ഹൌ ഓൾഡ്‌ ആർ യു ?

കുറേക്കാലം കൂടി നായികപ്രാധാന്യമുള്ള ഒരു സിനിമ. ഇതുവരേയ്ക്കും ചില സൂപ്പർസ്റ്റാറുകളുടെ മീശയ്ക്കും പേശീബലത്തിനും പിന്നാലെ ചുറ്റിക്കറങ്ങിനടന്നിരുന്ന മലയാളസിനിമ ഒരു വെല്ലുവിളിയെന്നോണം നായികയെ ശരിക്കും നായികതന്നെയാക്കിയിരിക്കുന്നു. സാമാന്യം തരക്കേടില്ലാത്ത അഭിനയം മഞ്ജുവും കുഞ്ചാക്കോ ബോബനും കാഴ്ചവച്ചിരിക്കുന്നു.

36 വയസ്സുള്ള നായിക അയർലണ്ടിൽ പോകാനായി അഭിമുഖത്തിൽ പങ്കെടുക്കുന്നു. പക്ഷേ 35 വയസ്സ് എന്ന ഒരേയൊരു പടിയിൽത്തട്ടി പരാജയപ്പെടുന്നു. സ്കൂളിൽ മകൾ ചോദിച്ച ഒരു ചോദ്യത്തെ ചുറ്റിപ്പറ്റിയാണ് പിന്നെ കഥ നീങ്ങുന്നത്‌. അതിനു അമ്മയെയും അച്ഛനെയും പോലീസ് പിന്തുടരുന്നു. അത് ഒടുവിൽ ഒരു യു ഡി ക്ലാർക്ക് ആയ അമ്മയെ പാർലമെന്റിൽ ഇന്ത്യൻ പ്രസിഡണ്ടിന്റെയടുത്തുവരെ എത്തിക്കുന്നു. (ഇത്ര “ഭയങ്കര ചോദ്യം” എന്താണെന്ന് എനിക്കും മനസ്സിലായില്ല) അഭിമുഖം അലുഗുലുത്തായതിൽ മകൾക്കും ഭർത്താവിനും അനല്പമായ ദേഷ്യമുണ്ടാകുന്നു. ഫേസ് ബുക്ക്‌ അക്കൌണ്ട് ഇല്ലാത്തതിനാൽ നായിക മലോകരുടെയൊക്കെ അധിക്ഷേപത്തിൽനിന്നു രക്ഷപ്പെടുന്നു. പക്ഷേ മകൾക്ക് ഇതിന്റെ നാണക്കേട്‌ സഹിക്കാനാവുന്നില്ല.
മകൾക്ക് അയർലാൻഡിൽ പഠിക്കാൻ കിട്ടിയ അവസരം അച്ഛൻ വളരെ ബുദ്ധിപൂർവ്വം ഉപയോഗിച്ച്, ‘വിവരം കെട്ട, ബുദ്ധിയില്ലാത്ത ഭാര്യയിൽ’നിന്ന് അകലുന്നു. അയാൾക്ക്‌ അവിടെ പെട്ടന്നൊരു ജോലി ശരിയായത്രേ!! (ദൂരദർശൻ വാർത്താവായനക്കാരനായ ഇയാൾക്ക് എന്താണാവോ സായിപ്പിന്റെ നാട്ടിൽ കിട്ടിയ പണി ??)
ഒരു തമാശയ്ക്കുവേണ്ടി മട്ടുപ്പാവിൽ ജൈവക്കൃഷി ചെയ്ത ഭാര്യ അതിലൂടെ പെട്ടന്ന് ഉയർച്ചയിലേക്ക് ഹീലിയം ബലൂണ്‍മാതിരി ഉയർന്നുപൊങ്ങി. സർക്കാർകാര്യം എത്ര എളുപ്പമാണ് നീങ്ങിയത്!!(അപ്പോഴൊന്നും നേരത്തെ ഈ യു ഡി ക്ലാർക്ക് കാട്ടിയിരുന്ന ചുവപ്പുനാട എങ്ങും കണ്ടില്ല. എല്ലാം സുഗമം!!) പെട്ടെന്നു പൊട്ടിവീണ ഒരു സഹപാഠിയും കാര്യങ്ങൾ വളരെ എളുപ്പത്തിലാക്കി. ഇവരുടെ ഇടപെടലാണ് നായിക മറന്നുകിടന്നിരുന്ന സ്വത്വത്തെ ഉണർത്തിയത്.
പക്ഷേ കോളജിൽ കമ്പ്യൂട്ടർ ലാബ് ഏർപ്പാടാക്കാൻ നായിക പണ്ട് ഐതിഹാസികസമരം ചെയ്തു വിജയിച്ചുവെന്ന് പരാമർശിക്കുന്ന ഈ രംഗം എന്നിൽ ചിരിയുണർത്തി. ആ കുട്ടിക്കാണു ഫേസ് ബുക്ക്‌ അക്കൌണ്ട് ഇല്ലാത്തത്!! (തന്നെയുമല്ല സഹപ്രവർത്തകർക്കൊക്കെ ഇതുണ്ടുതാനും !!)
തന്നെക്കൂടെ കൊണ്ടുപോകണമെന്ന് കേണപേക്ഷിച്ചിട്ടും കൂട്ടാക്കഞ്ഞ ഭർത്താവ് അവസാനം മകളുടെ നിർബ്ബന്ധത്തിനു വഴങ്ങി, അവൾക്കു ഭക്ഷണം ഉണ്ടാക്കാൻവേണ്ടി അയർലണ്ടിലേക്കു പോകാൻ തയ്യാറാകുന്നു. പക്ഷേ പിന്നീട് പച്ചക്കറികൃഷിയുടെ വിജയത്തിനുവേണ്ടി അതൊക്കെ മാറ്റിവയ്ക്കുന്നു. സഹപാഠിയുടെ സഹായത്താൽ കേന്ദ്രസർക്കാർസഹായവും, അയൽക്കൂട്ടത്തിന്റെ പിൻബലവും, വിദേശയിടപാടുകളുമൊക്കെ തരമാക്കി വീണ്ടും നായിക റോക്കറ്റ് വേഗത്തിൽ വിജയപീഠം കയറുന്ന കാഴ്ചയാണ് പിന്നീടു കാണുന്നത്.
ആകെക്കൂടി നോക്കുമ്പോൾ നല്ല ഒരു സിനിമതന്നെ. ആദ്യഭാഗം സ്വാഭാവികമായ തമാശകൾ വളരെ നല്ല രീതിയിൽത്തന്നെ അവതരിപ്പിച്ചിരിക്കുന്നു. സ്ത്രീശാക്തീകരണഅവാർഡ് സംവിധായകൻ പ്രതീക്ഷിക്കുന്നു എന്നു തോന്നുന്നു.
സ്വപ്നം ആർക്കും കാണാമെന്നും അതിനു മറ്റുള്ളവർ പരിധി നിശ്ചയിക്കാൻ പാടില്ല എന്നുമുള്ള ഒരു നല്ല സന്ദേശം ഈ ചിത്രംവഴി നമുക്കു കിട്ടുന്നുണ്ട്‌.
ഇതിൽ ഒരു പാട്ടുണ്ട് എന്ന് FM കേൾപ്പിച്ചു. പക്ഷേ ചിത്രത്തിൽ അതു കണ്ടില്ല/കേട്ടില്ല. സംഘട്ടനം ഇല്ല. നന്നായി. നായകൻറെ കാറ്റടിക്കുമ്പോൾ പ്രതിനായകന്മാർ കരിയിലപോലെ പറന്നുപോകുന്ന വിഡ്ഢിത്തം കാണണ്ടല്ലോ. സകുടുംബം കണ്ടിരിക്കാൻ സാധിക്കുന്ന ഒരു നല്ല ചിത്രം. മേൽപറഞ്ഞ കാര്യങ്ങൾ ഒന്നും മനസ്സിൽ വയ്ക്കരുത് എന്നു മാത്രം. അല്ലെങ്കിൽത്തന്നെ കഥയിൽ ചോദ്യമില്ലല്ലോ.

facebooktwittergoogle_plusredditpinterestlinkedinmail