മലയാളവ്യാകരണം – ഒരു പഠനം – 21 ഉപസർഗ്ഗങ്ങൾ

ഉപസർഗ്ഗങ്ങൾ
ഭാഷയിലെ ക്രിയാധാതുക്കളുടെ അർത്ഥം പരിഷ്കരിക്കുവാൻ നടത്തുന്ന അനുപ്രയോഗത്തെക്കുറിച്ചു മുമ്പേ പ്രസ്താവിച്ചിരുന്നല്ലോ. അതുപോലെ സംസ്കൃതത്തിൽനിന്നു നാം കടംകൊണ്ട ധാതുക്കളുടെ അർത്ഥവൈവിദ്ധ്യം, അർത്ഥശക്തി, അർത്ഥദൃഢീകരണം, അർത്ഥവ്യത്യാസം എന്നിവയ്ക്ക് ഉപയോഗിക്കുന്ന നിപാതങ്ങളെയാണ് ഉപസർഗ്ഗങ്ങൾ എന്നു വിവക്ഷിക്കുന്നത്. പദാദിയിലാണ് ഇവ ചേർക്കുന്നത്. സംസ്കൃതത്തിൽ ക്രിയയോടുമാത്രമേ ഇവയെ ചേർക്കാറുള്ളൂ.
ആ, അപ, അപി, അഭി, അതി, അധി, അനു, അവ, ഉത്, ഉപ, പ്ര, പ്രതി, പരാ, പരി, വി, നി, നിർ, ദുർ, ദുസ്(ദുഃ), സു, സം – ഇവയൊക്കെയാണ് ഉപസർഗ്ഗങ്ങൾ.
ഹാര : എന്ന സംസ്കൃതപദത്തോടു വിവിധ ഉപസർഗ്ഗങ്ങൾ ചേർക്കുമ്പോൾ അതിനുണ്ടാകുന്ന അർത്ഥവ്യത്യാസം ശ്രദ്ധിക്കൂ:
അപഹാര: = മോഷ്ടിക്കൽ, അഭ്യവഹാര : = ഭോജനം, ആഹാര : = ഭക്ഷണം, നീഹാര: =മഞ്ഞ്, മലം, ഉദാഹാര: = ഉദാഹരണം, ഉപഹാര: = സമ്മാനം, ഉപസംഹാര: = സമാപനം, പ്രതിഹാര: = ദ്വാരം, പരിഹാര: =വർജ്ജനം, പ്രത്യാഹാര : = പിൻവലിക്കൽ, സംഹാര : = കൊല്ലൽ, വിഹാര : = കളി, വ്യതിഹാര : = വിനിമയം, വ്യവഹാര : =വഴക്കുപറയൽ, വ്യാഹാര : = സംസർഗ്ഗം, സമാഹാര : കൂട്ടിച്ചേർക്കൽ.
ക്രമം എന്ന പദത്തോടു പല ഉപസർഗ്ഗങ്ങൾ ചേരുമ്പോഴുണ്ടാകുന്ന അർത്ഥവ്യത്യാസം നോക്കൂ:
അതിക്രമം, അനുക്രമം, നിഷ്ക്രമം, ഉത്ക്രമം, ഉപക്രമം, പരാക്രമം, പരിക്രമം, സംക്രമം, വിക്രമം.
മാനം എന്ന പദത്തോട് ഉപസർഗ്ഗങ്ങൾ ചേർക്കുമ്പോഴുണ്ടാകുന്ന അർത്ഥവ്യത്യാസവും കാണൂ:
അപമാനം, അഭിമാനം, അനുമാനം, ഉപമാനം, സമ്മാനം.
ദൃഢീകരണം നടക്കുന്നത് എങ്ങനെയെന്നു നോക്കൂ:
ഉത്+ദീപനം=ഉദ്ദീപനം, ഉത്+ഘോഷിക്കുക=ഉദ്‌ഘോഷിക്കുക, പ്ര+കമ്പനം=പ്രകമ്പനം, പ്ര+മോദം=പ്രമോദം, പ്ര+കീർത്തിക്കുക=പ്രകീർത്തിക്കുക,
വി+ശുദ്ധി=വിശുദ്ധി, സം+ശുദ്ധി=സംശുദ്ധി, സു+സൂക്ഷ്മം=സുസൂക്ഷ്മം (സസൂക്ഷ്മം തെറ്റ്) സം+തൃപ്തി=സംതൃപ്തി, സം+മോഹനം=സമ്മോഹനം, സം+സ്ഥാപനം=സംസ്ഥാപനം, ദുസ്+ശാഠ്യം=ദുശ്ശാഠ്യം, അഭി+ഉന്നതി=അഭ്യുന്നതി, അഭി+പ്രീതി=അഭിപ്രീതി, അഭി+ഉത്ഥാനം=അഭ്യുത്ഥാനം, പരാ+ശക്തി=പരാശക്തി (എല്ലാ ശക്തികളിലും മേലെയുള്ളത്) പരി+കീർത്തിക്കുക=പരികീർത്തിക്കുക (വിവരിച്ചുപറയുക) പരിക്ഷീണൻ =നന്നേ ക്ഷീണിച്ചവൻ, പരിപക്വം, പരിപാലനം, പരിപിതാമഹൻ (ഇല്ലത്തുമുത്തച്ഛന്റെ മുത്തച്ഛൻ – ഇല്ലത്തുമുത്തച്ഛൻ = അച്ഛന്റെയച്ഛൻ) പരിപൂർണ്ണം, പരിഭ്രമിക്കുക, പരിലാളിക്കുക, പരിശീലനം, പരിസമാപ്തി, വിചിത്രം, വിജയം, വിദ്വേഷം, വിമോചനം, വിശുദ്ധി, വിസർജ്ജനം, വിസ്ഫോടനം, സുദുഷ്ക്കരം, സുദൃഢം, സുപ്രഭാതം, സുഭാഷിതം, സുലോചന, സുവചസ്സ്, സുവർണ്ണം, സുശീല, സുസാധം – ഇതൊക്കെ അർത്ഥത്തെ ഒന്നുകൂടി ഉറപ്പിക്കുകയാണ്.
എതിർപദങ്ങൾ ഉണ്ടാക്കുന്നതു ശ്രദ്ധിക്കൂ:
അപ+മാനം=അപമാനം, ഉത്+ശ്വാസം=ഉച്ഛ്വാസം, വി+പ്രതിപത്തി=വിപ്രതിപത്തി, ദുർ+ഗന്ധം=ദുർഗ്ഗന്ധം, ദുർ+ബുദ്ധി=ദുർബ്ബുദ്ധി, ദുർ+ദിനം=ദുർദ്ദിനം, ദുർ+ഭാഗ്യം=ദുർഭാഗ്യം, നിർ+അർത്ഥം=നിരർത്ഥം, നിർ+ദോഷം=നിർദ്ദോഷം, അപ+ജയം=അപജയം, അപ+ചയം=അപചയം, നിസ്+സാരം=നിസ്സാരം, പ്രതി+ഉപകാരം=പ്രത്യുപകാരം, പരാ+ജയം=പരാജയം, പരാഗമിക്കുക = തിരിച്ചുവരിക, പരാധീനപ്പെടുക =അന്യന്റേതാവുക, വികല്മഷ = പാമമില്ലാത്ത, വിക്രിയ, വിപ്രതിപത്തി, വിമലം, വിരൂപം, വിവർണ്ണം, വിസമ്മതം, ദുഷ്ക്കർമ്മം, ദുഷ്ക്കാലം, ദുഷ്ക്കരം, ദുഷ്ക്കീർത്തി, ദുഷ്പ്രവൃത്തി, ദുസ്തര (കടക്കാൻ വയ്യാത്ത)ദുസ്തർക്കം, ദുസ്സാമർഥ്യം, ദുസ്സാധം – ഇതൊക്കെ ഉപസർഗ്ഗങ്ങൾ ചേർത്ത് എതിർപദങ്ങൾ ഉണ്ടാക്കിയവയാണ്.
ചിലപ്പോൾ ഈ ഉപസർഗ്ഗങ്ങൾ ഒന്നിലേറെ ഒരുമിച്ചു പ്രയോഗിക്കാറുണ്ട്:
അതി+അ+പൂർവ്വം=അത്യപൂർവ്വം, അതി+ഉത്+പാദന=അത്യുത്പാദന, ദുർ+അഭി+മാനം=ദുരഭിമാനം, പ്രതി+ഉപ+ഹാര= പ്രത്യുപഹാര, സ+അഭി+മാനം=സാഭിമാനം, ഉപ+സം+ഹാര=ഉപസംഹാര, ഉപ+ഉദ്+ബലകം=ഉപോദ്ബലകം, അപ+ഉദ്+ധാരണം=അപോദ്ധാരണം (വാക്യത്തെ അഴിക്കുക) ഉപനിമന്ത്രണം (ക്ഷണം, ഉദ്ഘാടനം) ഉപനിബന്ധന (പ്രധാന നിബന്ധനയുടെ ഉപവിഭാഗം) ഉപനിഷ്ക്രമണം (വെളിയിൽ പോവുക) ഉപപ്രദാനം (വിശ്വസിച്ചേല്പിക്കൽ) ഉപപ്രലോഭനം (ആഗ്രഹം ജനിപ്പിക്കൽ) ഉപപ്രദർശനം (ചൂണ്ടിക്കാണിക്കൽ) ഉപ+ഉത്+ഘാതം=ഉപോദ്‌ഘാതം (മുഖവുര, ആമുഖം) ഉപ+ഉദ്ത+ഗ്രഹ=ഉപോദ്‌ഗ്രഹ (അറിവ്), ഉപ+ഉത്+ബലക=ഉപോദ്ബലക (ഉറപ്പു നല്കുന്ന) ഉപ+ഉദ്+ബലനം=ഉപോദ്ബലനം(ഉപോദ്വലനം=ഉറപ്പിക്കൽ), ഉപ+ഉപ+ജാതി=ഉപോപജാതി, പ്രതി+ആ+ഗമനം=പ്രത്യാഗമനം, പ്രതി+ഉത്+ക്രമണം=പ്രത്യുത്ക്രമണം (പ്രേരണം, ഉദ്യമം) പ്രതി+ഉത്+ഗമനീയ=പ്രത്യുദ്ഗമനീയ (എണീറ്റു ബഹുമാനിക്കത്തക്ക) പ്രത്യുദ്ഗമനീയം=ഉത്തരീയം, പ്രത്യുദ്ഗമിക്കുക = സത്കരിക്കാനായി എണീറ്റുചെല്ലുക, എതിരേല്ക്കുക – ഇതൊക്കെ ഇങ്ങനെ വരുന്ന പ്രയോഗങ്ങൾ.
പ്രഹരം, പ്രചാരം, പരാജയം, അപചയം, സംഗമം, അനുകൂലം, ആമരണം, വിപ്രതിപത്തി, നിരാധാരം, ദുര്യോഗം, പ്രതികൂലം, സുഗമം, അഭിപ്രായം, ഉപവനം, അവതാരം, അത്യധികം, ഉത്കർഷം, അദ്ധ്യക്ഷൻ, പരിജനം, സഹൃദയൻ, സമ്പുഷ്ട, സമ്പ്രദാനം, സമ്പ്രദായം, സംപ്രാപ്ത, സംപ്രേഷണം, സംബന്ധ, സംഭരണം, സംഭവം, സംഭാഷണം, സംഭ്രമം, സംഭോഗം, സമ്മോദം, സമ്മേളനം, സമ്മോഹനം, സംയുക്ത, സംയോഗം, സംവത്സരം, സംവദിക്കുക, സംവരണം, സംവഹനം, സംവൃതം, സംശുദ്ധി, സംഹരിക്കുക – ഇങ്ങനെ ഉപസർഗ്ഗങ്ങൾ ഇഷ്ടംപോലെ നാം ഉപയോഗിക്കുന്നുണ്ട്.
വിശേഷണങ്ങളായി ഉപയോഗിക്കുമ്പോൾ :
അതുല്യം, ഉപജാതി, പ്രതിവാരം, ദുഷ്ക്കർമ്മം, ദുര്യോഗം, സത്കർമ്മം, സച്ചിന്ത എന്നൊക്കെ വരും.

ക്രിയകളുടെ മുമ്പു പ്രയോഗിച്ചാൽ മാത്രമേ ഇവയ്ക്ക് ഉപസർഗ്ഗം എന്ന പേരുള്ളൂ. ഇതേ ശബ്ദങ്ങൾ നാമപദങ്ങളോടുകൂടി സമാസത്തിൽ വരുമ്പോൾ (ഉദാ- സുവർണ്ണം, സുവിശേഷം, അഭിമുഖം) ഇവയെ ഗതി എന്നും, തനിച്ചു പ്രയോഗിച്ചാൽ നിപാതം എന്നും പേരാണ്. ഈ കാര്യത്തിൽ സംസ്കൃതത്തിൽനിന്നു ഭിന്നമായ ഒരു നിലപാടു ഭാഷയിൽ ഉണ്ടെന്നു തോന്നുന്നില്ല. കാരണം, നാമങ്ങളോടും വിശേഷണങ്ങളോടും ചേർത്ത് ഈ ശബ്ദങ്ങൾ കാണുന്നുണ്ടെങ്കിൽ അവയും ഗതിസമാസങ്ങൾ എന്നു പറയപ്പെടുന്ന സംസ്കൃതശബ്ദങ്ങൾ തന്നെയാണ്, ഭാഷാശബ്ദങ്ങളല്ല.

Facebooktwittergoogle_plusredditpinterestlinkedinmailby feather