19 – ഇംഗ്ലണ്ട് യാത്രാനുഭവങ്ങൾ – Oliver Cromwell

ഒലിവർ ക്രോംവെൽ – രാജരക്തമില്ലാത്ത രാജാവു്

(മുന്നറിയിപ്പ് : മനസ്സിനു ശക്തിയില്ലാത്തവർ ഇതു വായിക്കരുത്)

1599 ൽ ജനിച്ച Olivar Crom Well 40 വയസ്സു വരെ തികച്ചും അജ്ഞാതനായിരുന്നു. അഭിജാതകുലത്തിൽ പിറന്നെങ്കിലും അഷ്ടി കഷ്ടിയായിരുന്നു. 10 വർഷത്തോളം മാനസികഅസ്വസ്ഥതയ്ക്ക് ചികിത്സയിലുമായിരുന്നു. ഒരു സാദാസൈനികനായിരുന്ന ഇദ്ദേഹം ആഭ്യന്തരയുദ്ധത്തിൽ പാർലമെന്റ് ഭാഗത്തു ചേർന്നുകൊണ്ട് സൈന്യത്തിൽ പടിപടിയായി ഉയർന്നു. ചാൾസ് ഒന്നാമനെ വി. വേദപുസ്തകത്തിൽ പറഞ്ഞിരിക്കുന്നു എന്നു വിശ്വസിച്ചുകൊണ്ട്, 1649 ൽ രാജാവും പാർലമെന്റും തമ്മിലുണ്ടായ ആഭ്യന്തരയുദ്ധത്തിൽ വകവരുത്തുകയും രാജാധികാരം നിറുത്തലാക്കുകയും പാർലമെന്റ് പിരിച്ചുവിടുകയും ചെയ്തശേഷം, ഇംഗ്ലണ്ട്, അയർലണ്ട്, സ്കോട്ട് ലൻഡ് എന്നിവയെ ഒരു കോമൺവെൽത്ത് രാജ്യമാക്കി ഏകാധിപതിയായി (Lord Protector) ഭരിച്ചു. തികഞ്ഞ ഒരു Puritan മതാന്ധനായിരുന്ന ഇദ്ദേഹം റോമൻകത്തോലിക്കരെ പീഡിപ്പിച്ച് കൊന്നൊടുക്കി, അവരുടെ വസ്തുവകകൾ കണ്ടുകെട്ടി. പഴയനിയമത്തിലെ ഇസ്രായേലിന്റെ യുദ്ധചരിത്രത്തിലെ തിരഞ്ഞെടുത്ത വാക്യങ്ങൾ ഭടന്മാർക്ക് ഉത്തേജനത്തിനായി ഒരു ചെറിയ പുസ്തകമാക്കി അവരുടെ കോട്ടിനുള്ളിൽ തിരുകിവച്ചിരുന്നു. ദൈവമാണു തന്റെ യുദ്ധങ്ങളൊക്കെ നയിക്കുന്നതെന്നു വിശ്വസിച്ച ഇദ്ദേഹം വി. വേദപുസ്തകത്തിലെ വാക്യങ്ങൾ തനിക്കനുകൂലമായി വ്യാഖ്യാനിക്കുകകൂടി ചെയ്തിരുന്നു.

Lord Protector എന്ന പേരിൽ, ഇദ്ദേഹം രാജ കൊട്ടാരങ്ങളിൽ താമസിക്കുകയും രാജാവായി ഭരിക്കുകയും ചെയ്തെങ്കിലും അവസാനം മനസ്സാക്ഷിക്കുത്തു മൂലം രാജാവിന്റെ മേലങ്കി അഴിച്ചുവച്ചു. 1658 സെപ്റ്റംബർ 3 നു ദിവംഗതനായപ്പോൾ മൃതദേഹം എംബാംചെയ്ത് സൊമെർസെറ്റ് ഹൌസിൽ പൊതുജനങ്ങൾക്ക് അന്ത്യോപചാരം അർപ്പിക്കാനായി വച്ചു. സംസ്കാരത്തിനു മുമ്പ് (മെഴുകിലോ കളിമണ്ണിലോ) മുഖത്തിന്റെ പതിപ്പെടുത്ത് അദ്ദേഹത്തിൻറെ ഒരു പൂർണ്ണകായപ്രതിമ ഉണ്ടാക്കി സർവ്വാഭരണവിഭൂഷിതമാക്കി നവംബർ 23 നു ലണ്ടനിൽക്കൂടി രാജകീയസംസ്കാരബഹുമതികളോടെ വിലാപയാത്ര നടത്തി. അതിനു രണ്ടാഴ്ച മുമ്പ് വെസ്റ്റ് മിൻസ്റ്റെർ അബ്ബെയിൽ സംസ്കരിച്ചു കഴിഞ്ഞിരുന്ന മൃതദേഹം അപ്പോഴേക്കും അഴുകിയിരുന്നു. (Catafalque എന്ന ഉയർന്നു നില്ക്കുന്ന ശവകുടീരത്തിൽ ഇങ്ങനെ സംസ്കരിച്ച ശേഷം പ്രതിമ ആ കുടീരത്തിനു മുകളിൽ കിടത്തി സംരക്ഷിക്കും. ഇതു ബ്രിട്ടനിൽ എമ്പാടും കാണാം)1659 ൽ അദ്ദേഹത്തിന്റെ മകൻ റിച്ചാർഡിനെ വീണ്ടും സ്ഥാനഭ്രഷ്ടനാക്കി, പ്രവാസിയായിരുന്ന ചാൾസ് രണ്ടാമനെ കൊണ്ടുവന്ന് സൈന്യം വീണ്ടും പഴയ രാജാധിപത്യം പുനസ്ഥാപിച്ചു.

തൈംസ് നദിയുടെ Tyburn എന്ന കൈവഴിയുടെ പേരിൽ ഒരു ഗ്രാമം Middlesex എന്ന പ്രദേശത്തുണ്ടായിരുന്നു. നമ്മുടെ നാട്ടിലെ കമാനംമാതിരി വഴിക്കു കുറുകെ ചതുരത്തിലുള്ള വലിയ കഴുമരത്തിലാണു രാജ്യദ്രോഹികൾ, കള്ളന്മാർ, കൊള്ളക്കാർ, മത തീവ്രവാദികൾ തുടങ്ങിയവരെയൊക്കെ തൂക്കിക്കൊന്നിരുന്നത്. അതിനാൽ ഈ തൂക്കുമരത്തിനു Tyburn Tree എന്നു പേരു വന്നു. (കുറെയേറെ പേരുണ്ടെങ്കിൽ മൂന്നു കാലിൽ മുകളിൽ ത്രികോണംമാതിരി ആയിരിക്കും തൂക്കുമരം. 1649 ൽ 23 പുരുഷന്മാരെയും ഒരു സ്ത്രീയെയും ഇങ്ങനെ ഒരുമിച്ചു തൂക്കിക്കൊന്നു) രാജാധികാരത്തിനെതിരെ പോരാടുന്നവർക്കു താക്കീതായിട്ടാണു ഇങ്ങനെ വഴിക്കു കുറുകെ കഴുമരം ഒരുക്കിയിരുന്നത്. ലണ്ടൻനിവാസികൾക്ക് ആ ദിവസം അവധിയും കൊടുത്തിരുന്നു. “ശുഭ മരണം” ആശംസിക്കാൻ തടിച്ചുകൂടുന്ന ആയിരക്കണക്കിന് ആൾക്കാരിൽനിന്നു ഗ്രാമവാസികൾ പ്രത്യേകം സ്റ്റേജ് കെട്ടി പണവും പിരിച്ചിരുന്നു.

തൂക്കിലിടുന്നതിനു മുമ്പ് പ്രതികൾക്കു പറയാനുള്ളതു പൊതുജനങ്ങളോടു പറയാനുള്ള അവസരം കൊടുത്തിരുന്നു. (Hyde Park നു അടുത്തുള്ള Speakers Corner എന്ന സ്ഥലത്ത് ഇപ്പോഴും ഇതാചരിക്കുന്നു. അവിടുത്തെ സ്റ്റേജിൽ കയറി, ഏതു വിഷയത്തെക്കുറിച്ചും, എത്ര നേരം വേണമെങ്കിലും, അടിപിടിയിലേക്കു നീങ്ങുമെന്നു തോന്നി പോലിസ് ഇടപെടും വരെ, ആർക്കും പ്രസംഗിക്കാം. ഇപ്പോൾ ഇവിടെ പല പാർക്കുകളിലും, മറ്റു രാജ്യങ്ങളിലും ഇതു തുടങ്ങിയിട്ടുണ്ട്. കഴുമരത്തിന്റെ ഓർമ്മയ്ക്കായി ഒരു ഫലകവും അവിടെ ഉണ്ടെന്നു പറയപ്പെടുന്നു)

1588 ൽ വില്ല്യം ഡീൻ എന്ന കത്തോലിക്കാ പുരോഹിതൻ ഇങ്ങനെ Tyburn Tree യിൽ ഒരു സ്വയംന്യായീകരണപ്രസംഗം നടത്തിയത് ഇഷ്ടപ്പെടാതെ, ഷെരീഫും മറ്റും ചേർന്ന് കഴുത്തു ഞെരിച്ചു. ചാൾസ് ഒന്നാമന്റെ മരണവാറന്റ് ഒപ്പിട്ട 59 പേരിൽ (ഒലിവർ ക്രോംവെൽ ഉൾപ്പടെ ഇതിൽ പ്രധാനികൾ അപ്പോഴേക്കും മരിച്ചുമണ്ണടിഞ്ഞിരുന്നു) പലരും ഭരണം മാറിയപ്പോൾ പേടിച്ച് നാടുവിട്ടു. ശേഷിച്ചവരിൽ ഒരാളായ മേജർ ജനറൽ തോമസ് ഹാരിസൺ എന്നയാളെ തൂക്കിലേറ്റിയ ശേഷം നിലത്തിറക്കി വയർ കീറാൻ ശ്രമിച്ചപ്പോൾ ആരാച്ചാരെ അദ്ദേഹം പ്രഹരിച്ചു. സംഭ്രമിച്ചുപോയ ആരാച്ചാർ മറ്റു ചടങ്ങുകൾക്കൊന്നും നില്ക്കാതെ ഒറ്റ വെട്ടിനു കഴുത്തറത്ത് അദ്ദേഹത്തെ വകവരുത്തി. നേരത്തെ കഴുമരത്തിലേറ്റാൻ കൊണ്ടുപോയപ്പോൾ തന്നോടു ക്ഷമിക്കണമെന്ന് ആരാച്ചാർ അഭ്യർത്ഥിക്കുകയും അതിൻപ്രകാരം അദ്ദേഹം അയാളോടു ക്ഷമിക്കുകയും കൈയിലുള്ള പണമെല്ലാം അയാൾക്കു കൊടുക്കുകയും ചെയ്തിരുന്നു. തൂക്കിലിട്ടപ്പോൾ മരണവെപ്രാളത്തിൽ ക്ഷമിച്ചതൊക്കെ പാവം മറന്നുപോയിരിക്കും. 1606 ൽ ഗണ് പൌഡർ ഗൂഡാലോചനയ്ക്കു പിടിക്കപ്പെട്ട Guy Fawkes എന്നയാൾ എല്ലാവരെയും കബളിപ്പിച്ച് കഴുമരത്തിൽനിന്നും ചാടി നിലത്തു തലകുത്തിവീണ് കഴുത്തൊടിഞ്ഞുമരിച്ചു. (ഉടനെതന്നെ മരിച്ചു പോയതിനാൽ “പറ്റിച്ചേ” എന്ന് വിളിച്ചു പറയാൻ പാവത്തിനു സാധിച്ചില്ല !) 19 – ഇംഗ്ലണ്ട് യാത്രാനുഭവങ്ങൾ –

1782 ൽ കഴുവിലേറ്റപ്പെട്ട David Tyrie എന്നയാളുടെ മൃതദേഹം 20000 ഓളം വരുന്ന കാഴ്ചക്കാർ മത്സരിച്ച് വലിച്ചുകീറികഷണങ്ങളാക്കി ട്രോഫിയായി വീട്ടിൽ കൊണ്ടുപോയി !!! കഴുമരത്തിൽ കുറ്റമെല്ലാം ഏറ്റു നല്ലപിള്ളയായിനിന്ന് മരിച്ചാൽ അവകാശികൾക്കു പിന്നീടു പീഡനം ഒന്നും ഉണ്ടാകില്ല. ജഡം പലപ്പോഴും വൈദ്യപരീക്ഷണങ്ങൾക്കു വിട്ടു കൊടുക്കും. തടവറയിൽനിന്നും കുതിരയുടെ പിന്നിൽ കെട്ടിവലിച്ച് വഴിനീളെ ആളുകളുടെ ചവിട്ടും തുപ്പും അടിയുമൊക്കെ ഏറ്റ് മൃതപ്രായനായിട്ടാണു പ്രതി കഴുമരത്തിൽ എത്തിയിരുന്നത്. ബാക്കി ശിക്ഷയൊക്കെ ഏറ്റുവാങ്ങാൻ അശക്തനായിത്തീരുന്നതൊഴിവാക്കാൻ പിന്നീടു തടിയുടെ ഒരു ചട്ടംകൂട്ടി അതിലാണു പ്രതിയെ കെട്ടിവലിച്ചിരുന്നത്. ഒരു പുരോഹിതൻ പിന്നാലെ നടന്ന് പ്രതിയെ മാനസാന്തരപ്പെടുത്താൻ ശ്രമിക്കാറുണ്ടായിരുന്നു. മറ്റുള്ള പ്രതികളെ ഇങ്ങനെ ചെയ്യുന്നതു കാണാനും പ്രതികളെ നിർബ്ബന്ധിക്കാറുണ്ടായിരുന്നു. ഏറ്റവും നല്ല വസ്ത്രങ്ങൾ അണിയിച്ചാണ് തൂക്കിലേറ്റിയിരുന്നത്. അവർ അക്ഷോഭ്യരായിരിക്കണംപോലും!! എന്തെങ്കിലും പേടിയോ പരിഭ്രമമോ കാട്ടിയാൽ ആൾക്കാർ കൂക്കിവിളിച്ചിരുന്നു.

രാജഹിംസ നടത്തിയ കടുത്ത കുറ്റത്തിനു ക്രോം വെൽ, കൂട്ടുകാരായ ബ്രാഡ്ഷോ, അയർറ്റൻ എന്നിവരെ കുഴിമാടത്തിൽനിന്നും രാജകല്പനപ്രകാരം പുറത്തെടുത്ത് 1660 ൽ ഇങ്ങനെ തൂക്കിക്കൊന്നു!!! കാലത്തുമുതൽ വൈകുന്നേരം 4 വരെ കഴുമരത്തിൽ കിടത്തിയശേഷം മൂന്നു തലകളും വെട്ടിയെടുത്ത് 20 അടി ഉയരമുള്ള കുന്തത്തിൽ കോർത്ത് വെസ്റ്റ് മിൻസ്റ്റർ ഹാളിനു മുകളിൽ പ്രദർശിപ്പിച്ചു.1685 ലെ കൊടുങ്കാറ്റിൽ താഴെ വീഴുംവരെ ക്രോം വെല്ലിന്റെ തലയോട്ടി അവിടെ ഉണ്ടായിരുന്നു. അതു പല കൈമറിഞ്ഞ് അവസാനം 1960 ൽ കേംബ്രിട്ജിലുള്ള സിഡ്നി സസ്സെക്സ് കോളജിൽ സംസ്കരിച്ചു. അത് ഒറിജിനൽ തലയോട്ടി ആണോ അല്ലയോ എന്ന് ഇന്നും തർക്കവും സംശയവും തീർന്നിട്ടില്ല. കബന്ധം മകൾ മേരി എങ്ങനയോ കൈക്കലാക്കി Newburgh Priory യിൽ ഉള്ള സ്വവസതിയിൽ ഉള്ള കല്ലറയിൽ വച്ചിട്ടുണ്ട് എന്നു പറയപ്പെടുന്നു. ഇതുവരെ അതിന്റെ നിജസ്ഥിതി ആരെയും ബോധ്യപ്പെടുത്താൻ അവരുടെ കുടുംബക്കാർ തയാറായിട്ടില്ല. ഇതിനൊക്കെ മുന്നേതന്നെ രാജഭക്തരുടെ ഉപദ്രവം ഭയന്ന് പലപ്രാവശ്യം ഇദ്ദേഹത്തെ പുറത്തെടുക്കുകയും പല സ്ഥലങ്ങളിലായി സംസ്കരിക്കുകയും ചെയ്തിട്ടുണ്ട്. ശവപേടകം ഒരു ബാർജിലാക്കി തെയിംസ് നദിയുടെ ഏറ്റവും ആഴം കൂടിയ ഗർത്തത്തിൽ മുക്കിനിക്ഷേപിച്ചു എന്നും പറയപ്പെടുന്നു. ഏറ്റവും കൂടുതൽ സംസ്കാരത്തിനു വിധേയനായതിന് ഇദ്ദേഹത്തിനു ഗിന്നെസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് ഉണ്ടോ ആവോ ! പക്ഷേ, 2002 ൽ BBC നടത്തിയ അഭിപ്രായസർവ്വേയിൽ ഇദ്ദേഹം എക്കാലത്തെയും വലിയ 10 ബ്രിട്ടീഷുകാരിൽ ഒരാളാണ്!!

കൂട്ടുപ്രതികളിൽ ജീവിച്ചിരുന്ന 12 പേരെ പിടിച്ച് കാലിൽ കുടുക്കിട്ട് കുതിരവണ്ടിയിൽ കെട്ടിവലിച്ചുകൊണ്ടുവന്ന് തൂക്കിലിട്ടു, മരിക്കുംമുമ്പ് താഴെയിറക്കി, ലിംഗം ഛേദിച്ച് വയർ കീറി ആന്തരവയങ്ങളൊക്കെ വലിച്ചുപറിച്ചെടുത്ത് തീയിലിട്ടശേഷം തല വെട്ടി, ശരീരം നാലായി നുറുക്കി രാജ്യത്തിന്റെ പലഭാഗങ്ങളിൽ പ്രദർശിപ്പിച്ചു. സാധാരണ ലണ്ടൻ പാലത്തിലാണ് ഇങ്ങനെ കുത്തിനിറുത്താറുണ്ടായിരുന്നത്. മദ്ധ്യകാലഘട്ടങ്ങളിൽ ലണ്ടൻ പാലം ഇങ്ങനെയുള്ള തലോട്ടികളാൽ അലംകൃതമായിരുന്നുവത്രേ !

ഈ ശിക്ഷയ്ക്ക് Hanged, drawn and quartered എന്നാണ് പറഞ്ഞിരുന്നത്. ഒന്നാം എലിസബത്ത് രാജ്ഞിയുടെ കാലത്തു കത്തോലിക്കാപാതിരിമാരെ ഇതുപോലെ പീഡിപ്പിച്ചിരുന്നു. (ഇതിൽ drawn എന്ന പദം കെട്ടി വലിക്കുവാനുള്ളതാണെന്നും അതല്ല വയർ കീറാനുള്ളതാണെന്നും ന്യായാധിപന്മാരും വക്കീലന്മാരും തലനാരിഴകീറി പലവിധ തർക്കങ്ങൾക്കും ശേഷം രണ്ടും ചേർത്തുനടപ്പാക്കാൻ തീരുമാനിച്ചു. അനുഭവിക്കുന്നതു മറ്റു വല്ലവരുമല്ലേ !!) പ്രതികൾ സ്ത്രീകളായിരുന്നെങ്കിൽ, കെട്ടിവലിച്ചുകഴിഞ്ഞ് മാന്യത പരിഗണിച്ച് പരസ്യമായി പന്തമാക്കി കത്തിച്ചുകളഞ്ഞിരുന്നു. 1870 ൽ മറ്റുള്ളവയും 1998 ൽ വധശിക്ഷയും ഇവിടെ നിറുത്തലാക്കി. ഹതഭാഗ്യരായ തടവുകാരെ ന്യൂ ഗേറ്റ് തടവറയിൽനിന്നും ഒക്സ്ഫോർഡ് സ്ട്രീറ്റ് വഴിയാണ് വലിച്ചുകൊണ്ടുവന്നിരുന്നത്. കഴുമരം നിന്നിരുന്ന സ്ഥലത്തിനടുത്താണ് ഇപ്പോൾ മാർബിൾ ആർച് നില്ക്കുന്നത്. അതിന്നരികെ ഒരു പിത്തളത്തകിടും വച്ചിട്ടുണ്ട്. 1535 മുതൽ 1681 വരെ കഴുവിലേറ്റിയ കത്തോലിക്കാരക്തസാക്ഷികളുടെ സ്മരണാർത്ഥം ഇവിടെ ഒരു ഫലകവും ഉണ്ട്.

അവസാനകാലത്ത് ക്രോം വെൽ മാനസികമായും ശാരീരികമായും തകർന്നിരുന്നു. റോബർട്ട് ദി ബ്രൂസ് അവസാനം കുഷ്ഠരോഗിയായിട്ടാണ് ചരമമടഞ്ഞത്. മഹാനായ നെപ്പോളിയൻ അന്തരിച്ചത് (വിഷം കൊടുത്തത്താണ് എന്ന് പറയുന്നു) എകാന്തത്തടവിലായിരുന്നു. “able was I ere I saw elba ” എന്ന അദ്ദേഹത്തിൻറെ പ്രസിദ്ധമായ വരികൾ ഓർമ്മിക്കാം. (തിരിച്ചു വായിച്ചാലും അതുതന്നെ. എൽബ എന്ന ദ്വീപിലേക്ക് നാടുകടത്തപ്പെടുന്നതിനു മുമ്പേ ഞാൻ ശക്തനായിരുന്നു എന്നാണ് അർത്ഥം) അലെക്സാണ്ടർ ദി ഗ്രേറ്റ് (ഇദ്ദേഹത്തെയും വിഷം കൊടുത്ത് കൊന്നതാണ് എന്ന് പറയുന്നു) ദിവംഗതനായപ്പോൾ അദ്ദേഹത്തിന്റെതന്നെ ആവശ്യപ്രകാരം കൈകൾ രണ്ടും മലർത്തി ശവപ്പെട്ടിക്കു പുറത്തേക്കിട്ടിരുന്നു. ഇതാ മാലോകരെ ഞാൻ പോകുന്നു…ലോകം മുഴുവൻ ഞാൻ കീഴടക്കി….. പക്ഷേ ഒന്നും ഞാൻ കൊണ്ടുപോകുന്നില്ല എന്നു കാണിക്കാൻ!!! ഹിറ്റ്ലർ, മുസ്സോളിനി, സ്റ്റാലിൻ, പോൾ പോട്ട് ഇവരൊക്കെ എന്തു നേടി ?

ആ കുറിപ്പടി അങ്ങിനെ നീളുന്നു….. മറ്റുള്ളവരെ ദ്രോഹിച്ചുനേടുന്നതൊന്നും നമുക്കുപകരിക്കില്ല എന്ന സത്യം ആർക്കും ഇപ്പോഴും പത്ഥ്യമല്ലതാനും.

ദീപസ്തംഭം മഹാശ്ചര്യം……

facebooktwittergoogle_plusredditpinterestlinkedinmail