‘കൈ’കാര്യം

കൈ എന്നാൽ കഴുത്തിനു താഴെ ഇടത്തും വലത്തും തൂങ്ങിക്കിടക്കുന്ന 2 അവയവങ്ങൾ. ഇവയ്ക്കു ഇടങ്കൈ, വലങ്കൈ (ഇടത്തുകൈ, വലത്തുകൈ) എന്ന് പറയും. ദോസ്സ്, പ്രവേഷ്ടം, ബാഹു, ഭുജം, കരം, ഹസ്തം ഇതൊക്കെയാണ് പര്യായങ്ങൾ. വംശം, പാർശ്വം, ബലം, അധികാരം, അധികാരം നടത്തുന്നതിനുള്ള എഴുത്ത്, ശാഖ, സ്വാധീനം, അഭ്യാസം, ആൾ, ചങ്ങാതി തുടങ്ങി നിരവധി വാക്കുകൾ ഇതിനു അർത്ഥമായി വരും.  കൈ എന്നാൽ വെറുക്കുക, തിക്തമാകുക (കൈക്കുക) എന്നും അർത്ഥമുണ്ട്.

ആനയുടെ തുമ്പി, കോടാലി, തൂമ്പ, മഴു എന്നിവയ്ക്കിടുന്ന പിടി(കോടാലിക്കൈ,തൂമ്പാക്കൈ) കഥകളിക്കാർ കാണിക്കുന്ന സംജ്ഞ (മുദ്രക്കൈ), വാഴയുടെ ഇലയുടെ തണ്ട് (വാഴക്കൈ) ഇതിനൊക്കെ അതാതിന്റെ പിന്നാലെ കൈ ചേർത്താണ്‌  പറയുക.

കൈ ചേർത്ത് ഭാഷയിൽ നിരവധി പദങ്ങൾ ഉണ്ട് :

കൈകണ്ട എന്നാൽ – പരീക്ഷിച്ചു നോക്കി നല്ല ഫല സിദ്ധിയുണ്ടെന്നു ബോദ്ധ്യപ്പെട്ട, അനുഭവസിദ്ധമായ (കൈകണ്ട വിദ്യ, കൈകണ്ട മരുന്ന്)

കൈകടത്തുക, കൈകടപ്പ്, കൈബലം, കൈക്കീഴാക്കുക എന്നാൽ – ആക്രമിക്കുകയോ, മറ്റൊരാളുടെ കാര്യത്തിൽ ബാലല്കാരമായി അധികാരം പ്രയോഗിക്കുകയോ  ചെയ്യുക, കടുങ്കൈ ചെയ്യുക എന്നാലും ഏതാണ്ട് ഇതേ അർത്ഥം തന്നെ.
കൈകടിക്കുക എന്നാൽ – പശ്ചാത്തപിക്കേണ്ടി  വരിക, (കൈ തിരുമ്മുക എന്നാലും പശ്ചാത്താപം തന്നെ, ദേഷ്യം വരുന്നതിനും ഇങ്ങനെ പറയും)
കൈ കമഴ്ത്തുക, കൈയിൽ കൈകമിഴുക എന്നാൽ – ദാനം ചെയ്യുക, കൈ മലർത്തുക, കൈകഴുകുക എന്നൊക്കെ പറഞ്ഞാൽ ഞാനീ നാട്ടുകാരനല്ല അഥവാ എനിക്കിതിൽ പങ്കില്ല, ഉത്തരവാദിയല്ല എന്ന മട്ടിൽ പെരുമാറുക, ഉപേക്ഷിക്കുക എന്നൊക്കെയാണ്. കൈവിടുക, കൈവെടിയുക എന്നാലും ഇതേ അർത്ഥം.
കൈകളി, കൈകളിക്കുക, കൈയാളിക്ക എന്നാൽ മോഷ്ടിക്ക, കൈക്കിര എന്നാലും അപഹരിക്കാവുന്നത് എന്നാണ്. കൈവശമുള്ള ആഹാരം എന്നും അർത്ഥമുണ്ട്.
കൈകാട്ടുക എന്നാൽ – ആംഗ്യം കാണിക്കുക, ചൂണ്ടിക്കാണിക്കുക, അല്പം മാത്രം കൊടുക്കുക, യാചിക്കുക്ക, തടുക്കുക,
കൈകാണുക എന്നാൽ – പരിചയിക്കുക,
കൈ കുടയുക എന്നാൽ – വ്യർത്ഥമായി എന്നു കാണിക്കുക. കൈവശം ഒന്നുമില്ല എന്ന് കാണിക്കാനും ഇങ്ങനെ ചെയ്യാം.
കൈകുത്തി നടക്കുക (നാലുകാലിൽ) എന്നാൽ – വശംകെട്ടു പോവുക,
കൈകൂടുക എന്നാൽ – തീരുക,
കൈകെട്ടി നില്ക്ക, കൈത്താളം പൂട്ടുക, കൈത്താളിക്ക  എന്നാൽ – വണങ്ങി നില്ക്ക,
കൈ കൊടുക്കുക എന്നാൽ – ഏർപ്പെടുക, സൌഹാർദ്ദം അറിയിക്കുക, ഗുസ്തിക്കായി തയ്യാറാവുക. കൈയടിക്കുക എന്നാലും വാക്ക് പറയുക, ഉടമ്പടി ചെയ്യുക എന്നൊക്കെ അർത്ഥം.
കൈപിടിക്കുക എന്നാലും പിണക്കം തീർക്കുക, സ്നേഹം സമ്പാദിക്കുക, ഉടമ്പടി ചെയ്യുക എന്നൊക്കെയുള്ള അർത്ഥം തന്നെ. എന്ന് വച്ച് വല്ല പെണ്‍കുട്ടികളുടെ കൈയിലും കയറിപ്പിടിക്കരുത്. പണ്ട് പൊട്ടക്കിണറ്റിൽ നിന്നും ദേവയാനി എന്ന സുന്ദരിയെ കൈപിടിച്ച് കയറ്റിയ യയാതിക്ക് വന്നു ഭാവിച്ച അനർത്ഥം ഓർക്കണം. കൈ പിടിച്ചാൽ പുലിവാൽ പിടിച്ചപോലെയാണ്. പിന്നെ കൈയൊഴിയാൻ പറ്റില്ല. വിവാഹം കഴിക്കുക  എന്നും ഇതിനു അർത്ഥമുണ്ട്.
കൈയാടുക എന്നാൽ – പെരുമാറുക എന്നും അർത്ഥമാണ്‌.
കൈക്കോൻ എന്നാൽ – ചില സ്ഥലങ്ങളിൽ നായർ, കൈക്കോളർ എന്നാൽ ചാലിയർ.
കൈനീട്ടം എന്നാൽ – വിഷുവിനും ഓണത്തിനും മൂത്തവർ കൊടുക്കുന്ന പണം. ആദ്യ വില്പന, കൈക്കൂലി, കൈമടക്ക്‌, കൈയുടെ നീളം, ഇരക്കുക, കൊടുക്കുക എന്നൊക്കെ അർത്ഥമുണ്ട്. കൈലഞ്ചം എന്നാലും കൈക്കൂലി തന്നെ.
കൈനേട്ടം എന്നാൽ – സ്വയം ആർജ്ജിച്ചത്. കൈമോശം വരിക എന്നാൽ നഷ്ടപ്പെടുക.
കൈപൊക്കി എന്നാൽ – സ്വന്തമായി അഭിപ്രായം ഇല്ലാതെ മറ്റുള്ളവരുടെ തീരുമാനം അനുസരിക്കുന്നവൻ. നമ്മുടെ രാഷ്ട്രീയ അനുയായികൾ തന്നെ.
കൈകാര്യം ചെയ്യുക എന്ന പദത്തിനു പെരുമാറ്റം, ഉപകാരം, പ്രയോജനം, ഭരണം എന്നൊക്കെയാണ് അർത്ഥം. പക്ഷേ, ഇന്നത്തെ കൊട്ടേഷൻ ടീമിന്റെ നിഘണ്ടുവിൽ ഒരാളെ അടിച്ചോ ഉപദ്രവിച്ചോ അവശനാക്കുക എന്നാണു അർത്ഥം.
രണ്ടു കൈയും തലയ്ക്കു മീതെ കൊണ്ടുവന്നു ചേർത്തു പിടിച്ചെങ്കിലേ കൈകൂപ്പൽ ആവൂ.
കൈകൊട്ട് എന്നാൽ ആനന്ദം കൊണ്ട്, ഇരു കൈയുടെയും അകവശം തമ്മിലടിച്ചു ശബ്ദമുണ്ടാക്കൽ.
കൈകൊട്ടിച്ചിരിക്ക എന്നാൽ മറ്റൊരാളെ അപഹസിക്ക.
കൈകൊട്ടിപ്പണ്ടാരം  എന്നാൽ വായ തുറക്കാതെ ആംഗ്യം കാണിച്ചു  ഭിക്ഷ വാങ്ങുന്നവൻ.
കൈകൊട്ടിക്കളി നമ്മുടെ സ്ത്രീകളുടെ സമൂഹനൃത്തം.
കൈകൊട്ടിപ്പുറത്താക്കുക എന്നാൽ സ്മാർത്തവിചാരം. (നമ്പൂതിരി സ്ത്രീകളെ വേശ്യാവുത്തി ആരോപിച്ചു വിചാരണ ചെയ്യൽ, ശ്രീ ഉണ്ണികൃഷ്ണൻ പുതൂരിന്റെ അമൃതമഥനം എന്ന നോവൽ വായിച്ചാൽ ഇതിനെക്കുറിച്ച്‌ കൂടുതൽ അറിയാം))
കൈക്കടം തല്ക്കാല ആവശ്യത്തിനു വാങ്ങിയ കടം.
കൈക്കണക്ക് എന്നാൽ ഓർമ്മയ്ക്കായി വച്ചിരിക്കുന്ന കണക്കുപുസ്തകം. (സാധാരണ ഇതിനു നാട്ടുഭാഷയിൽ മനക്കണക്ക് എന്നും പറയുന്നു. പണ്ട് കാൽകുലേറ്റർ, കമ്പ്യൂട്ടർ എന്നിവയൊന്നും ഇല്ലാതിരുന്ന കാലത്ത്  ഗുണനപ്പട്ടിക മന:പാഠം പഠിച്ചാണ് കണക്കു കൂട്ടിയിരുന്നത് ) കൈച്ചാർത്ത് എന്നാൽ സ്വന്തം മുതലിനെ സംബന്ധിച്ച് തയാറാക്കി വച്ചിരിക്കുന്ന കണക്കു എന്നും രശീത്‌ എന്നും, കൈക്കണക്ക് എന്നും അർത്ഥമുണ്ട്. കൈച്ചീട്ട് (കച്ചീട്ട്)എന്നാൽ കുറ്റസമ്മതം, കടം വാങ്ങിയ രേഖ എന്നൊക്കെയാണ്.
കൈക്കണക്കുകാരൻ എന്നാൽ വിദഗ്ദ്ധനായ തച്ചൻ.
കൈക്കില എന്നാൽ ചൂട് പാത്രം അടുപ്പത്തു നിന്നും വാങ്ങി വയ്ക്കാനായി ഉപയോഗിക്കുന്ന ഇല.

കൈക്കുറ്റം എന്നാൽ കൈ കൊണ്ടുചെയ്ത വേല, ആക്രമണം, കൈയേറ്റം എന്നൊക്കെ അർഥം. പക്ഷെ കൈക്കുറ്റപ്പാട് എന്നാൽ കുറ്റമല്ല കൈവേല, എഴുതൽ എന്നൊക്കെയേ അർത്ഥമുള്ളൂ. കൈത്തെറ്റ്, കൈപ്പിഴ ഇതൊക്കെ എഴുതുമ്പോൾ വരുന്ന തെറ്റുകൾ, അറിയാതെ സംഭവിച്ച പിശകുകൾ എന്നൊക്കെ.

കൈയൊപ്പ്‌ എന്നാൽ പ്രമാണങ്ങളിലും എഴുത്തുകുത്തുകളിലും നാം വരയ്ക്കുന്ന നമ്മുടെ അടയാളം. വിദ്യാഭ്യാസമില്ലാത്തവർ ഇമ്മാതിരി വരയ്ക്കുന്നതിനു കൈക്കീർ എന്നാണു പറയുന്നത്. കൈത്തെറ്റും കൈപ്പിഴയും ഒന്ന് തന്നെ. കൈമെയ് കാട്ടുക – എന്നാൽ  അഭിനയിക്കുക എന്നാണ്.

ശുചീന്ദ്രത്ത് നടത്തിയിരുന്ന തെളിവെടുപ്പാണ് കൈമുക്ക്‌. കുറ്റാരോപിതനായ ആൾ താൻ നിരപരാധിയെന്ന് പ്രഖ്യാപിച്ചു കൊണ്ട്, തിളച്ചയെണ്ണയിൽ കൈ മുക്കി അതിലുള്ള കാളയുടെ പ്രതിമയെ എടുക്കും. ഉടൻ അധികാരികൾ കൈ കെട്ടി മുദ്രവയ്ക്കും. മൂന്നാം ദിവസം അഴിച്ചു നോക്കുമ്പോൾ പൊള്ളിയതായി കാണപ്പെട്ടാൽ അപരാധി.

കൈയാല, കൈശാല, ഈടുമാട് ഇതൊക്കെ പുരയിടത്തിനു ചുറ്റുമുള്ള മണ്‍ചുമരാണ്. മഴ വന്നു നശിച്ചു പോകാതെയിരിക്കാൻ അതിനു മീതെ കെട്ടുന്ന കൂരയാണ് കൈയാലപ്പുര. കൈയാലക്കുടിൽ എന്നാൽ പർണ്ണശാല. കൈയാലപ്പുറത്തെ തേങ്ങ ഇരു കൂട്ടർക്കും അവകാശപ്പെട്ടതാണ്. എങ്ങോട്ട് ചായണം എന്ന സന്ദേഹത്തിലിരിക്കുന്നവരെ ഉദ്ദേശിച്ചാണ് ഇത്. ഇന്നത്തെ രാഷ്ട്രീയത്തിലെ ഒട്ടു മിക്ക ആൾക്കാരെയും ഇങ്ങനെ വിശേഷിപ്പിക്കാറുണ്ട്.

കൈ വയ്ക്കുക എന്നാൽ എടുത്തു പെരുമാറുക, അടിക്കുക, പ്രവേശിക്കുക, തുനിയുക, ആരംഭിക്കുക അപഹരിക്കുക എന്നൊക്കെയാണ്.
കൈവരച്ചൽ എന്നാൽ തീണ്ടായിരിക്കുന്ന സ്ത്രീകളെ വീട്ടു ജോലിയിൽ നിന്നും വിലക്കുന്ന പ്രക്രിയ. കൈവരഞ്ഞിരിക്കുക എന്ന് പറയും.
കൈവാശി എന്നാൽ ചെലവു കഴിച്ചു ബാക്കി എന്നും എണ്ണിക്കൊടുക്കുമ്പോൾ ഒരെണ്ണം കൂടുതൽ ഇടുന്നതിനെയും സൂചിപ്പിക്കുന്നു.

കൈയോട് ചേർന്നുള്ള ചില ചൊല്ലുകൾ  :

കൈവിട്ട കല്ലും വാവിട്ട വാക്കും – വാക്കും പ്രവൃത്തിയും സൂക്ഷിച്ചുപയോഗിക്കണം എന്നർത്ഥം
കൈക്കെത്തിയത് വായ്ക്കെത്താതെ വരിക – അനുഭവിക്കാൻ യോഗമില്ലാതെ വരിക.
കൈയയച്ചു ചെലവു ചെയ്യുക – ധാരാളം പണം ചെലവു ചെയ്യുക.
(കൈവലച്ചിൽ എന്നാൽ പണത്തിനുള്ള ഞെരുക്കം)
കൈയാടിയാലേ വായാടൂ – പണി ചെയ്താലേ കഴിക്കാൻ സാധിക്കൂ.
കൈയിൽക്കണ്ടത് കക്ഷത്തിലാക്കുക – മോഷ്ടിക്കുക.
കൈയിൽ പിടിക്കുന്നത്‌ ജപമാല, കക്ഷത്തിലിടുക്കുന്നത് കുന്നിക്കോൽ ( ഇത് തട്ടിപ്പ്)
കൈക്കാണത്തിനു (കൈക്കൂലി) കുറവ് വരുമ്പോൾ വാക്കാണത്തിനു വട്ടം കൂട്ടും.
കൈക്കില കൂടാതെ വാങ്ങുക എന്നാൽ നിഷ്പ്രയാസം കാര്യം സാധിക്കുക എന്നാണു.
അദ്ധ്വാനിക്കാതെ നേട്ടമുണ്ടാക്കുന്നതിനാണ് കൈ നനയ്ക്കാതെ മീൻ പിടിക്കുക എന്ന് പറയുന്നത്
കൈനന എന്നാൽ വേളിക്കായി പെണ്ണിനെ ചോദിക്കുക എന്നാണു. കൈ നനയ്ക്കുക എന്നാൽ കഞ്ഞി കുടിക്കുക എന്നും.
ഇടത്തുകൈക്ക് വലത്തുകൈ തുണ.

കൈത്തരിപ്പു എന്നാൽ മരവിപ്പ് രോഗമാണ്. കൈത്തരിപ്പു (കൈയൂക്ക്)തീർക്കുക എന്നാൽ അടിക്കുക എന്നാണു.
കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്ന മട്ടിൽ പെരുമാറിയാൽ കൈയോടെ പിടികൂടപ്പെടും, കൈയാമം വയ്ക്കപ്പെടും.
കൈയാങ്കളി നടത്തുന്നവർ കൈമെയ് മറന്നു പോരാടി അവസാനം ഒരു രക്ഷയുമില്ലാതെ വരുമ്പോഴാണ് അറ്റകൈ പ്രയോഗിക്കുന്നത്.
കൈവിട്ട കളി എന്നത് സർക്കസിലെ ഊഞ്ഞാലാട്ടത്തിനെ സംബന്ധിച്ചാണ് പറയുന്നതെങ്കിലും ഭവിഷ്യത്തുകൾ നോക്കാതെയുള്ള/മുൻപിൻ നോക്കാതെയുള്ള എടുത്തുചാട്ടത്തിനൊക്കെ ഇതുപയോഗിക്കാം.

കൈമാറ്റം എന്നാൽ കൈ മാറുന്ന പ്രക്രിയ അല്ല; നമ്മുടെ കൈവശമുള്ള എന്തെങ്കിലും വേറൊരാൾക്ക് കൊടുക്കുന്നതിനെയാണ് ഇങ്ങനെ പറയുന്നത്. എങ്ങനെയൊക്കെയാണെങ്കിലും കൈക്ക് ഒരു മാറ്റവും വരില്ല. കൈയോട് എന്ത് പദം ചേർത്താലും കൈ കൈയായിത്തന്നെ നിലനില്ക്കും. (കയ്യൂക്ക്, കയ്യാമം, കയ്യൊപ്പ്, കയ്‌വശം, കയ്യിൽ എന്നൊക്കെ എഴുതുന്നത്‌ അബദ്ധം)

facebooktwittergoogle_plusredditpinterestlinkedinmail