സഞ്ചാരികളുടെ സ്വർഗ്ഗം അഥവാ സ്കോട്ട് ലൻഡ്. (13)

 


വിസ്കി ഫാക്ടറി കണ്ടു കഴിഞ്ഞു ഞങ്ങൾ ഹൈലാൻഡിൽ തന്നെയുള്ള, Loch Ness എന്ന തടാകം ലക്ഷ്യമാക്കി നീങ്ങി. വടക്ക് കിഴക്ക് ഇൻവേർനെസ് മുതൽ തെക്ക് പടിഞ്ഞാറ് ഫോർട്ട് വില്ല്യം വരെയും അവിടുന്ന് അയർലണ്ട് വരെയുമുള്ള Great Glen Fault എന്ന ഭൂ ഭ്രംശ മേഖലയിൽ നീണ്ടു കിടക്കുന്ന ഈ ഈ തടാകം സമുദ്ര നിരപ്പിൽ നിന്നും 52 അടി ഉയരെയാണ്. ഇംഗ്ലണ്ടിലെയും വെയിൽസിലെയും മുഴുവൻ ജലവും കൂട്ടിയാലും ഈ തടാകത്തിലെ അത്രയും വരില്ല !!

മറ്റു തടാകങ്ങളുമായും ചതുപ്പുകളുമായും ബന്ധപ്പെട്ടു കിടക്കുന്ന ഇവിടെയ്ക്ക് Ness, Oich, Farigaig, Foyers തുടങ്ങിയ നദികളും ഒഴുകിച്ചേരുന്നു. കറുകറുത്ത പാറകളിൽ നിന്നും Peat എന്ന പായൽ ഉണങ്ങിയതിൽക്കൂടി ഊറി ഇറങ്ങുന്ന ജലം കട്ടൻ കാപ്പിയുടെ നിറം ഈ തടാകത്തിനു കൊടുക്കുന്നു. അതിനാൽത്തന്നെ അടിയിലേക്ക് ഒന്നും തന്നെ കാണാൻ വയ്യ. വളരെ ആഴവും ഇതിനുണ്ട്.

തടാകത്തിന്റെ പടിഞ്ഞാറെക്കരയിലുള്ള ഇടിഞ്ഞു പൊളിഞ്ഞ അഞ്ചു നില ഗോപുരം ഉള്ള Urquhart Castle വളരെ ചരിത്ര പ്രാധാന്യമുള്ളതാണ്. പക്ഷെ സമയക്കുറവു മൂലം അതുപേക്ഷിച്ചു.

ഈ തടാകത്തിന്റെ ആഴങ്ങളിലെവിടെയോ ഒളിച്ചിരിക്കുന്നു എന്ന് കരുതപ്പെടുന്ന ആരും ഒരിക്കലും കണ്ടിട്ടില്ലാത്ത, ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലാത്ത, Loch Ness Monster എന്ന ഭീകര ജീവിയെ കാണാൻ ഇവിടെ എപ്പോഴും സഞ്ചാരികളുടെ വൻ തിരക്കാണ്. Early Jurassic Period ൽ ജീവിച്ചിരുന്ന Plesiosauria എന്ന ഉരഗവർഗ്ഗ ജീവിയാണ് ഇതെന്ന് കരുതപ്പെടുന്നു.

1933 മെയ് മാസത്തിൽ George Spicer എന്ന ബ്രിട്ടീഷുകാരൻ ഇവിടെ ഭാര്യയുമൊത്ത് ഉല്ലാസ യാത്ര നടത്തുന്പോൾ, ഈ ജീവി, ഒരു മൃഗത്തിനെ കടിച്ചു പിടിച്ചു കൊണ്ട് അലസമായി വഴിക്ക് കുറുകെ നടന്നു പോകുന്നതായി കണ്ടു എന്ന് Alex Campbell എന്ന Water bailiff (ലോക് നെസ് ജല രക്ഷാധികാരി) Inverness Courier എന്ന പത്രത്തിൽ റിപ്പോർട്ട് ചെയ്തു. പിന്നീട് ഇതിനെ കണ്ടു എന്ന് ധാരാളം പേർ അവകാശ വാദവുമായി വന്നു. അസാമാന്യ വലിപ്പമുള്ള മീനാണെന്നും, കടല്പാമ്പാണെന്നും, മറ്റേതോ ഭീകര ജീവിയാണെന്നും ഒക്കെ പറഞ്ഞു പറഞ്ഞ് അവസാനം “Nessi” എന്ന ഓമനപ്പേരിൽ എങ്ങും പ്രസിദ്ധമായി.

വിക്കിപീഡിയയിൽ nessie എന്ന് ടൈപ്പ് ചെയ്‌താൽ ഇതിനെപ്പറ്റി കൂടുതൽ വിവരണങ്ങളും ആൾക്കാർ എടുത്തുവെന്നു പറയപ്പെടുന്ന ചിത്രങ്ങളും കാണാം.

1933 ഡിസംബർ മാസത്തിൽ Hugh Gray എന്നയാൾ ഇതിന്റെ ഫോട്ടോ എടുത്തു Daily Express പത്രത്തിൽ പ്രസിദ്ധീകരിച്ചു. അന്നു മുതൽ ഇതൊരു സംരക്ഷിത ജീവിയാണ്. ആരും ഉപദ്രവിക്കാതിരിക്കാൻ അധികാരികൾ പോലിസിനെ പ്രത്യേകം ശട്ടം കെട്ടിയിട്ടുണ്ട്!!! പിന്നീടും പലരും ഇതിനെ കാണുകയും ഫോട്ടോ എടുക്കുകയും ഒക്കെ ചെയ്തു. ഒക്കെ തട്ടിപ്പാണെന്ന് പിന്നീട് മനസ്സിലായി. പക്ഷെ ഇപ്പോഴും അത്യന്താധുനിക ഉപകരണങ്ങളുമായി ഇതിന്റെ പിന്നാലെ ആൾക്കാർ ഗവേഷണം നടത്തുന്നുണ്ട്.

2003 ൽ BBC അറുനൂറോളം Sonar Beams ഉപയോഗിച്ച് തടാകത്തിലെ ഓരോ ഇഞ്ചും അതിസൂക്ഷ്മമായി ഉപഗ്രഹ തെരച്ചിൽ നടത്തിയെങ്കിലും ഇതിന്റെ പൊടി പോലും കണ്ടു കിട്ടിയില്ല. കുട്ടികൾ ഇതിലിറങ്ങി കുളിച്ചു അപകടം വരാതിരിക്കാൻ മെനഞ്ഞ വെറും അമ്മൂമ്മക്കഥ. ആറാം നൂറ്റാണ്ടു മുതൽ കൊളമ്പിയ എന്ന വിശുദ്ധനോടനുബന്ധിച്ചു ഈ കഥ ഇവിടെ പ്രചാരത്തിലുണ്ട്.

ഞങ്ങൾ ഉച്ചയായപ്പോൾ ജെട്ടിയിൽ ചെന്ന് സവാരി ബുക്ക് ചെയ്തു. തുറന്ന സ്പീഡ് ബോട്ടിൽ ഏറെ നേരം ഏറെ ദൂരം അവർ കാണിക്കും. പക്ഷെ കനത്ത മഴയും തണുപ്പും, വശങ്ങളിൽ കണ്ണാടിയിട്ട വലിയ ബോട്ടിലേക്ക് കയറാൻ ഞങ്ങളെ നിർബ്ബന്ധിതരാക്കി. ഭക്ഷണം കഴിഞ്ഞു 3 മണിക്ക് ഞങ്ങൾ ബോട്ടിൽ കയറി. അതിലൊക്കെ സ്ത്രീകളും സ്രങ്കായിട്ടു ജോലി ചെയ്യുന്നുണ്ട്. ബോട്ടടുപ്പിക്കുമ്പോഴും അകറ്റുമ്പോഴും പുരുഷന്മാരെ വെല്ലുന്ന ചടുലതയോടെ ഇവർ ചാടിക്കയറുകയും ഇറങ്ങുകയും ബോട്ട് കെട്ടിയിടുകയും തള്ളി നീക്കുകയും ഒക്കെ ചെയ്യുന്നു!!

കുറെ നേരത്തേക്ക് കനത്ത മഴ കാരണം ഒന്നും കാണാൻ തരപ്പെട്ടില്ല. മഴ കുറഞ്ഞപ്പോൾ ബോട്ടിന്റെ ഉയർന്ന തട്ടിൽ ഞങ്ങളെല്ലാം കയറി ഇരു വശവും വീക്ഷിച്ചു. അപ്പോഴും ചാറൽ മഴയും കാറ്റും ഉണ്ടായിരുന്നു.

ഇങ്ങനെയൊരു കാഴ്ച പിന്നെ ജീവിതത്തിൽ ഒരിക്കലും കിട്ടാനിടയില്ലാത്തതിനാൽ, 10 ഡിഗ്രിക്ക് താഴെയുള്ള ആ തണുപ്പും മഴയും കാറ്റും ഒക്കെ അതിജീവിച്ചു ഞങ്ങൾ അതിന്റ പുറത്തു തന്നെ നിന്നു. നെസ്സിക്കൊരു മ്യൂസിയവും ഇവിടെയുണ്ട്.

ഈ നെസ്സി യുഗങ്ങൾക്കു മുൻപേ പിടിച്ചു കയറാൻ ശ്രമിച്ചു എന്ന് പറയപ്പെടുന്ന ഒരു സ്ഥലം അവർ ഞങ്ങൾക്ക് കാട്ടിത്തന്നു. ആൾപാർപ്പ് കുറഞ്ഞ ഈ സ്ഥലത്ത് കൂടി പിടിച്ചു കയറിയപ്പോൾ ഉണ്ടായ കയ്യുടെ പാടാണത്രേ ഇവിടെ കാണുന്നത്!! ഇപ്പോൾ പോലും ഇവിടെ ആൾക്കാർ വളരെ കുറവാണ്. വിനോദ സഞ്ചാരികളെ പറ്റിക്കാനുണ്ടാക്കിയ കെട്ടുകഥ. ഭൂമി നിരങ്ങുന്നതിനാൽ, ഈ ഭാഗത്തൊക്കെ ഇങ്ങിനെ പാറ ഇടയ്ക്കിടെ ഇടിഞ്ഞു വീഴാറുണ്ട് എന്നു മുൻപ് ഞാൻ സൂചിപ്പിച്ചിട്ടുണ്ടല്ലോ.

ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഞങ്ങൾ തിരികെയെത്തി. മനുഷ്യ നിർമ്മിതമായ ഒരു ദ്വീപും ഇവിടെയുണ്ട്. കൊച്ചിയിലെ നമ്മുടെ Willington Island പോലെ.

ബോട്ട് യാത്ര 4 മണിക്ക് അവസാനിപ്പിച്ചു. അങ്ങനെ ഞങ്ങളുടെ സ്കോട്ട് ലാൻഡ് യാത്രയും അവസാനിച്ചു. വളരെ ഭാരത്തോടെയാനെങ്കിലും ഞങ്ങൾ അപ്പോൾത്തന്നെ ലണ്ടനിലേക്ക് തിരിച്ചു. Loch Ness ന്റെ തീരത്ത് കൂടിയുള്ള ഈ യാത്രയും വളരെ ഹൃദ്യമായിരുന്നു. കനത്ത മഴ മൂലം പുറത്തിറങ്ങാൻ സാധിച്ചില്ല എന്ന് മാത്രം.

വരുന്ന വഴി പന്തയക്കുതിരയെ കൊണ്ട് പോകുന്ന പ്രത്യേക തരം വാഹനം കണ്ടു.

ഒരു Services ൽ (പെട്രോൾ നിറയ്ക്കൽ, വിശ്രമം, പ്രാഥമിക ആവശ്യങ്ങൾ നിർവ്വഹിക്കൽ ഒക്കെ ഇവടെ മാത്രം) കയറിയപ്പോൾ ചില അറബികളെയും കണ്ടു.

വിനോദ സഞ്ചാരികളുടെ വകയായ പല വിവിധോദ്ദേശ കാരവനുകളും ഇവിടെ കണ്ടു.

സ്കോട്ട് ലണ്ടിലെ പല സ്ഥലങ്ങളിലും വച്ച് യശ:ശരീരനായ വയലാറിന്റെ പ്രസിദ്ധമായ വരികൾ പലവുരു ഞങ്ങൾ പാടി.

“ചന്ദ്ര കളഭം ചാർത്തിയുറങ്ങും തീരം, ഇന്ദ്ര ധനുസ്സിൻ തൂവൽ കൊഴിയും തീരം”

തിരികെ പോരുമ്പോൾ ബാക്കിയും.

“ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി ?”

ഉദ്ദേശം 5 മണിക്കൂറോളം എ 9 വഴി, പലയിടങ്ങളിലായി നിർത്തി, ഗ്ലാസ്ഗോ വഴി, Carlisle (കാർലൈൽ) എന്ന സ്ഥലത്തെ ട്രാവേലോട്ജിൽ രാത്രി എത്തി.

Celts എന്ന ദൈവങ്ങളിൽ ഒരാളായ Lugh ൽ നിന്നും നിഷ്പാദിപ്പിക്കപ്പെട്ട Caer Luel പിന്നീട് കാർലയിൽ ആയതാണ്. സ്കോട്ട് ലാൻഡ് – ഇംഗ്ലണ്ട് അതിർത്തി ആണിത്. അവിടെയും യുദ്ധങ്ങളും അധിനിവേശങ്ങളും പല കഥകളും അറിയാനുണ്ടെങ്കിലും ഞങ്ങളുടെ യാത്രാ പരിപാടി അവസാനിച്ചതിനാൽ അതൊന്നും തിരയാൻ പോയില്ല.

പതിവു പോലെ ചായയും ഒക്കെ ഉണ്ടാക്കി കഴിച്ചു, കുളിച്ചു സ്കോട്ട് ലൻഡ് എന്ന സ്വർഗ്ഗീയ ഭൂമിയെക്കുറിച്ചുള്ള സ്വപ്നങ്ങളുമായി ഉറക്കം തുടങ്ങി.

പിറ്റേന്ന് കാലത്ത് വീണ്ടും തലേന്ന് വാങ്ങി വച്ചിരുന്ന ബ്രെഡും ജാമും പഴങ്ങളും കൊണ്ട് പ്രാതലൊക്കെ പതിവു പോലെ അകത്താക്കി പെട്ടിയൊക്കെ എടുത്തു താഴെ എത്തി. മകൻ കാറു കൊണ്ട് വന്നു ലോഡ്ജിന്റെ മുന്നിൽ നിർത്തിയപ്പോൾ അവിടെ നിന്നിരുന്ന വളരെ മാന്യനും വൃദ്ധനുമായ ഒരു സ്കോട്ട് ലണ്ടുകാരൻ, എന്റെ വിലക്കുകൾ വക വയ്ക്കാതെ, മഴയെ കൂസാതെ, ഞങ്ങളുടെ രണ്ടു വലിയ പെട്ടികളും തൂക്കി എടുത്തു കാറിനകത്ത് വച്ചു തന്നു!! ലണ്ടനിൽ ആണെങ്കിൽ ഒരിക്കലും ഇങ്ങനെ പ്രതീക്ഷിക്കാൻ സാധിക്കില്ല. അവർ ആരെയും ശ്രദ്ധിക്കാറു പോലുമില്ല.

അദ്ദേഹത്തോട് നന്ദി പറഞ്ഞ് തെക്കോട്ട് യാത്ര തുടർന്നു Telford ൽ മകന്റെ ഒരു സുഹൃത്തിന്റെ വീട്ടിൽ ഉച്ചയായപ്പോൾ എത്തി. അവർ കപ്പയും, ആട്ടിറച്ചിയും, അവിയലും സാമ്പാറും ഒക്കെ ചേർത്തു ഞങ്ങൾക്ക് വിഭവ സമൃദ്ധമായ സദ്യ ഒരുക്കിയിരുന്നു. (ഒരിറ്റു കഞ്ഞിവെള്ളം കുടിച്ചിട്ട് അപ്പോഴേക്കും ഒരാഴ്ചയായിരുന്നു) മൃഷ്ടാന്നം ഭുജിച്ചു. അദ്ദേഹത്തിനും കുടുംബത്തിനും നന്ദി പറഞ്ഞ്, ഉച്ച തിരിഞ്ഞു വീണ്ടും തെക്കോട്ട് പ്രയാണം ചെയ്ത് വൈകുന്നേരമായപ്പോൾ ലണ്ടനിൽ എത്തി. ഞങ്ങൾ ഭയപ്പെട്ടതു പോലെ അത്യധികമായ തണുപ്പിൽ ഞങ്ങൾക്കാർക്കും ഒരസുഖവും വന്നു പെട്ടില്ല. ഈശ്വരോ രക്ഷതു.

വഴിയിൽ എന്തൊക്കെയോ നിർമ്മിതികൾ കണ്ടു. എന്താണാവോ, ആർക്കറിയാം?

ഇപ്പോഴും ചില രാത്രികളിൽ, അത് വഴി പോകുന്നതായുള്ള സുന്ദര സ്വപ്നങ്ങൾ ഞങ്ങൾ കാണാറുണ്ട്.

“ഒരു വട്ടം കൂടിയെന്നോർമ്മകൾ മേയുന്ന സ്കോട്ട് ലണ്ടിൽ പോകുവാൻ മോഹം…. വെറുതെയീ മോഹങ്ങളെന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം…”

നമ്മുടെ മഹാ കവി ശ്രീ O N V ഇവിടെ ജനിച്ചിരുന്നെങ്കിലോ ഇവിടം ഒരു വേള കണ്ടിരുന്നെങ്കിലോ ഈ കവിത ഇങ്ങനെ മാറ്റി എഴുതിയേനെ.

ഇത് പറയുമ്പോഴൊക്കെ മകൻ ശുഷ്കമായ പേഴ്സ് തുറന്നു കാണിക്കും. ഉദ്ദേശം £3,000/- (അതായത് Rs.3,00,000/-) എല്ലാം അടക്കം ചെലവായി. എന്നാലെന്താ ?

ദൈവാധീനമുണ്ടെങ്കിൽ, അടുത്ത വർഷം ഒന്ന് കൂടി വരണം. ആ മനോഹര തീരത്തിന്റെ ഒരു ശതമാനം പോലും ഞങ്ങൾ കണ്ടില്ല താനും.

………………………………..അവസാനിച്ചു.

ഇതിൽ കൊടുത്തിരിക്കുന്ന വിവരങ്ങൾ വിക്കി പീഡിയയിൽ നിന്നുമാണ്.

Facebooktwittergoogle_plusredditpinterestlinkedinmailby feather

Leave a Reply

Your email address will not be published. Required fields are marked *