“സാഹിത്യദാരിദ്ര്യരേഖ”

ആണ്ടിൽ നിശ്ചിതമായ തുകയ്ക്കു താഴേ വരുമാനമുള്ള കുടുംബം ദാരിദ്ര്യരേഖയ്ക്ക് താഴെയും അതിനു മുകളിലുള്ളവർ ആ രേഖയ്ക്കു മുകളിലുമാണെന്നാണല്ലോ വയ്പ് !

ഐക്യരാഷ്ട്രസഭയുടെ കണക്കു പ്രകാരം വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളുടെ ജീവിതനിലവാരം നിശ്ചയിക്കുന്നതിനായാണ് ദാരിദ്ര്യരേഖ നിശ്ചയിക്കുന്നത്. ഒരു രാജ്യത്ത് ജീവിക്കുന്നതിനാവശ്യമായ കുറഞ്ഞ തുകയുടെ തോതാണ് ദാരിദ്ര്യരേഖ. പ്രായപൂർത്തിയായ ഒരു മനുഷ്യന് ഒരു വർഷം വേണ്ട അവശ്യസാധനങ്ങളുടെ വില കണക്കാക്കിയാണ് ദാരിദ്ര്യരേഖ നിർണയിക്കുന്നത് – എന്നു വിക്കിപീഡിയ.

ഇതുപോലെ, വളരെ അത്യാവശ്യമായി, സർക്കാരോ ‘വിദ്യാഭ്യാസ വകുപ്പോ’ ‘കേന്ദ്ര സാഹിത്യ അക്കാദമി’യോ സാഹിത്യരചനാവിശാരദന്മാരോ ഒക്കെ കൂടിച്ചേർന്നുകൊണ്ട് സാഹിത്യകൃതികൾക്ക് ഒരു നിലവാരരേഖ പ്രഖ്യാപിക്കണം. പത്രങ്ങൾ, മാസികകൾ, ടി വി, റേഡിയോ തുടങ്ങിയവർമുതൽ കാക്കത്തൊള്ളായിരം ഫേസ്ബുക്കുഗ്രൂപ്പുകൾവരെ നടത്തുന്ന സാഹിത്യമത്സരങ്ങൾക്ക് ഒരു നിയമാവലി തയ്യാറാക്കണം. ഈയിടെ ഒരു പത്രം നടത്തിയ സാഹിത്യമത്സരത്തിന് സമ്മാനം കൊടുക്കാതെ കബളിപ്പിച്ചുവെന്ന് പരാതിയുണ്ടായതും വിമർശനങ്ങൾക്കു വിധേയമായതും എല്ലാവരുടെയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാവുമല്ലോ.

സാഹിത്യത്തിന് ഒരു ദാരിദ്ര്യരേഖ നിർണ്ണയിച്ചാലും കുഴപ്പമില്ല. സാഹിത്യത്തിലെ ഓരോ വിഭാഗത്തിലും വിദഗ്ദ്ധർ തിരഞ്ഞെടുത്ത കൃതികൾ അടിസ്ഥാനയോഗ്യതയായി നിശ്ചയിക്കണം. ഉദാഹരണത്തിന് കവിതയിൽ ആശാൻ, ഉള്ളൂർ, വള്ളത്തോൾ എന്നിവരുടെയും ഹാസ്യത്തിൽ സഞ്ജയന്റെയും യാത്രാവിവരണത്തിൽ പൊറ്റക്കാടിന്റെയും നിരൂപണത്തിൽ കൃഷ്ണൻ നായരുടെ ലേഖനങ്ങളുടെയും നിലവാരം മാതൃകയാക്കാം. മുഖ്യധാരാമാദ്ധ്യമങ്ങളിലുമൊക്കെ എഴുതുന്നവർക്കാണല്ലോ വരേണ്യവർഗ്ഗമെന്ന പട്ടം ചാർത്തപ്പെട്ടിട്ടുള്ളത്. അവരെയൊക്കെ ഈ രേഖയ്ക്ക് മുകളിലുള്ളവരെന്നു കണക്കാക്കണം. മത്സരങ്ങൾ, സ്ഥിരമായി മുഖ്യധാരാമാദ്ധ്യമങ്ങളിൽ എഴുതുന്നവർക്ക് / അല്ലാത്തവർക്ക് എന്നിങ്ങനെ തരംതിരിച്ചാൽ മേല്പറഞ്ഞ ആരോപണത്തിന് ഇടകൊടുക്കാതെ കഴിക്കാം. രേഖയ്ക്ക് മുകളിലുള്ളവരുടെ മത്സരത്തിന് തുക കൂടുതലും താഴെയുള്ളവർക്ക് തുക കുറച്ചും നിശ്ചയിക്കാം. എങ്ങനെയായാലും പ്രഖ്യാപിച്ച തുക കൊടുത്തേ മതിയാവൂ; രചനകൾ കിട്ടിക്കഴിഞ്ഞ് ഞഞ്ഞാപിഞ്ഞാ പറയരുത്. ഈ രേഖയ്ക്ക് താഴെയുള്ളവർക്ക് ഇങ്ങനെ കിട്ടുന്ന പണം വലിയൊരളവുവരെ ജീവിതായോധനത്തിന് സഹായകരമാണ്; പ്രത്യേകിച്ച് ഇതു തൊഴിലായി എടുക്കുന്നവർക്ക്.

ഉദാഹരണത്തിന് ഓട്ടമത്സരം നടത്തുന്നു എന്നിരിക്കട്ടെ. കഴിഞ്ഞ വർഷം നടത്തിയ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ ആൾ കുറിച്ച സമയത്തിനെക്കാൾ കുറഞ്ഞ സമയത്ത് ഓടിയെത്തിയ ആൾക്ക് നിലവാരമില്ല എന്ന് പറഞ്ഞുകൊണ്ട് ഒന്നാംസമ്മാനം നിഷേധിക്കാനാവുമോ ?

രചനകൾ മത്സരത്തിന്നായി സമർപ്പിച്ചാൽ അതു വിലയിരുത്താൻ നിയോഗിക്കപ്പെട്ട മുഖ്യധാരയെഴുത്തുകാർ സാഹിത്യദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരെ ഒരു തരത്തിലും ഇകഴ്ത്താനോ അവരുടെ രചനകൾ മോശമെന്ന് അഭിപ്രായപ്പെടാനോ പാടില്ല. (കുറെനാൾമുമ്പേ ഒരു മുഖ്യധാരയെഴുത്തുകാരൻ ഞങ്ങളുടെ ആത്മരതിക്കുവേണ്ടിയാണ് എഴുതുന്നതെന്ന് കളിയാക്കുകയുണ്ടായി. ഇവരൊക്കെ എന്തിനാണാവോ എഴുതുന്നത് !!) ഇവർ താഴെയുള്ളവരെ പരമാവധി പ്രോത്സാഹിപ്പിക്കുന്ന നിലപാട് സ്വീകരിക്കുകയും അവരെ സാഹിത്യദാരിദ്ര്യരേഖയ്ക്കു മുകളിലെത്തിക്കേണ്ട ധാർമ്മികോത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യണം.

ഇപ്പോൾത്തന്നെ ആസ്വാദനനിലവാരം താണുപോയെന്നുള്ള പരാതി വ്യാപകമായിട്ടുണ്ട്. ആസ്വാദകരെയും ഇങ്ങനെ രണ്ടു തട്ടിലാക്കണം. ആസ്വാദനദാരിദ്ര്യരേഖയ്ക്കു മുകളിലുള്ളവർക്ക് നിലവാരം കൂടിയസാഹിത്യവും താഴെയുള്ളവർക്ക് കുറഞ്ഞ സാഹിത്യവും.

ഈ രേഖയുടെ താഴേ നിലയുറപ്പിക്കുന്നവർക്ക് അവശസാഹിത്യകാരൻ എന്നുള്ള പെൻഷൻ അനുവദിക്കണമെന്ന് സർക്കാരിനോടാവശ്യപ്പെടുന്നു.

എന്ന് ഒരു പാവം ആത്മരതിക്കാരൻ Joseph V Boby

Facebooktwittergoogle_plusredditpinterestlinkedinmailby feather

Leave a Reply

Your email address will not be published. Required fields are marked *