മലയാളവ്യാകരണം – ഒരു പഠനം – 20 ദ്യോതകം

ശബ്ദം തുടരുന്നു ……

ദ്യോതകം

നാമം, സർവ്വനാമം, കൃതി, വിശേഷണം എന്നിവയൊക്കെ പഠിച്ചുകഴിഞ്ഞു. ഇവ മാത്രമേ അർത്ഥമുള്ള പദങ്ങളായി ഭാഷയിലുള്ളൂ. അതിനാൽ അവയെ വാചകശബ്ദങ്ങൾ എന്നുപറയുന്നു. ഇതുകൂടാതെ ചില ശബ്ദങ്ങൾ മേല്പറഞ്ഞ ശബ്ദങ്ങളോടു ചേർന്നുനിന്നുകൊണ്ട് അല്ലെങ്കിൽ സ്വതന്ത്രമായി നിന്നുകൊണ്ട് ശബ്ദങ്ങൾതമ്മിലും വാചകങ്ങൾതമ്മിലും വാക്യങ്ങൾതമ്മിലും ഉള്ള ബന്ധത്തെയും വിശേഷാർത്ഥങ്ങളെയും കുറിക്കുന്നു. ഇങ്ങനെ സംബന്ധത്തെ ദ്യോതിപ്പിക്കുന്നതിനാൽ (സൂചിപ്പിക്കുന്നതിനാൽ) അവയെ ദ്യോതകങ്ങൾ എന്നു വിളിക്കുന്നു. ഇവയ്ക്കു പ്രത്യേകിച്ച് അർത്ഥമൊന്നുമില്ല. (എന്നാൽ ചില നാനാർത്ഥങ്ങൾ/പ്രത്യേക പ്രയോഗങ്ങൾ ഇവയ്ക്കുണ്ട്. അതു പ്രയോഗംപോലെ മനസ്സിലാക്കണം) ഇവ രണ്ടു തരത്തിലുണ്ട്. സ്വതവേ ദ്യോതകങ്ങൾ ആയവയെ നിപാതം എന്നും നാമം, ക്രിയ, ഭേദകം എന്നിവ കാലക്രമത്തിൽ ദുഷിച്ചുണ്ടായ രൂപങ്ങളെ അവ്യയം എന്നും പറയുന്നു. ഇവ രണ്ടിലും ഉൾപ്പെടുന്ന 1. ഗതി, 2. ഘടകം, 3. വ്യാക്ഷേപകം, 4. കേവലം എന്നിങ്ങനെ നാലു വിഭാഗങ്ങളാണ് ഇതിനുള്ളത്.

അവൻ അവിടെ നിന്നുപോയി – ഇവിടെ ‘നിന്നു’ എന്നുള്ളത് പറ്റുവിന – അതായത് പോയി എന്നുള്ള മുറ്റുവിനയെ വിശേഷിപ്പിക്കുന്ന അപൂർണ്ണക്രിയ. എന്നാൽ അവൻ അവിടെനിന്നു പോയി എന്നെഴുതിയാൽ ‘നിന്നു’ എന്നുള്ളത് ക്രിയ അല്ല. ആധാരികാവിഭക്തിയിലുള്ള അവ്യയമാണ്.
പാത്രം അവിടെ വച്ചു എന്ന വാക്യം നോക്കുക. ഇവിടെ ‘വച്ചു’ എന്നുള്ളത് പൂർണ്ണക്രിയ. എന്നാൽ പാത്രം അവിടെവച്ചു മറന്നു എന്ന വാക്യത്തിൽ ‘വച്ചു’ എന്നുള്ളത് മേൽപ്പറഞ്ഞമാതിരി ആധാരികാവിഭക്തിയിലുള്ള അവ്യയമാണ്.
ചന്ദ്രൻ ഭൂമിയെ ചുറ്റും. എന്ന വാക്യത്തിൽ ‘ചുറ്റും’ എന്നതു പൂർണ്ണക്രിയ. എന്നാൽ എന്റെ വീടിനുചുറ്റും മതിലുണ്ട് എന്ന വാക്യത്തിൽ ആ അർത്ഥമല്ല.
ലുബ്ധൻറെ മുതൽ കള്ളൻ കൊണ്ടുപോയി എന്ന വാക്യത്തിൽ മുതൽ എന്നാൽ ധനം എന്നാണർത്ഥം. എന്നാൽ നാളെമുതൽ നീ ഇവിടെ വരണ്ടാ എന്നു പറഞ്ഞാൽ ആ മുതൽ വേറെയാണ്.
ഞാൻ നെഹ്രുവിനെ തൊട്ടു എന്നു പലരും അവകാശപ്പെട്ടിട്ടുണ്ട്. ഇതിൽ ‘തൊട്ടു’ എന്നതു പൂർണ്ണക്രിയ. എന്നാൽ നെഹ്രുതൊട്ടു മോദിവരെയുള്ള പ്രധാനമന്ത്രിമാർ എന്നു പറഞ്ഞാൽ ആ തൊടലല്ല ഉദ്ദേശിക്കുന്നത്. നെഹ്രുവിന്റെ കാലംമുതൽ എന്നാണു്.
എഴുതാൻ എനിക്കു വശമില്ല എന്നു പറഞ്ഞാൽ എഴുതാൻ എനിക്കറിയില്ല എന്നാണു്. നടന്നുനടന്ന് ഞാൻ വശംകെട്ടു എന്നു പറഞ്ഞാൽ ക്ഷീണിച്ചു എന്നാണു്. ഇതിലൊക്കെ ‘വശം’ എന്നതു ക്രിയാനാമം. വീടിന്റെ പുറകുവശം എന്നായാൽ പിൻഭാഗം എന്നാണു്. അപ്പോൾ അതു മേയനാമം. എന്നാൽ എഴുത്ത്‌ മകൻവശം കൊടുത്തയച്ചു എന്നു പറയുന്നതിലെ ‘വശം’ ഗതിയാണ്.
നാടകം തുടങ്ങി എന്നു പറഞ്ഞാൽ നാടകം ആരംഭിച്ചു എന്നാണു്. എന്നാൽ ഗാന്ധിജിതുടങ്ങി ഇങ്ങോട്ടു പരിശോധിച്ചാൽ ….എന്നു പറഞ്ഞാൽ ഗാന്ധിജി എന്തെങ്കിലും തുടങ്ങി എന്നല്ല..പിന്നെയോ ഗാന്ധിജിയുടെ കാലംമുതൽ പരിശോധിക്കണം എന്നാണു് വിവക്ഷ.
കൊണ്ടുകഴിഞ്ഞാലേ പഠിക്കൂ എന്ന വാക്യത്തിൽ കൊണ്ട് എന്നാൽ കൊള്ളുക, സ്വീകരിക്കുക, ഏല്ക്കുക എന്നൊക്കെയാണ് അർത്ഥം. അതായത് രണ്ടെണ്ണം കിട്ടിക്കഴിഞ്ഞാലേ മര്യാദ പഠിക്കൂ എന്നാണു്. എന്നാൽ അവനെക്കൊണ്ടു ഞാൻ വലഞ്ഞു എന്നു പറഞ്ഞാൽ അവൻ മൂലം എന്നാണർത്ഥം.
കുട്ടികൾ പാട്ട് ഈണത്തിൽച്ചൊല്ലി എന്നു പറഞ്ഞാൽ പാട്ടു പാടി എന്നാണർത്ഥം. എന്നാൽ കുട്ടികളെച്ചൊല്ലി വഴക്കുണ്ടാക്കരുത് എന്നു പറഞ്ഞാൽ കുട്ടികളുടെ കാര്യം പറഞ്ഞു ശണ്ഠകൂടരുതെന്നാണ്.
നിങ്ങൾ പറഞ്ഞതൊക്കെ ഞാൻ കുറിച്ചുവച്ചിട്ടുണ്ട് എന്നു പറഞ്ഞാൽ കുറിച്ചു എന്നതു പറ്റുവിന. എന്നാൽ നിങ്ങളെക്കുറിച്ചു ഞാൻ ഇങ്ങനെ കരുതിയില്ല എന്നു പറയുമ്പോൾ കുറിപ്പല്ല വിവക്ഷ.
ചെളി പറ്റി, അപകടം പറ്റി എന്നൊക്കെ പറയുന്ന അർത്ഥമല്ല എന്നെപ്പറ്റി, നിങ്ങളെപ്പറ്റി, അവനെപ്പറ്റി എന്നൊക്കെ പറയുമ്പോൾ കിട്ടുന്നത്.
നീ പറയുന്നതു കേൾക്കുമ്പോൾ എനിക്കരിശം കൂടിവരുന്നു – എന്നു പറഞ്ഞാൽ അരിശം വർദ്ധിക്കുന്നു എന്നാണ്. എന്നാൽ ഞാനുംകൂടെ/കൂടി വരുന്നു എന്നു പറഞ്ഞാൽ ഒപ്പം എന്നെയും ചേർക്കണം എന്നാണു്.

1)ഗതി
നാമങ്ങളോടോ നാമത്തോടു ചേർത്തിട്ടുള്ള പ്രത്യയങ്ങളോടോ ചേർന്നുനിന്നുകൊണ്ട് ചില പ്രത്യേക അർത്ഥങ്ങൾ ദ്യോതിപ്പിക്കുകയാണ് ഗതി ചെയ്യുന്നത്. വാചകശബ്ദങ്ങളെ അർത്ഥവത്തായി കൂട്ടിയിണക്കുക എന്ന ധർമ്മമാണ് ഇവ ചെയ്യുന്നത്. ഇവിടെ ചേർന്നുനില്ക്കുക എന്നതു പ്രത്യേകം ശ്രദ്ധിക്കണം. ചേർത്തുതന്നെ ഉപയോഗിക്കണം. ഈ അവ്യയങ്ങൾ നാമത്തിൽനിന്നോ ക്രിയയിൽനിന്നോ മാറ്റിയെഴുതിയാൽ അർത്ഥം ചിലപ്പോൾ മാറിയെന്നുവരും.

നാമം – ഉദാ: മോഷ്ടാവായ രാജു, വീടാകുന്ന സ്വർഗ്ഗം, അമ്മയെന്ന പുണ്യം, അടിമുതൽ മുടിവരെ, രാവിലെതുടങ്ങി – ഇതൊക്കെ നാമവും നാമവും തമ്മിലുള്ള ഘടിപ്പിക്കലാണ്.

ക്രിയയുമായി ബന്ധപ്പെടുത്തി ചില വിഭക്തികളിൽ ഗതി ഉപയോഗിക്കുന്ന രീതി താഴെച്ചേർക്കുന്നു :
വിഭക്തി അവ്യയം ഉദാഹരണം.
——- ——– ———–
നിർദ്ദേശിക മുതൽ ഇന്നുമുതൽ പുതിയ പാഠം പഠിക്കാം.
വരെ തിങ്കളാഴ്ചവരെ മഴയായിരിക്കും.
ആയ മഹാനായ നെഹ്‌റു.
ഒഴികെ അവനൊഴികെ മാറ്റാരുവന്നാലും നമുക്ക് സ്വീകരിക്കാം.
ആയി കുയിൽ നന്നായി പാടുന്നു. ഞാൻ പോകാനായി ഒരുങ്ങി.
തൊട്ട് ഇന്നുതൊട്ട് ഒരു പുതിയ മനുഷ്യനാകാം.
ആകുന്ന മനസ്സാകുന്ന പ്രഹേളിക.
ഓളം പടിക്കലോളം ഞാൻ അവനെ അനുഗമിച്ചു.
തുടങ്ങി ഞായർതുടങ്ങി എണ്ണിയാൽ ആഴ്ചയ്ക്ക് ഏഴു ദിവസം.
എന്ന ബോബിയെന്ന ഞാൻ നിങ്ങളോടു പറയുന്നു :
തോറും ദിനംതോറും ഇതൊക്കെ പറഞ്ഞിട്ടും ഒരു പ്രയോജനവുമില്ല.
നിമിത്തം അവൻനിമിത്തമാണ് ഈ കഷ്ടപ്പാടൊക്കെ ഉണ്ടായത്.

പ്രതിഗ്രാഹിക കൊണ്ട് അവനെക്കൊണ്ടു ഞാൻ തോറ്റു.
കുറിച്ച് കൂട്ടുകാരെക്കുറിച്ച് ചീത്തയായ കാര്യങ്ങൾ പറയരുത്.
പറ്റി എന്നെപ്പറ്റി പരദൂഷണം പറയരുത്.
ഒഴിച്ച് അതൊഴിച്ചു വേറെ വല്ലതും പറയാനുണ്ടോ ?
കൂടെ എന്നെക്കൂടെ നിങ്ങളുടെകൂടെ കൂട്ടുമോ ?
ചൊല്ലി എന്നെച്ചൊല്ലിയുള്ള ഈ വഴക്ക് അവസാനിപ്പിക്കണം.
കാൾ നിന്നെക്കാൾ ഇഷ്ടം എനിക്ക് മറ്റൊരാളോടാണ്.
പോലെ ഒരാളെപ്പോലെ ഏഴു പേർ ഉണ്ടെന്നാണു പലരും പറയുന്നത്.

സംയോജിക ചേർന്ന് മേശയോടുചേർന്ന് കസേര ഇട്ടിരിക്കുന്നു.
ഒത്ത് കുട്ടി കുയിലിനോടൊത്തു കൂവുന്നു.
ഒരുമിച്ച് ഞാൻ ഭാര്യയോടൊരുമിച്ച് യാത്ര ചെയ്യുന്നു.
കൂടെ ഞാൻകൂടെ പോരുന്നതിൽ വിരോധമുണ്ടോ ?
കൂടി എന്നെക്കൂടി കൊണ്ടുപോകുമോ ?
ഒപ്പം നിന്നോടൊപ്പം ഞാനും വരട്ടേ ?

ഉദ്ദേശിക ആയി നിനക്കായി ഞാൻ പാടുന്നു.
ആയിക്കൊണ്ട് ഗുരുവിനായിക്കൊണ്ട് നമസ്കാരം.
വേണ്ടി നിനക്കുവേണ്ടി ഞാൻ പറയാം.

പ്രയോജിക ആയ എന്നാലായപോലെ ഞാൻ പറഞ്ഞു.

ആധാരിക നിന്ന് ഇതിൽനിന്ന് എനിക്കൊരു മോചനമില്ല.
വച്ച് കുട്ടികളിൽവച്ച് സമർത്ഥൻ രാജുവാണ്.

സംബന്ധിക ഇതു കാരകബന്ധം കുറിക്കുന്നില്ല. എന്നാൽ – പട്ടി എന്റെ നേരെ ചാടി – ഇതിൽ ‘നേരെ’ എന്ന ഗതി നാമവും ക്രിയയും തമ്മിലുള്ള ബന്ധം കാണിക്കുന്നു.

(അകത്ത്, അപ്പുറം, ഒഴികെ, ഒഴിച്ച്, തോറും, നിമിത്തം, കൊണ്ട്, ഒത്ത്, മാത്രം, ഒരുമിച്ചു, കൂടക്കൂടെ, പല, വല്ല, പക്കൽ, മേൽ, മീതെ, ചേർന്ന്, ഒപ്പം, കൂട്ടത്തിൽ, ശേഷം, പക്ഷം, എല്ലാം, വിട്ട്, അപേക്ഷിച്ച്, പുറത്തു്, പിന്നിൽ, ചേർന്ന തുടങ്ങി അനേകം ശബ്ദങ്ങൾ ഇങ്ങനെ പ്രയോഗിക്കാറുണ്ട്.)

ഊടെ എന്ന നിപാതം ചേർത്തും നാമത്തെ ക്രിയയോടു ബന്ധപ്പെടുത്താം. ഉദാ: നൂൽ സൂചിക്കുഴയിലിലൂടെ കോർത്തു. കള്ളൻ വാതിലിലൂടെ കടന്നില്ല.

നാമത്തിനും ഭേദകത്തിനും തമ്മിൽ ബന്ധിപ്പിക്കാൻ ‘ആയ’ എന്ന ഗതിയാണ് ഉപയോഗിക്കുക. ഉദാ: മിടുക്കനായ കുട്ടി, അസലനായ നായ, കറമ്പിയായ പശു തുടങ്ങിയവ.
ഭേദകവും ക്രിയയും തമ്മിൽ അബന്ധിപ്പിക്കാൻ ‘ആയി’ എന്ന ഗതിയാണ് ഉപയോഗിക്കുക. അലസമായി നടക്കുന്നു, നന്നായി പാടുന്നു, ഗംഭീരമായി പ്രസംഗിക്കുന്നു മുതലായവ.

ദ്യോതകം
1. ഗതി – ഇതിനെക്കുറിച്ച് മുൻ ലക്കത്തിൽ പ്രതിപാദിച്ചിരുന്നു.
2)ഘടകം

ഗതി എന്നാൽ രണ്ടു ശബ്ദങ്ങളെത്തമ്മിൽ ഘടിപ്പിക്കുന്നു. എന്നാൽ രണ്ടു ശബ്ദങ്ങളെയോ വാചകങ്ങളെയോ വാക്യങ്ങളെയോ തമ്മിൽ ഘടിപ്പിക്കുന്ന ശബ്ദമാണു ഘടകം.
അമ്മു വന്നു. അമ്മ വന്നില്ല. ഇതു രണ്ടും കൂട്ടിയെഴുതുമ്പോൾ “അമ്മു വന്നെങ്കിലും അമ്മ വന്നില്ല” എന്നാണ്. ഇവിടെ “എങ്കിലും” ചേർത്താണ് കൂട്ടിയോജിപ്പിച്ചത്.
അമ്മു വന്നു. അത് അമ്മ പറഞ്ഞു. ഇതു രണ്ടും കൂട്ടിയെഴുതുമ്പോൾ “അമ്മു വന്നെന്ന് അമ്മ പറഞ്ഞു” എന്നെഴുതാം. “എന്ന്” ചേർത്തപ്പോൾ ഈ വാക്യങ്ങൾ ഒന്നായി.
ഈ വാക്യങ്ങളെ ത്തമ്മിൽ ഘടിപ്പിക്കുന്ന “എങ്കിലും, എന്ന്” ഇതൊക്കെയാണ് ഘടകങ്ങൾ.

ഉം എന്നുമുള്ളതു നിപാതമാണ്. അത് ഒന്നുപോലെയുള്ള രണ്ടുകാര്യങ്ങളെ സംയോജിപ്പിക്കാനാണ് (സമുച്ചയയ്ക്കുക)ഉപയോഗിക്കുന്നത്.
ഉദാ: അമ്മു വന്നു. അമ്മ വന്നു. ഇതു രണ്ടും ഒരുമിച്ചെഴുതുമ്പോൾ “അമ്മുവും അമ്മയും വന്നു” എന്നു വരും. ഉം എന്ന ഘടകം ചേർത്തുകൊണ്ടാണ് ഇതു സാധിച്ചത്.

ഓ എന്നുള്ളതും നിപാതമാണ്. വികല്പമാണ് (സംശയം) ഇതിന്റെ അർഥം.
ഉദാ: അമ്മു വന്നുവോ എന്നറിയില്ല. അമ്മ വന്നുവോ എന്നറിയില്ല. ഇതു രണ്ടുംകൂടി “വന്നത് അമ്മുവോ അമ്മയോ എന്നറിയില്ല” എന്നെഴുതാം.
എങ്കിൽ – എന്നത് അവ്യയമാണ് ; പാക്ഷികമാണ് അതായത് വ്യവസ്ഥയ്ക്കു വിധേയമായി ചെയ്യുക. ഉദാ: നീ വരുമോ. ഞാൻ വരാം. ഈ വാക്യങ്ങളെ “നീ വരുമെങ്കിൽ ഞാൻ വരാം.” എന്നു ചേർത്തെഴുതാം.
എന്നാൽ – എന്നുള്ളതും അവ്യയം; വിരോധമായി കാണുന്നതാണ് ഇതിന്റെ പ്രത്യേകത. ഉദാ: പുസ്തകം ഞാൻ വായിച്ചു. അതിലെ ആശയങ്ങളോടു യോജിപ്പില്ല. ഈ രണ്ടു വാക്യങ്ങൾ “പുസ്തകം ഞാൻ വായിച്ചു ; എന്നാൽ അതിലെ ആശയങ്ങളോടു യോജിപ്പില്ല.” എന്നു യോജിപ്പിച്ചെഴുതാം. “എന്നാൽ” എന്നു ചേർത്തശേഷം വിധി (positive) ആയ കാര്യങ്ങൾ ചേർക്കാൻ പാടില്ല; നിഷേധം (negative)ആയിരിക്കണം. സിനിമയൊക്കെക്കണ്ടു ; എന്നാൽ എനിക്കിഷ്ടപ്പെട്ടു എന്നു പറയാൻപാടില്ല.
എന്ന് – എന്നതും അവ്യയം ; വിവരണമാണ് ഇതിന്റെ ധർമ്മം. ഉദാ: അവൻ വരും. ഇതാണ് അമ്മ പറഞ്ഞത്. ഈ വാക്യങ്ങളെ “അവൻ വരുമെന്ന് അമ്മ പറഞ്ഞു” ഇങ്ങനെ യോജിപ്പിക്കാം.
എങ്കിലും – ഇതും അവ്യയംതന്നെ ; സംശയമാണ്/അർഥം മനസ്സിലായില്ല എന്നൊക്കെ ദ്യോതിപ്പിക്കാനാണ് ഇതുപയോഗിക്കുന്നത്. മകൻ വന്നു. ഞാൻ കണ്ടില്ല. ഈ രണ്ടു വാക്യങ്ങളെയും “മകൻ വന്നുവെങ്കിലും ഞാൻ കണ്ടില്ല” എന്നു ഘടിപ്പിക്കാം. പുസ്തകം വായിച്ചു. ഒന്നും മനസ്സിലായില്ല. ഈ രണ്ടു വാക്യങ്ങളും “പുസ്തകം വായിച്ചെങ്കിലും ഒന്നും മനസ്സിലായില്ല” ഇങ്ങനെ ചേർത്തെഴുതാം.
പോൾ – ഞങ്ങൾ ഇവിടെ വന്നു. ആരെയും കണ്ടില്ല. ഈ വാക്യങ്ങൾ “ഞങ്ങൾ ഇവിടെ വന്നപ്പോൾ ആരെയും കണ്ടില്ല” എന്നു ഘടിപ്പിക്കാം
പ്രത്യുത – അയാൾ സ്‌കൂൾകുട്ടികളിലെ അക്രമവാസനയെപ്പറ്റി പ്രസംഗിച്ചു. അയാൾ സ്‌കൂൾകുട്ടികളുടെ കലാസാംസ്കാരികമൂല്യങ്ങളെക്കുറിച്ചു പ്രസംഗിച്ചില്ല.
ഈ വാക്യങ്ങൾ ഘടിപ്പിക്കുന്നത് എങ്ങനെയെന്നു നോക്കൂ: അയാൾ സ്‌കൂൾകുട്ടികളിലെ അക്രമവാസനയെപ്പറ്റിയല്ല പ്രസംഗിക്കേണ്ടിയിരുന്നത് ; പ്രത്യുത, അവരുടെ കലാസാംസ്കാരികമൂല്യങ്ങളെക്കുറിച്ചായിരുന്നു.
മറിച്ച് – ഞാൻ ജോണിനോടു പണം കടം ചോദിച്ചിട്ടു കിട്ടിയില്ല. ഞാൻ രാജുവിനോടു പണം ചോദിച്ചപ്പോൾ കിട്ടി. ഇതു തമ്മിൽ ഘടിപ്പിക്കുന്നതു നോക്കൂ : “ഞാൻ ഞാൻ ജോണിനോടു പണം കടം ചോദിച്ചപ്പോഴല്ല ; മറിച്ചു, രാജുവിനോടു ചോദിച്ചപ്പോഴാണ് കിട്ടിയത്.”
എന്തെന്നാൽ – കുട്ടപ്പൻ എഴുതിയതൊക്കെ തെറ്റാണ്. അവൻ ഒരു മണ്ടനാണ്. ഇതിനെ ഇങ്ങനെ ഘടിപ്പിക്കാം : “കുട്ടപ്പൻ എഴുതിയതൊക്കെ തെറ്റാണ് ; എന്തെന്നാൽ അവനൊരു മണ്ടനാണ്”
മാത്രമല്ല – നെഹ്‌റു ഒരു രാഷ്ട്രതന്ത്രജ്ഞനായിരുന്നു. നെഹ്‌റു ഒരു സാഹിത്യകാരനായിരുന്നു. ഈ വാക്യങ്ങൾ “നെഹ്‌റു ഒരു രാഷ്ട്രതന്ത്രജ്ഞൻ മാത്രമല്ല ഒരു സാഹിത്യകാരനുംകൂടി ആയിരുന്നു” എന്നു യോജിപ്പിക്കാം.
എന്നിട്ട് – ഞാൻ ചന്തയിൽ പോയി. പച്ചക്കറികൾ വാങ്ങി. ഇതു രണ്ടും “ഞാൻ ചന്തയിൽ പോയി ; എന്നിട്ടു് പച്ചക്കറികൾ വാങ്ങി” എന്നെഴുതാം. അരിയും തിന്നു, ആശാരിച്ചിയേയും കടിച്ചു, എന്നിട്ടും പട്ടിക്കു മുറുമുറുപ്പ് – ഇതിൽ ആദ്യം രണ്ടു കാര്യങ്ങൾ പറഞ്ഞിരിക്കുന്നതിനാലാണ് ‘എന്നിട്ടും’ എന്ന പ്രയോഗം വന്നത്. ഒരു കാര്യം മാത്രം പറയുമ്പോൾ ഉം ചേർക്കാൻ പാടില്ല.

ഇനിയും ധാരാളവും ഘടകങ്ങൾ ഉണ്ട്. ചിലവ താഴെച്ചേർക്കുന്നു:

എന്ന് – ഞാൻ വരുമെന്നു പറഞ്ഞിട്ടും നിങ്ങൾ പോയതു ശരിയായില്ല.
എന്ന – പഠിക്കുന്നതൊക്കെ നന്നായി മനസ്സിലാക്കണം എന്ന വിചാരം എല്ലാ വിദ്യാർത്ഥികൾക്കും ഉണ്ടാവണം.
എന്നിട്ടും – പലരും ഉപദേശിച്ചു ; എന്നിട്ടും അവൻ നന്നായില്ല.
മാത്രമേ – നീ പോകുമ്പോൾ അവനെ കണ്ടിട്ടുമാത്രമേ തിരികെ വരാവൂ.
ആകട്ടെ – അവർ വന്ന് ഭക്ഷണം കഴിച്ചതാകട്ടെ പോയപ്പോൾ കുറച്ചു പൊതിഞ്ഞുകൊണ്ടുപോയതാകട്ടെ ഞാനറിഞ്ഞില്ല.
പിന്നെ – മുന്നേ അവനവൻ നന്നാവുക ; പിന്നെ മറ്റുള്ളവരെ നന്നാക്കാൻ ശ്രമിക്കുക.
പിന്നീട് – ആദ്യം നടക്കാൻ പഠിക്കുക ; പിന്നീട് ഓടാൻ പഠിക്കാം.
അപ്പോൾ – അവൻ പോയപ്പോൾ ഭാര്യയേയും കൊണ്ടുപോകണമായിരുന്നു.
അപ്പോഴും – മറ്റുള്ളവർ വീണുകൊണ്ടിരുന്നപ്പോഴും നേതാവ് ധീരമായി പോരാടി.
എന്തെന്നാൽ – ഈ നോട്ടീസ് കിട്ടിയാലുടൻ പണമടയ്ക്കണം ; എന്തെന്നാൽ നിങ്ങളുടെ അക്കൗണ്ടിൽ പത്തു രൂപപോലുമില്ല.
എന്തുകൊണ്ടെന്നാൽ – കുട്ടികളെ നന്നായി നോക്കിവളർത്തണം ; എന്തുകൊണ്ടെന്നാൽ അവർ നാളയുടെ വാഗ്ദാനങ്ങളാണ്.

സമപ്രധാനങ്ങളായ വാക്യങ്ങളെ ഘടിപ്പിക്കുന്നതിനു സംസർജ്ജകം എന്നു പറയുന്നു. ഉദാ: എല്ലാം പഠിച്ചു ; എന്നാലും പരീക്ഷ എഴുതിയില്ല. പണം കിട്ടി ; എങ്കിലും സമയം കഴിഞ്ഞുപോയി.
അപ്രധാനവാക്യത്തെ പ്രധാനവാക്യവുമായി യോജിപ്പിക്കുന്ന പ്രക്രിയയാണു സന്ധായകം. ഉദാ : കാര്യം കാണണമെങ്കിൽ കഴുതക്കാലും പിടിക്കണം. വിദേശത്തു പോകണമെങ്കിൽ പാസ്പോർട്ട് വേണം.

3)വ്യാക്ഷേപകം

ചിലപ്പോൾ അർത്ഥമുള്ള ശബ്ദങ്ങൾക്കൊണ്ടു വക്താവിന്റെ മനോഗതം മുഴുവനായി പ്രകടിപ്പിക്കാൻ സാധിക്കാതെവരുമ്പോഴാണ് വ്യാക്ഷേപകം ഉപയോഗിക്കേണ്ടിവരുന്നത്. ഹാ, ഹോ, അയ്യോ, അയ്യയ്യോ, കഷ്ടം, ഛീ തുടങ്ങി അത്ഭുതം, അമ്പരപ്പ് തുടങ്ങിയ വികാരങ്ങൾ പറഞ്ഞറിയിക്കാനാവാത്ത ഇങ്ങനെയുള്ള ശബ്ദങ്ങൾകൊണ്ടാണു സാധാരണ നാം പ്രകടിപ്പിക്കാറുള്ളത്. ഇവ മറ്റുള്ള ശബ്ദങ്ങളോടു ചേർന്നുനില്ക്കയില്ല.
ഉദാ:
ഹാ ! എന്തൊരു സൗരഭ്യം.
ഹോ ! എന്തൊരു വൃത്തികെട്ട നാറ്റം.
അയ്യോ എനിക്കീ വേദന സഹിക്കാനാവുന്നില്ല.
അയ്യയ്യോ എനിക്കീ ഗതി വന്നല്ലോ !
ഛീ ! കടക്കൂ പുറത്ത്.
കൊള്ളാം, ഭജനം മൂത്ത് ഊരാണ്മയായല്ലോ !
ഛായ് എന്തൊരു വികടത്തരമാണിത് ?
ഛേ ! അമ്മാതിരി ഇടപാടൊന്നും എനിക്കില്ല.
ബലേ ഭേഷ് ! ഒന്നാംതരം ഗോൾ.
ശിവശിവ ! വല്ലാത്ത കാലംതന്നെ.
ത്ഫൂ നിറുത്തടാ നിന്റെയൊരു സംസാരം !
ബ്ഫാ ! എരണംകെട്ടവനേ നിനക്കെങ്ങനെ ഇതിനു ധൈര്യം കിട്ടി ?
(ഇപ്പോൾ ഇതൊക്കെപ്പറഞ്ഞാൽ പുതുതലമുറ ചിരിക്കും. അവരുടെ വ്യാക്ഷേപക ശബ്ദം “വാഊ എന്നോ വാഹ്” എന്നോ മറ്റോ ആണ്. നമ്മൾ പറഞ്ഞില്ലെങ്കിൽപ്പിന്നെ ആരാണ് ഇതൊക്കെപ്പറയുക ! അങ്ങനെയങ്ങനെ ഓരോന്നും നമുക്കു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.)

4)കേവലം
മേൽപറഞ്ഞ ഗതി, ഘടകം, വ്യാക്ഷേപകം എന്നീ വകുപ്പുകളിലൊന്നുംപെടാതെ, വാചകശബ്ദങ്ങളോടു ചേർന്നുനിന്നുകൊണ്ട് അവയ്ക്കു ചില പ്രത്യേക അർഥങ്ങൾ കൊടുക്കുന്ന ശബ്ദങ്ങളാണ് ഇവ. ഇവയിൽ നിപാതം, അവ്യയം എന്നിവ ഉണ്ടാകും.

a)കേവലനിപാതം.
ഉം, ഓ, ഏ എന്നീ ശബ്ദങ്ങളാണു കേവലനിപാതം എന്ന സംജ്ഞകൊണ്ടുദ്ദേശിക്കുന്നത്.
ഉദാ:
ഉം – മകൾ സംഗീതജ്ഞയും നൃത്തക്കാരിയുമാണ്. അറിവുള്ളവർ ജനനവും മരണവും ഒന്നുപോലെ കാണുന്നു. സമരവും ഭരണവും ഒന്നിച്ചു കൊണ്ടുപോകുന്നു.
ഓ – ഒരാൾ ബുദ്ധിമാനോ വിഡ്ഢിയോ എന്നു തെളിയുന്നത് അയാളുടെ പ്രവൃത്തിയിലൂടെയാണ്. അങ്ങോട്ടോ ഇങ്ങോട്ടോ പോകാൻ ഞാൻ തയ്യാറല്ല. മോഹനനോ സജീവനോ ഇങ്ങോട്ടു വരണം.
ഏ – വന്നേ തീരൂ, കണ്ടേ പറ്റൂ – അതു കൂടാതെ സാദ്ധ്യമല്ല എന്നാണർത്ഥം. അവനേ അടിക്കൂ (അവൻ മാത്രമേ അടിക്കാൻ ധൈര്യപ്പെടൂ അല്ലെങ്കിൽ കൂട്ടത്തിൽ അവൻ മാത്രമാണ് അടിച്ചത് എന്നാണ് അർത്ഥം. അവനെ അടിക്കൂ എന്നു പറഞ്ഞാൽ അയാളെ അടിക്കണം എന്നാണ്) നീയേ പോകാവൂ – എന്നു പറഞ്ഞാൽ നീ മാത്രം പോയാൽ മതി, മറ്റാരും പോകരുത് എന്നാണർത്ഥം.

അവനോ ഇവനോ, അവളോ ഇവളോ, അവരോ ഇവരോ – ഇങ്ങനെയാണ് ഓ എന്ന കേവലം പ്രയോഗിക്കുന്നത്.

b) കേവല അവ്യയം (അതോ കേവലാവ്യയം എന്നാണോ ?)
നന്ന്, മെച്ചം, അത്രേ, അല്ലോ – ഇതൊക്കെയാണ് ഈ അവ്യയത്തിന്റെ കൂട്ടത്തിലുള്ളത്.
ഉദാ:
നന്ന് – ഗ്രാമത്തിലുള്ള സാധാരണ ആശുപത്രിയെക്കാൾ നന്ന് നഗരത്തിലുള്ള സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രിയാണ്. ഗ്രാമത്തിലെ ആശുപത്രിയിൽ പോകാതെ ഇവിടെ വന്നത് ഏതായാലും നന്നായി.
മെച്ചം – ബസ്-യാത്രയേക്കാൾ മെച്ചം ട്രെയിൻയാത്രയാണ്. ചാറ്റമഴയത്ത് ഇവിടെ നില്ക്കുന്നതിലും മെച്ചം നടക്കുന്നതാണ്. ജനാധിപത്യത്തേക്കാൾ മെച്ചം രാജഭരണമായിരുന്നു.
അത്രേ – പുരൂരവസ്‌ ധീരനായ രാജാവായിരുന്നുവത്രേ ! ക്ലിയോപാട്ര പ്രാചീനഈജിപ്തിലെ അതിസുന്ദരിയായ രാജ്ഞി ആയിരുന്നുവത്രേ ! (അത്രെ എന്നെഴുതാൻ പാടില്ല)
അല്ലോ – പുറത്തുനിന്ന് ഒരു ശബ്ദം കേൾക്കുന്നല്ലോ, നിന്നെ ഇന്നലെ ഞാൻ കണ്ടതാണല്ലോ, നിങ്ങളെയെല്ലാം എനിക്കറിയാമല്ലോ.

ചുരുക്കത്തിൽ ശബ്ദം എന്ന വിഭാഗത്തെ ഇങ്ങനെ മനസ്സിലാക്കാം :
ശബ്ദം
A) വാചകം
1. നാമം 2. സർവ്വനാമം 3. കൃതി 4. വിശേഷണം.
B) ദ്യോതകം
a) നിപാതം b) അവ്യയം
1. ഗതി 2. ഘടകം 3. വ്യാക്ഷേപകം
(ഗതി, ഘടകം, വ്യാക്ഷേപകം എന്നിവ മൂന്നും നിപാതം, അവ്യയം എന്നവയിൽപ്പെടുന്നു)
4. കേവലം

facebooktwittergoogle_plusredditpinterestlinkedinmail