പാണിയേലി പോര് – യാത്രാ വിവരണം.

 

ആലുവയിൽ നിന്നും ഏകദേശം 35 കിലോമീറ്റർ അല്ലെങ്കിൽ പെരുമ്പാവൂരിൽ നിന്നും ഏകദേശം 20 കിലോമീറ്റർ അകലെയാണ് മനോഹരമായ ഈ തീരം. വടക്ക് മലയാറ്റൂരിനും തെക്ക് പാണിയേലിക്കും ഇടയ്ക്കുകൂടി പെരിയാർ നദി ഒഴുകി വരുന്ന ഈ സ്ഥലത്ത് നിറയെ പാറക്കെട്ടുകളാണ്. പല കൈവഴികളായി ഒഴുകി വരുന്ന നദി ഇവിടെ ഒരുമിച്ചു ചേരുന്നു. വർഷകാലത്ത് പുഴ നിറഞ്ഞൊഴുകുന്നതിനാൽ ഇത് ദൃശ്യമല്ല. വേനൽക്കാലത്ത് പോയാൽ അവിടെ ഈ മനോഹര ദൃശ്യം കാണാം. ഇങ്ങനെ ഒഴുകി വരുന്ന ജലം പരസ്പരം പോരടിച്ചു മറിയുന്നതിനാലാണ് പാണിയേലി പോര് എന്ന നാമം ഈ സ്ഥലത്തിനു കിട്ടിയത്. ഇടമലയാർ കാട്ടിൽ നിന്നും ഈറ്റയും മുളയും വെട്ടി ചെങ്ങാടങ്ങളാക്കി മഴക്കാലത്ത് വരുമ്പോൾ, ഇവിടെ ഉണ്ടാകുന്ന വലിയ തിരകളുമായി പോരടിക്കുന്ന തുഴച്ചിലുകാരുടെ സംഭാവനയാണ് ഈ പേര് എന്നും പറയുന്നു. വലിയ വെള്ളച്ചാട്ടം ഒന്നും ഇവിടെയില്ല. പാറക്കെട്ടുകളും ചെറിയ തുരുത്തുകളും നിറഞ്ഞ ഈ നദിയുടെ ഈ പ്രകൃതിഭംഗി അപാരം തന്നെ !!

വനം വകുപ്പിന്റെ മലയാറ്റൂർ ഓഫീസിന്റെ അനുമതി വാങ്ങിയാൽ ആ പുഴയരികിലൂടെ കാടിന്റെ ഭംഗി ആസ്വദിച്ച് കുറെയേറെ നടക്കാം. വഴിയരികിലൊക്കെ നാനാതരം ശലഭങ്ങളുടെയും മൃഗങ്ങളുടെയും പക്ഷികളുടെയും വർണ്ണ ചിത്രങ്ങളും പേരുകളും അവയുടെ ശാസ്ത്രീയ നാമവും ഒക്കെ പ്രദർശിപ്പിച്ചിരിക്കുന്നു. പക്ഷികളുടെ കളകൂജനം എപ്പോഴും ഉണ്ടാകും. കാലത്ത് ചെന്നാൽ ഏറെ ആസ്വദിക്കാം. അവിടെ നിയമിക്കപ്പെട്ട 2 വഴികാട്ടികൾ നിങ്ങളെ അതിനു സഹായിക്കും.


ഒരു കിലോമീറ്ററോളം ഇങ്ങനെ നടന്നു കഴിഞ്ഞാൽ പാറക്കെട്ടുകളിലേക്ക് കയറാം. ഉയരമുള്ള പാറക്കെട്ടുകളല്ല. വളരെ സൂക്ഷിച്ചു നടന്നാൽ വളരെ നല്ലത്. വഴുക്കലുള്ള പാറ ഏതു സമയവും നിങ്ങളെ മരണത്തിലേക്ക് കൂട്ടിക്കൊണ്ടു പോകാം. പോകാൻ പാടില്ലാത്ത സ്ഥലങ്ങൾ വഴികാട്ടികൾ പറഞ്ഞുതരും. അവിടെയൊക്കെ ചുവപ്പ് കൊടികളും സ്ഥാപിച്ചിരിക്കുന്നു. ധിക്കരിച്ചു പോയാൽ അപകടം ഉറപ്പ്. കുറെയേറെപ്പേർ ഇങ്ങനെ ഇവിടെ മരണപ്പെട്ടിട്ടുണ്ട്. തന്നെയുമല്ല ഭൂതത്താൻകെട്ട് അണക്കെട്ട് തുറക്കുമ്പോൾ അതിശക്തമായ ഒഴുക്കുണ്ടാകാൻ സാദ്ധ്യതയുള്ളതും കണക്കിലെടുക്കണം. അപകടസ്ഥലത്തേക്ക് നീങ്ങിയാൽ അവർ ഉച്ചത്തിൽ വിസിലടിക്കും. ഓരോ സംഘം ആൾക്കാർ വരുമ്പോഴും എവിടെനിന്നു വരുന്നു, എത്ര നേരം അവിടെ ചെലവഴിക്കും എന്നൊക്കെ അവർ ചോദിക്കും. ശരിയായ വിവരങ്ങൾ കൈമാറിയാൽ, എന്തെങ്കിലും അപകടം പറ്റിയാൽ രക്ഷാപ്രവർത്തനം എളുപ്പത്തിലാക്കാം. വേണ്ടപ്പെട്ടവരെ അറിയിക്കുകയും ചെയ്യാം. അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ ഇവിടെ സർക്കാർ സംവിധാനം ഒന്നുമില്ല എന്ന് പ്രത്യേകം ഓർക്കണം. എന്തെങ്കിലും സംഭവിച്ചാൽ 2 കിലോമീറ്റർ അകലെ നിന്നുള്ള നാട്ടുകാർ ഓടിക്കൂടിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഫയർ ഫോഴ്സ് പെരുമ്പാവൂരിൽ മാത്രമേ ഉള്ളൂ.

വെള്ളത്തിൽ ഇറങ്ങാൻ സുരക്ഷിതമായ സ്ഥലങ്ങളും ഉണ്ട്. ഗൈഡുകൾ പറയുന്ന സ്ഥലങ്ങളിൽ മാത്രം ഇറങ്ങി കുളിക്കാം. ഷൂസ് ധരിച്ചു കൊണ്ട് പോകാൻ പറ്റില്ല. വെള്ളത്തിൽ ഇറങ്ങിക്കയറേണ്ട പല സ്ഥലങ്ങളും ഉണ്ട്. ഇങ്ങനെ അപരിചിതമായ സ്ഥലങ്ങളിൽ പോകുമ്പോൾ, തദ്ദേശവാസികളും അവിടം പരിചയമുള്ള ആൾക്കാരും തരുന്ന മുന്നറിയിപ്പുകൾ മുഖവിലയ്ക്കെടുക്കണം. കുറെയേറെപ്പേരോട് പറഞ്ഞുപറഞ്ഞ് അവർക്കും മുഷിഞ്ഞിട്ടുണ്ടാകും. അവരെ വെല്ലുവിളിച്ച്, ധിക്കരിച്ചു പോകുന്നവർക്കാണ് ദുരന്തങ്ങൾ ഉണ്ടാകുന്നത്.


മഴക്കാലത്ത് ഇങ്ങനെ ശക്തിയായി ഒഴുകി വരുന്ന ജലത്തിലൂടെ വലിയ പാറകൾ ഉരുണ്ടു വരികയും അത് അവിടെ ഉറച്ചിരിക്കുന്ന പാറകളിൽ തടഞ്ഞ്, ആ ജലത്തിന്റെ ഒഴുക്കിന്റെ പ്രത്യേകതയാൽ, ഒരിടത്ത് തന്നെ കിടന്നു തിരിയുകയും, കാലക്രമേണ പാറകളിൽ വലിയ കുഴികൾ ഉരുത്തിരിഞ്ഞു വരികയും ചെയ്യും. ഇതിനെ കല്ലാടിക്കുഴികൾ എന്നാണു പറയുന്നത്. ഇങ്ങനെയുള്ള നിരവധി കുഴികൾ ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. പല കുഴികളിലും അതിൽ തിരിഞ്ഞ കല്ലുകളും ഇപ്പോഴും കാണാം. ശരിക്കും പ്രകൃതിയുടെ തിരികല്ലുകൾ തന്നെ !! ജലനിരപ്പുയരുമ്പോൾ ഈ കുഴികളും അതിന്റെ മുകളിൽ രൂപപ്പെടുന്ന ചുഴികളും ദൃശ്യമല്ല. നീന്തുന്നതിനിടയിൽ ഈ ചുഴികളിൽപ്പെട്ടാൽ അവ താഴേക്കു ശക്തിയായി വലിക്കും. അതിനെ പ്രതിരോധിക്കാൻ എത്ര വലിയ ശക്തനായ നീന്തൽക്കാരനും സാദ്ധ്യമല്ല തന്നെ. തന്നെയുമല്ല മുകളിൽ താരതമ്യേന വളരെ ശാന്തമായിട്ടാണ് പുഴ ഒഴുകുന്നതെങ്കിലും അടിയൊഴുക്ക് ചിലയിടങ്ങളിൽ വളരെ ശക്തമാണ്. അത് നമുക്കറിയില്ല. അവർ പറഞ്ഞു തരുന്നത് ശ്രദ്ധിക്കണം. വീണാൽ എവിടെയെങ്കിലും തലയടിക്കും. അതോടെ ബോധവും നഷ്ടപ്പെടും. പിന്നെ ചെറിയ ഒഴുക്ക് മതി മരണത്തിലേക്ക് !! കൂട്ടുകാർക്ക് ആർക്കും ഓടിവന്നു രക്ഷിക്കാനുമാവില്ല.


പല മരങ്ങളും അവിടെ കാണാം. തീരം മുഴുവൻ mangrove എന്ന കണ്ടൽക്കാടുകൾ ആണ്‌. മണ്ണൊലിപ്പ് തടയാൻ ഇത്രയും നല്ല ഒരുപാധിയില്ല. തമിഴ്നാട്ടിലെ പല പ്രദേശങ്ങളും സുനാമിയിൽ നിന്നും രക്ഷപ്പെട്ടത് ഈ കണ്ടൽക്കാടുകൾ ഉള്ളത് കൊണ്ടായിരുന്നു. അനക്കൊണ്ട പോലെയൊരു ഭീകരനെ കണ്ട് ഞങ്ങൾ ഒന്നമ്പരന്നു. അത് കക്കും കായ (കർക്കിടകക്കഞ്ഞിയിൽ ഉൾപ്പെടുത്തുന്ന പരന്ന വട്ടത്തിലുള്ള കായ) ഉണ്ടാകുന്ന വള്ളിയാണ് എന്ന് ഗൈഡ് പറഞ്ഞു തന്നു.

സമ്പൂർണ്ണ ശുചിത്വ മിഷൻ അവിടെയൊരു മൂത്രപ്പുര സ്ഥാപിച്ചിട്ടുണ്ട്. അതിന്റെ കോലം കാണേണ്ടത് തന്നെ. നമ്മുടെ നാട്ടുകാരെക്കൊണ്ട്‌ തോറ്റു.കൈയിൽ സഞ്ചി കരുതിക്കോളൂ. ഇവിടെ നല്ല അസ്സൽ ചെറുതേനും വൻതേനും വാങ്ങാൻ കിട്ടും. കാട്ടിൽ നിന്നും ശേഖരിക്കുന്നതാണ്. ഔഷധമൂല്യം ഏറ്റവും കൂടുതൽ ഉണ്ടാകും. വയറ്റിലെ അൾസർ എന്ന രോഗത്തിന് ഏറ്റവും പറ്റിയതാണ്. ചെറുതേൻ 100 ml 300 ക, വൻ തേൻ 100 ml 100 ക.സെന്റ്‌ തോമസ്‌ മൌണ്ട് എന്ന തീർത്ഥാടന കേന്ദ്രവും കോടനാട് ആനപിടുത്ത കേന്ദ്രവും ഇതിന്റെ അടുത്താണ്. കോടനാട് – മലയാറ്റൂർ പാലത്തിൽ നിന്നാലും ഈ കാഴ്ച കാണാം. പെരുമ്പാവൂർ നിന്നും പോരിലേക്ക് എപ്പോഴും ബസ് കിട്ടും. തീരത്ത്‌ കൂടി ഭൂതത്താൻ കെട്ടിലേക്കും നദി കടന്ന് മഹാഗണിത്തോട്ടത്തിലേക്കുമൊക്കെ ട്രെക്കിംഗ് ഉണ്ട്. ഗൈഡുകളുടെ സേവനം ഉണ്ടെങ്കിൽ മാത്രം പോകുക. കാട്ടുമൃഗങ്ങൾ ആക്രമിക്കാൻ സാദ്ധ്യതയുണ്ട്.കനത്ത ചൂട് കാലത്ത് ഇവിടുത്തെ സുഖശീതളമായ കാലാവസ്ഥ അനുഭവിക്കുന്നത് ശരീരത്തിനും മനസ്സിനും നല്ല കുളിർമ്മയേകും. ഡിസംബർ മുതൽ മെയ് മാസം വരെയാണ് ഏറ്റവും നല്ല സമയം. സ്വന്തം വാഹനങ്ങളിൽ വരുന്നവർക്ക് പാർക്കിംഗ് സൗകര്യം ഉണ്ട്. നിരക്ക് 10 ക. അകത്തു കയറാനും ഒരാൾക്ക്‌ 10 ക. ഭക്ഷണം കരുതുക. അവിടെ അടുത്തെങ്ങും ഹോട്ടലുകൾ ഇല്ല. ഐസ് ക്രീം കിട്ടും. നല്ല പരിശുദ്ധമായ തണുത്ത ജലം ധാരാളം !! പ്ലാസ്ടിക് നിരോധിത മേഖലയാണ്. ഇപ്പോൾ എഴാറ്റുമുഖം – തുമ്പൂർമൂഴി തൂക്കുപാലം സജ്ജമായത്തോടെ കോടനാട് ആനപിടിത്ത കേന്ദ്രം, മഹാഗണിത്തോട്ടം, മലയാറ്റൂർ പള്ളി, കാലടിയിലുള്ള ശ്രീശങ്കര അദ്വൈതാശ്രമം, അതിരപ്പള്ളി, വാഴച്ചാൽ തുടങ്ങിയ സ്ഥലങ്ങളൊക്കെ ഒറ്റയടിക്ക് സന്ദർശിക്കാം.

facebooktwittergoogle_plusredditpinterestlinkedinmail