വാട്ടർ മാനേജ്‌മന്റ്‌

30 കൊല്ലം മുമ്പ് എന്റെ ഇളയ സഹോദരിയെ വിവാഹം കഴിച്ചയച്ചത് കോട്ടയത്തിന്റെ കിഴക്കൻ മലയോര പ്രദേശമായ കാനത്തിലാണ്. അന്നൊന്നും വെള്ളത്തിന്റെ പ്രശ്നം അവിടെ അത്ര ഗുരുതരമല്ലായിരുന്നു. പക്ഷെ ഒരു 20 കൊല്ലമായി ജനുവരി മാസം മുതൽ തന്നെ സ്ഥിരമായി ടാങ്കർ ലോറിയിൽ കിണറ്റിലേക്ക് വെള്ളം കൊണ്ട് വന്നു ഒഴിക്കും. അത് ഒരു 3 ദിവസത്തേക്ക് കഷ്ടി.

ഒരു പ്രാവശ്യം അവിടെ ചെന്നപ്പോൾ ഞങ്ങൾക്ക് ചായ ഉണ്ടാക്കി കുടിക്കാനുള്ള വെള്ളം പോലും അവിടെ ഉണ്ടായിരുന്നില്ല. ഞാൻ അവളുടെ പ്രവർത്തനം സസൂക്ഷ്മം നിരീക്ഷിച്ചു. എങ്ങിനെ ഇവർ വെള്ളമില്ലാതെ ജീവിക്കുന്നു എന്നൊന്ന് നോക്കണമല്ലോ. കൊണ്ട് വരുന്ന വെള്ളം കിണറ്റിലേക്കൊഴിക്കും. പിന്നീട് കോരിയെടുത്തു വളരെ അരിഷ്ടിച്ച് ആദ്യം പാത്രം കഴുകാൻ ഉപയോഗിക്കും. ചാരം ഉപയോഗിച്ചാണ് കഴുക്ക്. അത് കളയാതെ പിടിച്ചു വച്ച് തെളിഞ്ഞു കഴിഞ്ഞാൽ ഊറ്റിയെടുത്തു പിന്നെയും പാത്രം കഴുകും. ഇത് 3 പ്രാവശ്യം ആവർത്തിക്കും. അപ്പോഴേക്കും വെള്ളം തീരെ ചീത്തയാകും. പിന്നെ അതുപയോഗിച്ചു അരി പച്ചക്കറി തുടങ്ങിയവ കഴുകും. അതും കളയാതെ ഊറ്റി പിന്നെ റബ്ബർപ്പാൽ ഉറയൊഴിക്കാൻ ഉപയോഗിക്കും.

തമാശയ്ക്കാണെങ്കിലും ഞാൻ ഇങ്ങനെ പറഞ്ഞു: ‘പല്ല് തേച്ചു കഴിഞ്ഞാലും അത് കളയരുത്. ഊറിക്കഴിഞ്ഞു ശൌചം ചെയ്യാൻ ഉപയോഗിക്കാമല്ലോ’ പക്ഷെ പല്ല് തേച്ച വെള്ളം അവർ കളയാതെ മുറ്റത്തു നില്ക്കുന്ന ചെടികൾക്ക് ഒഴിക്കും!! എന്തിനേറെ? രണ്ടു നേരം കുളി ഉണ്ടായിരുന്നത് ഒരു നേരമാക്കി. കുളിക്കുന്നത് തന്നെ ഓരോ നേരം ഓരോ ചെടിയുടെയോ തെങ്ങിന്റെയൊ ചുവട്ടിൽ ഒരു വലിയ അണ്ടാവു വച്ച് അതിൽ നിന്നാണ്. അതിൽ വീഴുന്ന വെള്ളം എടുത്തു ചെടികൾക്ക് ഒഴിക്കും. കുളിമുറിയിൽ നിന്നും കുളിച്ചാൽ അവിടം ചീത്തയാകും. പിന്നെ അത് തേച്ചു കഴുകാൻ വേറെ വെള്ളം വേണം.

ഇത് പറയാൻ കാരണം ഞാൻ ഈയിടെ ഇതൊക്കെ ചെയ്യേണ്ടി വന്നു എന്നത് കൊണ്ടാണ്. എന്റെ വീട്ടിൽ ഇഷ്ടം പോലെ വെള്ളമുണ്ട്. സർക്കാർ വെള്ളത്തെ ആശ്രയിക്കാൻ നില്ക്കാതെ, വീടുണ്ടാക്കുന്നതിനു മുന്നേ ഞാൻ ഒരു കിണർ കുഴിപ്പിച്ചിരുന്നു. സർക്കാർ കുഴൽവെള്ളം ഒരു അര കിലോമീറ്റർ അകലെക്കൂടിയാണ് പോകുന്നതും.
ഇക്കഴിഞ്ഞ ദിവസം വൈകുന്നേരം വെള്ളം വായിലൊഴിച്ചപ്പൊൾ ഒരു രുചി വ്യത്യാസം.

‘ഓ….നിങ്ങൾക്ക് വെറുതെ തോന്നിയതായിരിക്കും’ ശ്രീമതി മൊഴിഞ്ഞു.
പിറ്റേന്ന് പല്ല് തേച്ചപ്പോൾ എനിക്ക് തോന്നി വെള്ളത്തിനു എന്തോ നാറ്റം അനുഭവപ്പെടുന്നുണ്ടോ? അപ്പോൾ ശ്രീമതിയും വെള്ളം കൈക്കുമ്പിളിൽ എടുത്തു പറഞ്ഞു. ‘ശരിയാണല്ലോ’

ഞാൻ ബദ്ധപ്പെട്ടു പുരപ്പുറത്തു കയറി ടാങ്ക് പരിശോധിച്ചു. യാതൊരു കുഴപ്പവുമില്ല. പക്ഷെ നാറ്റം അനുഭവപ്പെടുന്നുണ്ട്. എനിക്കൊരു കാര്യം തീർച്ചയായി. കിണറ്റിലെന്തോ കുഴപ്പമുണ്ട്. പക്ഷെ കിണർ, നല്ല ഭംഗിയായി വലയൊക്കെ ഇട്ടു മൂടി ഈച്ചയ്ക്ക് പോലും കടക്കാൻ വയ്യാത്ത പരുവത്തിലാണ് ശരിയാക്കി വച്ചിരിക്കുന്നത്. കിണറാണെങ്കിൽ 22 കോൽ ആഴത്തിലാണ്. അത്രയും ദൂരേക്ക് എന്റെ വൃദ്ധ നയനങ്ങൾ എത്തുന്നില്ല. വളരെ കഷ്ടപ്പെട്ട് ടോർച്ചോക്കെ അടിച്ചു സൂക്ഷിച്ചു നോക്കിയപ്പോൾ എന്തോ അതിന്നകത്തു പൊന്തിക്കിടക്കുന്നുണ്ട് എന്ന് മനസ്സിലായി. പിന്നെ അതിനെ എങ്ങിനെയെങ്കിലും എടുക്കാനുള്ള ശ്രമം തുടങ്ങി. തൊട്ടിയിട്ടു എത്ര മുക്കിപ്പൊക്കിയിട്ടും ഈ സാധനം അതിൽ കയറുന്നില്ല. വെറുതെ കുറെ വെള്ളം വലിച്ചു പൊക്കിയത് മിച്ചം.

പിന്നെ ഒരു പേരക്കമ്പ് വളച്ചു അതിൽ ഒരു തോർത്തു കെട്ടി ഉറിവല പോലെയാക്കി കയറിൽ കെട്ടി ഇറക്കി ഒരു മണിക്കൂർ ശ്രമിച്ചു സാധനം പൊക്കിയെടുത്തു. ഒരെലി!! തല മുഴുവൻ അഴുകിപ്പോയിരുന്നു. ഈ വെള്ളമാണ് ഞങ്ങൾ 4 ദിവസമായി കുടിച്ചു കൊണ്ടിരുന്നത് !!!!

കിണർ തേവാൻ ആൾ വന്നത് രണ്ടു ദിവസം കഴിഞ്ഞ്. അത്രയും ദിവസം ഞങ്ങൾ അയൽവാസിയുടെ കാരുണ്യത്തിൽ അവിടുത്തെ വെള്ളം കൊണ്ട് ജീവിച്ചു. 100 മീറ്ററോളം താഴേക്കിറങ്ങി വേണം അവിടെ ചെല്ലാൻ. കഷ്ടപ്പാട് കൂടിയപ്പോൾ മേൽപ്പറഞ്ഞ എല്ലാ പ്രവൃത്തിയും, അതിൽ കൂടുതലും, ഞങ്ങളും ചെയ്യേണ്ടി വന്നു!!! അല്ലാതെന്തു ചെയ്യാൻ?

ഇതാണ് പറയുന്നത് കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന്. ആരെയും കളിയാക്കാൻ പോകണ്ടാ.

facebooktwittergoogle_plusredditpinterestlinkedinmail