2 – കെട്ടിടങ്ങൾ, കുട്ടികൾ, ജീവിതം.

ഭാരതത്തിൽനിന്നു നാം ബ്രിട്ടനിൽ എത്തുമ്പോൾ 13 മണിക്കൂർ എടുക്കും. കൊച്ചിയിൽനിന്നു നേരിട്ട് വിമാനമില്ല. ഏതെങ്കിലും ഗൾഫ് രാജ്യത്തിറങ്ങിക്കയറി വേണം പോകാൻ. യാത്രയിൽ വെറുതേയിരിക്കുകയാണെങ്കിലും അസാരം യാത്രാക്ഷീണമുണ്ടായിരുന്നു. വിമാനത്തിൽ ഇങ്ങനെ അതിവേഗം മറ്റൊരു time zone ലേക്ക് പോകുമ്പോൾ നമ്മുടെ ശരീരത്തിന് സംഭവിക്കുന്ന ക്ഷീണാവസ്ഥയെ Jet Lag എന്ന് പറയും. ചെറുപ്പക്കാരെ ഇത് അധികം ബാധിക്കില്ല. എന്നാൽ വൃദ്ധർ അമ്പേ കിടപ്പിലാകും. ഇത്തരം ഓരോ ടൈം സോണിൽനിന്നും അടുത്ത മറ്റൊരു ടൈം സോണിലേക്കു മാറുമ്പോൾ ഉണ്ടാകുന്ന ക്ഷീണം മാറാൻ ഓരോ ദിവസം എടുക്കും. ഞാൻ രണ്ടുമൂന്നു ദിവസംകൊണ്ട് ഉഷാറായി. പക്ഷേ ഭാര്യയ്ക്ക് ഒരു മാസം വേണ്ടിവന്നു ഈ അവസ്ഥയുമായി പൊരുത്തപ്പെടാൻ. അവിടെച്ചെന്ന് യാത്രാക്ഷീണമൊക്കെ മാറിയപ്പോൾ ഞാൻ നടക്കാൻ പോയി. കൈയിൽ പേനയും കടലാസും ഒക്കെ കരുതിയിരുന്നു. പോയ വഴിയൊക്കെ ഞാൻ വരച്ച്, അതിന്റെയൊക്കെ പേരും എഴുതിവച്ചുകൊണ്ടായിരുന്നു യാത്ര. വഴിതെറ്റിയാൽ കുടുങ്ങിയതുതന്നെ. ആരോടെങ്കിലും ചോദിക്കാമെന്നുവച്ചാൽ, നമ്മുടെ ഉച്ചാരണം അവർക്കും അവരുടേത് നമുക്കും മനസ്സിലാവില്ല. തന്നെയുമല്ല വഴിയിൽ കാണുന്ന എല്ലാ സായിപ്പുമാരും മദാമ്മമാരും ബ്രിട്ടീഷുകാർ ആകണമെന്നുമില്ല. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള ആളുകൾ ഇവിടെയുണ്ട്. ഒരു Cosmopolitan City.
ഇവിടുത്തെ വീടുകൾ എല്ലാംതന്നെ ഒരേരൂപത്തിലും ഭാവത്തിലും ഉള്ളവയാണ്. പക്ഷേ, ഗംഭീരംതന്നെ ഓരോന്നും. അഗ്രഹാരങ്ങൾമാതിരി നിരനിരയായി വീഥികൾക്കിരുവശവും കാണാം. എല്ലാം വിക്ടോറിയൻ കാലഘട്ടത്തിൽ പണിതവ. മിക്കവാറും ലൈൻവീടുകൾ. എല്ലാം ലാറി ബക്കെർ മാതൃക. ഇഷ്ടികയാണ് മിക്ക വീടുകളുടെയും ചുമർ; സിമന്റ് തേക്കാത്താവ. പാരപ്പെറ്റുകൾ ഒരു വീടിനുമില്ല. എല്ലാറ്റിനും ഓടു മേഞ്ഞ കൂരമാത്രം. കൂരകൾക്കൊക്കെ നല്ല സ്ലോപ് ഇട്ടിട്ടുണ്ട്. മഞ്ഞു പെയ്യുമ്പോൾ തങ്ങിനില്ക്കാതിരിക്കാനായിരിക്കും. രണ്ടു നിലയാണ് മിക്ക വീടുകളും. അപൂർവ്വം മൂന്നു നിലകളും. പായൽ, പൂപ്പൽ എന്നിവ ഇവിടെ ഇല്ലെന്നു പറയാം.

വലിയ പണക്കാർമാത്രം സ്വതന്ത്രമായ വില്ലകൾ പണിതിരിക്കുന്നു. അതിനൊക്കെ നല്ല ഗാംഭീര്യം. ഒരു വീടിനും മുമ്പിൽ പച്ചക്കറിയോ ഫലവൃക്ഷങ്ങളോ ഒന്നും കാണ്മാനില്ല. പുൽത്തകിടിയും പൂന്തോപ്പുംമാത്രം. ചുറ്റും ചിലവയ്ക്ക് മതിൽ ഉണ്ടാകും. ചിലവയ്ക്ക് തടിവേലിയാണ്. ഒട്ടുമുക്കാലും പടർപ്പൻചെടികൊണ്ടുള്ള മതിലാണ്. വളരെ കമനീയമായി വെട്ടിയൊതുക്കിനിറുത്തിയിരിക്കുന്നു.റോസാപ്പൂവിനൊക്കെ അരയടി വ്യാസം!! ചില വലിയ കെട്ടിടങ്ങളിൽ വെർട്ടിക്കൽ ഗാർഡനും കണ്ടു. എല്ലാ കെട്ടിടങ്ങളുടെയും നിറം ഒന്നുതന്നെ. അല്ലെങ്കിൽ വളരെ മങ്ങിയ നിറം. ആകാശത്തുനിന്നു നോക്കുമ്പോൾ നഗരത്തിന്റെ പൌരാണികപ്രൌഡി കുറയാതിരിക്കാൻവേണ്ടിയാണത്രേ. നഗരത്തോടടുക്കുമ്പോൾമാത്രം ചില കോണ്ക്രീറ്റ് നിർമ്മിതികൾ. ഗേറ്റുകൾ വളരെ കുറവാണ്. അകത്തേക്കു നീളുന്ന വഴികൾ ഓരോ വില്ലയ്ക്കുമുണ്ട്. പക്ഷേ, അനാവശ്യകടന്നുകയറ്റം ഒഴിവാക്കാൻ ബോർഡും വച്ചിട്ടുണ്ട്. വീടിനു പുറത്ത് ആരെയും കാണുകയില്ല.

ആദ്യം തെർമൽസ് എന്ന അടിവസ്ത്രം, പുറമേ നമ്മുടെ സാധാരണ വസ്ത്രം, അതിനു പുറമേ ജാക്കെറ്റ്, ചെവി മൂടുന്ന തൊപ്പി, കമ്പിളി സോക്സ്, ഷൂസ്, കൈയുറ എന്നിവ ധരിച്ചു വേണം പുറത്തേക്കിറങ്ങാൻ. ആരാണിതിനൊക്കെ മിനക്കെടുക ? പുറമേനിന്നു നോക്കിയാൽ എല്ലാം ഭാർഗ്ഗവീനിലയങ്ങൾ. വഴിതെറ്റിയാലോ എന്തെങ്കിലും അറിയണമെന്നുവച്ചാലോ ഒരു രക്ഷയുമില്ല. ആരുടേയും വീടിന്റെ ഉമ്മറത്തോ പുരയിടത്തിലോപോലും കയറിച്ചെല്ലാൻ പാടില്ല. അങ്ങിനെ ചെന്നാൽ ചിലപ്പോൾ അകത്താകും.

എല്ലാ കെട്ടിടങ്ങൾക്കും ഒച്ചിന്റെമാതിരി കൊമ്പും കുഴലും ഒക്കെ ഫിറ്റ് ചെയ്തിട്ടുണ്ട്. പണ്ട് ഫയർ പ്ലേസ് എന്നറിയപ്പെടുന്ന ചൂടാക്കൽസംവിധാനത്തിന്റെ പുകബഹിർഗ്ഗമനക്കുഴലാണിത് – നമ്മുടെ നാട്ടിലെ പഴയ വീടുകളുടെ അടുക്കളയിലെ ചിമ്മിനിതന്നെ. ഇപ്പോൾ ബോയിലറിനകത്തുനിന്നു ഗ്യാസ് ഉപയോഗിച്ച് വെള്ളം ചൂടാക്കി പൈപ്പുകൾവഴി എല്ലാ മുറിയിലും കടത്തിവിട്ടാണ് അന്തരീക്ഷം ചൂടാക്കിനിറുത്തുന്നത്. എല്ലാ മുറികളുടെയും ഒരു വശത്ത് ഇതിനുവേണ്ടി പൈപ്പുകൾ തിക്കിനിറച്ച ഒരു സൂത്രം ഇണക്കിയിരിക്കുന്നു. ഇത് ഓട്ടോമാട്ടിക് സംവിധാനമാണ്. ചില വീടുകളിൽ തറയുടെ അടിയിലൂടെയും പൈപ്പുകൾവഴി ചൂടുവെള്ളം കടത്തിവിട്ട് ഊഷ്മാവ് നിലനിറുത്തുന്നു. ചിലർ ഹീറ്റെർ ഉപയോഗിക്കുന്നു.

എല്ലാ വീട്ടിലും ബ്രിട്ടീഷ് ഗ്യാസ് കുഴൽവഴി എത്തുന്നുണ്ട്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ബാരോമീറ്റർപോലുള്ള, അവരുടെ എന്തോ ഒരു സൂത്രം, ഹാളിൽ വച്ചിട്ടുണ്ട്. അതിൽ 18 ഡിഗ്രിയിൽ അന്തരീക്ഷോഷ്മാവ് താഴ്ന്നാൽ എന്തോ മെസ്സേജ് അതയയ്ക്കും. അപ്പോൾ ഈ ഹീറ്ററുകൾ തനിയെ പ്രവർത്തിക്കാൻ തുടങ്ങും. ഊഷ്മാവു കൂടിയാൽ താനേ നിലയ്ക്കുകയും ചെയ്യും. ഇതൊരിക്കൽ കേടായപ്പോൾ ലാപ്ടോപ് പോലെയുള്ള ഒരു സാമഗ്രി കൊണ്ടുവന്ന് അതിൽ എന്തൊക്കെയോ നോക്കിക്കൊണ്ട് ഒരു ബ്രിട്ടീഷ് പെണ്‍കുട്ടിയാണ് ഇതു ശരിയാക്കിയത്.

അതിഥികൾ വന്നാൽ ഫ്ലാറ്റുകളിൽ ഒന്നോ രണ്ടോ പാർക്കിംഗ് അവർക്കുണ്ട്. പക്ഷേ, അതിൽക്കൂടുതൽ വന്നാൽ റോഡിൽ പാർക്ക് ചെയ്യണം. അതിനു പാർക്കിംഗ് പെർമിറ്റ് എടുക്കണം. വഴിയിൽ സ്ഥാപിച്ചിരിക്കുന്ന മെഷിനിൽ ആവശ്യത്തിന് നാണയമിട്ട് ഷോര്ട്ട് പാർക്കിംഗ് /ലോങ്ങ് പാർക്കിംഗ് ടിക്കറ്റ് എടുത്ത് കാറിന്റെ ഡാഷ് ബോർഡിൽ പ്രദർശിപ്പിച്ചിരിക്കണം. ഇല്ലെങ്കിൽ പിടികൂടി, പിഴയീടാക്കും. റോഡിൽ ചിലതുമാത്രം സൗജന്യമായി പാർക്ക് ചെയ്യാവുന്നതാണ്.

ചിലവ തിരക്കുള്ളതായതിനാൽ റെഡ് റൂട്ട് ആയി പ്രഖ്യാപിച്ചിരിക്കുന്നു. അവിടെ നിറുത്താനേ പാടില്ല. ചില റോഡുകൾ കാലത്ത് 7 മുതൽ വൈകുന്നേരം 6 വരെ പാർക്കിംഗ് പാടില്ല. ശനിയും ഞായറും ഒഴികെ ബാക്കി ദിവസങ്ങളിൽ ലണ്ടൻ സിറ്റിയിലേക്ക് കാർ കൊണ്ടുപോകണമെങ്കിൽ conjession charge കൊടുക്കണം. തിരക്കൊഴിവാക്കാൻ ഇതു നമുക്കും അവിടെ പരീക്ഷിക്കാവുന്നതാണ്.

റോഡിൽ വല്ല റിപ്പയറിങ്ങും ഉണ്ടെങ്കിൽ കാൽനടക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ എത്രയും വേഗം ചെയ്ത്, ഒരു പൊടിപോലുമില്ലാതെ പഴയ രീതിയിൽ ആക്കിയിട്ടേ അവർ പോകൂ. അതിനായി പകുതി ഭാഗം താൽക്കാലികവേലി കെട്ടും. വഴിമാറിപ്പോകാൻ സൈൻബോർഡുകളും ഒക്കെ സ്ഥാപിക്കും. ഉരുട്ടുന്ന വാഹനങ്ങൾക്കു പോകാൻ താൽക്കാലികചരിവുകളും തയ്യാറാക്കും. എല്ലാ സന്നാഹങ്ങളുമായി ട്രക്ക് കൊണ്ടുവന്ന് വഴി യന്ത്രം ഉപയോഗിച്ച് മുറിക്കും. അതുകൊണ്ടുതന്നെ മണ്ണു മാന്തും. അപ്പപ്പോൾത്തന്നെ ട്രക്കിലേക്ക് മണ്ണു മാറ്റും. പൈപ്പോ കേബിളോ ഇട്ടു കഴിഞ്ഞാൽ ഉടനെ മൂടി, ഒരിടിയൻയന്ത്രംകൊണ്ട് ഉറപ്പിച്ച് മേലെ ടാർ ചെയ്തുറപ്പിക്കും. എന്തോ മിക്സർ ചാക്കിൽ കൊണ്ടുവന്ന് വെള്ളമൊഴിച്ചുകുഴച്ച് അങ്ങനെതന്നെ അവിടെയിട്ട് ഇടിച്ചുറപ്പിക്കലാണ്. അതു കഴിഞ്ഞ്, റോഡൊക്കെ ബ്രഷ് ചെയ്തുവൃത്തിയാക്കും. അതു കഴിഞ്ഞു ബാക്കി പകുതിഭാഗം നന്നാക്കും.

അലഞ്ഞുതിരിയുന്ന ഒരു മൃഗത്തെയും കാണ്മാനില്ല. നായ്ക്കളെയുംകൊണ്ട് വഴിയിൽ കാണുന്ന സായിപ്പന്മാരുടെയും മദാമ്മമാരുടെയും ഒക്കെ കൈയിൽ ചിലപ്പോൾ പ്ലാസ്റ്റിക് കവർ കാണും. പാലും പച്ചക്കറിയും വീട്ടുസാമാനങ്ങളും ഒന്നുമല്ല; നായ്ക്കൾ കൂടെയുടെങ്കിൽ അവയുടെ കാഷ്ടം വഴിയരികിൽ അതിനുവേണ്ടി സ്ഥാപിച്ചിരിക്കുന്ന ബിന്നിൽ നിക്ഷേപിക്കാൻ കൊണ്ടുപോകുന്നതാണ്. നായ കാഷ്ടിച്ചാൽ ഉടനെതന്നെ പ്ലാസ്റ്റിക് കവറിൽ ഇവർ കൈ കടത്തി, അതുകൊണ്ട് കാഷ്ടം എടുക്കും. പിന്നീട് മറ്റേക്കൈ ഉപയോഗിച്ച് കവറിന്റെ മേൽഭാഗം താഴേക്കു വലിക്കും. അപ്പോൾ കാഷ്ടം കവറിനുള്ളിലാകും. കടിയന്മാർക്ക് മോന്തയിൽ ഒരുറയും ഇട്ടിട്ടുണ്ട്. ആകെ ഇവിടെ കാണാൻ കിട്ടുന്നത് കുറുക്കന്മാരെയും അണ്ണാറക്കണ്ണന്മാരെയുംമാത്രം. ആരും അവയെയും അവ ആരെയും ഉപദ്രവിക്കാറില്ല. ഉറുമ്പ്, പാറ്റ. കൊതുക്, ഈച്ച, പല്ലി തുടങ്ങിയ ഒരു ക്ഷുദ്രജീവിയും ഇവിടെയില്ല. നല്ല വലിപ്പമുള്ള തേനീച്ചയുണ്ട്. പലയിടത്തും മണ്ണിൽ തടികൊണ്ടുള്ള ചവിട്ടുപടികളുണ്ട്. നൂറ്റാണ്ടുകൾമുമ്പേ ഇട്ടിരിക്കുന്നതാണെന്ന് അവയുടെ തേയ്മാനം കണ്ടാലറിയാം. ചിതൽ ഇല്ലേയില്ല.

ഉപ്പ്, പഞ്ചസാര എന്നിവ എത്ര കാലം തുറന്നുവച്ചാലും അങ്ങനെതന്നെ ഇരിക്കും. ബിസ്കറ്റും വറത്ത സാധനങ്ങളും തുറന്നുവച്ചാൽ, ഒരു കേടും കൂടാതെ എത്ര നാൾ വേണമെങ്കിലും ഇരിക്കും. എപ്പോഴും മഴയും തണുപ്പും ഉണ്ടെങ്കിലും ഇവ ഈർപ്പം ആഗിരണം ചെയ്യാതെയിരിക്കുന്നത് അദ്‌ഭുതംതന്നെ. ഇത്രയും തണുപ്പുള്ള കാലാവസ്ഥയിൽപ്പോലും ഇവർ ഫ്രിട്ജിലാണ് പച്ചക്കറികൾ സൂക്ഷിക്കുന്നത്. ഇവിടെ വരുന്നതിനു മുമ്പ് ഞാൻ ചോദിച്ചു ‘പച്ചക്കറിയൊക്കെ വെറുതെ വെളിയിലിട്ടാൽ പോരേ ? ആവശ്യം വരുമ്പോൾ എടുത്തുപയോഗിച്ചാൽ മതിയല്ലോ’ എന്ന്. ഇവിടെ വന്നപ്പോഴാണ് വെളിയിൽ നമ്മുടെ ഒരു സാധനവും ഇട്ടിരിക്കാൻ പാടില്ല എന്ന് മനസ്സിലായത്. തുണിപോലും!! പുറത്തെ പുൽത്തകിടിയിൽ നടക്കാൻ പാടില്ല. പൂന്തോട്ടത്തിൽ ഒന്നും ചെയ്യാൻ പാടില്ല. ഒക്കെ ഫ്ലാറ്റ് ഉടമകൾ വിദഗ്ദ്ധരെക്കൊണ്ട് തയ്യാറാക്കിവച്ചിരിക്കുന്നതാണ്. ഫ്ലാറ്റിന്റെ ഉമ്മറപ്പടിമുതൽ പരവതാനി വിരിച്ചിരിക്കുന്നു. നാലഞ്ച് ഓട്ടോമാറ്റിക് കതകുകൾ കഴിഞ്ഞാലേ ലിഫ്റ്റിന്റെ അടുത്തെത്തൂ. വീട്ടിലേക്കു തണുപ്പു കയറാതിരിക്കുവാനുള്ള വിദ്യ.

തടികൊണ്ടുള്ള തട്ടായതിനാൽ തേങ്ങ ചുരണ്ടൽ ഒരു പ്രശ്നംതന്നെയാണിവിടെ. ഈ മാതിരി ക്രോംക്രോം എന്നുള്ള ശബ്ദമൊക്കെ വലിയ അരോചകമാണവർക്ക്. ഞായറാഴ്ച, താഴത്തെ താമസക്കാർ പുറത്തു പോകുമ്പോഴാണ്, ഒരാഴ്ചയ്ക്കുള്ള തേങ്ങ ചുരണ്ടി, ഫ്രീസറിൽ കയറ്റുന്നത്.

വെളിച്ചെണ്ണ എപ്പോഴും ഡാല്ഡാമാതിരിയാണ് ഇരിക്കുന്നത്. ചപ്പാത്തിക്ക് കുഴച്ചുവച്ചാൽ 10 മിനിട്ടിനകം ഒരു കട്ടിയുള്ള ആവരണം മാവിനു മുകളിലുണ്ടാകും. പിന്നെ അതു കളയാനേ പറ്റൂ. അല്ലെങ്കിൽ നേരിയ പ്ലാസ്റ്റിക് ആവരണം അതിനു മുകളിൽ ഇടണം. ഇതുതന്നെ അരിയാട്ടിയാലും സംഭവിക്കും. തേങ്ങ ചുരണ്ടിയാൽ വിട്ടുപോരില്ല. ഫ്രിഡ്ജിനകത്തുനിന്നെടുത്ത് ചുരണ്ടുന്നപോലെ. പീര കൈയിലെടുത്താൽ ഡാല്ഡാ പറ്റിയമാതിരിയാണുതാനും.

അടുക്കളയിൽ വെളിച്ചെണ്ണ കടുക് താളിച്ച് കറികൾ ഉണ്ടാക്കുമ്പോൾ നമ്മുടെ നാവിൽ വെള്ളമൂറാറില്ലേ? അതുപോലെ സായിപ്പന്മാരുടെ നാവിലും വെള്ളമൂറും. കൊതികൊണ്ടല്ല – ഛർദ്ദിക്കാൻ !! കാലത്ത് കറികൾളൊക്കെ ഉണ്ടാക്കിയിട്ട് ജോലിക്കു പോയാൽ ബസിലും ട്രെയിനിലും ഉള്ള ആളുകൾ മൂക്കു പൊത്തും. നമ്മുടെ തലമുടിയിലും ഉടുപ്പിലുമൊക്കെ ഈ മണം പിടിച്ചിരിക്കും. അതവർക്കസഹ്യം. ഓഫീസിൽ ഭക്ഷണം കഴിക്കുന്നതും സായിപ്പന്മാർ കാണാതെയാണ്. കൈയിട്ടുകഴിക്കുന്നത് അവർക്കു പിടിക്കില്ല. ചില ഓഫീസുകളിൽ ജീവനക്കാർക്ക് ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യം ചെയ്തുകൊടുത്തിരിക്കുന്നു. ഇടയ്ക്ക് പാചകവും ഭക്ഷണവും ഇടയ്ക്ക് വ്യായാമവും ഓട്ടവും ഒക്കെ കഴിഞ്ഞുവന്നു ജോലി ചെയ്‌താൽ മതി. ഇവിടുത്തുകാർക്ക് ചില കായ്കനികളോട് അല്ലെർജിയാണ്. ചിലർക്ക് നിലക്കടല, ചിലർക്ക് പയർ, മറ്റുചിലർക്ക് കശുവണ്ടി അങ്ങനെയങ്ങനെ. അതൊക്കെ ഓഫീസുകളിൽ എഴുതിപ്രദർശിപ്പിച്ചിരിക്കും. മറ്റുള്ളവർ അതുകണ്ട് പെരുമാറും. ഇവിടെ കിട്ടുന്ന ഒരു മാതിരി എല്ലാ ഭക്ഷണസാധനങ്ങളിലും ഇതിന്റെ മുന്നറിയിപ്പു കാണാം.

കടുക് താളിക്കുമ്പോഴും ചപ്പാത്തി, ദോശ എന്നിവ ഉണ്ടാക്കുമ്പോഴും അടുക്കള ഭദ്രമായി അടച്ചിരിക്കണം. അല്ലെങ്കിൽ മുറിക്കുള്ളിൽ സ്ഥാപിച്ചിരിക്കുന്ന പുകപരിശോധനയന്ത്രം മണം പിടിച്ചെടുക്കയും അലാം മുഴക്കുകയും ചെയ്യും. ഉടൻതന്നെ ഓഫ് ചെയ്തില്ലെങ്കിൽ ആ ഫ്ലാറ്റിലുള്ള എല്ലാ യന്ത്രങ്ങളും ഒരുമിച്ചലറാൻ തുടങ്ങും. ഫയർ ഫോഴ്സ് എത്തും. £3,000/- പിഴയും അടയ്ക്കണം.

ഇവിടെ സാദാട്രെയിൻ കൂടാതെ ലണ്ടൻ അണ്ടർ ഗ്രൌണ്ട്, ട്യൂബ് എന്നിങ്ങനെ മൂന്നുതരം ട്രെയിനുകളുണ്ട്. ഇവയ്ക്കെല്ലാംകൂടി ഒരു ടിക്കറ്റ് മതി. ടിക്കറ്റ് വാങ്ങി, സ്റ്റേഷന്റെ വാതിൽക്കൽ സ്ഥാപിച്ചിരിക്കുന്ന കുറ്റികളുടെ മുകളിൽ ഉരസിയാൽ അഴികൾ തുറക്കും. ട്രെയിൻ മാറിക്കയറിപ്പോകേണ്ടപ്പോൾ പ്ലാറ്റ് ഫോമിലുള്ള കുറ്റിയിൽ ഉരസിയിട്ട് അടുത്ത ട്രെയിൻ പിടിക്കാം. ഇറങ്ങിപ്പോകുമ്പോഴും ഇങ്ങനെ ഉരസിയിട്ടുവേണം പോകാൻ. അപ്പോൾ നമ്മുടെ ടിക്കെറ്റിൽനിന്നു പണം കുറവുചെയ്യും. ഇങ്ങനെ ചെയ്യാതെ പോയാൽ ഫൈനുണ്ട്. ബസിലും ഈ ടിക്കറ്റ് മതി. ഡ്രൈവറുടെ ഇടതുവശത്താണ് ഉരസേണ്ട കുറ്റി വച്ചിരിക്കുന്നത്. കണ്ടക്ടർ ഇല്ല. നമുക്കിറങ്ങേണ്ട സ്ഥലത്ത്, ബസ്സിൽ ഇടയ്ക്കിടെ ഫിറ്റ് ചെയ്തിരിക്കുന്ന ചെമപ്പു ബട്ടൻ അമർത്തിയാൽ നിറുത്തിത്തരും. പ്ലാറ്റ് ഫോമിലൊക്കെ റൂട്ട് വിശദമാക്കുന്ന ചാർട്ടുണ്ട്. ഓഫീസിൽനിന്നും അച്ചടിച്ച റൂട്ടും കിട്ടും.

ചില ട്രെയിനുകളിൽ ഡ്രൈവറില്ല. സ്റ്റേഷൻ എത്തുമ്പോൾ തനിയേ നില്ക്കും. ഒക്കെ കമ്പ്യൂട്ടർനിയന്ത്രിതം. അങ്ങനെയുള്ള ഒരു ട്രെയിനിൽ ഞാൻ എഞ്ചിൻഡ്രൈവറും ഭാര്യ അസ്സിസ്റ്റന്റുമായി വലിയ ഗമയിൽ ഇരുന്നുയാത്രചെയ്തു. റെയിൽവേസ്റ്റേഷനിലൊക്കെ ഭാഷ അറിയാൻവയ്യാതെവന്നാൽപ്പോലും പ്രശ്നമില്ല. താഴെ വരച്ചിരിക്കുന്ന ദിശാസൂചികൾ നോക്കി, ആവശ്യമുള്ള സ്ഥലത്ത് ചെന്നുചേരാം.

ആരും ആരുടേയും സ്വകാര്യതയിൽ ഇടപെടാറില്ല. വഴിയെ നടക്കുമ്പോൾപ്പോലും ആരും ആരെയും ശ്രദ്ധിക്കാറില്ല. നമ്മുടെ നാട്ടുകാർമാത്രമാണ് തുറിച്ചുനോക്കുന്നത്. അതവർക്കു മഹാ അരോചകവുമാണ്. പക്ഷേ, ആരെങ്കിലും അപകടത്തിൽപ്പെട്ടാൽ അവർ ഉടനെ ആംബുലൻസിനെ വിവരം അറിയിക്കും. അല്ലാതെ ഉടനെ മൊബൈലിൽ ഷൂട്ട് ചെയ്യില്ല.

എന്തു ചികിത്സയ്ക്കു പോയാലും സ്വകാര്യയാശുപത്രിയാണെങ്കിൽ കുത്തുപാളയെടുക്കും. കൻസൽട്ടിങ്ങ് ഫീ മാത്രം £ 300/- കൊടുക്കണം. സർക്കാർഡോക്ടറെ കാണാൻതന്നെ ബുദ്ധിമുട്ടാണ്. എന്തസുഖം വന്നാലും കൌണ്ടിയിലുള്ള (നമ്മുടെ വില്ലേജ്) ജനറൽ ഫിസിഷ്യൻ (GP) എന്ന സാദാവൈദ്യന്റെ അപ്പോയിന്റ്മെന്റ് വാങ്ങണം. അയാളുടെ സൗകര്യംപോലെ അപ്പൊയിന്മെന്റ് തരും. മരുന്നു തരും. അയാളെക്കൊണ്ടു പറ്റാത്തതു വല്ലതുമാണെങ്കിൽ റെഫർ ചെയ്യും. അപ്പോൾ ആംബുലൻസ് വരും. നമ്മളെ എടുത്തുപൊക്കി, അതിന്നകത്തു കിടത്തി, ബെൽറ്റൊക്കെ മുറുക്കി, കൊണ്ടുപോകും, ഒരു പല്ലെടുക്കണമെങ്കിൽപ്പോലും ! മകന് ഒരിക്കൽ പല്ലുവേദന കലശലായി. ഇയാളെ വിളിച്ച് അപ്പൊയിന്മെന്റ് വാങ്ങി. 3 മാസം കഴിഞ്ഞ് നാട്ടിൽ വന്ന് പല്ലു പറിച്ച് തിരികെച്ചെന്നിട്ടും അയാൾ വിളിച്ചില്ല !!

ഗർഭിണികളായാൽ കുശാൽതന്നെ. എല്ലാ ചികിത്സകളും ഗവർന്മേന്റ്റ് വക ഫ്രീ. ഗർഭത്തിനു നമ്മുടെ നാട്ടിലെപ്പോലെ അനാവശ്യകരുതലോ മരുന്നുകളോ കൊടുക്കില്ല. അതും ഒരു സാധാരണസംഭവംമാത്രം ഇവിടെ. പക്ഷേ, ഗർഭിണിയുടെ വീട്ടിൽ വരാൻ പോകുന്ന കുഞ്ഞിന് എന്തൊക്കെ ഒരുക്കങ്ങൾ ചെയ്തുവച്ചിട്ടുണ്ട് എന്ന് ആസ്പത്രിയധികൃതർ ചോദിക്കും. കൊണ്ടുപോകുന്ന കാറിൽ ബേബിസീറ്റ് വേണം. വീട്ടിൽ പ്രത്യേകം മുറിയും അനുബന്ധസാമഗ്രികളും വേണം. അവകാശവാദങ്ങൾ അവർ വന്നുപരിശോധിക്കും. തൃപ്തിയില്ലെങ്കിൽ കുട്ടിയെ അവർ തരില്ല. നമ്മുടെ നാട്ടിലെ അമ്മത്തൊട്ടിൽ, പിള്ളത്തൊട്ടിൽ ഇവയ്ക്കൊന്നും ഇവിടെ യാതൊരു സാധ്യതയുമില്ല. നമ്മുടെ നാട്ടിൽ ഗർഭചികിത്സ, രോഗീപരിചരണം ഇതൊക്കെ വൻവ്യവസായങ്ങളല്ലേ ?

കുട്ടികളെ മാതാപിതാക്കൾതന്നെ സ്കൂളിൽ കൊണ്ടുപോയി ആക്കണം. കുഞ്ഞുങ്ങൾ പ്രാം അല്ലെങ്കിൽ ബഗ്ഗി എന്ന ഉന്തുവണ്ടിയിൽ കിടന്ന് യാത്രചെയ്തുപോകുന്നത് ഇവിടുത്തെ സ്ഥിരംകാഴ്ച. ചിലപ്പോൾ ഡബിൾഡക്കർപ്രാം കാണാം. (അതിന്റെ ഒക്കെ ഫോട്ടോ എടുത്താൽ ഞാൻ അകത്താകും) ലോഫ്ലോർബസിന്റെ നടുക്ക് കുറച്ചു സ്ഥലം ബാക്കികിടക്കുന്നത് കണ്ടിട്ടില്ലേ ? അവിടെയാണ് ഈ ഉന്തുവണ്ടികൾ സൂക്ഷിക്കുക. ബസ്സിന്റെ ചവിട്ടുപടിയും കാൽനടവഴിയും ഒരേ പൊക്കത്തിലാണ് വരുക. ഈ ഉന്തുവണ്ടികൾ അനായാസം ബസ്സിനുള്ളിൽ കയറ്റാം. വികലാംഗരുടെ വാഹനവും ഇതുവഴി കയറ്റും. അപ്പോൾ ബസിന്റെ വാതിൽനിന്ന് ഒരു പലക നീണ്ടുവരും. അതിലൂടെ വികലാംഗവാഹനം കയറ്റിക്കഴിഞ്ഞാൽ ഇതു തിരികെപ്പോകും.

എല്ലാ കുട്ടികളുടെയും വായിൽ ഒരു കൃത്രിമനിപ്പിൾ ഉണ്ടായിരിക്കും. 99 ശതമാനം അമ്മമാർതന്നെ വണ്ടി തള്ളുന്നു. ഹോട്ടലിലൊക്കെ ഇവർക്ക് പ്രത്യേകകസേരയുണ്ട്. നമ്മുടെ ഒപ്പം ഉയരത്തിൽ അതിൽ അവരെ ഇരുത്തും. അവരെക്കൊണ്ടുതന്നെ ഭക്ഷണം കഴിപ്പിക്കും. ഒരു കുഞ്ഞുപോലും ഒന്നിനും വാശിപിടിച്ചുകരയുന്നത് ഇതുവരെ ഞാൻ കണ്ടിട്ടില്ല. മുതിർന്ന കുട്ടിക്ക് ഒരു ചെറിയ മുച്ചക്രവാഹനമുണ്ടായിരിക്കും. ഒരു ഒന്നരയടി നീളം 4 ഇഞ്ചു വീതി. വിദഗ്ദ്ധരായ കുട്ടികൾ ഇരുചക്രവാഹനവും ഉപയോഗിക്കും. അതിൽ ഒരു കാൽ കയറ്റിവച്ച് മറ്റേക്കാൽകൊണ്ട് നിലത്തു ചവിട്ടിത്തള്ളിത്തള്ളി, ഹാൻഡിലിൽ പിടിച്ച് ഇവർ അമ്മയോടൊപ്പം നീങ്ങുന്നത് മനോഹരമായ ഒരു കാഴ്ചയാണ്.

കഴിഞ്ഞ ദിവസം ഒരമ്മ ഹോട്ടലിൽവച്ച് കോണിൽനിന്നു നിലത്തു വീഴാറായ ചോക്ലറ്റ് ഐസ് ക്രീം നക്കിനക്കി അതിന്റെ മുകൾ ഭാഗം നല്ല മുട്ടപ്പരുവത്തിലാക്കി മകന് കഴിക്കാൻ കൊടുക്കുന്നതു ഞങ്ങൾ കണ്ടു. കുട്ടി നക്കിക്കഴിയുമ്പോൾ ഐസ് ക്രീം താഴെ വീഴാൻ തുടങ്ങും. അമ്മ വീണ്ടും നക്കും. കുട്ടിക്കു കൊടുക്കും. ഞങ്ങൾ ഓർഡർ ചെയ്തത്, ഇതു കണ്ട് കഴിക്കാൻ പറ്റിയില്ല.

എട്ടാം ക്ലാസ്വരെ ഒന്നും പഠിപ്പിക്കില്ല. എല്ലാം കളിതമാശകൾമാത്രം. എന്താണു പഠിക്കേണ്ടതെന്നു കുട്ടികൾ പറയും. ടീച്ചർമാർ അനുസരിക്കും. ഒരു കാര്യത്തിനും നിർബ്ബന്ധമില്ല. എന്തു തോന്ന്യവാസവും അവർക്കു ചെയ്യാം. ആരും ഒന്നും പറയുകയില്ല. പോലിസ് വന്നാൽ അവരെ കൊണ്ടുപോയി ഉപദേശിച്ചുവിടും. അത്രതന്നെ. കഴിഞ്ഞ വർഷം ഇവിടെ നടന്ന കുട്ടികളുടെ കവർച്ച ഓർക്കുന്നുണ്ടായിരിക്കുമല്ലോ. 9 മുതൽ പഠിച്ചുതുടങ്ങുമ്പോളാണ് ഇവർ സ്തബ്ധരാകുന്നത്. ഒന്നും അറിയാൻ പാടില്ലാത്ത കുഞ്ഞുങ്ങൾ. മിക്കവാറും എല്ലാവരുംതന്നെ ഇവിടെ കൊഴിഞ്ഞുപോകുന്നു.

ജോലിയുടെ മഹത്ത്വത്തിന് ഇവിടെ വലിയ വില കല്പിക്കപ്പെടുന്നു. ഏതു ജോലിയും ഒരു മടിയും കൂടാതെ അവർ ചെയ്യും. ഞങ്ങളുടെ അടുത്ത് ഒരു വലിയ പള്ളിയുടെ വികാരി ചുറ്റുമതിലിനു സ്വയം പെയിന്റ് അടിക്കുന്നതു കണ്ടു. ഞങ്ങളുടെ ഫ്ലാറ്റിലെ അല്ലറചില്ലറ മരാമത്തുപണികളൊക്കെ ഉടമതന്നെയാണ് ചെയ്തുതരുന്നത്. കൂലിക്ക് ആളെ വിളിച്ചാൽ കുത്തുപാളയെടുക്കും.

തുടരും…….

facebooktwittergoogle_plusredditpinterestlinkedinmail

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>