പാലരുവിക്കരയിൽ (യാത്രാവിവരണം) – ഒന്നാം ഭാഗം

കുറെ നാളായി പാലരുവിയും അതിന്റെ അപ്പുറത്തുള്ള കുറ്റാലവും ഒക്കെ കാണണം എന്ന് കരുതിയിട്ട്. ഗൾഫിലുള്ള അളിയൻ യാത്രയ്ക്ക് വലിയ ഉത്സാഹിയാണ്. ഇടയ്ക്ക് നാട്ടിൽ വരുമ്പോൾ ഇങ്ങനെ യാത്രയാണ് ഞങ്ങളുടെ പണി. എവിടെയൊക്കെ പോകണം, എന്തൊക്കെ കാണണം, എവിടെ താമസിക്കണം, അങ്ങനെ എല്ലാ കാര്യങ്ങളും പുള്ളിക്കാരൻ തന്നെ ചെയ്തുകൊള്ളും. എന്ത് കഴിക്കണം എന്ന തീരുമാനം മാത്രം ഞങ്ങൾക്ക് വിട്ടു തന്നിട്ടുണ്ട്. ഞങ്ങൾ യാത്രക്കാരായി കൂടെ ഉണ്ടായാൽ മാത്രം മതി. എന്താ ഒരു സുഖം അല്ലേ ? എന്നാലും അവിടുത്തുകാരനായ എന്റെ ഫേസ് ബുക്ക്‌ സ്നേഹിതൻ ശ്രീ എസ്. എം. എൻ. പ്രദീപുമായി അല്ലറ ചില്ലറ ആശയവിനിമയങ്ങൾ ഒക്കെ നടത്തി അവിടുത്തെ ഭൂമിശാസ്ത്രം ഏകദേശം ഞാൻ മനസ്സിലാക്കിയിരുന്നു.
213
അങ്ങനെ ജൂലൈ 31 നു കാലത്ത് 7 മണിക്ക് ഞങ്ങൾ തൃപ്പൂണിത്തുറ ഏരൂർ സ്വദേശി ഷിബുവിന്റെ ഇന്നോവ കാറിൽ പിൻസീറ്റിൽ കയറി. സ്വന്തമായി കാറുണ്ടെങ്കിലും ദീർഘമായ ഇത്തരം യാത്രയ്ക്ക് വാടകയ്ക്ക് വിളിക്കയാണ് പതിവ്. ആലപ്പുഴ വഴി ഹരിപ്പാട് എത്തി അവിടുത്തെ ഇന്ത്യൻ കോഫീ ഹൌസിൽ നിന്നും നെയ്റോസ്റ്റ് കഴിച്ച് വീണ്ടും യാത്ര തുടർന്നു. വേറൊരു ഫേസ് ബുക്ക്‌ സുഹൃത്തായ ശ്രീമതി ഗീതാകുമാരിയുടെ നാടാണ്. വഴിയിൽ എങ്ങാനും അവരെ കാണുന്നുണ്ടോ എന്ന് നോക്കി. ഫോണ്‍ നമ്പർ ഉണ്ടായിരുന്നുവെങ്കിൽ വിളിക്കാമായിരുന്നു. കായംകുളത്ത് എത്തി കിഴക്കോട്ടു തിരിഞ്ഞു 12 മണി ആയപ്പോൾ പുനലൂർ എത്തി. അവിടെയിറങ്ങി, പൌരാണിക പ്രൗഢിയോടെ തല ഉയർത്തി നില്ക്കുന്ന, പുനലൂരിന്റെ മുഖമുദ്രയായ, തൂക്കുപാലത്തിന്റെ ചിത്രങ്ങൾ എടുത്തു. അതിന്റെ മരാമത്ത് പണികൾ നടക്കുന്നു. പടികൾ ഉള്ളതിനാൽ അതിൽക്കൂടി വാഹനങ്ങൾക്ക് സഞ്ചരിക്കാനാവില്ല.
454
അവിടുന്ന് നേരെ ആര്യങ്കാവിലേക്ക്. നമ്മുടെ സംസ്ഥാനത്തിന്റെ അതിർത്തിയാണിത്. തെന്മല മുതൽ നാം കഴുതുരുട്ടിയാറിന്റെ തീരത്തുകൂടിയാണ് യാത്ര. പാലരുവി തന്നെയാണ് കഴുതുരുട്ടിയാറ്. തെന്മലയിൽ നിന്നും 13 കി. മി. അകലെ, ആര്യങ്കാവ് ചെക്ക് പോസ്റ്റ്‌ നു 2 കി. മി. മുമ്പ് ഒരു ചെറിയ കവലയിൽ  കെ ടി ഡി സി യുടെ ഹോട്ടൽ ആരാമിന്റെ ബോർഡ് കാണാം. അവിടെ ഇപ്പോൾ താമസസൌകര്യമില്ല. അവിടെ നിന്നും വലത്തോട്ടു തിരിയണം.  12.15 മണിയായപ്പോൾ ആണ് അവിടെയെത്തിയത്. വഴി നിറയെ ആൾക്കാരും വാഹനങ്ങളും കാണാം. പുരുഷന്മാർ മിക്കവരും തോർത്തോ ട്രൌസറോ ധരിച്ചവരായിരിക്കും. സ്ത്രീകൾ എണ്ണയും മഞ്ഞളും തേച്ചു നടക്കുന്നവർ. എല്ലാവരും വെള്ളച്ചാട്ടത്തിൽ ചെന്ന ഉടനെ ചാടാൻ തയ്യാറായി നില്ക്കുന്നവർ ! തമിഴന്മാരുടെ ഭ്രാന്ത് കണ്ടാൽ കുളിക്കാൻ വേണ്ടിയാണ് ജനിച്ചതെന്ന് തോന്നും. അവിടുന്ന് തിരിഞ്ഞാണ് പാലരുവിയിലേക്ക് പോകുന്നത്. അവിടേക്ക് പോകണമെങ്കിൽ ഒരാൾക്ക്‌ ക.25/- ടിക്കറ്റ് എടുക്കണം. കാറിനു ക. 30/- കാലത്ത് 8 മണി മുതൽ വൈകുന്നേരം 4 മണി വരെ പ്രവേശനം. 5 മണിക്ക് എല്ലാവരെയും പിടിച്ചു പുറത്താക്കും.

പാലരുവി വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയിലൂടെ 1 കി. മി. പോകുമ്പോൾ വലതു വശത്തായി ചുവന്ന നിറത്തിൽ പാലരുവി റിസോർട്ട് കാണാം. അവിടെയാണ് ഞങ്ങൾ താമസിച്ചത്. മുകളിലുള്ള ഡബിൾ റൂം ദിവസ വാടക ക. 1,500/- താഴെ ക 1,000/- അത്ര വലിയ സൌകര്യമൊന്നും ഇല്ല. പക്ഷെ നല്ല വൃത്തിയും വെടുപ്പും ഉണ്ട്. ഞങ്ങൾ മുകളിലുള്ള മുറികൾ എടുത്തു. അവിടെ ഇരുന്നാൽ നല്ല പ്രകൃതി ഭംഗി ആസ്വദിക്കാം. വീട്ടിലുണ്ടാക്കിയ പോലുള്ള നല്ല രുചിയുള്ള ഭക്ഷണവും കിട്ടും. 3 ദിവസം താമസിച്ചു. വയറിനു ഒരു കുഴപ്പവും ഉണ്ടായില്ല. വെള്ളിയാഴ്ച ആയതിനാൽ അതിഥികൾ കുറവായിരുന്നു. രിസൊർട്ടിലെക്കാണെന്നു പറഞ്ഞാൽ ടിക്കറ്റെടുക്കണ്ടാ. പക്ഷേ, വെള്ളച്ചാട്ടം വരെ പോകാൻ സാധിക്കില്ല.

7ഈ റിസോർട്ട് എത്തുമ്പോൾത്തന്നെ അതിന്റെ ഉമ്മറത്ത് വഴിയിൽ നിന്നും കാറിനെ സമീപിച്ച് നോട്ടീസ് തന്നുകൊണ്ട് അവിടുത്തെ സൌകര്യങ്ങളെപ്പറ്റി വായ്‌ തോരാതെ വിളിച്ചു കൂവിക്കൊണ്ടേയിരിക്കുന്ന ഒരസാമാന്യ വ്യക്തിയാണ് കോട്ടയം കടുവാക്കുളം സ്വദേശി ശ്രീ അനിൽ കുമാർ. മലയാളികൾ മൊട്ടയെന്നും തമിഴർ ശോട്ടയെന്നും സ്നേഹപൂർവ്വം വിളിക്കുന്ന ഇദ്ദേഹമാണ് പാലരുവി റിസോർട്ടിന്റെ ജീവനാഡി.
ദൂരെ നിന്നേ വാഹനത്തിന്റെ നമ്പർ മനസ്സിലാക്കും. വലിയ വാഹനമാണെങ്കിൽ അതിന്റെ പേര് നോക്കും. കേരളത്തിലെ വാഹനമാണെങ്കിൽ മലയാള സദ്യ, പുട്ട്, കപ്പ, കൊള്ളി, ദോശ, ഇഡ്ഡലി, പാലപ്പം, ചിക്കൻ, ബീഫ് എന്നിങ്ങനെ ഉച്ചത്തിൽ വിളിച്ചു കൂവും. തമിഴരുടെ വാഹനമാണെങ്കിൽ, തൈർ ശാദം, സാമ്പാർ ശാദം, കൊളപൂട്ടേയ് (നമ്മുടെ കുറ്റിപ്പുട്ട്) നൂൽപുട്ടെയ്, ദോശ, ഇഡ്ഡലി, സാമ്പാറേയ് എന്നിങ്ങനെയാകും വിളി. അടുത്തു വരുമ്പോൾ താടിയോ തൊപ്പിയോ ധരിച്ച പുരുഷന്മാരോ തട്ടമിട്ട സ്ത്രീകളോ ഉണ്ടെങ്കിൽ അടവ് മാറ്റും. പിന്നെ ഹലാൽ ചിക്കനാണ് താരം. കാറിൽ കുട്ടികളുണ്ടെങ്കിൽ കപ്പ്‌ ഐസ് ക്രീം, കോണ്‍ ഐസ് ക്രീം, കാര മില്ക്ക് എന്നിങ്ങനെയാകും വിളി.

അതിഥികളെ കിട്ടിയാൽ ഉടനടി സ്വീകരണം. രെജിസ്ട്രേഷൻ, റൂമിൽ കൊണ്ട് പോയി ആക്കൽ, ഭക്ഷണം ഓർഡർ എടുക്കൽ എന്നിവയാണ് അടുത്ത നടപടി. ഇതിന്നിടയിലും സൗകര്യം കിട്ടിയാൽ പുറത്തേക്കോടി വിളി തുടരും. മുറിയിലെത്തി വിശ്രമം കഴിഞ്ഞാൽ ഓടി വന്നു നമ്മെ ഭക്ഷണം കഴിക്കാൻ ആനയിക്കും. അവിടെ ആളില്ലെങ്കിൽ ഇയാൾ തന്നെ സപ്പ്ലയർ, കൂക്ക്, ക്ലീനെർ എന്നിവർ. ഇടയ്ക്ക് സൗകര്യം കിട്ടിയാൽ പുറത്തേക്കോടി വീണ്ടും വിളി തുടരും. ഇടയ്ക്ക് വന്നു ക്ഷേമം അന്വേഷിക്കും. എവിടെയൊക്കെ പോകണമെന്ന് പറഞ്ഞു തരും. വേണ്ട സൌകര്യങ്ങൾ ഒക്കെ ഇടപാടാക്കിത്തരും. ഒരു മിനിട്ട് പോലും വെറുതെ ഇരിക്കാൻ സാധിക്കാത്ത, ഊർജ്ജസ്വലനായ ഒരപൂർവ്വ വ്യക്തിത്വം !!

എസി മുറി ഒരെണ്ണമേ ഉള്ളൂ. ക 2000/- ആണ് നിരക്ക്. 4 പേർക്ക് താമസിക്കാം. സാധാരണ ഡബിൾ റൂം ക 1,500/- ഇവിടെ ഇരുന്നാൽ താഴെക്കൂടി ഒഴുകുന്ന പാലരുവിയുടെയും കാടിന്റെയും സൌന്ദര്യം നുകരാം. താഴെ ഡബിൾ റൂം ക 1,000/-  ഊണ് കഴിഞ്ഞ് ഞങ്ങൾ നേരെ പാലരുവി വെള്ളച്ചാട്ടത്തിലേക്ക് പോയി. റിസോർട്ടിന്റെ തൊട്ടടുത്ത്‌ വിലങ്ങനെ പൈപ്പ് വച്ച് വഴി അടച്ചിരിക്കുന്നു. കാലത്ത് 8 മണിക്കേ ഇത് തുറക്കൂ. വൈകുന്നേരം 5 മണിക്ക് താഴിടും.

8പോകുമ്പോൾ ഇടതു വശത്തായി ഇടിഞ്ഞു പൊളിഞ്ഞ ഒരു കരിങ്കൽ കെട്ടിടം കാണാം. പഴയ കുതിരലായമാണത്. 2 കിലോമീറ്ററോളം പോയാൽ വെള്ളച്ചാട്ടമായി. വാഹനങ്ങൾ പാർക്ക് ചെയ്യാനും വിശ്രമിക്കാനും സൌകര്യമുണ്ട്. ഉയരത്തിലുള്ള പാറയിൽ നിന്നും വെള്ളം മറ്റു പാറകളിലൊക്കെ തട്ടിത്തട്ടി താഴേക്കു വീണു ഒരു കുളം ഉണ്ടായിരിക്കുന്നു. ഞങ്ങൾ ചെല്ലുമ്പോൾ കുളം നിറയെ ആൾക്കാർ കുളിക്കുന്നുണ്ട്. സ്ത്രീകൾക്ക് തൊട്ടപ്പുറം വേറെ സ്ഥലമുണ്ട്. പുരുഷന്മാർ കുളിച്ച വെള്ളമാണ് ഇവിടേയ്ക്ക് വരുന്നത്. അവിടെ വെള്ളച്ചാട്ടമില്ല. കുളത്തിനു മുകളിലേക്ക് പോകാൻ കുറെയേറെ പടികൾ കെട്ടി വച്ചിട്ടുണ്ട്.

111213ഏറ്റവും മുകളിലായി ഒരു കൽമണ്ഡപവും ഒരുക്കിയിട്ടുണ്ട്. അതിൽ നിന്നാൽ താഴെ കുളിക്കുന്നവരെ വളരെ ദൂരെയായി കാണാം. വെള്ളച്ചാട്ടത്തിന്റെ ഒരു നല്ല ദൃശ്യം ഇവിടെ ലഭ്യമാണ്. മുകളിൽ നിന്നും വെള്ളം കുതിച്ചുചാടി പാൽ തിളയ്ക്കുമ്പോലെ പതഞ്ഞുയരുന്നതാണ് പാലരുവി എന്ന പേരിന്റെ പിന്നിൽ. യാത്രാ ക്ഷീണം നന്നായി ഉണ്ടായിരുന്നതിനാൽ ഞങ്ങൾ വെള്ളത്തിൽ ചാടാൻ പോയില്ല. തന്നെയുമല്ല കുളം നിറച്ചു ആൾക്കാരാണ്.

പ്ലാസ്ടിക് നിരോധിത മേഖലയാണ്. നിരോധനം ലംഘിക്കുന്നവർക്ക്  25,000/- തൂപ പിഴ എന്നുള്ളത് രൂപ എന്ന് മാറ്റി വായിക്കണം. മുന്നറിയിപ്പുണ്ടെങ്കിലും ഇടയ്ക്കൊക്കെ ആൾക്കാർ പ്ലാസ്റ്റിക് വലിച്ചെറിയുന്നുണ്ട്. അതൊക്കെ അപ്പപ്പോൾത്തന്നെ ഒരു ജീവനക്കാരൻ ശേഖരിക്കുന്നുമുണ്ട്. ഇവയൊക്കെ ഇടയ്ക്കിടയ്ക്ക് സ്ഥാപിച്ചിരിക്കുന്ന കോണ്ക്രീറ്റ് കുറ്റികളിൽ ഇട്ട് കത്തിക്കുന്നതാണ് ദുസ്സഹം.

IMG_0910തെന്മല – ആര്യങ്കാവ് റോഡിന്റെ അരികിൽക്കൂടി പുനലൂർ – ചെങ്കോട്ട മീറ്റർ ഗേജ് പാത കടന്നു പോകുന്ന പാലമാണിത്. അത് ബ്രോഡ് ഗേജ് ആക്കി മാറ്റാനുള്ള തമിഴ്നാട് ഭാഗത്തിന്റെ എല്ലാ പണികളും അവസാനിപ്പിച്ചു വച്ചിട്ട് വർഷങ്ങളായി. നമ്മുടെ ഭാഗം ഒച്ചിഴയുന്ന വേഗത്തിൽ പുരോഗമിക്കുന്നു.

19തിരികെ മുറിയിൽ ചെന്ന് ചായ കുടി ഒക്കെ കഴിഞ്ഞ് റിസോർട്ടിന്റെ പിന്നിലേക്കിറങ്ങി. പാലരുവി അതിന്റെ പിന്നിൽക്കൂടിയാണ് ഒഴുകി വരുന്നത്. മുട്ടറ്റം വെള്ളമുണ്ട്. നല്ല കണ്ണീർ പോലെ ശുദ്ധം. പക്ഷെ മുകളിൽ തമിഴന്മാർ കുളിക്കുകയും അലക്കുകയുമൊക്കെ ചെയ്യുന്നതിനാൽ അതിൽ കുളിക്കാൻ പോയില്ല. എവിടെ നിന്നോ ഒരു വാത്ത് അതുവഴി വന്നു. എച്ചിൽ ഇവിടേയ്ക്ക് ഇടുന്നത് മുങ്ങിത്തപ്പി എടുക്കുന്നതിനു വേണ്ടിയാണ്. ഇവിടെ 2 പാത്തയെയും കണ്ടു. വൈകുന്നേരം ചിക്കൻ റോസ്റ്റും ചപ്പാത്തിയും കഴിച്ച് കിടന്നു. വലിയ തണുപ്പൊന്നുമില്ല.

Facebooktwittergoogle_plusredditpinterestlinkedinmailby feather