പൂജാരി

കുറേക്കാലം മുമ്പ് കായ്ഫലം തരാത്ത ഒരു മാവിനെ നോക്കി ഞാൻ ഭാര്യയോടു പറഞ്ഞു: അടുത്ത വർഷവും കായ്ച്ചില്ലെങ്കിൽ ഇതിനെ വെട്ടിക്കളയാം. അത്ഭുതംതന്നെ. അടുത്ത വർഷം അതു കായിച്ചു ! പിന്നീട് ഇന്നുവരെ എല്ലാ വർഷവും മുടങ്ങാതെ കായിക്കുന്നു. 3 വർഷം മുമ്പ് വീണ്ടും മണ്ണുത്തിയിൽനിന്ന് 4 വിശേഷപ്പെട്ടതരം ഒട്ടുമാവുകൾ ഉമ്മറത്ത് കുഴിച്ചുവച്ചു. അതിൽ ഇപ്പോൾ ഒരെണ്ണമേ ബാക്കിയുള്ളൂ. 10 അടിയോളം വളർന്ന്, അതും കായ്ഫലം തരാതെ അങ്ങനെ നില്ക്കുന്നു. എനിക്കു ദേഷ്യം വന്നു. ഇവളോടും (?) ഞാൻ മേൽപറഞ്ഞ വിദ്യ പ്രയോഗിച്ചു. ഭാര്യ പറഞ്ഞു: മറ്റേ മാവിനോടു പ്രയോഗിച്ച വിദ്യ ഇവിടെ നടക്കില്ല. പക്ഷേ, വീണ്ടും അത്ഭുതം. 5-6 ദിവസം കഴിഞ്ഞപ്പോൾ അതും പൂത്തു !!

ഇതെന്താണിങ്ങനെ ? മരങ്ങൾക്കു ജീവനുണ്ടെന്നു ജെ സി ബോസ് എന്ന മഹാൻ കണ്ടുപിടിച്ചിട്ടുണ്ട്. എന്നാൽ മരത്തിനു മനസ്സും ഉണ്ടെന്നാണ് എനിക്കു തോന്നുന്നത്. ഞാൻ മലയാളത്തിലാണ് പറഞ്ഞത്. മാവിന് അതു മനസ്സിലായത്‌, അത് എന്റെ വീടിന്റെ ഉമ്മറത്തു നിന്ന് ദിവസേന എന്റെയും ഭാര്യയുടെയും സംസാരം കേൾക്കുന്നതുകൊണ്ടായിരിക്കും. വെട്ടുമ്പോൾ ചെടികൾ പേടിച്ചുവിറയ്ക്കുമെന്നും, കീടങ്ങളുടെ ആക്രമണം ഉണ്ടാകുമ്പോൾ ചെടികൾ മറ്റുള്ളവർക്കു മുന്നറിയിപ്പു കൊടുക്കാറുണ്ടെന്നും വായിച്ചിട്ടുണ്ട്. പണ്ടുള്ള ആളുകൾ മരം വെട്ടുന്നതിനുമുമ്പ് അതിനോട് അനുവാദം ചോദിച്ചിരുന്നുവത്രേ !! അതിൽ പാർക്കുന്ന/അതിന്റെ തണലിൽ ജീവിച്ചിരുന്ന പക്ഷിമൃഗാദികളോടു ക്ഷമ ചോദിച്ചിരുന്നു. വൃക്ഷപൂജ കഴിച്ചിരുന്നു.
(ഒട്ടുമാവിന് ആദ്യം ഉണ്ടാകുന്ന പൂവുകൾ ഒടിച്ചുകളയണം എന്ന് കേൾക്കുന്നു. അത് എന്തിനാണെന്ന് ആർക്കെങ്കിലും പറഞ്ഞുതരാമോ ?)

വാൽക്കഷണം :

പണ്ട് എന്റെ അപ്പനെ കുദ്രമുഖ് (കർണ്ണാടക)എന്ന സ്ഥലത്തിനടുത്തുള്ള ബൈരാപ്പുര എന്ന കാട്ടിൽ ഏലത്തോട്ടം വച്ചുപിടിപ്പിക്കാനായി ഒരു മുസൽമാൻമുതലാളി കൊണ്ടുപോയി. വിസ്തൃതമായ കാടു വെട്ടിത്തെളിക്കുന്നതിന് അവിടുത്തെ ആദിവാസികൾ എതിരുനിന്നു. വെട്ടുന്നതിനു മുമ്പ് വൃക്ഷപൂജ ചെയ്യണമെന്ന് അവർ വാശിപിടിച്ചു. ആകെ കുഴങ്ങി. കാട്ടിലെവിടെ പൂജാരി ? നഗരത്തിൽനിന്ന്‌ ഒരു പൂജാരിയെ കണ്ടുപിടിച്ച് അവിടെ കൊണ്ടുവരണമെങ്കിൽ കുറഞ്ഞത്‌ 2 ദിവസമെടുക്കും. തന്നെയുമല്ല ഈ ഉൾക്കാട്ടിലേക്ക് എന്തുകൊടുക്കാമെന്നു പറഞ്ഞാലും ഒരു പൂജാരിയും വരില്ല. അത്രയും സമയം പാഴാക്കാനില്ല. അപ്പനൊട്ടും മടിച്ചില്ല. കുറച്ചു വെള്ളമൊക്കെ എടുത്ത് വാഴയിലയിൽ പൂവും ചന്ദനവും ഒക്കെ വച്ച്‌ പണ്ടു പഠിച്ച എന്തൊക്കെയോ സംസ്കൃതശ്ലോകകങ്ങളൊക്കെ ഒരുവിധം പറഞ്ഞൊപ്പിച്ചു. അവസാനം ഓം…… ഘ്രീം………. സ്വാഹാ……….. എന്നൊക്കെ ഉപസംഹരിച്ചു. ആദിവാസികളല്ലേ ഇതൊക്കെ മതിയെന്ന് അപ്പൻ വിചാരിച്ചു.

ഇതൊക്കെ അവരെല്ലാവരും ചുറ്റും നിന്ന്‌ കണ്ടുകൊണ്ടിരുന്നു. പൂജയൊക്കെ കഴിഞ്ഞ് അപ്പൻ പറഞ്ഞു : ഇനി വൃക്ഷകോപം ഉണ്ടാകില്ല. ധൈര്യമായി വെട്ടിക്കോളൂ.

പക്ഷേ, അവർ സമ്മതിച്ചില്ല. “ഇനിയെന്താണ് തടസ്സം ?” അപ്പൻ ചോദിച്ചു :

“അതേയ്….വേല മനസ്സിലിരിക്കട്ടെ. ഞങ്ങളെ പറ്റിക്കാനൊന്നും സാറ് നോക്കണ്ടാ…ചെരിപ്പിട്ടുകൊണ്ടൊന്നും ഇവിടെയാരും പൂജ ചെയ്യാറില്ല !!!”

അപ്പോഴാണ്‌ കാലിൽ കിടക്കുന്ന ഷൂസ് അപ്പന്റെ ശ്രദ്ധയിൽപ്പെട്ടത്. അട്ട കടിക്കാതിരിക്കാൻ ഡെറ്റോളിൽ മുക്കിയുണക്കിയ സോക്സ്, അതിനുള്ളിൽ പുകയില എന്നിവയും കൈവശം തീപ്പെട്ടി, ഉപ്പ് എന്നിവയൊക്കെ വേണം കാട്ടിലൂടെ നടക്കുമ്പോൾ. എന്നിരുന്നാലും ചിലപ്പോൾ വീട്ടിലെത്തി, വസ്ത്രമഴിക്കുമ്പോളായിരിക്കും രക്തം കുടിച്ചുവീർത്ത അട്ടയെ കാണുക !! ആദിവാസികൾക്ക് ഇതൊന്നും പ്രശ്നമല്ല.

Facebooktwittergoogle_plusredditpinterestlinkedinmailby feather