മലയാളവ്യാകരണം – ഒരു പഠനം – 1

ഭാഷാപഠനം വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. അടിസ്ഥാനപരമായ ജ്ഞാനം ഇല്ലെങ്കിൽ എഴുത്തു ശരിയാകില്ല. നാമൊക്കെ മലയാളികൾ ആയതിനാൽ വീട്ടിൽ പറയുന്ന ഭാഷ മലയാളമാണ്. അതു കേട്ടിട്ടാണു നാം ഭാഷയിൽ പിച്ചവച്ചുതുടങ്ങുന്നത്. തുടക്കത്തിൽ കേൾക്കുന്ന വാക്കുകളും ഭാഷാപ്രയോഗങ്ങളും അങ്ങനെതന്നെ നമ്മുടെ മനസ്സിൽ ലബ്ധപ്രതിഷ്ഠമായിപ്പോകും. പിന്നീടു വിദ്യാലയത്തിൽ പോകുമ്പോൾ അദ്ധ്യാപകർ ഇതൊന്നും ശ്രദ്ധിക്കാറില്ല. ഞാനൊക്കെ പഠിക്കുമ്പോൾ ഓരോ വാക്കിന്റെയും ഉച്ചാരണം അദ്ധ്യാപകർ ശരിയാക്കിത്തന്നിരുന്നു. എന്നാൽ ഇപ്പോൾ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഇതിലൊന്നും ഒരു ശ്രദ്ധയുമില്ല. അദ്ധ്യാപകരെ പഠിപ്പിക്കുവാൻ സമ്മതിക്കുകയുമില്ല, വിദ്യാർത്ഥികളെ പഠിക്കാൻ സമ്മതിക്കുയുമില്ല എന്നതാണ് ഇന്നത്തെ സമ്പ്രദായം. പഠിക്കുമ്പോൾ കടന്നുകൂടുന്ന പിശകുകൾ മാറ്റിയെടുക്കുക ക്ഷിപ്രസാദ്ധ്യമല്ല. ലിപിപരിഷ്കരണം വരുന്നതിനുമുമ്പു മലയാളികളുടെ ഉച്ചാരണവും എഴുത്തും സാമാന്യം നല്ല നിലവാരം പുലർത്തിയിരുന്നു. അക്ഷരങ്ങൾ പിരിച്ചെഴുതിത്തുടങ്ങിയപ്പോൾ ഏതൊക്കെ അക്ഷരങ്ങളാണു കൂട്ടക്ഷരത്തിൽ ഉൾച്ചേർന്നിരിക്കുന്നതെന്നു സാധാരണജനങ്ങൾക്കു മനസ്സിലാക്കാനും അതു ശരിക്കും ഉച്ചരിക്കാനും വിഷമമായി. അദ്ധ്യാപകൻ എന്ന വാക്കിന്റെ ഉച്ചാരണം അധ്യാപകൻ എന്നെഴുതുമ്പോൾ കിട്ടില്ല. വിദ്യാർത്ഥി എന്ന വാക്കിന്റെ ഉച്ചാരണം വിദ്യാർഥി എന്നു വായിച്ചാലും കിട്ടില്ല. പഴയ ലിപിയിലേക്കു തിരിച്ചുനടന്നാൽ ഈ ബുദ്ധിമുട്ട് ഒഴിവാക്കാം എന്നാണു എന്റെ ധാരണ. ഞാൻ എഴുതുന്നതൊക്കെ പഴയ ലിപിയിലാണ്‌. അങ്ങനെ പഠിച്ചാൽ ആ ഉച്ചാരണവും ലിപിയും മനസ്സിൽ കല്ലിൽച്ചിത്രംപോലെ പതിഞ്ഞുകിടക്കും. ഓരോ കൂട്ടക്ഷരത്തിന്റെയും ഉൾപ്പിരിവുകൾ ഏതുറക്കത്തിൽച്ചോദിച്ചാലും ഉടനടി പറയാൻ എന്നെപ്പോലെയുള്ള ആളുകൾക്കു സാധിക്കും. പുതിയ തലമുറയ്ക്ക് ഇതൊരു വിഷമംപിടിച്ച പണിയാണ്. എന്നാലും എല്ലാവരും അങ്ങനെ ശീലിക്കണമെന്നു ഞാൻ അപേക്ഷിക്കുന്നു. കുറച്ചു ബുദ്ധിമുട്ടാണ്. എന്നാലും ശ്രമിക്കുക.

ഭാഷാപഠനം വളരെ സങ്കീർണ്ണമാണ്. അതുകൊണ്ടുതന്നെ അതു വിരസവുമാണ്‌. നാമൊക്കെ പഠിച്ചിരുന്ന കാലത്ത് വ്യാകരണത്തെ ഒട്ടും ഗൌനിച്ചിരുന്നില്ല. നിർബ്ബന്ധമായി പഠിക്കേണ്ടിവന്നിരുന്നതിനാൽ അറിയാതെ ചിലതൊക്കെ പഠിച്ചുപോയി എന്നുമാത്രം. എന്നാൽ നമ്മുടെ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുമ്പോഴാണു വീണ്ടും നാം ഇതൊക്കെ പൊടിതട്ടിയെടുക്കുന്നത്. അപ്പോൾ പണ്ടു പഠിച്ചതും മറന്നുപോയതും ഒക്കെ നമ്മുടെ ഓർമ്മയിലേക്കു തിരികെക്കൊണ്ടുവരും. വീണ്ടും അതൊക്കെ പഠിക്കാൻ നാം നിർബ്ബന്ധിതരാകും. അപ്പോഴേ നാം അതിന്റെ വിലയറിയൂ. പക്ഷേ, അപ്പോഴേക്കും പഠിപ്പിച്ചുതരാൻ ആരുമുണ്ടാകില്ല. ജീവിതപ്രാരാബ്ധങ്ങൾക്കിടയിൽ അറിവുള്ളവർ പറഞ്ഞുതരാൻ സൌമനസ്യം കാട്ടിയെന്നു വരില്ല. നമുക്കതു പഠിക്കാനും നേരം കിട്ടിയെന്നുവരില്ല. അറിവുള്ളവർ പലരും അതു വിട്ടുകൊടുക്കാനും മടിക്കും. എല്ലാവർക്കും അറിവുണ്ടായാൽ തങ്ങളുടെ വില ഇല്ലാതാകുമെന്ന് ഇവർ ഭയപ്പെടുന്നു. വർത്തമാനം പറയുവാൻ അത്ര വലിയ പഠിപ്പൊന്നും ആവശ്യമില്ല. മറ്റുള്ളവർ ദിവസേന പറയുന്നതു കേട്ടുപഠിച്ചാൽ മതി. വെറും രണ്ടു വർഷമായി ഇവിടെ താമസിച്ചുവരുന്ന ബംഗാളികൾ എത്ര നന്നായി മലയാളം സംസാരിക്കുന്നു !

പക്ഷേ, എഴുതുവാൻ കൃത്യമായ വ്യാകരണം കൂടിയേ കഴിയൂ. നമ്മുടെ മനസ്സിൽ തോന്നുന്നത് അതേപടി നാം കടലാസിലേക്കോ കംപ്യൂട്ടറിലേക്കോ പകർത്താൻ ശ്രമിക്കുമ്പോഴാണ് തെറ്റുകൾ സംഭവിക്കുന്നത്‌. പകർത്തിയ ആശയങ്ങൾ വേറൊരാൾ വായിക്കുമ്പോൾ ചിലപ്പോഴെങ്കിലും നാം ഉദ്ദേശിച്ച ആശയമല്ല അപരൻ മനസ്സിലാക്കിയതെന്നുവരാം. ചിലപ്പോൾ കർത്താവ്‌, കർമ്മം, ക്രിയ എന്നിവയുടെ അഭാവം വാക്യത്തിൽ ഉണ്ടാവാം. പല വാക്യങ്ങളും അപൂർണ്ണമായി അവസാനിക്കും. ലിപിപരിഷ്കരണത്തോടെ നമ്മുടെ വിദ്യാഭ്യാസം ആകെ കുളമായിട്ടുണ്ട്. പത്രമാസികകൾ, ആനുകാലികങ്ങൾ എന്നിവയാണ് സാധാരണക്കാർ വായിക്കുന്നത്. അതിൽ മുഴുവൻ അബദ്ധങ്ങളാണ് എഴുതുന്നത്‌. സർക്കാർ മാദ്ധ്യമങ്ങളും, എന്തിന്, വ്യാകരണപുസ്തകങ്ങൾ പോലും ഇതിൽനിന്നു വിഭിന്നമല്ല.

ചിലപ്പോൾ ചേർക്കേണ്ട ഒരക്ഷരം വിട്ടുപോയിരിക്കും.

ഉദാ: നാണം മറക്കുക എന്നു എല്ലാവരും എഴുതാറുണ്ട്. വക്താവ് ഉദ്ദേശിച്ചതു നാണം മറയ്ക്കുക എന്നാണ്. കുറ്റവാളിയെ ജയിലിൽ അടക്കാൻ ഉത്തരവിട്ടു. യഥാർഥത്തിൽ ഉത്തരവിൽ ഉദ്ദേശിച്ചതു ജയിലിൽ അടയ്ക്കാനാണ്. പല ധനകാര്യസ്ഥാപനങ്ങളുടെയും കൌണ്ടറിൽ പണം “അടക്കാൻ” എഴുതിവച്ചിരിക്കുന്നതു കാണാം. പണം അടയ്ക്കുക എന്നതാണ് അവർ ഉദ്ദേശിക്കുന്നത്.

ചിലപ്പോൾ വാക്യം പൂർത്തിയായില്ല എന്നുവരാം. മറ്റുചിലപ്പോൾ ഘടന ശരിയായിട്ടുണ്ടാവില്ല. അല്ലെങ്കിൽ ഒരു ചിഹ്നമോ അസ്ഥാനത്തു പ്രയോഗിച്ചിരിക്കുന്ന ചിഹ്നമോ രണ്ടു വാക്കുകൾ തമ്മിലുള്ള അകലമോ കൂട്ടിച്ചേർക്കലുകളോ ഒക്കെ ഇതിൽ വ്യത്യാസം വരുത്താം. ചില പദങ്ങളുടെ ഊന്നൽപോലും അർത്ഥവ്യത്യാസം ഉണ്ടാക്കും.

ഉദാ: “നിങ്ങൾ നിങ്ങളുടെ ഭാര്യയെ തല്ലരുത്” (കടപ്പാടുണ്ട് )
ഒറ്റനോട്ടത്തിൽ നിരുപദ്രവകരമായ പ്രസ്താവം. പക്ഷേ, ഈ വാക്യത്തിലെ ഓരോ വാക്കിനും ഊന്നൽ കൊടുത്താൽ എത്രയെത്ര തരത്തിൽ അതിനെ വ്യാഖ്യാനിക്കാം എന്നു നോക്കൂ ! നിങ്ങൾ എന്ന പദത്തിനു ഊന്നൽ കൊടുത്താൽ, നിങ്ങൾ തല്ലണ്ടാ, മറ്റാരെക്കൊണ്ടെങ്കിലും തല്ലിക്കാം എന്നാണ്. (വേണമെങ്കിൽ ഞാൻ തല്ലാം എന്നും വളച്ചൊടിക്കാം) നിങ്ങളുടെ എന്ന പദം ഊന്നിപ്പറഞ്ഞാൽ നിങ്ങൾക്ക് മറ്റാരുടെയെങ്കിലും ഭാര്യയെ തല്ലാം എന്നായി. ഇനി ഭാര്യയെ എന്ന പദത്തിനു ഊന്നൽ കൊടുത്താൽ അമ്മയെയോ അച്ഛനെയോ മക്കളെയോ ഒക്കെ വേണമെങ്കിൽ തല്ലാം എന്നായില്ലേ ? അവസാന വാക്കിനു ഊന്നൽകൊടുത്താൽ ഭാര്യയെ തല്ലരുതെന്നേയുള്ളൂ, വേണമെങ്കിൽ ഇടിക്കാം, തൊഴിക്കാം അങ്ങനെ മറ്റെന്തു പീഡനങ്ങളും ആവാം.

ഇമ്മാതിരിയുള്ള ഗുലുമാലുകൾ ഒരളവുവരെയെങ്കിലും നാം അറിഞ്ഞിരിക്കണം. നല്ല ലേഖനങ്ങളും കഥകളും കവിതകളും പിറക്കണമെങ്കിൽ നല്ല ഭാഷ കൂടിയേ കഴിയൂ. അതിനൊക്കെ അത്യാവശ്യം വ്യാകരണം അറിഞ്ഞിരിക്കണം. എന്തെങ്കിലുമൊക്കെ എഴുതി വച്ചിട്ട് വായനക്കാരന്റെ മനോധർമ്മമനുസരിച്ചു ധരിച്ചുകൊള്ളട്ടെ എന്ന മനോഭാവം ശരിയല്ല. രചയിതാവിനു സമൂഹത്തോടു കടപ്പാടുണ്ട്. അതു നല്ല രീതിയിൽ നിറവേറ്റാൻ അയാൾ ബാദ്ധ്യസ്ഥനാണ്.

എന്റെ അറിവിൽപ്പെട്ട, ഇത്തരം കാര്യങ്ങളാണു്, ഞാൻ ഈ ലേഖനപരമ്പരയിലൂടെ അവതരിപ്പിക്കുന്നത്‌. ആരിൽനിന്നും നമുക്കു പഠിക്കാം. എല്ലാവർക്കും അവരവരുടേതായ കർമ്മമണ്ഡലത്തിൽ കഴിവുകളുണ്ട്. ഒരാളെയും മാറ്റിനിറുത്തേണ്ട കാര്യമില്ല. അതിലൂടെ ഞാനും കൂടുതൽ പഠിക്കുന്നു. അറിവുകൾ പരസ്പരം പങ്കുവയ്ക്കപ്പെടുമ്പോഴാണു വിദ്യാഭ്യാസത്തിന്റെ ലക്‌ഷ്യം പൂർത്തീകരിക്കപ്പെടുന്നത്‌.

facebooktwittergoogle_plusredditpinterestlinkedinmail