്കാനാണ് ഉപയോഗപ്പെടുത്തിയിരുന്നത്. ഒരു പ്രാവശ്യം വെടി ഉതിർത്തു കഴിഞ്ഞാൽ അതിന്റെ ചൂട് കാരണം കുറെ നേരം കഴിഞ്ഞേ അടുത്ത വെടി വയ്ക്കാൻ സാധിച്ചിരുന്നുള്ളൂ. ഒരു ദിവസം പരമാവധി 8-10 വെടി. 1540 ൽ ഏറ്റവും വലിയ ഈ പീരങ്കി അടുത്തൂണ് പറ്റിയെങ്കിലും 1558 ൽ മേരി രാജ്ഞിയുടെ വിവാഹത്തിനു വച്ച വെടിയിൽ, 2 മൈൽ അകലെ നിന്നാണ് ഉണ്ട കണ്ടെടുത്തത്.


1680 ൽ ജെയിംസ് മൂന്നാമന്റെ വരവ് ആഘോഷിക്കാൻ വച്ച വെടിയിൽ ഇതിന്റെ കുഴൽ പൊട്ടി. ഇത്ര വലിയ പീരങ്കി ഇല്ലാത്ത ഇംഗ്ലീഷുകാരൻ അസൂയ മൂത്ത്, മന:പൂർവ്വം ചെയ്തതാണെന്ന് ഇതെന്ന് സ്കോട്ട് ലണ്ടുകാർ വിശ്വസിക്കുന്നു.

അതിന്റെ വണ്ടി എഡിൻബറ കൊട്ടാരത്തിന്റെ കന്മതിലിന്റെ ആകൃതിയിയിൽ ഉരുക്കിലാണ് നിർമ്മിച്ചിരിക്കുന്നത്.

ജയിംസ് മൂന്നാമന്റെ ഭാര്യ മാർഗരറ്റിന്റെ പേരാണിതിലെ Meg എന്നും ഇത് പരീക്ഷണം നടത്തിയ സ്ഥലത്തിന്റെ പേരാണ് Mons എന്നും പറയപ്പെടുന്നു. പതിനേഴാം നൂറ്റാണ്ടു മുതലാണ് ഇരുന്പിന്റെ ഉണ്ട പീരങ്കിയിൽ ഉപയോഗിക്കാൻ തുടങ്ങിയത്.

ഈ മാർഗരറ്റ് രാജ്ഞിയാണ് ഞാൻ കഴിഞ്ഞ മൂന്നാം ലക്കത്തിൽ പറഞ്ഞിരുന്ന ഫോർത്ത് റോഡ് പാലം ഉണ്ടാക്കിയത്. ഇവർ തികഞ്ഞ ദൈവ വിശ്വാസിയും ദീനാനുകന്പയുമുള്ള സ്ത്രീയുമായിരുന്നു. ജനങ്ങൾക്കു വേണ്ടി വളരെ നല്ല കാര്യങ്ങൾ ചെയ്തിരുന്നു. ഭർത്താവ് യുദ്ധത്തിൽ വീര സ്വർഗ്ഗം പൂകിയ വിവരമറിഞ്ഞ ശേഷം അവർ ജലപാനം പോലുമില്ലാതെ പിന്നാലെ യാത്രയായി. പിന്നീട് മാർപ്പാപ്പ അവരെ വിശുദ്ധയായി പ്രഖ്യാപിച്ചു.

“ONE O’ CLOCK GUN” എന്നറിയപ്പെടുന്ന വേറൊരു പീരങ്കി, ഞായറാഴ്ച്ചകളിലും, ദു:ഖ വെള്ളിയാഴ്ചയും, ക്രിസ്മസ്സിനും ഒഴികെ എല്ലാ ദിവസവും ഉച്ചയ്ക്ക് 1 മണിക്ക് നിറയൊഴിക്കും. Firth of Forth എന്ന കടലിടുക്കിൽ കൂടി പോകുന്ന സമുദ്ര യാനങ്ങൾക്ക് വേണ്ടി 1861 ൽ ഏർപ്പെടുത്തിയതാണിത്. എഡിൻബറയിലെ കാല്ടൻ കുന്നിൽ 1852 ൽ നിർമ്മിച്ച നെല്സണ് സ്മാരകത്തിലെ ‘Time Ball’ ഇതൊടൊപ്പം പ്രവർത്തിക്കാൻ ഏർപ്പെടുത്തിയിരുന്നു. പല പല പീരങ്കികൾ മാറി മാറി ഇപ്പോൾ L118 ലൈറ്റ് ഗണ് ആണ് ഇതിനുപയോഗിക്കുന്നത്.

ഇതിന്റെ ഏറ്റവും മുകളിൽ നിന്നും താഴേക്കുള്ള കാഴ്ച അവിസ്മരണീയമാണ്. എഡിൻബറ നഗരം മുഴുവൻ ഒരു പക്ഷിനോട്ടത്തിൽ കാണാം.


കാഴ്ചകൾ കണ്ടു ക്ഷീണിച്ചവർക്കു വിശ്രമിക്കാനും ചായ കുടിക്കാനും അല്പം വീശാനും ഒക്കെ ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്.

തുടരും….

……….അ

Facebooktwittergoogle_plusredditpinterestlinkedinmailby feather

Leave a Reply

Your email address will not be published. Required fields are marked *