3 – സ്ടോണ്‍ ഹെൻജ് (Stone Henge) എന്ന അത്താണി ?

പിറ്റേന്ന് ലണ്ടനിൽനിന്ന് ഉദ്ദേശം 150 km അകലയുള്ള സ്ടോണ്‍ ഹെൻജ് എന്ന അത്ഭുതസൃഷ്ടി കാണാൻ പോയി.

m 25 എന്ന മോട്ടോർവേയിൽ (നമ്മുടെ നാഷണൽ ഹൈവേയുടെ വല്യേട്ടൻ) ക്കൂടിയാണ് പ്രധാന യാത്ര. ലണ്ടൻനഗരത്തെ വലയംചെയ്തുകിടക്കുന്ന ഈ പാതയിൽ 70 മൈൽ ആണ് കുറഞ്ഞ വേഗം. ഓരോരോ വേഗത്തിന്നനുസരിച്ച് ഓരോരോ ലെയിൻ ആണ്.

ഇടത്തെയറ്റം Hard Shoulder എന്നു പറയും. അവിടെ കേടായ വാഹനങ്ങൾമാത്രമേ നിറുത്താവൂ. അല്ലെങ്കിൽ അത്ര അത്യാവശ്യമുള്ള എന്തെങ്കിലും സംഗതിയുണ്ടെങ്കിൽ. അതിന്റെ വലതുഭാഗം ഏറ്റവും സ്പീഡ് കുറഞ്ഞ ലെയിൻ. അങ്ങനെ 4 ലെയിൻ ഉണ്ടാകും. ഓവർറ്റേക് ചെയ്തുകഴിഞ്ഞാൽ ആ ലെയിനിലെ സ്പീഡ് തുടരണം. യാർഡ്, മൈൽ എന്നൊക്കെയാണ് ടോംടോം എന്ന യാത്രാസഹായിയന്ത്രം പറയാറ്. പക്ഷേ ഞാൻ ഇതുവരെ ഒരൊറ്റ മൈൽക്കുറ്റിപോലും ഇവിടെങ്ങും കണ്ടില്ല. പോകേണ്ട സ്ഥലത്തിന്റെ പോസ്റ്റ് കോഡ് ഇതിൽ കൊടുത്ത് മുന്നിലെ കണ്ണാടിയിൽ ഒട്ടിച്ച് നമുക്കഭിമുഖമായിവച്ചാൽ ഇവൻ വഴി മുഴുവൻ നമുക്കു പറഞ്ഞുതരും. വഴിയുടെ ചിത്രവും നാം പോകേണ്ട റൂട്ടിൽ അമ്പും (arrow) സ്മാർട്ട്‌ ഫോണിന്റെയത്രമാത്രം വലുപ്പമുള്ള ഇവൻ കാണിച്ചുകൊണ്ടേയിരിക്കും. വഴിതെറ്റിയാൽ വഴിതെറ്റിയെന്നും, ഇനി വേറെ വഴിയിലൂടെ പോകാമെന്നും അല്ലെങ്കിൽ തിരികെപ്പോകണമെന്നും ഒക്കെ ഈ യന്ത്രം പറഞ്ഞുതരും. എങ്ങനെയായായാലും മറ്റൊരു വഴി ഇവൻതന്നെ കണ്ടുപിടിച്ച് പറഞ്ഞുതരും. ആരോടും വഴി ചോദിക്കാനൊന്നും തരപ്പെടില്ല. വഴിയിലെങ്ങും മൈലുകളോളം ആരെയും കാണാനുണ്ടാവില്ല. അഥവാ കണ്ടാലും അവിടെയെങ്ങും നിറുത്തി, ഒന്നും ചോദിക്കാനും പാടില്ല.

വഴിയിലൊക്കെ ഇടയ്ക്കിടെ മുകളിൽ സ്പീഡ്നിയന്ത്രണബോർഡ് കാണാം. വഴിയിൽ പല സ്ഥലത്തും പല സ്പീഡ് ആണ് പാലിക്കേണ്ടത്. അതൊക്കെ ടോംടോം പറഞ്ഞുതരും. സ്പീഡ് കൂടിയാൽ ഇവൻ അലാം അടിക്കും. പോലീസിന്റെ ക്യാമറയുള്ള സ്ഥലത്തിന്റെ മുന്നറിയിപ്പു തരും; ട്രാഫിക് ജാം ഉണ്ടെങ്കിൽ അതും. വഴിയിൽ കാട്ടുന്ന സ്പീഡ് ലിമിറ്റ് മാറുമ്പോൾ ടോംടോം കാണിക്കുന്നതു മാറിക്കൊണ്ടിരിക്കും. ആകെ ഓടേണ്ട സമയം, യാത്ര പുരോഗമിക്കുമ്പോൾ ഇനി എത്ര സമയം ബാക്കി, കവലകളിൽ എത്തുന്നതിനു മുന്നേതന്നെ ഏതു ലയിൻ ആണ് പിടിക്കേണ്ടത് എന്നൊക്കെ ഇവൻ കാണിച്ചുകൊണ്ടിരിക്കും. വില £130/- ജീവിതകാലംമുഴുവനും ഇതു മതി. പക്ഷേ, പുതിയ മാറ്റങ്ങൾ ഉൾക്കൊള്ളിക്കണമെങ്കിൽ വേറെ കാശു കൊടുക്കണം.

സർവീസ് സ്റ്റേഷൻ എന്ന സ്ഥലത്താണ് നമുക്കു ഡീസൽ, പെട്രോൾ എന്നിവ കിട്ടുക. യാത്രയ്ക്കിടയിൽ 1-2മണിക്കൂർ കഴിയുമ്പോൾ ബോർഡ് കാണാം. ആരും പെട്രോൾപമ്പ് എന്നെഴുതിവച്ചിട്ടില്ല. നാംതന്നെ ഇന്ധനം നിറയ്ക്കണം. എന്നിട്ട് ഓഫീസിനകത്തു പോയി പണം കൊടുക്കണം. അവിടെ ചായ, കാപ്പി, ബിയർ, മദ്യം, ഭക്ഷണപദാത്ഥങ്ങൾ എന്നിവ കിട്ടും. യാത്രക്കാർക്കു പ്രാഥമികയാവശ്യങ്ങൾ നിർവ്വഹിക്കാൻ അവിടെ വൃത്തിയുള്ള കക്കൂസും തയ്യാർ. ഇതൊക്കെ ഫ്രീ.

നമ്മുടെ നാട്ടിൽ ഒരു 50 കൊല്ലം മുൻപ് അന്യംനിന്നുപോയ ബർമ്മാ ഷെൽ എന്ന പെട്രോൾക്കമ്പനിയുടെ ബോർഡും ഇവിടെ കണ്ടു. ഇവിടെ വെറും “ഷെൽ” മാത്രം.

വളരെ വില കൂടിയ പല കാറുകളും മിന്നൽവേഗത്തിൽ നമ്മളെ കടന്നുപോകും. ചിലർ പിന്നിലും മുകളിലും സൈക്കിൾ ഘടിപ്പിച്ചുകൊണ്ടുപോകുന്നു. ചിലർ പിന്നിൽ വലിയൊരു പെട്ടിപോലെ കാരവൻ വലിച്ചുകൊണ്ടുപോകുന്നു. ഇതിൽ കിടന്നുറങ്ങാനും പ്രാഥമികയാവശ്യങ്ങൾ നിർവ്വഹിക്കാനും സൌകര്യമുണ്ടായിരിക്കും.

ലണ്ടനിൽ മിക്കയിടത്തും ഇലക്ട്രിക് പോസ്റ്റ് കാണാനില്ല. വൈദ്യുതിയും, വെള്ളവും, ഗ്യാസും എല്ലാം ഭൂമിക്കടിയിലൂടെ. ഗ്രാമപ്രദേശങ്ങളിൽ പക്ഷേ, ഇലക്ട്രിക് പോസ്റ്റ് ധാരാളം കാണാം. വഴിക്കിരുവശവും വിശാലമായ പുൽമേടുകൾ അല്ലെങ്കിൽ ഫാമുകൾ.

പുൽമേടുകളിൽനിന്നു യന്ത്രസഹായത്താൽ വെട്ടിയുരുട്ടിയെടുത്ത പുല്ലുരുളകൾ (കുറെ കറുത്ത പ്ലാസ്റ്റിക് പൊതിഞ്ഞിരിക്കുന്നു) ദൂരെനിന്നു നോക്കിയാൽ ചെമ്മരിയാടുകൾ മേഞ്ഞുനടക്കുകയാണെന്നു തോന്നും. ഫാമിൽ പശുക്കൾക്കു കൊടുക്കാനായിരിക്കാം ഈ പുല്ലുരുളകൾ.

SALISBURY എന്ന സ്ഥലത്ത് വിശാലമായ പുൽമേടിന്റെ നടുക്കാണ് സ്റോണ് ഹെന്ജ് (STONE HENGE) എന്ന നമ്മുടെ നാട്ടിലെ അത്താണി. കുറേക്കൂടി വലിപ്പമുണ്ടെന്നുമാത്രം. BC 3000 നും 1500 നും ഇടയ്ക്ക് DRUIDS എന്ന പ്രാചീന ബ്രിട്ടീഷുകാർ (BRONZ AGE അല്ലെങ്കിൽ NEOLITHIC AGE ) പണിതതാണെന്ന് കരുതപ്പെടുന്നു.

ഇത് ഒരു രോഗവിമുക്തിസ്ഥലമാണെന്നും, ശവസംസ്കാരസ്ഥലമാണെന്നും, കലണ്ടർ ആണെന്നും ഒക്കെ വാദമുണ്ട്. എന്നാൽ ഇതു നമ്മുടെ ഒഡീഷയിലെ കോണ് ആർക്കിലെ ക്ഷേത്രംപോലെയുള്ള ഒരു സൂര്യക്ഷേത്രമാണെന്നാണ് പുതിയ നിഗമനം. ഇതെല്ലാം ഒരുമിച്ചു, പണിതുവച്ചിരിക്കുന്നത് എന്തിനാണ്, എന്താവശ്യത്തിനാണ്, എങ്ങനെ ഈ ഭീമാകാരമായ കല്ലുകൾ അവിടെ എത്തിച്ചു എന്നൊന്നും മനസ്സിലാകുന്നില്ല. അവിടെ പുല്ലല്ലാതെ മറ്റൊന്നും കാണാനുമില്ല. പാറയുടെ കഷണംപോലും ആ പ്രദേശത്തിന്റെ ഒരു 10 ചതുരശ്രമൈൽ ചുറ്റളവിൽ ഇല്ല.

ഈ കല്ലുകൾ എങ്ങനെ നിർമ്മിച്ചെന്നോ എങ്ങനെ അവിടെ കൊണ്ടുവന്നെന്നോ എങ്ങനെ ഉയർത്തിവച്ചുവെന്നോ ആർക്കുമറിയില്ല. അതിന്റെ ഒരു വശത്ത് നീളത്തിൽ ഒരു കിടങ്ങുണ്ട്. മിക്കവാറും മൂടിപ്പോയിരിക്കുന്നു. അതൊക്കെ വളരെ സൂക്ഷ്മമായി വേലികെട്ടി, അവർ പരിപാലിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ അതിന്റെ പരിപാവനത ഇപ്പോഴും നിലനില്ക്കുന്നുണ്ട്. നമ്മുടെ നാട്ടിലാണെങ്കിൽ എപ്പോഴേ അതിലൊക്കെ പ്രണയകാവ്യങ്ങളും അശ്ലീലങ്ങളും നിറഞ്ഞേനേ; മുകളിൽ വച്ചിരിക്കുന്ന കല്ലുകളും ഉരുട്ടി, താഴെയിട്ടേനേ. നമ്മുടെ നന്നങ്ങാടികളും കുടക്കല്ലുകളും ഗുഹാനിർമ്മിതികളും ലിഖിതങ്ങളും ഒക്കെ ഇങ്ങിനെ പരിപാലിച്ചിരുന്നെങ്കിൽ !!!

തുടരും………

Facebooktwittergoogle_plusredditpinterestlinkedinmailby feather