20 – ഇംഗ്ലണ്ട് യാത്രാനുഭവങ്ങൾ – മടക്കം.

കാലത്തുതന്നെ പ്രാതൽ കഴിച്ചുതയ്യാറായി 10 മണിക്കുതന്നെ ലണ്ടനിൽത്തന്നെയുള്ള Gatwick വിമാനത്താവളത്തിൽ എത്തി. കുറെ നേരം മകനോടും മരുമകളോടും ഒപ്പം ചെലവഴിച്ചു. ഓണ്ലൈൻ ചെക്ക് ഇൻ ചെയ്തിരുന്നതിനാൽ Q ഒന്നും നില്ക്കേണ്ടിവന്നില്ല. പെട്ടികൾ രണ്ടും അകത്തേക്കു വിട്ട് യാത്രപറഞ്ഞുപിരിഞ്ഞ് ഞാനും ഭാര്യയും അകത്തേക്കു പോയി. അര മണിക്കൂർ താമസിച്ചാണ് വിമാനമെത്തിയത്. എമിരറ്റ്സിന്റെ വലിയ വിമാനം. കിന്നരി വച്ച സുന്ദരീസുന്ദരന്മാർ ഞങ്ങളെ ഹാർദ്ദമായി സ്വീകരിച്ച് അകത്തേക്കാനയിച്ചു. സുഖമായി ജനാലയ്ക്കടുത്തു ഇരിപ്പിടവും കിട്ടി. പക്ഷേ, മഴ കാരണം ഒന്നും ആസ്വദിക്കാൻ പറ്റിയില്ല. ലണ്ടനിലേക്കു പറന്നിറങ്ങുമ്പോൾ കണ്ടിരുന്ന കഷണംകഷണമായി കിടന്നിരുന്ന ആ വമ്പൻ പുല്മേടുകളും റാഗി,ഗോതമ്പു വയലുകളുമൊക്കെ ഒന്നുകൂടി കാണാമല്ലോ എന്ന ആഗ്രഹം അങ്ങനെ പാഴായി. ഒന്നരയ്ക്കു പുറപ്പെടേണ്ട വിമാനം 2.15 ആയപ്പോൾ ഉയർന്നു. ഉടൻതന്നെ മേഘങ്ങൾ കാഴ്ചയും മറച്ചു. പിന്നെ 35000 അടി മുകളിലൂടെ -55 ഡിഗ്രി സെല്ഷ്യസ് തണുപ്പിൽ മേഘങ്ങൾ മാത്രം കണ്ടുകൊണ്ട് യാത്ര. സൂര്യൻ ഞങ്ങളുടെ എതിർദിശയിലേക്കു പോയി 4 മണിക്ക് അസ്തമിച്ചു. ഭക്ഷണമൊക്കെ കുശാലായി കഴിച്ചു. ഒറ്റയിരുപ്പ്. 7.30 മണിക്കൂർ കൊണ്ട് ദുബായിലെത്തി. അവിടെയിറങ്ങി കൊച്ചിയിലേക്കുള്ള ഗേറ്റ് കണ്ടുപിടിച്ചു. രണ്ടു മണിക്കൂർ അവിടെ കുത്തിയിരുന്നുകഴിഞ്ഞപ്പോൾ അടുത്ത യാത്ര, വീണ്ടും എമിരേറ്റ്സ് തന്നെ തുടർയാത്രാവിമാനം. പതിവുപോലെ സുന്ദരീസുന്ദരന്മാർ ഇരിപ്പിടം ഒക്കെ കാണിച്ചു തന്നു. പക്ഷേ, ഒക്കെ ഇടുങ്ങിയ സ്ഥലങ്ങൾ. കാൽ അനക്കാൻ വയ്യാത്തതിനാൽ എനിക്കു വലിയ ബുദ്ധിമുട്ടായിരുന്നു. യാത്ര തുടങ്ങിയപ്പോൾ അവർ എല്ലാവരും കിന്നരികൾവച്ചതൊപ്പി അഴിച്ചുവച്ചു. ഭക്ഷണവും മോശം. എയർ ഇന്ത്യ മഹാരാജാവിനോടു മത്സരിക്കാൻ ഇതൊക്കെ മതിയെന്ന വിചാരമായിരിക്കും. സൌകര്യമായി ഇരിക്കാൻ സാധിക്കാഞ്ഞതിനാൽ ഉറങ്ങാനും സാധിച്ചില്ല. 6 മണി ആയപ്പോൾ ഇന്നലെ യാത്രപറഞ്ഞു പിന്നോട്ടുപോയ സൂര്യഭഗവാൻ ഞങ്ങളെ എതിരേൽക്കാൻ ദേ നേരെ എതിരെ വരുന്നു !!! 8.15 ആയപ്പോൾ നെടുമ്പാശ്ശേരിയിൽ ഇറങ്ങി. പഴയ വിമാനമായതിനാലാകും ഇറങ്ങുമ്പോൾ നല്ല കുടുക്കവും ഉണ്ടായിരുന്നു. വീട്ടിലെത്തിയപ്പോൾ 9 മണി. വീട്ടിൽ വൈദ്യുതി ഇല്ല. വെള്ളമില്ല. (എങ്ങിനെ ഇവിടേക്കു വ്യവസായസംരംഭങ്ങൾ വരും? എപ്പോഴാണു വൈദ്യുതി വരുക പോവുക എന്നൊന്നും ഇവിടെ പറയാൻ പറ്റില്ലല്ലോ. I T വരുന്ന പ്രശ്നമില്ല. എന്തെന്നാൽ ഇന്റർനെറ്റ് ഒരിക്കലും ശരിക്കു പണി എടുക്കില്ല, വേഗവുമില്ല. തന്നെയല്ല ഇതൊക്കെ ശരിക്കു പണിയെടുക്കണമെങ്കിൽ വൈദ്യുതി തടസ്സമില്ലാതെ കിട്ടണം. ഞാൻ ലണ്ടനിൽ ഉണ്ടായിരുന്ന നാലര മാസത്തിനിടയ്ക്ക് ഒരിക്കൽപ്പോലും വൈദ്യുതി, വെള്ളം, ഗ്യാസ് എന്നിവയ്ക്ക് ഒരു തടസ്സവും ഉണ്ടായിട്ടില്ല. അഥവാ അങ്ങിനെ ഉണ്ടാകുമെങ്കിൽ ഒരാഴ്ച മുമ്പേ അവർ നോട്ടീസ് തന്നിരിക്കും!!) പെട്ടിയൊക്കെ അകത്തേക്കു വച്ചു നേരെ ഒരു ബന്ധുവീട്ടിൽ പോയി വിശാലമായി കുളിച്ചുറങ്ങി. രാത്രിയായപ്പോൾ വൈദ്യുതി എത്തി എന്നു ശട്ടംകെട്ടിയമാതിരി അയൽവാസി വിളിച്ചറിയിച്ചു. തിരികെയെത്തി. വീണ്ടും ഉറങ്ങി. കുത്തിയിരുന്നു നീണ്ട യാത്ര നടത്തിയതിനാൽ കാലത്ത് എഴുന്നേറ്റപ്പോൾ രണ്ടു പേർക്കും കാലിൽ നീരു വന്നു. പക്ഷേ, പല പ്രവാസികളും ജാഡ പറയുന്നതുപോലെ ഇവിടുത്ത കാലാവസ്ഥയിലേക്ക് ഇഴുകിച്ചേരാൻ ഒരു ബുദ്ധിമുട്ടും ഞങ്ങൾക്കുണ്ടായില്ല. പോന്നപ്പോൾ ലണ്ടനിൽ 10 ഡിഗ്രിക്കു താഴെ മാത്രം തണുപ്പ്. എ സി ക്കുള്ളിൽ 18 ഡിഗ്രി എങ്കിലും ഇല്ലേ? അങ്ങിനെ ഞങ്ങളുടെ ലണ്ടൻ യാത്രയുടെയും പ്രവാസജീവിതത്തിന്റെയും ശുഭകരമായ പരിസമാപ്തി. (ഇതവസാന ഭാഗം മാത്രം. ഇംഗ്ലണ്ട് വിശേഷങ്ങൾ തീരുന്നില്ല. ഞങ്ങൾ കണ്ടത് വെറും ഒരു ശതമാനംപോലുമില്ല !)

Facebooktwittergoogle_plusredditpinterestlinkedinmailby feather