സഞ്ചാരികളുടെ സ്വർഗ്ഗം അഥവാ സ്കോട്ട് ലൻഡ് (6)

വില്ല്യം ബ്രോഡി (Deacon Brodie) എന്ന കവർച്ചക്കാരൻ.

ഇയാൾ 1741 മുതൽ 1788 വരെ എഡിൻ ബറയിൽ ജീവിച്ചിരുന്ന ബുദ്ധിമാനും കൌശലക്കാരനുമായ ഒരു മരയാശാരി (wrights എന്നാണു ഇവിടെ പണ്ട് പറഞ്ഞിരുന്നത്) ആയിരുന്നു. അലമാരകളും വാതിലുകളും ജന്നലുകളും അതിന്റെയൊക്കെ പൂട്ടുകളും ഒക്കെ ഇയാൾ വിദഗ്ദ്ധമായി പണിതിരുന്നു. എഡിൻ ബറ സിറ്റി കൌണ്സിലർ, ജൂറി, കവി റോബർട്ട് ബേണ്സ്, ചിത്രകാരൻ സർ ഹെന്രി റായ്മാൻ എന്നിവരുമായി ചങ്ങാത്തം, എഡിൻ ബറ കേപ് ക്ലബ്ബിലെ അംഗത്വം അങ്ങിനെ കുറെയേറെ തൂവലുകൾ അയാളുടെ തൊപ്പിയിൽ ഉണ്ടായിരുന്നു. വ്യാപാരി സംഘടനയുടെ തലവൻ അഥവാ Deacon എന്ന പദവി അലങ്കരിച്ചിരുന്നതിനാൽ ഡീക്കൻ ബ്രോഡി എന്നും ഇയാൾ അറിയപ്പെട്ടിരുന്നു.

പകൽമാന്യനായി വിരാജിച്ചിരുന്ന ഇയാൾക്ക് ആർക്കുമറിയാത്ത മറ്റൊരു മുഖം ഉണ്ടായിരുന്നു. രാത്രി വേഷം മാറി പ്രഭു കുടുംബങ്ങളിൽ കവർച്ച നടത്തുമായിരുന്നു. മേൽപ്പറഞ്ഞ സ്ഥാനങ്ങളും ബന്ധങ്ങളും ഒക്കെ ഇയാൾക്ക് കൊട്ടാരങ്ങളുടെയൊക്കെ വാതിൽ, അലമാരകൾ എന്നിവയുടെയൊക്കെ കേടുപാടുകൾ തീർക്കാനുള്ള സുവർണ്ണാവസരം തുറന്നു കൊടുത്തു. റിപയർ പണിക്കിടെ സൂത്രത്തിൽ കയ്യിൽ കരുതിയിരിക്കുന്ന മെഴുകിൽ അവിടുത്തെ ചാവികളുടെയൊക്കെ പകർപ്പ് എടുക്കും. പിന്നെ പറയണോ? 1768 ൽ ഒരു ബാങ്ക് പോലും ഇയാൾ കവർച്ച ചെയ്തു £800/- നേടി. കവർച്ചകൾക്കൊന്നും ഒരു തുന്പും വാലുമില്ലാതെ പോലീസും ജനങ്ങളും കഷ്ടപ്പെട്ടു. വ്യഭിചാര ശാലയും ചൂതാട്ടവും കുടിയും ഇയാൾ രഹസ്യമായി നടത്തിയിരുന്നു.

അങ്ങിനെയിരിക്കെ ഇയാൾ തന്റെ അധോലോകം രണ്ടു മൂന്നു പേരെക്കൂടി ചേർത്തു വിപുലപ്പെടുത്തി. 1786 ൽ എക്സൈസ് ഓഫീസ് ഇയാളും കൂട്ടുകാരും കൂടി കവർച്ച ചെയ്യുന്പോൾ കൂട്ടുകാരൻ പിടിക്കപ്പെട്ടു. അയാളെ നാടു കടത്തുമെന്നായപ്പോൾ മാപ്പു സാക്ഷിയായി. ബ്രോഡിയാണ് ഇതിനു പിന്നിലെന്ന് ഏറ്റു പറഞ്ഞു രക്ഷപ്പെട്ടു. ബ്രോഡി ആരാ മോൻ? അയാൾ ഇത് നേരത്തെ മരത്തിൽ കണ്ടു. രായ്ക്കു രാമാനം നാടു വിട്ടു നെതർലണ്ടിൽ എത്തി. അമേരിക്കയ്ക്ക് കടക്കാനായിരുന്നു ഉദ്ദേശം. പക്ഷെ ആംസ്റ്റർദാമിൽ വച്ച് പിടികൂടപ്പെട്ടു. സ്കോട്ട് ലൻഡിൽ കൊണ്ട് വന്നു വിചാരണ ചെയ്തു വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. അയാൾ തന്നെ രൂപ കല്പന ചെയ്ത തൂക്കു മരത്തിൽ കക്ഷി തന്നെ ആദ്യമായി തൂക്കിലേറ്റപ്പെട്ടു!!!

പക്ഷെ ………….

ഇയാൾ തൂക്കു മരത്തിൽ നിന്ന് രക്ഷപ്പെട്ടു.

ഈ വിദ്വാൻ ചെയ്തതെന്നതാണെന്നറിയെണ്ടേ?

താൻ തന്നെ ഇരുന്പ് കൊണ്ട് ഉണ്ടാക്കിയ ഒരു കവചം, ആരാച്ചാർക്ക് കൈക്കൂലി കൊടുത്ത് ഇയാൾ കഴുത്തിലണിഞ്ഞിരുന്നു. (ഇവിടെയൊക്കെ എല്ലാവരും ഹൈ കോളർ കോട്ടും സൂട്ടും റ്റൈയുമൊക്കെ അണിഞ്ഞല്ലേ നടപ്പ്) അതിനാൽ തൂക്കിലേറ്റിയപ്പോൾ കഴുത്തിൽ കെട്ടു മുറുകിയില്ല. പക്ഷെ ഇയാൾ കയറിൽ മരിച്ചതു പോലെ അഭിനയിച്ചു കിടന്നു. രാത്രിയിൽ ആരാച്ചാർ തന്നെ ഇയാളെ പുറത്തു കടക്കാൻ സഹായിച്ചു. പിന്നീട് ഫ്രാൻസിലാണ് പൊങ്ങിയെന്നു കഥയുണ്ട്.

എഡിൻബറ കൊട്ടാരത്തിൽ നിന്നും കിഴക്കോട്ടു ഇറങ്ങി ഒരു മൈൽ അകലെയുള്ള UK ഭരണാധികാരികളുടെ ഔദ്യോഗിക താമസസ്ഥലമായ Holyrood Palace വരെയുള്ള വഴിക്ക് റോയൽ മൈൽ എന്നാണ് പേര്. കൊട്ടാര വാതിലിൽ നിന്നും ഒരു 150 മീറ്റർ അകലെയായി ബ്രോഡിയുടെ തറവാടിനു മുൻപിൽ ഇയാളുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത് കാണാം. ഇതൊരു പബ് ആണിപ്പോൾ. Brodie’s Close എന്ന് പറഞ്ഞാൽ ഇതിലൂടെ വേറെ വഴിയില്ല, അങ്ങോട്ട് കയറിയാൽ അത് വഴി തന്നെ പുറത്തിറങ്ങേണ്ടി വരും എന്നാണർത്ഥം. ഇവിടെ വളരെയേറെ വിലാസങ്ങൾ ഇങ്ങനെ ……. Close എന്ന് കാണാറുണ്ട്. ഇതിന്റെ എതിർ വശത്ത് ഇയാളുടെ തന്നെ പേരിൽ മറ്റൊരു പബും ഉണ്ട്. കച്ചവട തന്ത്രം തന്നെ.

(ഇത് കേട്ടപ്പോൾ എനിക്ക് മനസ്സിൽ പെട്ടന്നൊരു ലഡ്ഡു പൊട്ടി. നാട്ടിൽ വന്നു കായംകുളം കൊച്ചുണ്ണിയുടെ പേരിലോ ഇത്തിക്കരപ്പക്കിയുടെ പേരിലോ മറ്റോ ഒരു ഹോട്ടൽ തുടങ്ങിയാലോ !!! പക്ഷെ ഉടൻ തന്നെ അതുപേക്ഷിച്ചു. ഇവരേക്കാൾ മികച്ച വിദഗ്ദ്ധ കള്ളന്മാരും കവർച്ചക്കാരും ഇപ്പോൾ നമ്മുടെ നാട്ടിൽ വിഹരിക്കുന്പോൾ ആർക്കു വേണം കായംകുളത്തിനെയൊക്കെ? )

Robert Louis Stevenson എന്ന നോവലിസ്റ്റ് ഇയാളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു കൊണ്ടാണ് Jekyll and Hyde എന്ന പ്രശസ്തമായ നോവൽ എഴുതിയത്. Stevenson ന്റെ പിതാവിന് ഇയാൾ ഫർണ്ണിച്ചർ ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്.

ഇവിടെയൊക്കെ ബീയറിനു പകരം Indian Pale ale അന്ന് വേറൊരു തരം ബീയർ കിട്ടും. ഇവിടുത്തെ സാധാരണ ബീയർ ബ്രിട്ടീഷുകാർക്ക് കുടിക്കാൻ വേണ്ടി ഇന്ത്യയിലേക്ക് കൊണ്ട് വന്നപ്പോൾ നിറം മാറിയത്രെ. അത് കുടിക്കാൻ വിസമ്മതിച്ചവർക്കു വേണ്ടി നിറം മാറാത്ത ബീയർ കൊണ്ട് വന്നതാണിത്. കല്ക്കരി ഉപയോഗിച്ച് പുകച്ച ബാർലിയിൽ നിന്നും ഉണ്ടാക്കുന്നതിനാലാണത്രെ ഈ നിറം. ജെർമനിയിൽ ഉണ്ടാകുന്ന ചോളം മാതിരിയുള്ള HOP ചെടിയിൽ ഉണ്ടാകുന്ന HOPS പൂവിൽ നിന്നെടുക്കുന്ന തൈലം ചേർക്കുന്നതിനാലാണ് ബീയറിനു കയ്പ്പും സ്വാദും മണവും ഒക്കെ കിട്ടുന്നത്. ഇതൊരു preservative കൂടിയാണ്. (കയ്പ്പിനു എന്ത് സ്വാദ്? ബീയർ ഞാൻ കഴിച്ചിട്ടില്ല) Calcutta Gazzette ൽ 1784 ൽ ഇതിന്റെ പരസ്യം വന്നിട്ടുണ്ടത്രേ.
(ഇവിടിടെ ഉണ്ടാക്കുന്ന സ്കോച് വിസ്കിയുടെ കഥ പിന്നാലെ പറയാം)

ഞങ്ങൾ കൊട്ടാരത്തിൽ കയറും മുൻപ് അവിടുത്തെ കാർ പാർക്കിൽത്തന്നെ താവളമടിച്ചിരിക്കുന്ന സ്റ്റുവർട്ട് എന്ന സ്കോട്ട് ലൻഡ് കാരൻ തന്നെയായ ഗൈഡിനെ പരിചയപ്പെട്ടു. ഈ നാടിനെക്കുറിച്ചും പാരന്പര്യത്തെക്കുറിച്ചും മാത്രമല്ല ഒരു മാതിരി എല്ലാറ്റിനെക്കുറിച്ചും നല്ല അവഗാഹം ഇദ്ദേഹത്തിനുണ്ട്. ആളൊന്നുക്ക് £22/- വച്ചു കൊടുത്ത് അദ്ദേഹത്തിൻറെ സേവനം ഉച്ചയ്ക്ക് ശേഷം ഞങ്ങൾ കരസ്ഥമാക്കി. ഇറങ്ങി വന്നപ്പോൾ അദ്ദേഹം കൂടെ നടന്നു കൊണ്ട് ഞങ്ങൾക്ക് ഇവിടുത്തെ ഒരു മാതിരി എല്ലാ കാര്യങ്ങളും കാണിച്ചു പറഞ്ഞു തന്നു:

ഇവിടെത്തന്നെയാണ് Writers Museum. Robert Berns, Walter Scot, Robert Louis Stevenson എന്ന മൂന്നു എഴുത്തുകാരുടെയും പുരാവൃത്തവും ഉപയോഗിച്ചിരുന്ന സാമഗ്രികളും ഇവിടെ കാണാം. ധന തത്വ ശാസ്ത്രത്തിന്റെ പിതാവായ സ്കോട്ട് ലണ്ട് കാരൻ ആദം സ്മിത്തിന്റെയും


അലക്സാണ്ടർ ദി ഗ്രേറ്റ് എന്ന മഹാനായ യുദ്ധവീരൻ അദ്ദേഹത്തിൻറെ ബ്യൂസിഫാലസ് എന്ന കുതിരയെ മെരുക്കുന്നതിന്റെയും പ്രതിമകൾ ഈ റോഡിൽത്തന്നെ. ഇവർ രണ്ടു പേരും റോമൻ രീതിയിലാണ് വസ്ത്രം ധരിച്ചിരിക്കുന്നത്. എന്തെന്നാൽ അന്ന് സ്കോട്ട് ലണ്ടുകാർ സാംസ്കാരികമായി അത്ര ഉയർന്ന നിലയിലല്ലായിരുന്നു. റോമാക്കാരെപ്പോലെ തന്നെ ഒരു വലിയ സാംസ്കാരിക പൈതൃകം ഇവരും ആഗ്രഹിച്ചതിന്റെ ശേഷിപ്പാണിത്.

വൈദ്യ ശാസ്ത്ര ഗവേഷണത്തിൽ ഈ നാട് വളരെ മുന്നിലാണ്. അവർക്ക് വേണ്ടി ഒരിടയ്ക്ക് കല്ലറകൾ മുഴുവൻ പരതി അസ്ഥികൂടങ്ങൾ കവർച്ച ചെയ്തു വില്ക്കുന്ന പല ഗൂഢ സംഘങ്ങളുടെയും ശല്യം സഹിക്കാൻ വയ്യാതെ Shoot At Sight Order പോലും ഇവിടെ ഒരിക്കൽ പ്രഖ്യാപിക്കേണ്ടി വന്നിരുന്നു.

ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സിന്റെ സ്ഥാപകരിൽ ഒരാളും, സസ്യ ശാസ്ത്രജ്ഞനും, സാമൂഹ്യ പരിഷ്കർത്താവും, ഇന്ത്യൻ പക്ഷി നിരീക്ഷകരുടെ മാർപ്പാപ്പ എന്ന് ബ്രിട്ടീഷുകാർ ഇരട്ടപ്പേരിട്ടിരുന്നതുമായ A O Hume,

സുവിശേഷകനും, നീല നദിയുടെ ഉത്ഭവ സ്ഥാനം, വിക്ടോറിയ വെള്ളച്ചാട്ടം, ഒട്ടനവധി തടാകങ്ങൾ എന്നിവ കണ്ടെത്തി ആഫ്രിക്കയ്ക്ക് ഒരു ഭൂപട നിർമ്മാണത്തിന് സഹായകമായ പല വിവരങ്ങളും ക്രോഡീകരിച്ച മഹാനായ David Livingstone എന്നിവരുടെ പ്രതിമകളും ഇവിടെയുണ്ട്.

ലിവിംഗ് സ്റ്റൻന്റെയും ഹൃദയം സാംബിയയിൽ കബറടക്കി. മൃതദേഹം ഇംഗ്ലണ്ടിലെ വെസ്റ്റ് മിനിസ്റെർ അബ്ബെയിൽ ആണ് സംസ്കരിച്ചത്.

ഇന്ത്യയിലുള്ള ഫോർട്ട് വില്ല്യം എവിടെയെന്നു എന്നോട് അങ്ങേർ ചോദിച്ചു. ഞാൻ വായ് പൊളിച്ചു. അപ്പോഴാണ് പണ്ട് കൽക്കട്ടയുടെ പേര് ഇങ്ങിനെയായിരുന്നു എന്നും ബ്രിട്ടീഷുകാർ അവിടെ ഫ്രഞ്ചുകാരുടെ ഭീഷണി മറികടക്കാൻ 1712 ൽ ഹൂഗ്ലി തീരത്ത് നിർമ്മിച്ച കോട്ടയാണ് ഇപ്പോൾ ഈ പേരിൽ അറിയപ്പെടുന്നത് എന്നും അദ്ദേഹം പറഞ്ഞു തന്നു. ഇപ്പോൾ ഈ സ്ഥലങ്ങളുടെയെല്ലാം പേരു കൊൽകട്ട, മുംബൈ, ചെന്നൈ, ദില്ലി എന്നൊക്കെ മാറ്റി എന്ന് പറഞ്ഞപ്പോൾ അതിന്റെ പിന്നിലെ ദേശീയത അദ്ദേഹത്തിനു തീരെ പിടിച്ചില്ല.
(ലോക ഭൂപടത്തിലൊക്കെ പഴയ പേരും കണ്ടു കൊണ്ടാണ് വിനോദ സഞ്ചാരികൾ വരുന്നത്. അവരെയൊക്കെ കുഴപ്പിക്കുന്ന ഈ പരിഷ്കാരം, തലയിലൊന്നുമില്ലാത്ത രാഷ്ട്രീയക്കാരനോട് പറഞ്ഞിട്ട് എന്ത് കാര്യം? അവർക്ക് എങ്ങിനെയെങ്കിലും പത്തു വോട്ടു കിട്ടണം)

സാധാരണ സ്കോട്ട് ലണ്ട് കാർ അരപ്പാവാട മാതിരി ഒരു വസ്ത്രമാണ് ധരിക്കാറുള്ളത്. പക്ഷെ കുറെയേറെ ശ്രമിച്ചിട്ടും ഇങ്ങനെ ഒരാളെ എന്റെ ക്യാമറയിൽ പകർത്താൻ എനിക്ക് സാധിച്ചില്ല.

(ഇംഗ്ലീഷുകാർ പാന്റ്സ്/ജീൻസ്, ഷർട്ട്‌, കോട്ട് എന്നിവ ധരിക്കും. കുമാരിമാർ ഏറ്റവും ചെറിയ ട്രൌസർ, അമ്മയായാൽ കുറച്ചു കൂടി നീളമുള്ള പാവാട, കുറച്ചു കൂടി പ്രായം ചെന്നാൽ മുട്ട് വളരെയുള്ള പാവാട അല്ലെങ്കിൽ ജീൻസ്, നന്നേ പ്രായമുള്ള സ്ത്രീകൾ വലിയ പാവാട ഇങ്ങനെയാണ് ഇവിടുത്തെ രീതി എന്നു തോന്നുന്നു. ഏതായാലും നമ്മുടെ നാട്ടിലെ മാതിരി ഒരേ വസ്ത്രം ധരിച്ച രണ്ടു സ്ത്രീകളെ ഇവിടെ കാണാൻ കിട്ടില്ല)

ഇതിന്റെയൊക്കെ കഥകൾ പറഞ്ഞു തരുന്ന വേളയിൽ ആർക്കും മെരുക്കാനാവാതിരുന്ന ബ്യൂസിഫാലസിനെ അലക്സാണ്ടർ മെരുക്കിയ പ്രസിദ്ധമായ കഥ ഞാൻ പറഞ്ഞു. സ്റ്റ്യൂവർറ്റ് എന്നെ ഒന്ന് നോക്കി. ഇതൊക്കെ ഏതോ ഒരു പട്ടിക്കാട്ടിൽ നിന്നു വന്ന നിങ്ങൾക്കെങ്ങിനെ അറിയാം എന്നായി അയാൾ. ഞാൻ പറഞ്ഞു ഞങ്ങൾ കേരളീയർ സാധാരണക്കാരല്ല എന്ന്. നമ്മുടെ സാക്ഷരതാ നിലവാരത്തെക്കുറിച്ചും കലാ സാംസ്കാരിക പൈതൃകത്തെക്കുറിച്ചും അയാൾക്ക് നല്ല ഒരു ക്ലാസ്സ് എടുത്തു.

പക്ഷെ ഇത് പോലെയൊരു കുതിര നമ്മുടെ ഭാരതത്തിലുമുണ്ടായിരുന്നു എന്ന് അങ്ങേർക്കു അറിയില്ലായിരുന്നു.പിന്നീട് നമ്മുടെ ചേതക്കിന്റെ വീര പരാക്രമങ്ങളുടെയും, അലെക്സാണ്ടറോടേറ്റു മുട്ടി വീരോചിതമായി പോരാടിയ പുരൂരവസ് എന്ന രാജാവിന്റെ കാര്യവും ഞാൻ അദ്ദേഹത്തിനു പറഞ്ഞു കൊടുത്തു.

തുടര

Facebooktwittergoogle_plusredditpinterestlinkedinmailby feather

Leave a Reply

Your email address will not be published. Required fields are marked *