സൈക്കിൾ യജ്ഞം അഥവാ ഒരു അമളി പറ്റിയ കഥ

എന്റെ കുട്ടിക്കാലത്ത് കളി അല്ലാതെ മറ്റൊരു നേരമ്പോക്കും ഇല്ലായിരുന്നു. അവധി കിട്ടിയാൽ വെറുതെ കാലത്തുമുതൽ വൈകുംവരെ കറങ്ങിനടക്കും. ബസ് പോലും ദുര്‍ല്ലഭം. കൈയിൽ കാശുമില്ല. ഒരു സോഡാ കുടിക്കാൻപോലും നിവൃത്തിയില്ലാത്ത കാലം. സോഡാക്ക് 5 പൈസ മാത്രമേയുള്ളൂ. പക്ഷേ, അഞ്ചു പൈസക്ക് അഞ്ചു പൈസ വേണ്ടേ ?

വലിയ അവധി കിട്ടുമ്പോൾ പണ്ട് സൈക്കിൾ യജ്ഞം എന്ന കലാപരിപാടി സ്കൂൾ മൈതാനത്തു ചിലപ്പോൾ നടക്കും. ഒരാഴ്ച അല്ലെങ്കിൽ രണ്ടാഴ്ച പിന്നെ ഞങ്ങൾ കുട്ടികൾക്ക് ഉത്സവമാണ്. ഒരു സൈക്കിൾ ഉള്ളവൻ അന്നു രാജാവാണ്. അന്നു സിനിമ കാണാനോ ടൌണിൽ പോകാനോ അനുവാദമില്ല. ടി വി എന്നൊന്നും കേട്ടിട്ടേയില്ല. കമ്പ്യൂട്ടർപോയിട്ട് ഒരു കാല്കുലേറ്റർപോലും ഞങ്ങളുടെ ഭാവനയിൽ ഇല്ലായിരുന്നു.

ഒരു 50 അടി വൃത്തത്തിൽ കയറു കെട്ടിത്തിരിച്ച സ്ഥലത്ത് പകലൊക്കെ പ്രധാനയജ്ഞക്കാരൻ വെറുതെ സൈക്കിൾ ഓടിച്ചു, വട്ടത്തിൽ കറങ്ങിനടക്കും. യജ്ഞം തീരുന്നതുവരെ അയാൾ സൈക്കിളിൽത്തന്നെ ഊണും ഉറക്കവും എല്ലാം. നടുക്ക് ഒരു കമുകു നാട്ടി, അതിന്മേൽ കോളാമ്പി, ട്യൂബ് ലൈറ്റ് എന്നിവ ഉറപ്പിച്ചിരിക്കും. വൈദ്യുതി എത്തിയിട്ടില്ല. അതിനാൽ ഇവർ ജെനറേറ്റർ പ്രവർത്തിപ്പിച്ചാണ് കാര്യം നടത്തിയിരുന്നത്. സന്ധ്യയാകുമ്പോൾമുതൽ പലതരം കലാപരിപാടികൾ അവിടെ അരങ്ങേറും. നാട്ടിലെ ആബാലവൃദ്ധം ജനങ്ങളും അവിടെ തടിച്ചുകൂടും. അവരുടെ മോണോ ആക്ട്, മിമിക്രി, പാട്ട്, കഥാപ്രസംഗം, മാജിക്, നാടകം എന്നുവേണ്ടാ അന്നത്തെ തരികിട എല്ലാം ജനങ്ങൾ മനസ്സറിഞ്ഞാസ്വദിച്ചിരുന്നു. ഓരോ പരിപാടി കഴിയുമ്പോഴും പാട്ടപ്പിരിവുണ്ടായിരുന്നു. അതു കാണുമ്പോൾ മാത്രം ഞങ്ങൾ കുട്ടികൾ പിന്നാക്കം വലിയും. രാത്രി സൈക്കിൾ അഭ്യാസത്തോടെ പിരിയും.

ശനിയാഴ്ച വൈകുന്നേരം ഒരു കിണ്ണൻ പരിപാടി അവതരിപ്പിക്കും. യജ്ഞക്കാരന്റെ ഒരു സഹായി മേല്പടി വൃത്തത്തിനുള്ളിൽ ഒരു കുഴി കുഴിച്ച് അതിൽ ഇറങ്ങിക്കിടക്കും. സ്ഥലത്തെ പ്രധാനദിവ്യന്മാരുടെ സാന്നിദ്ധ്യത്തിൽ കുഴിയുടെ മുകളിൽ പലക വച്ച് ഓല, തുണി എന്നിവ വിരിച്ചു മണ്ണിട്ടുമൂടും.

പിന്നെ ശോകമൂകമായ അന്തരീക്ഷമാണ്. ആത്മവിദ്യാലയമേ, ദയാപരനായ കർത്താവേ, മുൾക്കിരീടമിതെന്തിനു നല്കി തുടങ്ങിയ ദയനീയമായ പാട്ടുകൾ അന്തരീക്ഷത്തിൽ അലയടിക്കും. ഉദ്ദേശിച്ചത്ര പണം വീണില്ലെങ്കിൽ കണ്ണു തുറക്കാത്ത ദൈവങ്ങളേ എന്ന പാട്ടാവും വരിക.

ഞായറാഴ്ചയും വൈകുന്നേരംവരെ ഇതു തുടരും. രാത്രി ഒരു പത്തു മണിക്ക് ആകാംക്ഷാഭരിതരായ ഒരു വൻജനാവലിയുടെ സാന്നിധ്യത്തിൽ കുഴി പതിയെ നാടകീയമായി തുറക്കും. കിടിലൻ ഡയലോഗുകൾ ആ സമയത്ത് മൈക്കിലൂടെ ഒഴുകിവരും. ഹൃദയമുള്ള ഏതൊരുവനും കൈവശമുള്ള എന്തും അവിടെ വലിച്ചെറിയും. ഒരു മരണവീട്ടിൽപ്പോലും ഇല്ലാത്തത്ര നിശബ്ദതയാണ് പിന്നെ. മണ്ണു നീക്കി, പലക മാറ്റി, ടിയാനെ പുറത്തേക്ക് ഒരു ശവംമാതിരി എടുത്തുവയ്ക്കും. കുറെ നേരത്തേക്ക് യാതൊരു അനക്കവുംമില്ലായിരിക്കും. സ്ത്രീജനങ്ങൾ വാവിട്ടുനിലവിളിക്കും. പൈസ തുരുതുരെ പാട്ടയിൽ വീഴും. ഒരുമാതിരി കളക്ഷൻ ഒക്കെ ആയിക്കഴിയുമ്പോൾ ടിയാൻ പതിയെ കണ്ണു തുറക്കും. പിന്നെ പതിയെപ്പതിയെ ഉഷാറായി വരും. പിന്നെ അയാളും കൂടിച്ചേർന്നുള്ള ഉള്ള ചില അഭ്യാസങ്ങളും കഴിഞ്ഞു യജ്ഞത്തിനു തിരശ്ശീല വീഴും. (പിന്നീടാണറിഞ്ഞത്‌ ഇയാള്‍ നല്ലവണ്ണം പട്ടിണി കിടന്നിട്ടാണ് കുഴിയില്‍ ഇറങ്ങിക്കിടക്കുന്നത്. വയറ്റില്‍ ദഹിക്കാന്‍ ഒന്നുമില്ലെങ്കില്‍ ഓക്സിജന്‍ കുറച്ചു മതി. എന്നാലും അതൊരു അസാമാന്യധൈര്യംതന്നെ !!)

അന്നൊക്കെ ആളുകളുടെ കൈയിൽ പണം കുറവായിരുന്നതിനാല്‍ കര്‍ഷര്‍ സാധനങ്ങളായി സംഭാവന കൊടുക്കുമായിരുന്നു. ഇങ്ങനെ കിട്ടുന്നവ ഇവര്‍ ലേലംവിളിച്ചുവിറ്റുകാശാക്കും. ലേലംവിളിക്കുന്ന സമയത്ത് അന്നാട്ടിലെ പ്രമാണിമാരോട്‌ വൈരാഗ്യം തീര്‍ക്കുന്നത് മൈക്കിലൂടെ ഇവരുടെ ഇരട്ടപ്പേരുകള്‍ ലേലം വിളിപ്പിക്കുന്നതിലൂടെ ആയിരുന്നു. ആരാണു പൈസ കൊടുത്തതെന്ന് ആര്‍ക്കും അറിയില്ലാ താനും.

പറഞ്ഞുപറഞ്ഞ് അമളി മറന്നു. കൈയിൽ കാൽക്കാശില്ല എന്നു പറഞ്ഞല്ലോ. വിശപ്പാണേൽ അതികഠിനവും. അന്നു കടയിൽ കിട്ടുന്നത് നാരങ്ങമുട്ടായി, നിലക്കടലമുട്ടായി, റസ്ക്, വട്ടർ എന്നിവയാണ്. യജ്ഞവേദിക്കടുത്തായി എന്നും ഒരു നിലക്കടല വറുക്കുന്ന ഉന്തുവണ്ടി വരും. പെട്രോമാക്സ് എന്ന ഒരുതരം മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിലാണ് ഈ വണ്ടി വരുന്നത്. അതിന്റെ കടകട ശബ്ദം കേൾക്കുമ്പോൾ വിശപ്പ് ശതഗുണീഭവിക്കും. ആരെങ്കിലും പരിചയക്കാർ വാങ്ങുന്നുണ്ടോ എന്നു പ്ലാനിൽ നോക്കിനില്ക്കും. പരസ്യമായി അങ്ങനെ വാങ്ങിയാൽ വാങ്ങുന്നവന് ഒന്നും കിട്ടാറില്ല.

അങ്ങനെ നില്ക്കുമ്പോളുണ്ട് അതാ ഒരു കൂട്ടുകാരൻ നിലക്കടല പൊതിഞ്ഞ കോണ്‍ വാങ്ങുന്നു. അന്നു സ്ട്രീറ്റ് ലൈറ്റ് ഒന്നും ഇല്ല. വാങ്ങിയപാടെ അവന്‍ എന്നെക്കണ്ട് ഇരുട്ടത്തേക്ക് ഓടി; ഞാന്‍ പിന്നാലെയും. അയാളെ പിടികൂടി കോണ്‍ വാങ്ങി തുറന്ന് ഞാന്‍ നിലക്കടല വായിലിട്ടു.

ആഹാ !!!!! എന്തൊരു രുചി എന്നു ഭാവിക്കാന്‍ പോയി. പക്ഷേ, വായില്‍ വന്നത് ചവര്‍പ്പോ കൈപ്പോ എന്ന് എനിക്ക് ഇപ്പോഴും നിശ്ചയമില്ല. ഇതെന്തു സാധനം ?? നിലക്കടലയ്ക്ക് ഇങ്ങനെയും രുചിയോ ? യജ്ഞസ്ഥലത്തെ വെളിച്ചത്തില്‍ വന്നു ഞാന്‍ നോക്കി. ഇതെന്താ ഇതു കറുത്തിരിക്കുന്നത് ?? സൂക്ഷിച്ചുനോക്കി. ദൈവമേ …!! ആട്ടിന്‍കാട്ടം നിലക്കടലമാതിരി പൊതിഞ്ഞുകൊണ്ടുവന്നതാണ്‌ അയാള്‍………….!!!!!!!!! തിരിഞ്ഞുനോക്കി. കൂട്ടുകാരനെ മഷിയിട്ടുനോക്കിയിട്ടും കാണാനില്ല. കാറിത്തുപ്പിയിട്ടും അതിന്റെ ചുവ പോയില്ല. കുറെ ഛര്‍ദ്ദിച്ചു. എവിടെ വെള്ളം കിട്ടാന്‍ ? അന്നൊന്നും പൊതു ടാപ്പ്‌ ഇല്ല. ഓടി വീട്ടിലെത്തി കിണറ്റിൽനിന്നു വെള്ളം കോരി, വായ കഴുകിവൃത്തിയാക്കി. ഒന്നും സംഭവിക്കാത്ത മട്ടില്‍ യജ്ഞത്തില്‍ തുടര്‍ന്നും പങ്കെടുത്തു. കുറെ കഴിഞ്ഞപ്പോള്‍ ഇതെല്ലാം മറന്നേ പോയി.

പിറ്റേന്നും ഞങ്ങള്‍ ഒരുമിച്ചു കളിച്ചു. ബാല്യത്തിന്റെ നിഷ്കളങ്കത…..!!

Facebooktwittergoogle_plusredditpinterestlinkedinmailby feather

2 thoughts on “സൈക്കിൾ യജ്ഞം അഥവാ ഒരു അമളി പറ്റിയ കഥ”

Leave a Reply

Your email address will not be published. Required fields are marked *