മലയാളവ്യാകരണം – ഒരു പഠനം – 10 – അകർമ്മക/സകർമ്മകക്രിയകൾ

 

ഒരു ക്രിയയ്ക്കു വ്യാപാരം, ഫലം എന്നിങ്ങനെ രണ്ടംശങ്ങളുണ്ട്. ഒരു ഫലത്തെ ഉളവാക്കുന്ന വ്യാപാരവിശേഷമാണ് ക്രിയ അഥവാ കൃതി. ദ്രവ്യം, ഗുണം, സ്ഥിതി എന്നിവയിൽ മാറ്റം ഉണ്ടാകുന്ന പ്രക്രിയയാണു വ്യാപാരം. ആകാശം കറുത്തു എന്ന വാക്യത്തിൽ നേരത്തെ ആകാശം വെളുത്തിരുന്നതാണ് എന്നും ഇപ്പോൾ ഇരുണ്ടുപോയി എന്നും ധ്വനി. വെള്ളം ചൂടാക്കി എന്ന വാക്യത്തിൽ തണുത്തിരുന്ന വെള്ളത്തിനു ചൂട് എന്ന സ്ഥിതിയിലേക്കുള്ള മാറ്റമാണു വ്യാപാരം. അപ്പോൾ ഫലം ഉണ്ടാകുന്ന/ഉണ്ടാക്കുന്ന വ്യാപാരമാണു ക്രിയ. കാലം, പ്രകാരം, പ്രയോഗം, നിഷേധം എന്നിവയുടെ പ്രത്യയങ്ങൾ ചേരുമ്പോൾ പ്രകൃതിയോടു (ക്രിയാധാതു) ചേരുമ്പോൾ ക്രിയകൾക്കു മാറ്റമുണ്ടാകും.

അർത്ഥം, പ്രകൃതി, സ്വഭാവം, പ്രാധാന്യം എന്നിവയനുസരിച്ച് ക്രിയകളെ വർഗ്ഗീകരിച്ചിട്ടുണ്ട്. അതിൽ പ്രാധാന്യമനുസരിച്ചുള്ള വർഗ്ഗീകരണമാണു മുറ്റുവിന, പറ്റുവിന എന്നിവ. ഇതു ഞാൻ മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ.

അകർമ്മക/സകർമ്മകക്രിയകൾ. (അർത്ഥമനുസരിച്ചു വർഗ്ഗീകരിച്ചിരിക്കുന്ന ക്രിയകൾ)

ക്രിയ എന്നു പറയുന്നത് ഒരു പ്രവൃത്തിയെ, ഉത്ഭവത്തെ, അല്ലെങ്കിൽ സ്ഥിതിയെ കുറിക്കുന്നു. ഓടുന്നു, ചാടി, കാണും ഇതൊക്കെ പ്രവൃത്തികളാണ്. ആകുന്നു, ആയിരുന്നു, ആണ്, ഉണ്ട്, ഇല്ല ഇതൊക്കെ ഉത്ഭവം, സ്ഥിതി എന്നീ വകുപ്പുകളിൽപ്പെടുന്നു. ചിരിക്കുക, കരയുക, ഉറങ്ങുക, നില്ക്കുക, കുളിക്കുക ഇതൊക്കെ അകർമ്മകക്രിയകളാണ്. ഒരാൾ ചിരിച്ചു,കരഞ്ഞു, ഉറങ്ങി, നിന്നു അല്ലെങ്കിൽ കരഞ്ഞു എന്നൊക്കെ പറയുമ്പോൾ ആരെ, എന്തിനെ എന്നൊന്നും അതിൽ ആകാംക്ഷ വരുന്നില്ല.

(അതുകൊണ്ടാണു “കരളേ കരളിന്റെ കരളേ, എന്നോടൊന്നു ചിരിക്കൂ” എന്ന പാട്ടു ശുദ്ധ അസംബന്ധമാണ് എന്നു ഞാൻ പറയുന്നത്. പണ്ടൊക്കെ പാട്ടുകൾ എഴുതുന്നവർക്കും അതു സംഗീതംചെയ്യുന്നവർക്കും സാഹിത്യത്തിൽ നല്ല പിടിപാടുണ്ടായിരുന്നു. ഒരാൾക്കു തെറ്റിയാൽ അടുത്തയാൾ അതു തിരുത്തും. ഇപ്പോൾ സംഗീതം ആദ്യം ചെയ്തിട്ടിട്ട് കവി പിന്നീട് അതിനൊപ്പിച്ചു വരികൾ എഴുതും. അതൊക്കെ പത്തു പ്രാവശ്യം കേട്ടാൽ അതാണു ശരിയെന്നു എല്ലാവരും ധരിക്കുകയും ചെയ്യും. യശ:ശരീരനായ ശ്രീ ദേവരാജൻ മാഷ്‌, മുമ്പെഴുതിയ ഒരു വാക്കുപോലും പിന്നീടുള്ള പാട്ടുകളിൽ അനുവദിക്കാറില്ലായിരുന്നു എന്നോർക്കുക !!)

പ്രവൃത്തി ചെയ്യുന്ന ആളിനെ കർത്താവ് എന്നു പറയും. അവൾ വന്നു എന്ന വാക്യത്തിൽ ഒരു പ്രവൃത്തിയാണു് ചെയ്യുന്നത്. അവൾക്കു നാണം വന്നു എന്നു പറയുമ്പോൾ അതൊരവസ്ഥയാണ്. അവൾക്കു പല്ലു വന്നു എന്നു പറഞ്ഞാൽ അതൊരു ഉത്ഭവത്തെക്കുറിക്കുന്നു. കടലിനു നീലനിറമാണ്, ആകാശം കാർഘാവൃതമായിരുന്നു, നിനക്കെന്നെ അറിയാം, എന്റെ പനി മാറി ഇതൊക്കെ അവസ്ഥയാണ്. കടലിൽനിന്നും കാറ്റടിക്കുന്നു, ആകാശത്തുനിന്നും മഴ പെയ്യുന്നു, മുട്ട വിരിഞ്ഞു, പയർമണികൾ മുളച്ചു, ഒഴുക്കിൽനിന്നു വൈദ്യുതി കിട്ടുന്നു ഇതൊക്കെ ഉത്ഭവം.

ക്രിയ ചെയ്യുന്ന ആളിൽത്തന്നെ ഫലം ചേരുന്നെങ്കിൽ ആ ക്രിയയ്ക്ക് “അകർമ്മകക്രിയ” എന്നു പറയുന്നു. അല്ലാത്തവ “സകർമ്മകക്രിയകൾ”. അവൻ വരുന്നു, വെള്ളം ഒഴുകുന്നു, അവൾ പാടുന്നു ഇതൊക്കെ കർത്താവു (പ്രവൃത്തി ചെയ്യുന്നയാൾ) മാത്രമേ ഉള്ളൂ. അതിന്റെ ഫലം അനുഭവിക്കാൻ വേറൊരാളോ വസ്തുവോ ഇല്ല. ഇതൊക്കെ അകർമ്മകക്രിയകൾ.

രാമൻ രാവണനെ കൊന്നു, അച്ഛൻ മകനെ അടിച്ചു, അമ്മ മകളെ ശകാരിച്ചു, വേലക്കാർ വെള്ളം കോരി, അമ്മ തേങ്ങ ചുരണ്ടി ഇതിലൊക്കെ ആദ്യത്തെയാൾ ചെയ്യുന്ന പ്രവൃത്തി, വേറൊരാൾ/വേറൊരു വസ്തു അനുഭവിക്കുന്നുണ്ട്. അയാൾ/ആ വസ്തുവാണു കർമ്മം. ഇതൊക്കെ സകർമ്മകക്രിയകൾ. കൊന്നു എന്നുള്ള ക്രിയയ്ക്ക് ആരു കൊന്നു, ആരെക്കൊന്നു എന്നൊക്കെ ആകാംക്ഷ ഉണ്ടാകും. അതിനൊക്കെ ഉത്തരവും കൊടുക്കാം. അതുപോലെ അടിച്ചു എന്നുള്ള ക്രിയയോട് ആരടിച്ചു, ആരെയടിച്ചു/എന്തിനെ അടിച്ചു എന്നൊക്കെ ചോദിച്ചാലും ഉത്തരം കിട്ടും.

ചില ക്രിയകൾക്കു രണ്ടു കർമ്മങ്ങളുണ്ടാകും. അവയെ ദ്വികർമ്മകക്രിയകൾ എന്നാണു പറയുന്നത്. അച്ഛൻ മകനെ വഴക്കു പറഞ്ഞു – ഇതിൽ മകനും വഴക്കും കർമ്മങ്ങളാണ്. യശോദ കണ്ണനു വെണ്ണ കൊടുത്തു – ഇതിൽ കണ്ണനും വെണ്ണയും കർമ്മങ്ങൾ. മാനേജർ തൊഴിലാളിയെ കുറ്റം പറഞ്ഞു – തൊഴിലാളിയും കുറ്റവും കർമ്മങ്ങൾ.

അകർമ്മകക്രിയയെ സകർമ്മകങ്ങൾ ആക്കാൻ ഒരു വിദ്യയുണ്ട്. ഇതിനെ സംക്രാമണം എന്നാണു പറയുക. അതായത് അകർമ്മകക്രിയയെ സകർമ്മകമാക്കി സംക്രമിപ്പിക്കുക. കൊടുത്തു – കൊടുപ്പിച്ചു, എടുത്തു – എടുപ്പിച്ചു (ഭൂതകാലം) എഴുതുന്നു – എഴുതിപ്പിക്കുന്നു, ഉണ്ണുന്നു – ഊട്ടുന്നു (വർത്തമാനകാലം) കാണും – കാണിക്കും, വായിക്കും -വായിപ്പിക്കും (ഭാവികാലം) ഇങ്ങനെയാണ് ആ വിദ്യ.

സാധാരണ അഭ്യസ്തവിദ്യരായ മലയാളികൾപോലും തെറ്റിക്കുന്ന ഒരു പദമാണ് അതിശയിക്കുക എന്നത്.

അതിശയിക്കുക എന്നത് ഈ രണ്ടു വിഭാഗത്തിലും വരും. അകർമ്മകക്രിയയായി വരുമ്പോൾ വിസ്മയിക്കുക, ആശ്ചര്യപ്പെടുക, അത്ഭുതപ്പെടുക എന്നൊക്കെയാണ് അർത്ഥം. ഇതേ വാക്കുതന്നെ സകർമ്മകക്രിയയായി വരുമ്പോൾ കവിഞ്ഞുനില്ക്കുക എന്ന അർത്ഥമാണ്. രാജുവിന്റെ മാർക്ക് തോമസിന്റെ മാർക്കിനെ അതിശയിക്കുന്നു – എന്നുപറഞ്ഞാൽ രാജുവിന്റെ മാർക്ക് തോമസിന്റെ മാർക്കിനേക്കാൾ കൂടുതലാണ് എന്നാണർത്ഥം. അവന്റെ ബുദ്ധി സാധാരണക്കാരന്റെ ബുദ്ധിയെ അതിശയിക്കുന്നതാണ് – എന്നു പറഞ്ഞാൽ സാധാരണക്കാരെക്കാൾ അവനു ബുദ്ധി ലേശം കൂടുതലാണ് എന്നാണർത്ഥം. അതിശയിക്കുക എന്നതിന് അതിശയിപ്പിക്കുക എന്നൊരു രൂപമില്ല. ആരെയും അതിശയിപ്പിക്കാനാവില്ല; വേണമെങ്കിൽ അത്ഭുതപ്പെടുത്താം, ആശ്ചര്യപ്പെടുത്താം.

തുടരും……

facebooktwittergoogle_plusredditpinterestlinkedinmail