ഇംഗ്ലണ്ട് യാത്രാനുഭവങ്ങൾ – പതിനൊന്നാം അദ്ധ്യായം. (തൈംസ് നദിയുടെ ലണ്ടൻ ഭാഗത്തുള്ള പാലങ്ങൾ)

Millenium Bridge.

ബാങ്ക് സൈഡും ലണ്ടൻ നഗരവും തമ്മിൽ തൈംസ് നദിക്കു കുറുകെ AD 2000 ആണ്ടിന്റെ ഓർമ്മയ്ക്കായി Southwark പാലത്തിന്റെയും Black Friars റെയിൽവേ പാലത്തിന്റെയും ഇടയ്ക്കായി 1998 ൽ തുടങ്ങി ജൂണ് 2000 ൽ ഉദ്ഘാടനം ചെയ്ത ഉരുക്ക് നടപ്പാലം ആണിത്. ഉദ്ഘാടനത്തിന് ശേഷം ആയിരക്കണക്കിന് ആൾക്കാർ അതിലൂടെ ഒരേ സമയം നടന്നപ്പോൾ 70 സെന്റിമീറ്റർ വരെ അത് അങ്ങോട്ടുമിങ്ങോട്ടും ആടിയുലഞ്ഞു. കാറ്റിൽ ആടിയുലഞ്ഞിരുന്ന ഈ പാലം രണ്ടു ദിവസമേ ഉപയോഗിച്ചുള്ളൂ. നമ്മുടെ നാട്ടിൽ ഏതു പാലം കുലുങ്ങിയാലും അതിന്മേലുള്ള കേളന്മാർ കുലുങ്ങാറില്ലല്ലോ !!

ഒരുമിച്ചു എല്ലാവരും കൂടി ശക്തിയായി ചവിട്ടുമ്പോൾ ഉണ്ടാകുന്ന പ്രകമ്പനം കണക്കിലെടുത്ത് ഇത് മാതിരി Suspension Bridge വഴി കടക്കുമ്പോൾ സേനാംഗങ്ങൾ കവാത്ത് ചെയ്യാതെ പോയാൽ മതി എന്ന് ഇവിടെ നിയമം ഉണ്ട്. പക്ഷെ ഇതൊരു ഒന്നൊന്നര കുലുക്കൽ ആയിപ്പോയി. ഇവിടെ ശക്തിയിൽ കാറ്റടിക്കുമ്പോൾ പാലം ആടിയുലഞ്ഞു യാത്രക്കാർ പിടിവിട്ടു തെറിച്ചു നദിയിൽ വീഴുമോ എന്ന് പോലും സംശയിച്ചിരുന്നു. ഈ പാലം പിന്നീട് രണ്ടു വർഷത്തോളം കഴിഞ്ഞു ഇരു വശത്തും ചിറകുകൾ പോലെ കമ്പികൾ ഒക്കെ ഫിറ്റ് ചെയ്തു ബലപ്പെടുത്തിയിട്ടാണ് പൊതു ജനങ്ങൾക്ക് തുറന്നു കൊടുത്തത്. ഇപ്പോൾ അസാമാന്യ കുലുക്കം അനുഭവപ്പെടുന്നില്ലെങ്കിലും ഇപ്പോഴും കുലുക്കൽ പാലം (Wobbling Bridge) എന്നാണു ഇത് അറിയപ്പെടുന്നത്.

ഇതിന്റെ തെക്ക് വശത്ത് Globe Theatre, Bankside Gallery,Tate Modern എന്നിവയും, വടക്ക് വശത്ത് St. Pauls’ Cathedral, Citi of London School എന്നിവയും ഉണ്ട്.

തെക്ക് വശത്ത് നിന്ന് നോക്കിയാൽ പള്ളിയിലേക്കുള്ള പാലമാണെന്ന് തോന്നത്തക്ക വിധമാണ് ഇതിന്റെ നിർമ്മിതി. 1,066 അടി നീളവും 13 അടി വീതിയുമുള്ള ഇതിൽ 5,000 പേർക്ക് ഒരേ സമയം നിൽക്കാം. ഉത്ഘാടനത്തിനു 90,000 പേരാണ് ഇതിലൂടെ കടന്നത്.


2002 ൽ തുറന്ന Millennium Bridge 8 ഉരുക്ക് വടങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന തൂക്കു പാലമാണ്.


പാലത്തിലേക്ക് ഞങ്ങൾ വടക്ക് വശത്ത് കൂടിയാണ് വന്നത്. അവിടെ Methodisam ന്റെ ഉപജ്ഞാതാവായ John Wesly യുടെ പ്രതിമ നില്ക്കുന്നു.

St. Paul’s പള്ളിയിലേക്ക് വരുന്ന വഴിയിൽ ആ പേരിൽ ഒരു കാപ്പിക്കട ഉണ്ട്. കച്ചവട ലക്ഷ്യം തന്നെ.


പള്ളിയുടെ ചത്വരത്തിൽ Royal Mounted Police എന്ന കുതിരപ്പൊലിസിന്റെ അടുത്തു പലരും കിന്നരിക്കുന്നത് കണ്ടു ഞാനും അടുത്തു കൂടി അവരുടെ കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കാൻ തരപ്പെടുമോ എന്ന് നോക്കി. പക്ഷെ അപ്പോഴേക്കും അവർ സ്ഥലം വിട്ടു. ഞാൻ ഇളിഭ്യനായി തിരികെപ്പോന്നു.


Ludgate Hill എന്ന ലണ്ടനിലെ ഏറ്റവും ഉയരം കൂടിയ ഭാഗത്താണ് Christopher Wren എന്ന ശില്പി 1675-1710 കാലഘട്ടത്തിൽ നിർമ്മിച്ച 365 അടി ഉയരമുള്ള St. Paul’s Cathedral. ചർച്ച് ഓഫ് ഇംഗ്ലണ്ട് ന്റെ ലണ്ടൻ ബിഷപ്പിന്റെ ആസ്ഥാനം. ഇവിടെ വച്ചാണ് ചാൽസിന്റെയും ഡയാനയുടെയും വിവാഹം നടന്നത്. നെൽസൻ, വെല്ലിംഗ്ടൻ, ചർച്ചിൽ, താച്ചർ എന്നിവരൊക്കെ ഇവിടെയാണ് അന്ത്യ വിശ്രമം കൊള്ളുന്നത്. ഒന്നും രണ്ടും ലോകമഹാ യുദ്ധങ്ങൾ അവസാനിപ്പിച്ച ശേഷം ഇവിടെയാണ് എല്ലാവരും കൂടി സമാധാന പ്രാർത്ഥന നടത്തിയത്. മണിക്കൂറുകൾ തോറും ഇവിടെ പ്രാർത്ഥന നടക്കുന്ന അത്യന്തം തിരക്കേറിയ ഒരു പള്ളിയാണ്.

ഞങ്ങൾ ചെന്നപ്പോൾ പള്ളിയിൽ ആരാധന നടക്കുന്ന സമയമായിരുന്നു. അതിനാൽ അകത്തുള്ള ഫോട്ടോ ഒന്നും എടുക്കാൻ തരപ്പെട്ടില്ല. (അതൊരു വലിയ നഷ്ടമായിപ്പോയി) എന്നിരുന്നാലും ചില വിദ്വാന്മാർ വിലക്കുകൾ ഒക്കെ അവഗണിച്ചു ഫോട്ടോ എടുക്കുന്നുണ്ട്.
“വ്യാപാരമേ ഹനനമാം വനവേടനുണ്ടോ
വ്യാപന്നമായ് കഴുകനെന്നു കപോതമെന്നും”
എന്ന മഹാ കവി കുമാരനാശാന്റെ കവിത എനിക്കപ്പോൾ ഓർമ്മ വന്നു. എന്തായാലും വേണ്ടില്ല ചിലർക്ക് ഫോട്ടോ എടുത്തേ തീരൂ. അവരെ പള്ളിയുടെ ഉദ്യോഗസ്ഥന്മാർ പിന്തിരിപ്പിക്കുന്നതും കണ്ടു. (അല്ല…ഞാനെന്തിനാ അയാളെ കുറ്റം പറയുന്നത്? ഞാനും അത്തരത്തിലൊരുവൻ തന്നെ!!!)

പക്ഷേ പള്ളിയുടെ നിലത്തു ഗ്രില്ലിട്ട ഒരു വലിയ ഓട്ടയുണ്ട്. അതിലൂടെ താഴെ പ്രവർത്തിക്കുന്ന ഒരു ഹോട്ടലിൽ ഉണ്ടാക്കുന്ന സ്വാദേറിയ വിഭവങ്ങളുടെ ഗന്ധം മൂക്കിലേക്കടിച്ചു അടിച്ചു കയറും. വായിൽ വെള്ളമൂറി വരുമ്പോൾ പിന്നെങ്ങിനെ സമാധാനമായി നിന്ന് പ്രാർത്ഥിക്കും ? ഒരു തരം കൂട്ടു കച്ചവടം !!

താഴേക്കിറങ്ങി ഞങ്ങൾ ആ ഹോട്ടലിൽ പോയി. അവിടെയും പുരാതനമായ പല പ്രതിമകളും കലാ ശേഖരങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നു. ഫോട്ടോഗ്രഫി നിഷിദ്ധം.

Salvasion Army യുടെ (ഒരു ക്രിസ്ത്യൻ സന്നദ്ധ സംഘടന) ആസ്ഥാനവും ഇവിടെ കണ്ടു.

ഇവിടെയും പാലത്തിന്റെ തുടക്കത്തിൽത്തന്നെ നിലക്കടല വറുത്തു വില്ക്കുന്ന ഒരു സായിപ്പിനെക്കണ്ടു. നല്ല രുചിയുണ്ട്. മധുരമാണ്.


തെക്ക് വശത്ത് പാലം രണ്ടായി പിളർന്നു പണിതിരിക്കുന്നു. അതിന്നിടയിലൂടെയാണ് താഴേക്കിറങ്ങുന്നത്.

47 ലക്ഷം ആൾക്കാർ പ്രതിവർഷം സന്ദർശിക്കാൻ എത്തുന്ന Tate Modern എന്ന മോഡേണ് ആർട്ട് ഗാലറിയാണ് പാലത്തിന്റെ അപ്പുറം ഉയർന്നു നില്ക്കുന്ന ഗോപുരം. 1900 മുതലുള്ള ലോകത്തിന്റെ നാനാ ഭാഗങ്ങളിലും നിന്നുള്ള അത്യന്താധുനിക ശിൽപ്പങ്ങൾ ചിത്രങ്ങൾ എന്നിവ പ്രദർശിപ്പിച്ചിരിക്കുന്ന പല നിലകളിലുള്ള അതിന്നകത്തു കയറി വട്ടു പിടിച്ചു ഞങ്ങൾ ഇറങ്ങിയോടി.

താഴത്തെ നിലയിൽ ഇരുന്നു കുട്ടികൾക്ക് മോഡേണ്‍ ആർട്ട് ചിത്രങ്ങൾ വരയ്ക്കാം. മുകളിൽ വലിയ സ്ക്രീനിൽ അവ കാണാം.

കുട്ടികൾക്ക് കളിക്കാൻ വേണ്ടി ഉണ്ടാക്കി വച്ചിരിക്കുന്ന ഏതോ മോഡേണ്‍ ആർട്ട് സ്ലൈഡ് !!

Sellar Property, State of Qatar എന്നിവയുടെ സംയുക്ത ഉടമസ്ഥതയിൽ നവംബർ, 2012 ൽ ഉദ്ഘാടനം ചെയ്യപ്പെട്ട Obeservation Tower ആണ് The Shard, Shard of Glass എന്നൊക്കെ അറിയപ്പെടുന്ന 1004 അടി ഉയരമുള്ള 87 നിലയുള്ള ഈ കൂർത്ത ചില്ല് കൊട്ടാരം. യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ രണ്ടാമത്തെ കെട്ടിടമായ, പിരമിഡ് ആകൃതിയിലുള്ള, ഇതിൽ 72 നിലകളിൽ താമസം അനുവദനീയമാണ്.

തുടരും…..

Facebooktwittergoogle_plusredditpinterestlinkedinmailby feather