18 – ഇംഗ്ലണ്ട് യാത്രാനുഭവങ്ങൾ – THE HOLOCAUST – ചരിത്രത്തിലെ സമാനതകളില്ലാത്ത പീഡനം.

IMG_0007 IMG_0008 IMG_0011 IMG_0012( നല്ല മനോബലം ഉള്ളവർ മാത്രം വായിക്കുക)

ഗ്രീക്കു ഭാഷയിൽ ഇതിന്റെ അർത്ഥം (ദൈവങ്ങൾക്കു മൃഗങ്ങളെ ബലികൊടുക്കുമ്പോൾ) കത്തിച്ചുചാമ്പലാക്കുക എന്നും, ഹീബ്രൂ ഭാഷയിൽ (Shoah) സർവ്വനാശം എന്നുമാണ്.

രണ്ടാം ലോകമഹായുദ്ധത്തിന്നിടയ്ക്കു അഡോൾഫ് ഹിറ്റ്ലറും അയാളുടെ നാസിപ്പാർട്ടിയും (Nazi എന്നാൽ “Nationalsozialistishe Deutsche Arbeiterpartei” എന്നതിന്റെ ചുരുക്കപ്പേര് – ഇംഗ്ലീഷിൽ “National Socialist German Worker’s Party). ചേർന്ന്, പ്രധാനമായും യൂറോപ്പിലാകമാനം ഉണ്ടായിരുന്ന 90 ലക്ഷത്തിൽ, 60 ലക്ഷത്തോളം യഹൂദന്മാരെയും, മറ്റൊരു 50 ലക്ഷം പല രാജ്യങ്ങളുടെ പൌരന്മാരെയും, ജർമ്മനിയിലും, അവർ അന്നു കീഴടക്കിവച്ചിരുന്ന പ്രദേശങ്ങളിലും, ഇതിന്നായി പ്രത്യേകം തയ്യാറാക്കിയ 40,000 ൽപ്പരം ജയിലുകൾ, തടങ്കൽപ്പാളയങ്ങൾ, ഇരുട്ടറകൾ, ഗ്യാസ് ചേംബറുകൾ, പീഡനസങ്കേതങ്ങൾ എന്നിവയിൽവച്ച്, ഭരണകൂടത്തിന്റെ ആശീർവ്വാദത്തോടെ, ഘട്ടംഘട്ടമായി, ശാസ്ത്രീയമായി കൊന്നൊടുക്കിയ സംഭവമാണ് The Holocaust എന്നു ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതിൽ 10 ലക്ഷം കുഞ്ഞുങ്ങളും, 20 ലക്ഷം സ്ത്രീകളുമായിരുന്നു. ജർമ്മനി കീഴടക്കിയിരുന്ന 35 രാജ്യങ്ങളിലുംനിന്ന് ചരക്കുതീവണ്ടികളിൽ കുത്തിനിറച്ചുകൊണ്ടുവന്ന് ghettos/Concentration /Extermination ക്യാമ്പുകളിൽ അടിമകളെക്കാളും ദയനീയാവസ്ഥയിൽ പണിയെടുക്കാൻ നിർബ്ബന്ധിക്കപ്പെട്ട ഇവർ ഒന്നുകിൽ രോഗം വന്നോ പട്ടിണി മൂലമോ അല്ലെങ്കിൽ അമിതമായ അദ്ധ്വാനം കൊണ്ടോ ഈയാമ്പാറ്റകൾപോലെ മരിച്ചുവീണു.

1920 കളിൽ വരെ ജൂതന്മാർ ജർമ്മനിയുടെ സമസ്തമേഖലകളിലും ഇഴുകിച്ചേർന്ന ജനതയായിരുന്നു. സൈന്യ, ശാസ്ത്ര, സാങ്കേതിക, വിദ്യാഭ്യാസ, സംസ്കാര, സാമ്പത്തികമേഖലകളിലെല്ലാം അവരുടെ സേവനം അദ്വിതീയമായിരുന്നു. പക്ഷേ, 1933 ജനുവരി 30 നു അഡോൾഫ് ഹിറ്റ്ലർ Chancellor ആയി അധികാരമേറ്റ നാൾ മുതൽ ഇവരുടെ ദുർദ്ദശ തുടങ്ങി. 1920 കളിലെ വിലക്കയറ്റത്തിനും തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യത്തിനും, എന്തിനേറെ ഒന്നാം ലോകമഹായുദ്ധത്തിലുണ്ടായ ദയനീയപരാജയത്തിനും ജൂതന്മാരാണ് ഉത്തരവാദികൾ എന്നു മുദ്രയടിച്ച് ഏകദേശം 5 ലക്ഷത്തോളം വരുന്ന (മൊത്തം ജനസംഖ്യയുടെ കേവലം 0.86 ശതമാനം) ഇവർക്കെതിരെ ഇയാൾ സന്ധിയില്ലാസമരം പ്രഖ്യാപിച്ചു. അതുവരെ ദേശീയമുഖ്യധാരയിൽ ഇഴുകിച്ചേർന്നുകിടന്ന ഈ ജനസമൂഹം പൊടുന്നനെ അനഭിമതരായി.

യഹൂദന്മാരെക്കൂടാതെ Roma (ജിപ്സികൾ) -2 ലക്ഷം, വികലാംഗർ, മാനസികവൈകല്യമുള്ളവർ, രോഗികൾ -2 ലക്ഷം (Euthanesia Programme പ്രകാരം) പോളണ്ട്, റഷ്യ തുടങ്ങിയ സ്ഥലങ്ങളിലെ ജാതിയിൽ കുറഞ്ഞതെന്നു ജർമ്മൻകാർ കരുതിയിരുന്ന മറ്റുള്ളവർ, എന്നിവരെ കണക്കില്ലതെ ഇവർ കൊന്നൊടുക്കി. Einsatzgruppen എന്ന Mobile Killing Units എപ്പോഴും പ്രവർത്തനനിരതരായിരുന്നു.

1935 Nuremberg laws എന്ന കുപ്രസിദ്ധമായ നിയമം പാസ്സാക്കിയതോടെയാണ് ഇതിനു തുടക്കംകുറിച്ചത്. ഈ കരിനിയമത്തിൽ ആര്യന്മാർ അല്ലാത്തവർ ആരും ജർമ്മനിയിൽ ഉണ്ടാകാൻ പാടില്ല എന്നായിരുന്നു വ്യവസ്ഥ. യഹൂദന്മാരും ജിപ്സികളും നീഗ്രോകളും അല്ലാതെ യൂറോപ്പിൽ ഉണ്ടായിരുന്ന എല്ലാവരും ആര്യന്മാരാണെന്ന് ഈ നിയമം അനുശാസിക്കുന്നു!! മറ്റുള്ളവരുടെയൊക്കെ പൗരത്വം നാസികൾ അസാധുവാക്കി. Lebensunwertes Leben എന്നു നാസികൾ ഇവരെ വിളിച്ചിരുന്നു . ജീവിക്കാൻ അർഹതയില്ലാത്തവർ എന്നായിരുന്നു ഇതിന്റെ അർത്ഥം !

സർക്കാർതൊഴിൽ ചെയ്യുന്നതിനോ സഞ്ചരിക്കുന്നതിനോ വിദ്യാഭ്യാസം നേടുന്നതിനോ ജർമ്മൻകാരെ വിവാഹം കഴിക്കുന്നതിനോ ഒക്കെ വിലക്കുകൾ നാസികൾ ഏർപ്പെടുത്തി. ജർമ്മൻ മഹത്ത്വവും രക്തത്തിന്റെ വിശുദ്ധിയും കാത്തുസൂക്ഷിക്കാൻ, ഇങ്ങനെയുള്ളവരുമായി ലൈംഗികബന്ധംപോലും പാടില്ല എന്നു നിയമം ഉണ്ടാക്കി. കഠിനമായ പീഡനങ്ങൾ മൂലം 1936 ആയപ്പോഴേക്കും 2,50,000 ജൂതന്മാർ പല നാടുകളിലേക്കായി പലായനംചെയ്തു. ജർമ്മനിയിലും, അവർ കീഴടക്കിയിരുന്ന ഓസ്ട്രിയയിലുംകൂടി, വേറൊരു 3 ലക്ഷം അങ്ങിനെ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു. ഇക്കൂട്ടത്തിൽ ജിപ്സികൾ എന്ന നാടോടിവർഗ്ഗവും അടിമകളായിരുന്ന നീഗ്രോകളും പെട്ടുപോയിരുന്നു. കിഴക്കൻ യൂറോപ്പിൽ 10 ലക്ഷം യഹൂദന്മാരെയും എതിരാളികളെയും ഇവരുടെ അർദ്ധസൈനികർ വെടിവച്ചുകൊല്ലുകയുണ്ടായി.

Ghettos എന്ന ഒരു പ്രത്യേകം തിരിക്കപ്പെട്ട സ്ഥലത്ത് ഇവരെ കൂട്ടമായി താമസിപ്പിച്ചു. പകൽ പുറത്തിറങ്ങാൻ ആദ്യമൊക്കെ അനുവാദമുണ്ടായിരുന്നുവെങ്കിലും പിന്നീട് അതു പിൻവലിച്ചു. കന്നുകാലികളെ പിടിച്ചിട്ട മാതിരി അവരെ പുറത്തിറങ്ങാൻ അനുവദിച്ചതേയില്ല. വാഴ്സോ എന്ന സ്ഥലത്താണിങ്ങനെ ഏറ്റവും കൂടുതൽ പേരെ ഒരു ക്യാമ്പിൽ താമസിപ്പിച്ചിരുന്നത്. നാലര ലക്ഷം പേർ!! അതിന്നകത്തു യഹൂദന്മാർക്കു സ്വയംഭരണസ്വാതന്ത്ര്യം കൊടുത്തിരുന്നു; നാസികൾ ആവശ്യപ്പെടുമ്പോൾ പുറത്തേക്ക് ആരെയൊക്കെ അയയ്ക്കണമെന്നുള്ള അധികാരം മാത്രം. കൊണ്ടുപോകുന്നത് അടിമപ്പണിക്കോ കൊല്ലാനോ ആയിരിക്കും. അവസാനംമാത്രമാണ് അവർ ഇതറിഞ്ഞത്. അതോടെ ബാക്കിയുള്ളവർ വലിയ എതിർപ്പും തിരിച്ചടിയും തുടങ്ങി. 28 ദിവസത്തോളം ഇവർ പിടിച്ചുനിന്നു.

1933 മുതൽതന്നെ ബുദ്ധിജീവികൾ സ്ഥലംവിട്ടുതുടങ്ങിയിരുന്നു. തത്ത്വജ്ഞാനിയായ്രിരുന്ന Walter Benjamin പാരീസിലേക്കും, നോവലിസ്റ്റ് Leon Feuchtwanger, Otto Klemperer എന്നിവർ സ്വിറ്റ്സർലണ്ടിലേക്കും, സംഗീതജ്ഞൻമാരായ Bruno Walter അമേരിക്കയിലേക്കും കടന്നു. അമേരിക്കയിൽ ആയിരുന്ന Albert Einstein തിരികെ ബെൽജിയത്തിലെക്കാണ് പോയത്. 1938 ൽ ആസ്ത്രിയ പിടിച്ചടക്കിയപ്പോൾ Sigmund Freud കുടുംബത്തോടൊപ്പം വിയെന്നയിൽ നിന്നും ഇംഗ്ലണ്ടിലേക്കു പലായനംചെയ്തു.

1933 ൽ രൂപം കൊടുത്ത രഹസ്യപ്പോലീസ്-സംഘടനയാണ് Geheime Staatspolizei (Secret State Police) ചുരുക്കപ്പേര് Gestapo. ഇത് The Schutzstaffel അഥവാ SS എന്ന സംഘടനയുടെ കീഴിൽ 1936 മുതൽ Heinrich Himmler എന്ന പോലീസ്-മേധാവിയുടെ കീഴിലായിരുന്നു. 1925 ൽ ഇതു നാസിപ്പാർട്ടിയുടെ രക്ഷാധികാരികളായി രൂപംകൊണ്ട ഒരു അർദ്ധസൈനികസംഘടന ആയിരുന്നുവെങ്കിലും പിന്നീട് ഹിറ്റ്ലറുടെ കീഴിൽ 10 ലക്ഷം പേരുള്ള അതിശക്തമായ രാഷ്ട്രീയസംഘടനയായി മാറി. Master Race എന്ന ഹിറ്റ്ലറുടെ സ്വപ്നസാക്ഷാത്കാരത്തിനുവേണ്ടി എല്ലാത്തരത്തിലും കഴിവുറ്റ ആളുകളെയാണ് ഇതിലേക്കു തിരഞ്ഞെടുത്തിരുന്നത്. ഇവരുടെ രക്തം ആര്യന്റെ ആണെന്നു തെളിയിക്കാൻ 1750 മുതലുള്ള കുടുംബപാരമ്പര്യം ആവശ്യപ്പെട്ടിരുന്നു. 1945 ൽ ഇതിനെ നിരോധിക്കുംവരെ ജർമ്മനിയും അവർ കീഴടക്കിയിരുന്ന സ്ഥലങ്ങളും ഇവരുടെ സൂക്ഷ്മദർശിനിയുടെ കീഴിലായിരുന്നു. ഇവരാണു ഹോളോകോസ്റ്റ് എന്ന ബൃഹത്തായ ദൗത്യം നാസിപ്പാർട്ടിക്കുവേണ്ടി നടപ്പാക്കിയത്. നാസിപ്പാർട്ടിയുടെ താല്പര്യങ്ങൾക്കെതിരുനില്ക്കുന്നു എന്നു തോന്നുന്നവർ, മതപുരോഹിതന്മാർ, Freemasons എന്ന കല്പണിക്കാരുടെ സംഘടനയിലെ അംഗങ്ങൾ, റോട്ടറി ക്ലബ് അംഗങ്ങൾ എന്നിവരൊക്കെ തടവിലായി. 1942-43 ൽ വിദ്യാർത്ഥിസംഘടനകൾ നാസിഭരണത്തിനെതിരെ രംഗത്തിറങ്ങി. പക്ഷേ, എല്ലാവരെയും നിഷ്കരുണം ഗസ്റ്റപ്പൊ കൊന്നുതള്ളി. പ്രതിപക്ഷഎതിർപ്പുകളും ഇങ്ങനെതന്നെ അകാലചരമമടഞ്ഞു.

ആര്യന്മാരുടെ ജനസംഖ്യ കൂട്ടാൻ Lebensborn എന്ന നിയമപ്രകാരം SS guards എന്ന കശ്മലസേനയിലെ ആളുകൾ കുറഞ്ഞതു നാലോ അതിലധികമോ കലർപ്പില്ലാത്ത ജർമ്മൻ കുട്ടികളുടെ നിയമപരമോ അല്ലാത്തതോ ആയ പിതാവായിരിക്കണമെന്നു വ്യവസ്ഥചെയ്തു. അതിനായി ജർമ്മൻ വനിതകളെയും ഏർപ്പാടാക്കി. എത്രയും കൂടുതൽ കുട്ടികളെ പ്രസവിക്കുന്നോ അത്രയും കൂടുതൽ ആദരവു സ്ത്രീകൾക്കു കൊടുക്കാനും ഉത്തരവായി. കൂടുതൽ കുട്ടികളെ പ്രസവിക്കുന്നവർക്കു Cross of Honor നല്കിയിരുന്നു. നിയമപരമല്ലാതെ ജനിക്കുന്ന കുട്ടികളെയും അവരുടെ അമ്മമാരെയും സംരക്ഷിക്കാൻ പ്രത്യേക വകുപ്പും അവർക്കു ധനസഹായവും ഏർപ്പാടാക്കി. ഗർഭച്ഛിദ്രം നടത്തുന്നവർക്കു കനത്ത ശിക്ഷയും നല്കി.

1938 ൽ ഒരു ജർമ്മൻ നയതന്ത്രപ്രതിനിധിയെ പാരീസിൽവച്ച് ഒരു യഹൂദകുട്ടി വധിച്ചു എന്നാരോപിച്ച് നവംബർ 9-10 തീയതികളിൽ ജർമ്മനിയിലും ഓസ്ട്രിയയിലും വ്യാപകമായി ഇവരെ ആക്രമിക്കുകയും, അവരുടെ 7,000 കടകളും, 1,200 സിനഗോഗുകളും (ജൂതപ്പള്ളി) തകർക്കുകയും ചെയ്തു. വീഥികൾ മുഴുവൻ ഇങ്ങനെ ഉടഞ്ഞ ചില്ലുകളാൽ നിറയപ്പെട്ടുകിടന്നതിനാൽ ആ രാത്രികളെ The Night of broken glass എന്നാണറിയപ്പെട്ടിരുന്നത്.

അപ്പോഴേക്കും “ജൂതന്മാർക്ക് താമസിക്കാൻ സാധിക്കുന്നതും അല്ലാത്തതുമായ” എന്ന വേർതിരിവു സൃഷ്ടിച്ച മറ്റു യൂറോപ്യൻ രാജ്യങ്ങളെല്ലാം അവരുടെ അതിർത്തികൾ അടച്ചുകഴിഞ്ഞിരുന്നു.

19 -)o നൂറ്റാണ്ടിന്റെ ദക്ഷിണാർദ്ധത്തിൽ രൂപപ്പെട്ട വർഗ്ഗവൈരം തലയ്ക്കു പിടിച്ചതാണ് നാസികൾ ഈ മഹാക്രൂരകർമ്മം ചെയ്യാൻ ഇടയായത്. മദ്ധ്യകാലഘട്ടത്തിലേ ഇതു തുടങ്ങിയിരുന്നു. യഹൂദന്മാർ ഒരു പ്രത്യേക ജനതയാണെന്നും, അതീവബുദ്ധിമാന്മാരായ അവർ ലോകം അടക്കിബ്ഭരിക്കാൻ ഇടയാകുമെന്നും ഹിറ്റ്ലരും കൂട്ടാളികളും വിശ്വസിച്ചിരുന്നു. Afro-Asiatic ഭാഷകളായ Arabic, Hebrew, Amharic, Aramaic എന്നിവ സംസാരിക്കുന്നവർ വിശ്വസിക്കുന്ന മതങ്ങൾ ആണ് Semitic എന്നു വിവക്ഷിക്കുന്നത്. ഇവരെയൊക്കെ ഉന്മൂലനം ചെയ്യുക എന്നതായിരുന്നു ഹിറ്റ്ലറുടെ ജന്മദൗത്യം. അതിനുവേണ്ടി ജർമ്മനിയുടെ ഔദ്യോഗിക/അനൌദ്യോഗികഭരണസംവിധാനം മുഴുവൻ അവർ ഉപയോഗിച്ചു. ഇവരെയൊക്കെ എളുപ്പം കണ്ടുപിടിക്കാൻ പള്ളികളിൽനിന്നും മാമ്മോദീസാരേഖകൾ, ഗവ. ഓഫീസുകളിൽനിന്നും ജനനരേഖകൾ, ക്ലബ്ബുകളിൽനിന്നും അംഗത്വരേഖകൾ, തപാൽ ആപ്പീസുകളിൽനിന്നും വിലാസം എന്നിവ ശേഖരിച്ചു.

Physician’s Law, Farm Law എന്നൊക്കെയുള്ള പല കരിനിയമങ്ങളും പാസ്സാക്കി ദേശീയമുഖ്യധാരയിൽനിന്നും യഹൂദന്മാരെ അകറ്റിനിറുത്തി. യൂണിവേഴ്സിറ്റികളിൽനിന്നും, ജോലിസ്ഥലങ്ങളിൽനിന്നും ഇവരെയൊക്കെ ബലമായി പുറത്താക്കി. യഹൂദവക്കീലന്മാരെ ഡീബാർ ചെയ്തു. യഹൂദജഡ്ജിമാരെ കോടതികളിൽനിന്നും വലിച്ചു പുറത്തിട്ട് തല്ലിക്കൊന്നു. യഹൂദവൃത്താന്തപത്രങ്ങൾ നിറുത്തലാക്കി. അവർ തമ്മിൽ ആശയവിനിമയം നടത്താനുള്ള എല്ലാ വഴികളും അടച്ചു. ഗവ. വകുപ്പുകൾ ഇവരെയൊക്കെ ശേഖരിക്കാനും, പാർപ്പിക്കാനും, കൊണ്ടുപോകാനും, കൊന്നുകുഴിച്ചുമൂടാനും ഒക്കെ ഒത്താശചെയ്തു. മറ്റു ചിലർ, ഒരുമിച്ചുകൊല്ലപ്പെടുന്നവരെ കൂട്ടമായി സംസ്കരിക്കാൻ ഉള്ള അവകാശത്തിനായി, വലിയ ചുടലക്കളം ഒരുക്കി, ലേലംവിളിച്ചു.

കമ്പനികൾ പുതുതായി കണ്ടുപിടിക്കുന്ന മരുന്നുകൾ ഇവരിൽ പരീക്ഷിച്ചുനോക്കാൻ മത്സരിച്ചു. Dr. Josef Mengele എന്ന നരാധമൻ ആണിതിൽ ഏറ്റവും കൂടുതൽ വ്യാപരിച്ചത്. കുട്ടികൾ സ്നേഹത്തോടെ Mengele uncle എന്നു വിളിച്ചിരുന്ന ഇയാൾ അവരെ കളിപ്പാട്ടവും മിഠായിയും ഒക്കെ നല്കി സ്നേഹിക്കുന്നതായി ഭാവിച്ച് ഒറ്റയ്ക്ക് കൊണ്ടുപോയി അവരുടെ കണ്ണിൽ രാസലായനി കുത്തിവച്ച് നിറം മാറ്റുകയും, പുറം തമ്മിൽ തയ്ച്ചുചേർക്കുകയും ഒക്കെ ചെയ്തുരസിച്ചു. അവയവങ്ങൾ മുറിച്ചുമാറ്റിയും, മറ്റുള്ള ശസ്ത്രക്രിയകൾ നടത്തിയും പ്രതികരണങ്ങൾ നിരീക്ഷിക്കുക, പ്രഷർചേംബറിനകത്തു ഇരുത്തിനോക്കുക, ശരീരം മരവിപ്പിച്ചുനോക്കുക ഇതൊക്കെ ഇയാളുടെ ക്രൂരവിനോദങ്ങളായിരുന്നു. അയാൾ തയ്യാറാക്കിയിരുന്ന ഈ പരീക്ഷണങ്ങളുടെയൊക്കെ ട്രക്ക് കണക്കിന് റിപ്പോർട്ടുകൾ അയാളുടെ തലവൻ നശിപ്പിച്ചുകളഞ്ഞതിനാൽ കൂടുതലൊന്നും അറിയില്ല. പരീക്ഷണ,നിരീക്ഷണങ്ങൾക്കു ശേഷം ഇവരെ കൊന്ന് കീറിമുറിച്ചുപരിശോധിച്ചിരുന്നു.

Auschwitz, Belzec, Chełmno, Jasenovac, Majdanek, Maly Trostenets, Sobibor, Treblinka എന്നിവിടങ്ങളിൽ സ്ഥാപിച്ചിരുന്ന Extermination (നശീകരണ) ക്യാമ്പിലേക്ക് വരുന്ന ഓരോ യഹൂദനും തന്റെ എല്ലാം അവിടെ ഏല്പിക്കണം. (ഇവിടെയൊക്കെയാണ് ഗ്യാസ് ചേംബറുകൾ സജ്ജമാക്കിയിരുന്നത്) അതിന്റെയൊക്കെ ലിസ്റ്റും കൊല്ലപ്പെടുന്നവരുടെ വിശദവിവരങ്ങളും Dehomag എന്ന IBM കമ്പനിയുടെ കാർഡ് പഞ്ചിംഗ് വിദ്യ വഴി എളുപ്പമാക്കി. ഇതൊക്കെ ജർമ്മനിയിലെക്കയച്ച് അവർ ഉപയോഗിക്കുകയോ പുനരുപയോഗിക്കാൻ തയ്യാറാക്കുകയോ ചെയ്തു. ജർമ്മൻ നാഷണൽ ബാങ്ക് ഈ കൊള്ളമുതൽ Max Heiliger (വിശുദ്ധ മാക്സ് എന്നായിരുന്നു ഇതിന്റെ അർത്ഥം) എന്ന കള്ളപ്പേരിൽ തുടങ്ങിയ രഹസ്യഅക്കൌണ്ടിൽ ഒളിപ്പിച്ച് കൈകാര്യംചെയ്തു. വിവാഹമോതിരങ്ങളും, മറ്റു ആഭരണങ്ങളും ഉരുക്കിയും അല്ലാതെയും സൂക്ഷിക്കാൻ ബാങ്കുകളിൽ ഇടമില്ലാതെവന്നിരുന്നു. ഗ്യാസ് ചേംബറിലേക്കുള്ള വഴിക്കും ഇതുപോലെ സ്വർഗ്ഗത്തിലേക്കുള്ള വഴി എന്നാണു നാമകരണം ചെയ്തിരുന്നത്. ഇതുകൂടാതെ വേറൊരു തരം തടവറകളും ഉണ്ടായിരുന്നു. Buchenwald Concentration Camp
അത്തരത്തിൽ കുപ്രസിദ്ധമായ ഒന്നാണ്.

യൂറോപ്പിലുള്ള ഒരൊറ്റ സംഘടനയും ഇതിനെതിരെ കമാന്നു മിണ്ടിയില്ല. ചില ക്രിസ്ത്യൻ സമൂഹം ആവശ്യപ്പെട്ടതനുസരിച്ച്, മതം മാറിയ ചില യഹൂദന്മാർ മാത്രം രക്ഷപ്പെട്ടു. പക്ഷേ, അവരുടെ പ്രപിതാക്കന്മാർ 1871 ജനുവരി 18 നു മുമ്പ് (ജർമ്മൻ സാമ്രാജ്യം സ്ഥാപിതമായ ദിവസം) ഇങ്ങിനെ മതം മാറിയിരുന്നവരായരിക്കണം എന്നുമാത്രം.

Third Reich എന്നായിരുന്നു ഹിറ്റ്ലറുടെ സാമ്രാജ്യത്തിനു കൊടുത്തിരുന്ന പേര്. അതു 30/01/1933 ലെ Machtergreifung എന്നറിയപ്പെടുന്ന ഹിറ്റ്ലർക്കുള്ള അധികാരക്കൈമാറ്റം മുതൽ രണ്ടാം ലോകമഹായുദ്ധം അവസാനിക്കുന്നതുവരെ നിലനിന്നു.

First Reich എന്നതു Otto the Great (Otto-I) എന്ന രാജാവ് AD 936 ൽ സ്ഥാപിച്ച സാമ്രാജ്യമാണ്. 962 ൽ പോപ് ജോൺ പന്ത്രണ്ടാമൻ ഇദ്ദേഹത്തെ ചക്രവർത്തിയായി പ്രഖ്യാപിച്ചതിനാൽ Holy Roman Empire എന്നും അറിയപ്പെടുന്നു. നെപ്പോളിയന്റെ ആക്രമണത്തിൽ നാമാവശേഷമായി.
Second Reich 18.01.1871 ലെ ഏകീകരണത്തോടെ നിലവിൽ വന്നു. ഒന്നാം ലോകമഹായുദ്ധവും 1918-19 ലെ വിപ്ലവവും ഇതു നാമാവശേഷമാക്കി.

3 തരം “ശത്രുക്കളായിരുന്നു” ജർമ്മനിക്കുണ്ടായിരുന്നത്.

1 – വംശീയം – അതായത് യഹൂദന്മാർ, ജിപ്സികൾ എന്നിവർ.
2 – രാഷ്ട്രീയം – അതായതു മാർക്സിസ്റ്റുകൾ, ക്രിസ്ത്യാനികൾ, തീവ്രവാദികൾ, നാസികൾക്കെതിരുനില്ക്കുന്നവർ എന്നിവർ.
3 – സദാചാര വിരുദ്ധർ- സ്വവർഗ്ഗരതിക്കാർ, പണിയെടുക്കാത്ത അലസന്മാർ, സ്ഥിരം കുറ്റവാളികൾ എന്നിവർ.

ഇതിൽ ഒന്നാമത്തെ വർഗ്ഗക്കാരെ (Community aliens) ഉന്മൂലനം ചെയ്യാനും, രണ്ടും മൂന്നും (National Comrades)വർഗ്ഗക്കാരെ concentration ക്യാമ്പിലിട്ടു മെരുക്കാനും, ശരിയായില്ലെങ്കിൽ മൂന്നാമത്തെ കൂട്ടരെ വന്ധ്യംകരണംചെയ്ത് അവരുടെ അടുത്ത തലമുറ ഇല്ലാതാക്കാനുമായിരുന്നു പദ്ധതി. 1933 ൽ പ്രത്യേകനിയമം പാസ്സാക്കി 4 ലക്ഷം പേരെ രോഗികൾ എന്നാരോപിച്ച് വന്ധ്യംകരിച്ചു.

നിയമങ്ങൾക്കു കൈകാര്യം ചെയ്യാൻ സാധിക്കാത്തതൊക്കെ The National Socialist പാർട്ടിക്ക് The final solution of the Jewish question നു വേണ്ടി കൈമാറേണ്ടിയിരുന്നു. അവിടെ നിയമത്തിന്റെ തുലാസ് എപ്പോഴും ഒരു വശത്തേക്കു ചരിഞ്ഞുകിടന്നിരുന്നു. ഈ മഹാദൌത്യത്തിൽനിന്നും മാറിനിന്ന ബ്രിട്ടൻ, സ്വീഡൻ, അയർലണ്ട് തുടങ്ങിയ രാജ്യങ്ങളെയും കീഴടക്കാൻ ഹിറ്റ്ലർ ശ്രമിച്ചെങ്കിലും എന്തോ അവിടെയുള്ള യഹൂദന്മാരുടെ ഭാഗ്യംകൊണ്ട് അതിനു സാധിച്ചില്ല.

കൈവശമുള്ള കോളനികളിൽ ഇവരെ പുനരധിവസിപ്പിക്കാൻ മറ്റു യൂറോപ്യൻ ശക്തികൾ ഹിറ്റ്ലറുമായി ചർച്ച നടത്തി. Blood for goods എന്ന പദ്ധതിയിൽ 10 ലക്ഷം യഹൂദന്മാർക്കു പകരം 10,000 ട്രക്കുകൾ വീതം കൈമാറാം എന്നൊരു നിർദ്ദേശം ബിട്ടൻ മുന്നോട്ടു വച്ചു. ബ്രിട്ടന്റെ അധിനിവേശപ്രദേശമായ പലസ്തീനിലേക്കു ഒഴിപ്പിക്കാമെന്നും നിർദ്ദേശിച്ചു. പലതും നിർദ്ദേശിച്ചെങ്കിലും അയാൾ വഴങ്ങിയില്ല. ഒടുവിൽ ആഫ്രിക്കയുടെ കിഴക്കുവശത്തെ ദ്വീപായ മഡഗാസ്കരിൽ ഇവരെ തള്ളാമെന്നു തീരുമാനമായി. പക്ഷേ, റഷ്യയുമായി അപ്പോഴേക്കും യുദ്ധം തുടങ്ങിയതിനാൽ അയാൾ ഇതിൽനിന്നും പിന്മാറി. സൈബീരിയയിലേക്ക് ഇവരെ കൊണ്ടുപോകാനും ഇതിനിടെ ആലോചിച്ചു. രണ്ടാംലോകമഹായുദ്ധത്തിനു മുമ്പു പലസ്തീനിലേക്കു 60,000 പേരെയും 1000 കോടി ഡോളറും മാറ്റിയതു മാത്രമാണ് ഒരേ ഒരു നല്ല പ്രവൃത്തി ഇയാൾ ചെയ്തത്.

റഷ്യയിലെ ചില നഗരങ്ങളിൽ ജർമ്മനി അധിനിവേശം നടത്തിയപ്പോൾ തദ്ദേശീയരും അവരുടെ കൂടെച്ചേർന്ന് യഹൂദന്മാരെ കൊന്നൊടുക്കി. ചില സ്ഥലങ്ങളിൽ വെടിവയ്പുപരിശീലനം നടത്തിയതു ജീവനുള്ള ആളുകൾക്കുനേരെയായിരുന്നു. വെടിയുണ്ടയുടെ നഷ്ടം കുറയ്ക്കാനായി അടച്ച വാഗനുകൾക്കകത്ത് ആളെ കുത്തിനിറച്ച് അതിനുള്ളിലേക്ക് എക്സൊസ്റ്റ് പൈപ്പ് ഫിറ്റ് ചെയ്തു. അതു മതിയാകാതെ വന്നതിനാൽ പിന്നീടാണു വലിയ ഗ്യാസ് ചേംബറുകൾ ഉപയോഗിച്ചുതുടങ്ങിയത്. Auschwitz II ൽ ഉള്ള ഗ്യാസ് ചേംബറിൽ ആണു ഭൂമിയിൽ ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെട്ടത്: ദിവസേന 8,000 വച്ച് 5,00,000 പേർ !!! ആ സ്ഥലത്ത് ഒട്ടാകെ 10 ലക്ഷമാണു കൊല്ലപ്പെട്ടത്. ഈ വിവരങ്ങളൊക്കെ പുറത്തറിയാതിരിക്കാനായി എല്ലാ ഏർപ്പാടുകളും അവർ ചെയ്തിരുന്നു. അഥവാ അറിഞ്ഞവർപോലും ഇതൊന്നും വിശ്വസിച്ചില്ല.

റഷ്യ ഒഴിച്ചു മറ്റെല്ലാ രാജ്യങ്ങളിലുംനിന്ന് ദിവസേന 1 മുതൽ 5 ട്രെയിൻ ആളുകളെ ഇങ്ങനെ കൊണ്ടുവന്ന് നേരെ ഗ്യാസ് ചേംബറിൽ കയറ്റുമായിരുന്നു. റെയിൽവേ സ്റ്റേഷനിൽ ഇരുത്തിയിരുന്ന ഡോക്ടർമാർ ഇവർ നടക്കുന്നതു നിരീക്ഷിച്ച് അതിൽനിന്നും ജോലി ചെയ്യാൻ ശക്തരായവരെ തിരിഞ്ഞുമാറ്റും. അല്ലാത്തവരുടെ അടിവസ്ത്രംവരെ (യുദ്ധ ഫണ്ടിലേക്കായി) അഴിച്ചുവാങ്ങും. എന്നിട്ടു കുളിക്കാനായിട്ട് എന്ന വ്യാജേന bath, souna (ആവിക്കുളി അല്ലെങ്കിൽ പേൻ, കീടങ്ങൾ എന്നിവ നീക്കം ചെയ്യൽസ്ഥലം) എന്നെക്കൊക്കെ ഏഴുതിയ മുറികളിലേക്കു കയറ്റും. വിഡ്ഢികളാക്കാൻ ഒരു ചെറിയ തോർത്തും സോപ്പുകഷണവും കൊടുക്കും. വേഗം കുളിച്ചുവരണമെന്നും ചൂടുകാപ്പി റെഡിയാണെന്നും ധരിപ്പിക്കും. തിരികെ വരുമ്പോൾ അവരവരുടെ സാധനങ്ങൾ മറന്നുപോകാതെ തിരികെ വാങ്ങണമെന്നും പ്രത്യേകം ഉപദേശിക്കും. നീണ്ട യാത്ര കഴിഞ്ഞു വരുന്നവർ കുളിക്കാനും കാപ്പി കുടിക്കാനും എത്രയാണ് ആഗ്രഹിക്കുക!!

800 മുതൽ 1200 വരെ ആൾക്കാർ ഇങ്ങനെ തിങ്ങിനിറഞ്ഞുകഴിഞ്ഞാൽ വാതിൽ അടച്ചുഭദ്രമാക്കി ഓടാമ്പലിട്ടശേഷം ചെറിയ സുഷിരങ്ങൾവഴി Zyklon-B എന്ന രാസഗുളിക ഇടും. ഇതിൽനിന്നും HCN അല്ലെങ്കിൽ ഹൈഡ്രജൻ സൈനൈഡ് വമിക്കാൻ തുടങ്ങും. അതിഭീകരമായ അലർച്ചയും തുടർന്ന് ദയനീയവുമായ നിലവിളിയും കുറെ നേരത്തേക്കു കേൾക്കും. 20 മിനിട്ടിനുള്ളിൽ എല്ലാവരും തീരും.

എല്ലാം അവസാനിച്ചാൽ ഉടനെതന്നെ വിഷവാതകം പുറത്തേക്കു പമ്പ് ചെയ്യും. ജഡങ്ങളുടെ സ്വർണ്ണപ്പല്ലുകൽ പറിച്ചെടുക്കും. അതിനു ജൂതന്മാരെ നിയമിച്ചിട്ടുണ്ട്. ഒരെണ്ണം നഷ്ടപ്പെട്ടാൽ ഉത്തരവാദിയെ ഉടൻതന്നെ തീച്ചൂളയിൽ ഇട്ടുകൊല്ലും. സ്ത്രീകളുടെ മുടി മുറിച്ചെടുക്കും. രക്തം, മലം, മൂത്രം, ഛർദ്ദി, നുര, പത ഇതൊക്കെ വീണ നിലം വൃത്തിയാക്കും. ചുമർ വൈറ്റ് വാഷ് ചെയ്യും. അടുത്ത ബാച്ചിനെ കയറ്റും. മൃതശരീരങ്ങൾ വലിയ കുഴികളിൽ ഇട്ട് കുമ്മായം വിതറും. അതു നടക്കാതെവന്നപ്പോൾ കൂട്ടമായി കുഴികളിൽ ദഹിപ്പിച്ചു. തീ ആളിപ്പടരാൻ മനുഷ്യരുടെ നെയ്യുതന്നെ ആണുപയോഗിച്ചിരുന്നത്.

എല്ലാവരെയും സൈനികരോ പോലീസുകാരോ മാത്രമല്ല കൊന്നത്. ഇവരെ കൊല്ലാൻ പൊതുജനങ്ങളും സ്വമേധയാ അഹമഹമികാധിയാ മുന്നോട്ടുവന്നു. പേടിത്തൊണ്ടന്മാരല്ല ഞങ്ങൾ എന്നു ജർമ്മൻകാരെ ബോധ്യപ്പെടുത്താൻവേണ്ടിയായിരുന്നു ഇത്. പിന്നോട്ടു വലിഞ്ഞാൽ പീഡനക്യാമ്പിലേക്കു പോകേണ്ടിവരുമോ എന്ന പേടിയായിരുന്നു ഇവർക്ക്. ചില രാജ്യങ്ങളിലെ യുദ്ധത്തടവുകാർ തടവിൽനിന്നും പുറത്തുകടക്കാൻ ഒരുപായമായി ഈ യജ്ഞത്തിൽ പങ്കുപറ്റി.

പല രാജ്യങ്ങളുടെ സൈന്യങ്ങളിലും ചേർന്ന് യഹൂദന്മാർ ജർമ്മൻ സൈന്യത്തിനെതിരെ വീരോചിതമായി പോരാടി. വാഴ്സോയിലും പോളണ്ടിലും ഉണ്ടായതുപോലെ ചെറിയ ചില എതിർപ്പൊഴിച്ചാൽ മറ്റെല്ലായിടത്തും അറവുമാടുകളെപ്പോലെ യഹൂദന്മാർ നിശ്ശബ്ദം ഈ ശിക്ഷ ഏറ്റുവാങ്ങി.

1942 മുതൽ ഇതിന്റെ വാർത്തകൾ രക്ഷപ്പെട്ട ചില യഹൂദന്മാർ പുറത്തു വിട്ടു. പക്ഷേ, അതൊക്കെ ലോകമഹായുദ്ധത്തിന്റെപേരിൽ പടച്ചുവിടുന്ന ഉമ്മാക്കി ആണെന്ന് യഹൂദന്മാർപോലും വിശ്വസിച്ചു. അഥവാ അങ്ങിനെ വിശ്വസിക്കാൻ അവർ ഇഷ്ടപ്പെട്ടു. അവർ ജീവിച്ചുവന്ന പരിത:സ്ഥിയിൽനിന്നും രക്ഷപ്പെടാൻ അവർക്കായില്ല. മനസ്സിലാക്കിവന്നപ്പോഴേക്കും വൈകിപ്പോയിരുന്നുതാനും. അമേരിക്കൻ/ബ്രിട്ടൻ ശക്തികൾപോലും വെറും ജൂതപ്രശ്നമായി യുദ്ധം മാറിയേക്കുമോ എന്നു ഭയന്ന് ഇതു വെളിയിൽ വിട്ടില്ല.

1940 ൽ Captain Witold Pilecki എന്ന ഒളിപ്പോരാളി വിപ്ലവശ്രമത്തിന്നിടെ വേഷം മാറി Auschwitz ക്യാമ്പിലെത്തിയെങ്കിലും തടവിലാക്കപ്പെട്ടു. പക്ഷേ, രക്ഷപ്പെട്ട് അവിടുത്തെ വിവരങ്ങൾ പുറത്തറിയിച്ചു. യുദ്ധത്തിനുശേഷം തിരികെയെത്തിയ ഇദ്ദേഹത്തെ, പിന്നീട് പോളണ്ടിൽ വന്ന കമ്മ്യൂണിസ്റ്റ് സർക്കാർ, വെളിയിൽ പ്രവർത്തിച്ചിരുന്ന പോളണ്ട് സർക്കാരിനുവേണ്ടി മേല്പറഞ്ഞ ചാരവൃത്തി നടത്തിയെന്നാരോപിച്ച് വധിച്ചു.

1942 ൽ 3 വിരുതന്മാർ ഗാർഡിന്റെ വേഷവും ആയുധങ്ങളും കാറും മോഷ്ടിച്ച് ജർമ്മൻകാരെ വിഡ്ഢിവേഷം കെട്ടിച്ച് പ്രധാന കവാടത്തിലൂടെത്തന്നെ ഇങ്ങനെ രക്ഷപ്പെട്ടു. പലരും രക്ഷപ്പെട്ട് പുറത്തെത്തി ഇതു സ്ഥിരീകരിച്ചതോടെ രാജ്യങ്ങൾ യഹൂദന്മാരെ ജർമ്മനിയിലേക്കും പോളണ്ടിലേക്കും കയറ്റിവിടുന്ന ട്രെയിനുകൾ നിറുത്തലാക്കി. സഖ്യകക്ഷികളുടെ കടുത്ത വ്യോമാക്രമണവും, യൂറോപ്പിന്റെ പല ഭാഗങ്ങളിൽവച്ച് അച്ചുതണ്ടുശക്തികൾക്കുണ്ടായ പരാജയവും, പിന്മാറുന്ന സ്ഥലങ്ങളിലെ ഭടന്മാർ എതിർപക്ഷം ചേരുന്നതും ട്രെയിൻ സർവീസ് ദുഷ്കരമാക്കി. അങ്ങിനെ കുറേപ്പേർ രക്ഷപ്പെട്ടു.

1944 ആയപ്പോഴേക്കും ജർമ്മനിയിൽനിന്നും മുഴുവനായും, ഫ്രാൻസിൽനിന്നും 25 ശതമാനം മുതൽ തുടങ്ങി, പോളണ്ടിൽ നിന്നും 90 ശതമാനവുംവരെ, ജർമ്മൻ അധീനതയിൽ ഉണ്ടായിരുന്ന യൂറോപ്യൻരാജ്യങ്ങളിൽനിന്നും യഹൂദന്മാരെ തുടച്ചുനീക്കി. റഷ്യാക്കാർ എത്തുമ്പോഴേക്കും പോളണ്ടിലെ Auschwitz ക്യാമ്പ് ഉൾപ്പടെ എല്ലാം അടച്ചുകഴിഞ്ഞിരുന്നു. പിന്മാറുന്നതിനു മുമ്പ് ഇവിടുത്തെ ഗ്യാസ് ചേംബെറുകൾ ഒക്കെ അഴിച്ചുമാറ്റി, ക്രിമറ്റൊറിയം ഡയിനമൈറ്റ് വച്ച് തകർത്തു. കൂട്ടമായ് സംസ്കരിച്ച കുഴിമാടങ്ങൾ മാന്തി, ജഡങ്ങൾ കത്തിച്ചു. അവിടങ്ങളിലൊക്കെ അങ്ങിനെ ഒരു സംഭവമേ നടന്നില്ല എന്നുള്ള മട്ടിൽ കൃഷിക്കാരെ നിർബ്ബന്ധിച്ചുകൊണ്ടുവന്ന് സ്ഥലം നിരപ്പാക്കി, പലതും നട്ടു പിടിപ്പിച്ച് കൃഷിയിടങ്ങളാക്കി.

തോറ്റുകൊണ്ടിരുന്നപ്പോഴും ചില കമാണ്ടർമാർ ഇവരെ ക്യാമ്പുകളിൽനിന്നു ക്യാമ്പുകളിലേക്ക് കടുത്തമഞ്ഞിലൂടെ നടത്തിച്ച് തുറന്ന ട്രെയിനുകളിൽ എത്തിച്ചിരുന്നു. ഇറങ്ങിയാൽ വീണ്ടും മഞ്ഞിലൂടെ യാത്ര. മൈലുകളോളം നീളുന്ന പട്ടിണി യാത്രയ്ക്കിടയിൽ തളരുന്നു എന്നു തോന്നുന്നവരെയും വീണുപോകുന്നവരെയും അപ്പപ്പോൾ വെടിവച്ചുകൊന്നിരുന്നു. അല്ലെങ്കിൽത്തന്നെ പീഡനങ്ങളും പട്ടിണിയും രോഗവും അത്യദ്ധ്വാനവും മൂലം അവശരായിരുന്നു ഇവർ. 2,50,000 പേരോളം കൊല്ലപ്പെട്ട ഈ പ്രക്രിയ Death March എന്നാണറിയപ്പെട്ടിരുന്നത്.

പതിയെപ്പതിയെ സഖ്യകക്ഷികൾ ജയിച്ചുതുടങ്ങിയതോടെ ഈ ക്യാമ്പുകളും അതിലുള്ള ആളുകളും രക്ഷപ്പെട്ടുതുടങ്ങി. മിക്കതും കാലിയായിരുന്നു. അവിശ്വസനീയവും മനം മടുപ്പിക്കുന്നതുമായ ആ കാഴ്ചകൾ കണ്ടു സഖ്യകക്ഷിഭടന്മാർ ഞെട്ടിപ്പോയി!! എമ്പാടും ചിതറിക്കിടക്കുന്ന ചീഞ്ഞതും അഴുകിയതുമായ ജഡങ്ങളും, ഇടയ്ക്കിടെ ആസന്നമരണരായിക്കിടക്കുന്ന ജീവച്ഛവങ്ങളും, അവയ്ക്കിടയിലൂടെ പ്രേതങ്ങളെപ്പോലെ ലക്ഷ്യവും ബോധവുമില്ലാതെ പിഞ്ചുകുട്ടികൾ ഉൾപ്പടെ പട്ടിണിക്കോലങ്ങൾ ഇഴഞ്ഞുനടക്കുന്നതുമായ കാഴ്ച !! ഇതിന്നിടയിൽപ്പെട്ട് സമചിത്തത നഷ്ടപ്പെട്ട് ഭ്രാന്തന്മാരായിപ്പോയവർ അനേകരാണത്രെ.

റഷ്യയിലെ 30 ലക്ഷം യുദ്ധത്തടവുകാർ, പോളണ്ടിലെ 20 ലക്ഷം, രൊമാനിയക്കാർ 15 ലക്ഷം, അംഗവൈകല്യം ബാധിച്ചവർ, രാഷ്ട്രീയ/മത എതിരാളികൾ 2 ലക്ഷം, സ്വവർഗ്ഗരതിക്കാർ 15,000, യഹോവയുടെ സാക്ഷികൾ 5,000 അങ്ങിനെ മൊത്തം 260 ലക്ഷം ആൾക്കാരെ ഇവർ കൊന്നുകളഞ്ഞു എന്നാണു വിശ്വസിക്കപ്പെടുന്നത്. ഓർത്തുനോക്കൂ. കേരളത്തിലെ മൊത്തം ജനസംഖ്യ ഇതിലും കുറവാണ് !! Yiddish എന്നും Ladino എന്നും രണ്ടു ഭാഷകൾ സംസാരിച്ചിരുന്ന യഹൂദന്മാരെ ഒട്ടുമുക്കാലും കൊന്നുകളഞ്ഞതിനാൽ ആ ഭാഷകൾ ഭൂമുഖത്തുനിന്നും അപ്രത്യക്ഷമായി. തോല് വി മണത്ത നാസികളിൽ ചിലർ രഹസ്യമായി തെക്കേ അമേരിക്കൻ രാജ്യങ്ങളിലേക്കു കടന്നെങ്കിലും പലരെയും സഖ്യകക്ഷികൾ പിടികൂടി.

പോളണ്ടിനെ ആക്രമിച്ചുകീഴ്പ്പെടുത്തുന്നതിനുമുമ്പ് ഹിറ്റ്ലർ പ്രഖ്യാപിച്ചു: “ജങ്കിസ്ഖാൻ രാജ്യം സ്ഥാപിക്കാൻവേണ്ടിയാണ് ആളുകളെ കൊന്നുതള്ളിയത്. പക്ഷേ, നമ്മൾ പോളണ്ടുകാരെ മുഴുവൻ ഭൂമുഖത്തുനിന്നും തുടച്ചുനീക്കണം. അവിടെ ജർമ്മൻകാർക്കു താമസിക്കാനുള്ള സ്ഥലമാണ്. അതുകഴിഞ്ഞു റഷ്യയും പിന്നീട് അമേരിക്കയും ഇതുപോലെ ശരിയാക്കണം”

ഒന്നാം ലോകമഹായുദ്ധത്തിലെ ഒറ്റപ്പെടലിനുശേഷം ഒരു തിരിച്ചുവരവിനായി 1936 ലെ സമ്മർ ഒളിമ്പിക്സ് IOC ജർമ്മനിക്കു നല്കി. തങ്ങളുടെ തനിസ്വഭാവം സമർത്ഥമായി ഇവർ ആ സമയങ്ങളിലൊക്കെയും മറച്ചുപിടിച്ചു. ജർമ്മൻകാരല്ലാത്ത എല്ലാ കളിക്കാരെയും ഇവർ വിദഗ്ദ്ധമായി ടീമിൽനിന്നും ഒഴിവാക്കി. മറ്റുരാജ്യങ്ങളിലുള്ള യഹൂദന്മാർ വിട്ടുനില്ക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇവരിൽ അവശേഷിച്ച ചിലർ ഈ പ്രശ്നത്തിന്റെ ഗൌരവം മനസ്സിലാക്കാതെ പങ്കെടുത്തു.

ആ ഒളിമ്പിക്സ് ബഹിഷ്കരിക്കാൻ ആഗോളയഹൂദന്മാർ അഭ്യർത്ഥിച്ചെങ്കിലും അമേരിക്കയുടെ നിസ്സഹകരണംമൂലം നടന്നില്ല. റഷ്യ മാത്രം വിട്ടുനിന്നു. ഗംഭീരമായി അവർ ഒളിമ്പിക്സ് നടത്തി. ഏറ്റവും കൂടുതൽ മെഡലുകളും കരസ്ഥമാക്കി. ഈ ക്യാമ്പുകളിലേക്കൊന്നും എത്തിനോക്കാൻപോലും വിദേശികളെ ആരെയും അനുവദിച്ചില്ല. എല്ലാം ഭദ്രം, ജർമ്മനി അവരുടെ മുഷ്ക്കൻ സ്വഭാവം ഒക്കെ കളഞ്ഞ് നല്ല കുട്ടികളായിരിക്കുന്നു എന്ന് എല്ലാ പത്രങ്ങളും വാഴ്ത്തി. ഒളിമ്പിക്സ് കഴിഞ്ഞതോടെ അവർ ആട്ടിൻതോൽ വലിച്ചെറിഞ്ഞു.

ലിവർപൂൾ സ്റ്റേഷന്റെ മുന്നിൽക്കണ്ട കുട്ടികളുടെ ഒരു പ്രതിമാരൂപത്തിന്റെ ചിത്രമെടുത്തുകൊണ്ടുവന്ന് നോക്കിയപ്പോഴാണ് അതിന്റെ പിന്നിലെ ബൃഹത്തായ ചരിത്രം എന്റെ മുന്നിൽ തെളിഞ്ഞുവന്നത്. രണ്ടാം ലോകമഹായുദ്ധം തുടങ്ങുന്നതിനു 9 മാസങ്ങൾക്കു മുമ്പ് ജർമ്മനി, ഓസ്ട്രിയ, പോളണ്ട്, ചെക്കൊസ്ലൊവക്യ എന്നീ രാജ്യങ്ങളിൽനിന്നും, ഡാൻസിഗ് നഗരത്തിൽ (പോളണ്ടിന്റെയും ജർമ്മനിയുടെയും ഇടയിൽ ലീഗ് ഓഫ് നേഷൻസ് നിയമിച്ച ന്യൂട്രൽ തുറമുഖം) നിന്നും ഉദ്ദേശം 10,000 കുട്ടികളെ – ഭൂരിപക്ഷവും യഹൂദന്മാർ – രക്ഷപ്പെടുത്തി ബ്രിട്ടനിലെ സ്കൂളുകളിലും, ഹോസ്ടലുകളിലും, ദത്തെടുക്കാൻ തയ്യാറായ വീടുകളിലും സംരക്ഷിച്ച Kindertransport എന്ന പദ്ധതിയാണിത് . 1933 ൽ സ്ഥാപിതമായ World Jewish Relief ന്റെ ആഭിമുഖ്യത്തിലാണ് ഇതു നടപ്പാക്കിയത്. ഓരോ കുട്ടിക്കും 50 പൌണ്ട് വീതം ജർമ്മനിയിലെ കുട്ടികളുടെ ക്ഷേമസംഘടന നല്കാമെന്നു സമ്മതിച്ചു. Holocaust പ്രകാരം കൊല്ലപ്പെട്ട/തടവിലാക്കപ്പെട്ട/പാവങ്ങളുടെ 17 വയസ്സിനു താഴെയുള്ള കുട്ടികളെയാണിങ്ങനെ രക്ഷപ്പെടുത്തിയത്. ഓരോരുത്തർക്കും ഒരു ചെറിയ പെട്ടിയും, 10 ജെർമ്മൻ മാർക്കും കൈവശം വയ്ക്കാമെന്നും, വിലപിടിപ്പുള്ളതൊന്നും കൊണ്ടുപോകാൻ പാടില്ല എന്നുമുള്ള ഉടമ്പടിയിൽ ഇവരെയൊക്കെ വിട്ടയച്ചു.

ഇങ്ങനെ വരുന്ന കുട്ടികളെ ദത്തെടുക്കാൻ ആർക്കെങ്കിലും താത്പര്യമുണ്ടോ എന്നാരാഞ്ഞുകൊണ്ട് 1938 നവംബർ 25 നു BBC നടത്തിയ പ്രക്ഷേപണത്തിന് 500 പേർ തയ്യാറായി. കുട്ടികളുടെ പേരും അവർക്കു കൊടുക്കുന്ന നമ്പരും, വിലാസവും മാത്രമായി പാസ്പോർട്ടോ, വിസയോ മറ്റു അനുബന്ധയാത്രാരേഖകളോ ഒന്നുമില്ലാതെ 01/09/1939 ൽ യുദ്ധപ്രഖ്യാപനംവരെ കുട്ടികളെ നാസിഅധിനിവിഷ്ടരാജ്യങ്ങളിൽനിന്നും ബ്രിട്ടൻ ഏറ്റെടുത്തു. ഇവർ പിന്നീടു ദേശീയമുഖ്യധാരയിൽ ലയിച്ചുചേർന്നു. 4 പേർ നൊബേൽ സമ്മാനിതരായി. 1948 മുതൽ 1951 വരെ UNO യുടെ ആഭിമുഖ്യത്തിൽ 7 ലക്ഷം യഹൂദന്മാർ ഇസ്രായേലിലേക്കു കുടിയേറി.

6 വയസ്സ് മുതൽ Star of David എന്ന മഞ്ഞ നിറമുള്ള ബാഡ്ജ് ഇവരൊക്കെ ധരിക്കണമായിരുന്നു. അതിൽ Jude (യഹൂദൻ എന്നതിന്റെ ജർമ്മൻ) എന്നെഴുതിയിരിക്കും. ഈ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളും കപ്പലുകളും നിറയെ വന്നതിനാൽ ജർമ്മനിയിലെ തുറമുഖങ്ങൾ നാസികൾ വിരോധിച്ചു. പിന്നീട് ഇവരെയെല്ലാം നെതെർലൻഡിൽ എത്തിച്ചിട്ടാണു കപ്പൽകയറ്റിയത്. Howrich എന്ന തുറമുഖത്തെത്തിയ ഇവരെ Liver Pool Station ൽ വച്ചാണ് ആളുകൾ ദത്തെടുത്തത്. അതിന്റെ ഓർമ്മയ്ക്കായിട്ടാണ് ഈ കുട്ടികളുടെ പ്രതിമകൾ അവിടെ സ്ഥാപിച്ചിരിക്കുന്നത്. യൂറോപ്പിൽ പല സ്ഥലത്തും ഇങ്ങനെ പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിലെ മുതിർന്ന കുട്ടികളുടെ ജർമ്മൻഭാഷാപരിജ്ഞാനം ജർമ്മനിക്കെതിരെ ഫലപ്രദമായി സഖ്യകക്ഷികൾ യുദ്ധത്തിൽ ഉപയോഗപ്പെടുത്തി. പലരും സൈന്യത്തിലും മറ്റു ജോലികളിലും പ്രവേശിച്ചു. കുറേപ്പേരെ ക്യാനഡായിലെക്കും അമേരിക്കയിലേക്കും കയറ്റിഅയച്ചു. യുദ്ധത്തിനുശേഷം മാതാപിതാക്കൾ എത്തിയവരെയൊക്കെ തിരിച്ചയച്ചു.

ജർമ്മനിയിൽ ജനിച്ച് പീഡനപർവ്വം തുടങ്ങിയപ്പോൾ നെതെർലണ്ടിലേക്ക് കുടുംബസമേതം പലായനംചെയ്ത് രണ്ടു വർഷം ഒളിവിൽ കഴിഞ്ഞുവെങ്കിലും അധിനിവേശസമയത്ത് പിടിക്കപ്പെട്ട് Bergen-Belsen എന്ന ക്യാമ്പിൽ രോഗത്താൽ അന്തരിച്ച ആൻ ഫ്രാങ്ക് എന്ന യഹൂദപ്പെൺകുട്ടി കോറിയിട്ട 2 വർഷക്കാലയളവിലെ ഒളിവിലെ ഓർമ്മക്കുറിപ്പുകളുടെ ഡയറി ലോകപ്രശസ്തമാണ്. Holocaust ൽ കഥാവശേഷരായ അനേകലക്ഷം കുട്ടികളുടെ പ്രതീകമാണ് അനശ്വരയായ ഈ പെൺകുട്ടി.

ഇതു വായിച്ചിട്ട് ബ്രിട്ടീഷുകാർ ഇത്ര ഉദാരമനസ്കരാണോ എന്നു നിങ്ങൾ ചിന്തിച്ചേക്കാം. നമ്മുടെ നാട്ടിലും അതുപോലെ അവർ അധിനിവേശം നടത്തിയ എല്ലാ പ്രദേശങ്ങളിലും എന്തൊക്കെ തോന്ന്യാസങ്ങളാണ് അവർ ചെയ്തതെന്ന് എല്ലാവർക്കും അറിയാം. അതിനുമുമ്പും അതിനുശേഷവും എത്രയോ യുദ്ധങ്ങളും ക്ഷാമങ്ങളും ലോകത്തു സംഭവിച്ചു!! അന്നൊന്നും ഇവരുടെ ദീനാനുകമ്പ ഉണർന്നില്ല. ഇവിടെയാണ് സ്വജനസ്നേഹം മറനീക്കി പുറത്തുവരുന്നത്. ബ്രിട്ടീഷുകാർ യഹൂദവംശജരാണെന്നും അവരുടെ രാജവംശം ദാവീദിന്റെ സിംഹാസനത്തിന്റെ (King David of Israel) പിന്തുടർച്ചയാണെന്നു അവകാശപ്പെടുന്നതായും കരുതുന്നതിനാലാണ് ഇത്രയും ബുദ്ധിമുട്ടി ഈ കുട്ടികളെയൊക്കെ അവർ വരുത്തിസംരക്ഷിച്ചത്. അവനവന്റെ തുടയിൽ നുള്ളുമ്പോഴല്ലേ വേദന അറിയൂ.

(ഞാൻ സ്കോട്ട് ലൻഡിൽ പോയപ്പോൾ അവിടെ റോബർട്ട് ഡി ബ്രൂസ് എന്ന മഹാപരാക്രമിയായ രാജാവിന്റെ – 7 പ്രാവശ്യം തോറ്റിട്ടും പൂർവ്വാധികം വീറോടെ ഇംഗ്ലണ്ടിനോടു യുദ്ധംചെയ്തുജയിച്ച രാജാവ് – കിരീടധാരണത്തോടനുബന്ധിച്ചു നടന്ന വിചിത്രമായ ചില ചടങ്ങുകളെക്കുറിച്ചു മനസ്സിലാക്കുകയുണ്ടായി. അതും ഈ സംഭവവുമായി ആഴത്തിൽ ബന്ധമുണ്ട്. സ്കോട്ട് ലൻഡ്‌ യാത്ര എന്ന എന്റെ പംക്തിയിൽ അതിനെക്കുറിച്ചു വിശദമാക്കാം)

ഇതോടനുബന്ധിച്ചു മറ്റുചില പ്രധാനകാര്യങ്ങളുംകൂടി പറയാനുണ്ട് :

മനോഹരമായ ജറുസലേം ദേവാലയം കണ്ടപ്പോൾ അഭിമാനപുളകിതരായ ശിഷ്യന്മാർ യേശുവിനോടു പറഞ്ഞു: ഗുരോ എത്ര നല്ല പണി !!
മറുപടിയായി യേശു പ്രവചിച്ചു പറഞ്ഞു : ‘ഇവിടെ കല്ലിന്മേൽ കല്ലു ശേഷിക്കാത്ത ഒരു കാലം വരും” (Mathew 24:2)

ശ്രീ യേശു ക്രിസ്തുവിനെ കുരിശിലേറ്റിക്കൊല്ലുവാൻ മുറവിളി കൂട്ടിയ യഹൂദന്മാരോടു പീലാത്തോസ് എന്ന ന്യായാധിപൻ പറഞ്ഞു: ഈ മനുഷ്യനിൽ ഞാൻ ഒരു കുറ്റവും കാണുന്നില്ല. കുറ്റമില്ലാത്തവന്റെ രക്തം ചൊരിഞ്ഞ് ഞാൻ ദൈവമുമ്പാകെ എന്തിനു ദോഷം വരുത്തിവയ്ക്കുന്നു എന്നു പറഞ്ഞ്‌ കൈ കഴുകി. Mathew 27:24

മറുപടിയായി യഹൂദന്മാർ ഒന്നടങ്കം : “അവന്റെ രക്തം ഞങ്ങളുടെ മേലും ഞങ്ങളുടെ മക്കളുടെ മേലും വന്നു കൊള്ളട്ടെ” എന്ന് ആർത്തട്ടഹസിച്ചു. (Mathew 27:25)

പിതാക്കന്മാരുടെ അകൃത്യം തലമുറതലമുറയോളം അനുഭവിക്കേണ്ടിവരും എന്നും വി. വേദപുസ്തകം പറയുന്നു.

അതാണോ യഹൂദന്മാർ ലോകമാസകലം ചിതറിപ്പോകാനും ഈ മഹാദുരന്തം ഏറ്റുവാങ്ങാനും കാരണം?

facebooktwittergoogle_plusredditpinterestlinkedinmail