മലയാളവ്യാകരണം – ഒരു പഠനം – 9 – സമുച്ചയം

സമുച്ചയം

ചിലപ്പോൾ സൌകര്യത്തിനുവേണ്ടി പല കാര്യങ്ങൾ നാം ഒന്നിച്ചുകൂട്ടി എഴുതും. അപ്പോൾ ഒരു വാക്യത്തിൽ ചിലപ്പോൾ പല ക്രിയകൾ വന്നേക്കാം. അവയെത്തമ്മിൽ ഘടിപ്പിക്കുന്ന എർപ്പാടാണ് സമുച്ചയം എന്ന സൂത്രം. ഒരേ തരത്തിലുള്ളവയുടെ ഒരിടത്തുള്ള സമാവേശമാണ് സമുച്ചയം എന്നു പറയുന്നത്.

തോമാച്ചൻ കോട്ടയത്തേക്കു പോയി. അവിടെവച്ചു ചാക്കോച്ചനെ കണ്ടുമുട്ടി. അവർ സിനിമ കണ്ടു. ഇതിലൊക്കെ പലതരം ക്രിയകളാണ്. ആദ്യം അവയെല്ലാം ഒരേ രീതിയിലാക്കണം. എന്നിട്ടു തമ്മിൽ ഘടിപ്പിക്കണം. ഈ വാക്യങ്ങളെല്ലാം സമുച്ചയിക്കുന്ന രീതി ഇങ്ങനെയാണ് :

തോമാച്ചൻ കോട്ടയത്തേക്കു പോവുകയും അവിടെവച്ചു ചാക്കോച്ചനെ കണ്ടുമുട്ടുകയും ഒരുമിച്ചു സിനിമയ്ക്കു പോവുകയും ചെയ്തു. ഇതു ഭൂതകാലം.
ഇതിന്റെ വർത്തമാനകാലം : തോമാച്ചൻ കോട്ടയത്തേക്കു പോവുകയും അവിടെവച്ചു ചാക്കോച്ചനെ കണ്ടുമുട്ടുകയും ഒരുമിച്ചു സിനിമയ്ക്കു പോവുകയും ചെയ്യുന്നു.
ഭാവികാലം : തോമാച്ചൻ കോട്ടയത്തേക്കു പോവുകയും അവിടെവച്ചു ചാക്കോച്ചനെ കണ്ടുമുട്ടുകയും ഒരുമിച്ചു സിനിമയ്ക്കു പോവുകയും ചെയ്യും.
ഓരോ ക്രിയയ്ക്കും നടുവിനയച്ചം കൊടുത്തിട്ട് അതിന്റെ കൂടെ ഉം ചേർക്കും. അവസാനം ചെയ് എന്ന ക്രിയയുടെ ആവശ്യമുള്ള കാലം ചേർത്താണ് ഇതു സാധിക്കുന്നത്.

മറ്റുദാഹരണങ്ങൾ : ഞാൻ ബസ്സിൽ കയറാൻ ചെന്നു. ഉടൻതന്നെ ബസ്സ്‌ വിട്ടുപോയി. ഇതിങ്ങനെ സമുച്ചയിക്കാം; ഞാൻ ബസ്സിൽ കയറാൻതുടങ്ങുകയും ബസ്സ്‌ വിട്ടുപോവുകയും ചെയ്തത് ഒരേ സമയത്തായിരുന്നു.
കുട്ടിക്കു കളിക്കണം. കുട്ടിക്കു കുളിക്കണം. കുട്ടിക്കു കഴിക്കണം. കുട്ടിക്ക് ഉറങ്ങണം. ഇതൊക്കെ “കുട്ടിക്കു കളിക്കുകയും കുളിക്കുകയും കഴിക്കുകയും ഉറങ്ങുകയും വേണം” എന്നു സമുച്ചയിക്കാം. ഇങ്ങനെ ഉം വന്നാൽ അതിന്റെ പിന്നാലെ കോമാ ഇടരുത്.
അനുപ്രയോഗം ഉള്ളിടത്ത് ഇങ്ങനെ ആവാം: ഞാൻ കോട്ടയത്തു പോയിട്ടുമില്ല, ചാക്കോച്ചനെ കണ്ടിട്ടുമില്ല, സിനിമയ്ക്കു പോയിട്ടുമില്ല ഇങ്ങനെ സമുച്ചയിക്കാം. ഇവിടെ ഇട് എന്ന അനുപ്രയോഗമാണ്. പോയതുമില്ല, കണ്ടതുമില്ല എന്നും പ്രയോഗിക്കാം.

(പലരും, എന്നെ കാണുകയും അവൻ ഓടി, അവനെ കണ്ടതും അവൾ സ്തംഭിച്ചുപോയി, മേല്പോട്ടു നോക്കിയതും അവന്റെ കണ്ണടഞ്ഞു എന്നൊക്കെ എഴുതാറുണ്ട്. അതു തെറ്റാണ്. ഒരിടത്ത് ഉം വന്നാൽ ആ വാക്യത്തിൽ വേറൊരിടത്തുകൂടി ഉം വന്നിരിക്കണം. എന്നിട്ടു അതു തമ്മിൽ യോജിപ്പിക്കണം. ഇതു മുഴുവൻ പറയാതിരിക്കാൻ കണ്ട സൂത്രമാണ് ഇടയ്ക്കുവച്ചു നിറുത്തുക എന്നത്. അതു എഴുത്തിൽ ശരിയല്ല. കാണുകയും, കണ്ടതും, നോക്കിയതും എന്നൊക്കെ പറഞ്ഞാൽ കണ്ടപ്പോൾ, നോക്കിയപ്പോൾ എന്നൊക്കെയുള്ള അർത്ഥമല്ല.

സിംഹംപോലെയുള്ള പട്ടിയെ കണ്ടതേ ഞാൻ സ്തംഭിച്ചുപോയി, വെടിയൊച്ച കേട്ടതേ ഞാൻ ഞടുങ്ങിപ്പോയി – ഇതൊക്കെ തെറ്റായ പ്രയോഗങ്ങളാണ്. ഇവിടെയൊക്കെ കണ്ടപ്പോൾ, കേട്ടപ്പോൾ എന്നൊക്കെ വേണം പ്രയോഗിക്കാൻ അല്ലെങ്കിൽ കണ്ടപ്പോഴേ, കേട്ടപ്പോഴേ എന്നു വേറൊരു പ്രയോഗവുമാവാം.)

facebooktwittergoogle_plusredditpinterestlinkedinmail