ഉം എന്ന വേണ്ടാതനക്കാരൻ

ദാ ഈ ചിത്രം നോക്കൂ. നമ്മുടെ അമ്മമലയാളത്തെ നിർദ്ദയം കൊലചെയ്യുന്ന പത്രം. “തൊട്ടതും” എന്നു പറഞ്ഞാൽ ഏതിൽ തൊട്ടോ അതാണ്‌. അല്ലാതെ ഇതിൽ ഉദ്ദേശിച്ചിരിക്കുന്നതുപോലെ തൊട്ടപ്പോൾ എന്ന അർത്ഥം കിട്ടില്ല. ഇങ്ങനെ ഉം എന്ന പദം ഒരിടത്തു പ്രയോഗിച്ചാൽ ആ വാക്യത്തിൽ കുറഞ്ഞത്‌ അതുപോലെ വേറൊരു സ്ഥലത്തും ഉം ഉണ്ടാകണം. എന്നിട്ട് അതു തമ്മിൽ സമുച്ചയിക്കണം (കൂട്ടിച്ചേർക്കണം). അതായത് വാക്യങ്ങൾ തമ്മിൽ കൂട്ടിച്ചേർക്കാനുള്ള ഘടകം എന്ന വ്യാകരണസൂത്രമാണ് ഉം.

ഉദാ: അയാൾ കോട്ടയത്തു പോയി. അവിടുന്ന് ചങ്ങനാശ്ശേരിയിലേക്കു പോയി. ഈ വാക്യങ്ങൾ തമ്മിൽ ഉം ചേർത്ത് എങ്ങനെ ഘടിപ്പിക്കാം എന്നു നോക്കൂ. അയാൾ കോട്ടയത്തും ചങ്ങനാശ്ശേരിയിലും പോയി.

ഞാൻ വണ്ടിയിൽനിന്നിറങ്ങി. റോഡിൽ പാമ്പിനെക്കണ്ട് ഞെട്ടി. ഇതുതമ്മിൽ എങ്ങനെ ഉംകൊണ്ട് ഘടിപ്പിക്കാം എന്നു നോക്കൂ. ഞാൻ വണ്ടിയിൽനിന്നിറങ്ങിയതും പാമ്പിനെക്കണ്ടു ഞെട്ടിയതും ഒരേസമയത്തായിരുന്നു. ഇപ്പോൾ ഞാൻ വണ്ടിയിൽനിന്നറങ്ങിയതും പാമ്പിനെക്കണ്ടു ഞെട്ടി എന്നാണെഴുതുന്നത്. ഇതു തെറ്റ്. ഒരേരീതിയിലുള്ള വാചകങ്ങൾ മാത്രമേ സമുച്ചയയ്ക്കാൻ പാടുള്ളൂ. ഞാൻ വണ്ടിയിൽനിന്നിറങ്ങിയപ്പോൾ പാമ്പിനെക്കണ്ടു ഞെട്ടി എന്നെഴുതിയാലും മതി.

ഞാൻ ഓടിച്ചെന്നു. വണ്ടി വിട്ടുപോയി. ഇതു ചിലർ എഴുതുന്നത് ഇപ്രകാരമാണ് : ഞാൻ ഓടിച്ചെന്നതും വണ്ടി വിട്ടു – തെറ്റ്. ഞാൻ ഓടിച്ചെന്നതും വണ്ടി വിട്ടതും ഒരേ സമയത്തായിരുന്നു. അല്ലെങ്കിൽ ഞാൻ ഓടിച്ചെന്നപ്പോഴേക്കും വണ്ടി വിട്ടു. എന്നാണെഴുതേണ്ടത്.

നേരത്തെ പ്രസ്താവിച്ച ഒരു കാര്യം പിന്നീട് പരാമർശിക്കുമ്പോൾ ഉം ഉപയോഗിക്കാം. ഞാൻ ഇന്നലെ നഗരത്തിൽനിന്ന് അരി വാങ്ങിയിരുന്നു. ഇന്നും കുറച്ചരി വാങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കുറേപ്പേർ വീട്ടിൽ എന്നെക്കാണാൻ വന്നിരുന്നു. ഇന്നും കുറേപ്പേർ വരും. ഇങ്ങനെ പ്രയോഗിക്കാം.

ഒന്നിലേറെ കാര്യങ്ങൾ ഒരുമിച്ചു പറയുമ്പോഴും ഉം പ്രയോഗിക്കാം. ഉദാ : ജോണി എന്റെ കൈയിൽനിന്നു കടംവാങ്ങി. ജോണി തങ്കന്റെ കൈയിൽനിന്നും കടം വാങ്ങിയിട്ടുണ്ട്. പിന്നീടറിഞ്ഞു അവൻ പലരുടെയും കൈയിൽനിന്നു കടം വാങ്ങിയിട്ടുണ്ട് എന്ന്.

ഇപ്പോൾ ടിവിയിൽ വാർത്ത വായിക്കുന്ന പ്രധാനയാൾ ഇടയ്ക്കിടെ കോട്ടയത്തുനിന്നും കോഴിക്കോടുനിന്നും തിരുവനന്തപുരത്തുനിന്നും തൃശൂർനിന്നുമൊക്കെ മറ്റുള്ളവരിൽനിന്നു വിവരങ്ങൾ തത്സമയം ശേഖരിച്ച് നമ്മെ കാണിക്കും. അപ്പോൾ ടിവിയിൽ പ്രത്യക്ഷപ്പെടുന്ന പ്രാദേശികവാർത്താവതാരകൻ പറയും : കോട്ടയത്തുനിന്നും ആരതി റിപ്പോർട്ട് ചെയ്യുന്നു, തിരുവനന്തപുരത്തുനിന്നും രാജൻ റിപ്പോർട്ട് ചെയ്യുന്നു, തൃശൂർനിന്നും കൃഷ്ണൻ റിപ്പോർട്ട് ചെയ്യുന്നു എന്നൊക്കെ. അതൊക്കെ തെറ്റ്. കോട്ടയത്തുനിന്ന്, തിരുവനന്തപുരത്തുനിന്ന്, തൃശൂർനിന്ന് …….റിപ്പോർട്ട് ചെയ്യുന്നു എന്നു മതി. ഒരു സ്റ്റുഡിയോയിൽ ഇരുന്നുകൊണ്ട് മറ്റുപല സ്റ്റുഡിയോകളെയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് പരിപാടി അവതരിപ്പിക്കുമ്പോൾ ഇങ്ങനെ പറയാം. “കോട്ടയത്തുനിന്നും തിരുവനന്തപുരത്തുനിന്നും തൃശൂർനിന്നും കോഴിക്കോട്ടുനിന്നും ഒക്കെ ആളുകൾ ഞങ്ങളോടൊപ്പം ചേരുന്നു.” പക്ഷേ കോട്ടയത്തുനിന്ന് ആരതിയും തിരുവനന്തപുരത്തുനിന്നു രാജനും തൃശൂർനിന്നു കൃഷ്ണനും വാർത്തകൾ തരുന്നു എന്നാണു പറയേണ്ടത്. അല്ലാതെ ഈ വാക്യത്തിൽ കോട്ടയത്തുനിന്നും തിരുവനന്തപുരത്തുനിന്നും തൃശൂർനിന്നും എന്നൊക്കെ പറയരുത്.

ഇപ്പോൾ കുറെയേറെ ആളുകൾ ഇങ്ങനെ തെറ്റായിട്ടാണ് ഈ പ്രയോഗം നടത്തുന്നത്. ഈ പത്രത്തിൽ കഴിഞ്ഞ ഒന്നുരണ്ടു ദിവസമായി ഇതുതന്നെ കണ്ടിരുന്നു. അതുകൊണ്ടു് പ്രതികരിച്ചുപോയതാണ് !

“കേക്കിൻ കഷണം ചുണ്ടിൽ തൊട്ടതും ഗൌരിയമ്മ തല പിന്നോട്ടു വലിച്ചതും ഒരേ സമയത്തായിരുന്നു” എന്നാണു ശരിയായ പ്രയോഗം.
ഞാൻ തൊട്ടതും പിടിച്ചതും ഒക്കെ കുറ്റമാണ് – ഇതു വേറൊരു പ്രയോഗം.

ഇനിയുമുണ്ട് :

പിണറായി നേരിട്ടു തന്നെ എത്തി – തന്നെ എന്നു ഒറ്റയ്ക്കു പ്രയോഗിച്ചാൽ തനിയെ എന്ന അർത്ഥമാണ്. അദ്ദേഹം കുറെയേറെ സഖാക്കളുടെകൂടെയാണ് അവിടെയെത്തിയത്. “പിണറായിതന്നെ നേരിട്ടെത്തി” എന്നെഴുതിയാൽ സ്വന്തം ഇഷ്ടപ്രകാരമാണ് അദ്ദേഹം എത്തിയതെന്നു ധ്വനിക്കും.

“പിണറായി വിജയൻ പൊട്ടിച്ചിരിച്ചു പോയി” എന്നെഴുതിയാൽ ചിരിച്ച ശേഷം അദ്ദേഹം അവിടെനിന്നു പോയി എന്നാണ്. എന്നാൽ അദ്ദേഹം എങ്ങും പോയില്ല. “പിണറായിവിജയൻ പൊട്ടിച്ചിരിച്ചുപോയി” എന്നെഴുതിയാൽ അറിയാതെ ചിരിച്ചു എന്നാണു ധ്വനി.

“രാഘവനും വിജയനും കൂടി കോഴിയെ മുഴുവാനായി പൊരിച്ചു” എന്നെഴുതിയപ്പോൾ ആ വാക്യം പൂർത്തിയായി. അവർ രണ്ടുപേരുംകൂടി കോഴിയെ പൊരിച്ചില്ല. എന്നാൽ “രാഘവനും വിജയനുംകൂടി കോഴിയെ മുഴുവനായി പൊരിച്ചുതിന്നു” എന്നെഴുതിയപ്പോൾ ഇതിൽ ഉദ്ദേശിച്ച അർത്ഥം കിട്ടി.

തോക്കിനെപ്പോലും, വിഭവസമൃദ്ധമായ, പിറന്നാൾസദ്യ, രക്തസാക്ഷിമണ്ഡപം, സീറ്റുവിഭജനപ്പരിഭവം, വളരെക്കുറച്ചുമാത്രം, കേന്ദ്രക്കമ്മിറ്റി, സംസ്ഥാനസമിതി – ഇതൊക്കെ ചെർത്തെഴുതേണ്ട പദങ്ങളാണ്. വയ്യ എന്നുള്ള പദം തെറ്റ്. ആ എന്ന നിഷേധപ്രത്യയം ചേർത്ത് വയ്യാ എന്നെഴുതിയാൽ മാത്രമേ ആവില്ല എന്ന അർത്ഥം കിട്ടൂ.

ഏറ്റവും പ്രചാരമുള്ള പത്രമാകയാൽ ഈ വിഡ്ഢിത്തമൊക്കെ ശരിയാണെന്നു കുറെ വായിച്ചുശീലിച്ചുകഴിയുമ്പോൾ എല്ലാ മലയാളികളും ധരിക്കും. എന്തിനാണു പത്രത്തെ കുറ്റംപറയുന്നത് ? സർക്കാർ പ്രസിദ്ധീകരണങ്ങൾപോലും ഇങ്ങനെയൊക്കെത്തന്നെ. കേരളഭാഷാഇന്സ്ടിട്യൂറ്റ് പുറത്തിറക്കുന്ന വ്യാകരണപുസ്തകവും ഒട്ടും മോശമല്ല, തെറ്റുകളുടെ കാര്യത്തിൽ.

അതാണു ഞാൻ പറയുന്നത് ; നമ്മുടെ വിദ്യാഭ്യാസവകുപ്പ് അഴിച്ചുപണിയണം. കുറെക്കാലമായി മലയാളത്തിന്റെ നിലവാരം ഏറ്റവും താഴേക്കു പൊയ്ക്കൊണ്ടിരിക്കുകയാണ്. വിവരമുള്ള, പ്രതിബദ്ധതയുള്ള, ആർജ്ജവമുള്ള ഭരണാധികാരികൾ തലപ്പത്തുണ്ടാവണം. ഇല്ലെങ്കിൽ ഇതൊക്കെ പിരിച്ചുവിടണം. അത്രയെങ്കിലും സർക്കാർ ചെയ്തേ മതിയാവൂ.

ശ്രേഷ്ഠഭാഷതന്നെ !!

Facebooktwittergoogle_plusredditpinterestlinkedinmailby feather