ഇംഗ്ലണ്ട് യാത്രാനുഭവങ്ങൾ – പത്താം അദ്ധ്യായം. (തൈംസ് നദിയുടെ ലണ്ടൻ ഭാഗത്തുള്ള പാലങ്ങൾ)

2.  London Bridge

Ford എന്നാൽ നദിയുടെ ആഴം കുറഞ്ഞ ഭാഗം വേനൽക്കാലത്ത് കുറുകെ കടക്കാനുള്ള സ്വഭാവികമോ മനുഷ്യനിർമ്മിതമോ ആയ തടയണ പോലുള്ള ഒരു സംവിധാനമായിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് Oxford നഗരം ഉണ്ടായത്. (കാളകൾ നദി കുറുകെ കടക്കുന്ന സ്ഥലം) Stratford എന്നാൽ റോമാക്കാരുടെ റോഡിൽ ഉള്ള Ford. (ജർമ്മനിയിൽ Furt എന്നാണ് ഇതറിയപ്പെടുന്നത്. Franfurt, Ochsenfurt, Schwenfurt, Klagenfurt എന്നിങ്ങനെ)

റോമാക്കാരുടെ പാലങ്ങൾ

ബി സി ഒൻപതാം നൂറ്റാണ്ടു മുതൽ തൈംസ് നദിയും കരകളും വ്യാപാര കേന്ദ്രങ്ങളായിരുന്നു. റോമാക്കാർ അവരുടെ സൈനിക നീക്കത്തിന് വേണ്ടി അവിടെ ആദ്യം ഒരു താൽകാലിക പാലം നിർമ്മിച്ചതോടെയാണ് Londinium എന്ന നഗരം (പിന്നീട് ലണ്ടൻ) ഉരുത്തിരിഞ്ഞു വന്നത്. തുടർന്ന് ബ്രിട്ടാനിയ എന്ന അവരുടെ കോളനിയും അവിടെ സ്ഥാപിച്ചു. എ ഡി 55 ൽ ഒരു തടിപ്പാലം ഇവിടെ പണിയുകയും 60 ൽ നശിപ്പിക്കപ്പെടുകയും ചെയ്തു. അതിനു മേൽ ഭാഗത്തുണ്ടായിരുന്ന Ford കടത്ത് എന്നിവ അപ്പോഴും ഉപയോഗിക്കപ്പെട്ടിരുന്നുവെങ്കിലും പാലം വഴിയാണ് കൂടുതലും സഞ്ചാരവും ചരക്കു നീക്കവും നടത്തിരുന്നത്.

മദ്ധ്യ കാലഘട്ടത്തിന്റെ തുടക്കം.

അഞ്ചാം നൂറ്റാണ്ടിൽ റോമൻ ആധിപത്യം അവസാനിച്ചപ്പോൾ പാലവും ഉപയോഗശൂന്യമായി. ഒൻപതാം നൂറ്റാണ്ടിൽ വീണ്ടും നിർമ്മിക്കപ്പെട്ടു. 1014 ൽ വീണ്ടും നശിപ്പിക്കപ്പെട്ടു . 1066 ൽ വില്യം ഒന്നാമൻ പുനർ നിർമ്മിച്ചു. 1091 ലെ കൊടുങ്കാറ്റിൽ നാമാവശേഷമായി. 1136 ൽ വില്യം രണ്ടാമൻ വീണ്ടും പണിതെങ്കിലും തീപ്പിടിച്ചു നശിച്ചു.

മദ്ധ്യ കാലഘട്ടം.

രക്ത സാക്ഷിയായ കാന്റർബറി ആർച് ബിഷപ് തോമസ് ബക്കറ്റിന്റെ നാമധേയത്തിൽ സുഹൃത്തായ ഹെൻട്രി രണ്ടാമൻ നടുക്ക് ഒരു ചാപ്പലോട് കൂടി കല്ല് കൊണ്ട് ഒരു പാലം ഇവിടെ നിർമ്മിച്ചു. 1176 ൽ തുടങ്ങിയ പണി അദ്ദേഹത്തിന്റെ പിൻഗാമിയായ ജോണിന്റെ കാലത്ത് 1209 ലാണ് തീർന്നത്. പള്ളിയിലേക്ക് നദിയിൽ നിന്ന് പോലും പ്രവേശനം സാദ്ധ്യമായിരുന്നു. പക്ഷെ അതിന്റെയൊക്കെ ഭാരിച്ച ചെലവു താങ്ങാനാകാതെ വന്നപ്പോൾ പാലത്തിൽ വീട് വയ്ക്കാൻ പൊതു ജനങ്ങൾക്ക് സ്ഥലം വിൽക്കേണ്ടി വന്നു.

(നമ്മുടെ മട്ടാഞ്ചേരിപ്പാലവും ഇതേ പോലെ വാഹന ഗതാഗതത്തിന് യോഗ്യമല്ലാതെ വന്നപ്പോൾ അതിൽ വ്യവസായ സ്ഥാപനങ്ങൾ സ്ഥാപിക്കാനൊരു നീക്കം നടത്തിയത് ഓർക്കുമല്ലോ)

അവസാനം 1284 ൽ ലണ്ടൻ നഗരം അതേറ്റെടുത്തു. കടകളും വീടുകളും രണ്ടറ്റത്തും കാവൽപ്പുരയും നെടു നീളെ നിരനിരയായി നദിയിലേക്ക് തള്ളി നിൽക്കുന്ന കക്കൂസുകളും നിറഞ്ഞ പാലമായിരുന്നു അന്ന്. കപ്പലുകൾക്ക് അടിയിലൂടെ കടന്നു പോകുവാൻ തടി കൊണ്ട് നിർമ്മിച്ച ഇതിന്റെ നടു ഭാഗം ഉയർത്താമായിരുന്നു.

രണ്ടറ്റത്തും ഒരുമിച്ചു പിടി പെട്ട 1212 ലെ തീ ഇതിലെ കുറെ കെട്ടിടങ്ങൾ ചാമ്പലാക്കി. 1381 ലും 1450 ലും ലഹളക്കാർ തീവച്ചു. 1633 ൽ ഉണ്ടായ തീപ്പിടുത്തത്തിൽ വടക്ക് ഭാഗം കത്തിയമർന്നതിനാൽ 1666 ലെ ഗ്രേറ്റ് ഫയർ ഓഫ് ലണ്ടൻ ഇതിനു നാശനഷ്ടം ഒന്നും വരുത്തിയില്ല.

(ഈ തീപ്പിടുത്തത്തോടെ തീ പിടിക്കാൻ സാധ്യതയുള്ള സാമഗ്രികൾ ഉപയോഗിച്ച് മേയുന്ന വീടുകൾ ലണ്ടനിൽ നിരോധിക്കപ്പെട്ടു)

പതിനഞ്ചാം നൂറ്റാണ്ടിൽ കടകളും വീടുകളും കയ്യേറി 26 അടി വീതിയുണ്ടായിരുന്ന പാലത്തിലെ വഴിയുടെ വീതി 12 അടിയായി ചുരുങ്ങി. ചില കെട്ടിടങ്ങൾ 7 നില ഉയരത്തിലും മറ്റു ചിലവ 7 അടിയോളം പാലത്തിൽ നിന്നും തൂങ്ങിയും നിർമ്മിച്ചവയായിരുന്നു. ഇരു വശവും മുകളിലും കെട്ടിടങ്ങൾ ഉണ്ടായിരുന്നതിനാൽ ഒരു തുരങ്കം മാതിരിയായിരുന്നു പാലം. 900 അടി നീളമുണ്ടായിരുന്ന പാലം കടക്കാൻ വാഹനങ്ങൾക്ക് അന്ന് ഒരു മണിക്കൂറിലേറെ കഷ്ടപ്പെടേണ്ടി വന്നു. (1722 ൽ പാലം നേരെ നടുവേ രണ്ടാക്കി ആദ്യമായി ഇടതു വശം ചേർന്നുള്ള സിംഗിൾ ലയിൻ ട്രാഫിക് ഏർപ്പാടാക്കി)

ജനം യാത്ര വീണ്ടും നദിയിലൂടെയാക്കി. പക്ഷെ പാലത്തിന്റെ തൂണുകൾ നിർത്താൻ വേണ്ടി അടുപ്പിച്ചടുപ്പിച്ച് പണിത അടിസ്ഥാനവും 20 ആർച്ചുകളും നദിയുടെ ഒഴുക്കിനെ സാരമായി ബാധിച്ചിരുന്നു. കഠിനമായ തണുപ്പ് കാലത്ത് പാലത്തിന്റെ മേൽ ഭാഗത്തെ വെള്ളം തണുത്തുറഞ്ഞു. താഴത്തെ നിരപ്പ് ആറടിയോളം കുറവും. അക്കാലത്ത് കണ്ടു പിടിച്ച വാട്ടർ വീൽ വെള്ളം പമ്പ് ചെയ്യാനും ധാന്യം പൊടിക്കാനും ഒക്കെ ആയി പാലത്തിന്നടിയിൽ സ്ഥാപിച്ചിരുന്നതും ഒഴുക്ക് തടസ്സപ്പെടുത്തി നില കൂടുതൽ വഷളാക്കി. കടലിനോടുള്ള സാമീപ്യം മൂലം വേലിയേറ്റവും വേലിയിറക്കവും സൃഷ്ടിക്കുന്ന അപാരമായ കുത്തൊഴുക്കും. ഇതൊക്കെ തൃണവൽഗണിച്ചു ധൈര്യ സമേതം ബോട്ട് ഓടിച്ചു വന്നു ചാടിച്ച പലരും അപമൃത്യുവിന്നിരയായി.

പാലത്തിന്റെ തെക്ക് വശം മുഴുവൻ രാജ്യദ്രോഹികളെന്നു മുദ്രയടിച്ച് തൂക്കിക്കൊന്നിരുന്ന പ്രതികളുടെ തല ഉരുക്കിയ ടാറിൽ മുക്കി കുന്തത്തിൽ കോർത്തു പ്രദർശിപ്പിച്ചിരുന്നു. 1305 ൽ സ്കോട്ട് ലണ്ടിന്റെ വീര നായകനും റോബർട്ട് ഡി ബ്രൂസിനോടൊപ്പം സ്വാതന്ത്ര്യ സമരത്തിൽ ഇംഗ്ലീഷുകാരെ ചെറുത്തു നിന്നിരുന്ന വില്യം വാലസ് എന്ന സിംഹ പരാക്രമിയെ പിടികൂടി ഇങ്ങനെ കൊന്നു തല ആദ്യമായി അവിടെ പ്രദർശിപ്പിച്ചു. പിന്നീട് 355 വർഷങ്ങളോളം പ്രസിദ്ധരും കുപ്രസിദ്ധരും ആയ പല ഹതഭാഗ്യരും ഇങ്ങനെ അപമാനിക്കപ്പെട്ടു. 1598 ൽ ഇവിടം സന്ദർശിച്ച ഒരു ജർമ്മൻ സഞ്ചാരി മുപ്പതിലേറെ തലകൾ ഇങ്ങനെ കുന്തത്തിൽ കോർത്ത നിലയിൽ പാലത്തിൽ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. 1660 ൽ ചാൾസ് രണ്ടാമനാണ് ഇത് നിർത്തലാക്കിയത്.

1758 ൽ പാർലമെന്റ് പാസ്സാക്കിയ നിയമ മൂലം ഈ കെട്ടിടങ്ങളെല്ലാം പൊളിച്ചു കളഞ്ഞു. കപ്പലുകൾക്ക് പ്രവേശനത്തിന് വേണ്ടി പാലത്തിന്റെ നടു ഭാഗം പൊളിച്ചു വീതി കൂട്ടി. 600 വർഷങ്ങളോളം ഈ പാലം അങ്ങിനെ നില നിന്നിരുന്നു. അപ്പോഴേക്കും വാഹനപ്പെരുപ്പം അനിയന്ത്രിതമായി.

ഇങ്ങനെ പണിയലും പൊളിക്കലും നശിപ്പിക്കലുമാണ് മധ്യ കാലഘട്ടത്തിൽ പിറവിയെടുത്ത “London bridge is falling down” എന്ന സുപ്രസിദ്ധമായ നേഴ്സറിപ്പാട്ടിന്റെ ഇതിവൃത്തം. My fair lady എന്ന് അതിൽ പരാമർശിക്കുന്നത് പാലത്തിന്റെ മറ്റൊരു പേരാണ്. Gold Silver ഇതൊക്കെ അക്കാലത്ത് അതിൽ കച്ചവടം നടത്തിയിരുന്നതും.

പത്തൊൻപതാം നൂറ്റാണ്ടിലെ പാലം. (Rennie’s Bridge)

ജോണ് റെന്നിയുടെ ഡിസൈനിൽ 5 കരിങ്കൽ ആർച്ചുകളോടു കൂടി ബ്രിട്ടീഷ് സർക്കാരിന്റെയും ലണ്ടൻ നഗരത്തിന്റെയും സംയുക്ത സംരംഭത്തിൽ 25 ലക്ഷം പവൻ ചെലവിൽ 1831 ൽ നിർമ്മിച്ച പാലവും അനുബന്ധ സൗകര്യങ്ങളും ഉദ്ഘാടനം ചെയ്തപ്പോൾ പഴയ പാലം പൊളിച്ചു കളഞ്ഞു.

ഇടക്കാലത്ത് കുറച്ചു വീതി കൂട്ടി. പക്ഷെ പടിപടിയായി ചരിഞ്ഞു 1924 ൽ പാലത്തിന്റെ കിഴക്ക് വശം 9 സെന്റിമീറ്ററോളം ഇരുത്തിപ്പോയി. അതോടെ വിൽപ്പനയ്ക്കു വച്ച പാലം Robert P Mcculloch എന്ന അമേരിക്കക്കാരൻ Tower Bridge ആണെന്ന തെറ്റിദ്ധാരണയിൽ വാങ്ങി. അദ്ദേഹം അതു പൊളിച്ചു അരിസോണയിൽ ഹവാസു തടാകത്തിൽ കൊണ്ട് പോയി അതേ പോലെ അതേ പേരിൽ മറ്റൊരു പാലം പണിതു. ഓരോ കല്ലിനും നമ്പരിട്ടിട്ടാണ് പൊളിച്ചടുക്കി കപ്പലിൽ കൊണ്ടുപോയത്.
മനുഷ്യന്റെ വട്ടു ഇത്രത്തോളമാകാമോ? അമേരിക്കയിൽ കല്ലും മണ്ണും ഒന്നും അക്കാലത്ത് ഇല്ലായിരിന്നിരിക്കും!!!

പുതിയ പാലം.പഴയ പാലം പൊളിച്ച അതേ സ്ഥലത്ത് 40 ലക്ഷം പവൻ ചെലവഴിച്ചു ലണ്ടൻ നഗരത്തെയും സൌത്ത് വാർക്ക് എന്ന സ്ഥലത്തെയും തമ്മിൽ ബന്ധിപ്പിച്ചു കൊണ്ട് A3 റോഡിൽ 5 വർഷം കൊണ്ട് ഉരുക്കും കോണ്ക്രീറ്റും ഉപയോഗിച്ച് പണിത പുതിയ Box Girder Bridge 1973 ൽ രണ്ടാം എലിസബത്ത് രാജ്ഞി ഉദ്ഘാടനം ചെയ്തു. 3 സ്പാനുകളായിട്ടു പണിതതിനാൽ ഇപ്പോൾ വെള്ളക്കെട്ടില്ല. പക്ഷെ 1984 ൽ HMS ജൂപ്പിറ്റർ എന്ന യുദ്ധക്കപ്പൽ ഇടിച്ചു കപ്പലിനും പാലത്തിനും ഏറെ നാശ നഷ്ടമുണ്ടായി. ബ്രിഡ്ജ് ഹൗസ് എസ്റ്റേറ്റ് എന്ന ചാരിറ്റി സംഘടനയാണ് ഇതിന്റെയും ഉടമകൾ. മേൽനോട്ടം ലണ്ടൻ നഗരാധികൃതരും.1973 ൽ എലിസബത്ത് രാജ്ഞി തുറന്ന ലണ്ടൻ പാലത്തിലൂടെ 40,000 വാഹനങ്ങൾ ഒരു ദിവസം കടന്നു പോകുന്നു.

തുടരും……

facebooktwittergoogle_plusredditpinterestlinkedinmail